രാജേഷ് തില്ലങ്കേരി

കേരള രാഷ്ട്രീയത്തിലെ അതികായനെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാവാണ് ഉമ്മൻ ചാണ്ടി.  ഒറ്റ മണ്ഡലത്തിൽ നിന്നും 11 തവണ തെരഞ്ഞെടുക്കപ്പെടുകയെന്ന അപൂർവ്വ ബഹുമതിയുമായാണ് ഉമ്മൻ ചാണ്ടിയെന്ന നേതാവ് ഇന്ന് സഭയിൽ നിന്നും ഇറങ്ങിയത്.
പുതുപ്പള്ളിയെന്ന സ്വന്തം തട്ടകത്തിൽ ഒരിക്കലും വീഴ്ചകളുണ്ടാവാതെ വിജയം മാത്രം അറിഞ്ഞ നേതാവ്. മന്ത്രി, മുഖ്യമന്ത്രി എന്നീ നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും ഉമ്മൻ ചാണ്ടി ഏറെ ശ്രദ്ധേയനായിരുന്നു.

1943 ൽ കോട്ടയം ജില്ലയിലെ കുമരകത്തായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. സ്‌കൂൾ പഠനകാലംതൊട്ടാണ് പുതുപ്പള്ളിയെന്ന തട്ടകത്തിലെത്തുന്നത്. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.   കോട്ടയത്തും ചങ്ങനാശ്ശേരിയിലും കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കി. എറണാകുളം ലോ കോളജ് വിദ്യാർത്ഥിയായിരിക്കെയാണ് കെ എസ് യു വിന്റെയും പിന്നീട് യൂത്ത് കോൺഗ്രസിന്റെയും  സംസ്ഥാന നേതാവായി മാറുന്നത്. രണ്ട് സംഘടനകളുടെയും സംസ്ഥാന അധ്യക്ഷന്റെ ചുമതലയും വഹിച്ചു. അക്കാലത്ത് വയലാർ രവി, ഏ കെ അന്റണി തുടങ്ങിയ പ്രഗൽഭരും എറണാകുളത്ത്  അക്കാലത്ത് സജീവസാന്നിദ്ധ്യമായിരുന്ന കാലം. എ കെ ആന്റണിയുടെ വിശ്വസ്ഥനായാണ് ഉമ്മൻ ചാണ്ടി കെ എസ് യുവിന്റെ അമരത്ത് എത്തുന്നത്.

പിന്നീട് ഉമ്മൻ ചാണ്ടിയെന്ന നേതാവിന്റെ വളർച്ചയുടെ കാലമായിരുന്നു. 1970 ലാണ് ഉമ്മൻ ചാണ്ടി പുൽപ്പള്ളിയിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി ജനവിധി തേടുന്നത്. 1977 ൽ കെ കരുണാകരൻ മന്ത്രി സഭയിൽ  തൊഴിൽ വകുപ്പ് മന്ത്രിയായി. 1982 ൽ  കാലത്ത് കെ കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ഉമ്മൻചാണ്ടി അഭ്യന്തര വകുപ്പ് മന്ത്രിയായി.  1991 -94 കാലത്ത് ധനമന്ത്രിയായി.
1980 ൽ കേരളത്തിലെ കോൺഗ്രസിലുണ്ടായ ആന്റണി വിഭാഗം ഏ ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻചാണ്ടി നിയമസഭാ കക്ഷിനേതാവായി. 2004 ൽ എ കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി.

2006-2011 ൽ പ്രതിപക്ഷ നേതാവ്. രണ്ട് തവണയായി ഏഴ് വർഷക്കാലം മുഖ്യമന്ത്രിയായി പ്രവർത്തിച്ചു.
കോൺഗ്രസിന്റെ സമുന്നത നേതാവ് എന്ന നിലയിൽ എത്തിയിട്ടും കോൺഗ്രസിന് ദേശീയതലത്തിൽ ഏറെ സ്വാധീനമുണ്ടായിരുന്നിട്ടും ഉമ്മൻ ചാണ്ടി ഭാഗ്യപരീക്ഷണത്തിന് മുതിർന്നില്ല. വയലാർ രവിയും ഏ കെ ആന്റണിയും കെ കരുണാകരനും കേന്ദ്രമന്ത്രി മാരായപ്പോഴും ഉമ്മൻ ചാണ്ടി അത്തരമൊരു നീക്കം നടത്തിയില്ല. എ ഗ്രൂപ്പിന്റെ അമരക്കാരനായി കേരളത്തിൽ തന്നെ തുടരാനായിരുന്നു അദ്ദേഹത്തിന് താല്പര്യം.
കേരളത്തിൽ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കും പരിഷ്‌കാരങ്ങൾക്കും തുടക്കം കുറിച്ച ഭരണാധികാരിയെന്ന നിലയിലും ഉമ്മൻ ചാണ്ടി ശ്രദ്ധേയനാണ്. പ്രിഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കൽ, ചിലവുകുറഞ്ഞ വിമാന സർവീസ് തുടങ്ങിയ നിരവധി പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ മുൻകൈയെടുത്തു.

വല്ലാപാടം കണ്ടെയിനർ ടെർമിനൽസ്, വിഴിഞ്ഞം തുറുമുഖം, കൊച്ചി മെട്രോ റെയിൽ പദ്ധതി എന്നിവയും ഉമ്മൻ ചാണ്ടിയുടെ കാലത്തെ പ്രമുഖ പദ്ധതികളാണ്. കേരളാ പൊലീസിന്റെ യൂണിഫോം പരിഷ്‌ക്കരണമാണ് എടുത്തപറയേണ്ട പരിഷ്‌കാരം.

ജനസമ്പർക്ക പരിപാടിയിലൂടെ ജനകീയ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കാൻ നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോളാർ കേസിൽ ഉൾപ്പെട്ടതോടെ ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവ് സ്ഥാനം വേണ്ടെന്ന് വച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ചുകാലം സജീവമായി രംഗത്തുണ്ടായില്ലെങ്കിലും ഉമ്മൻ ചാണ്ടി തിരികെ ശക്തനായി എത്തുന്നതാണ് നാം കാണുന്നത്. തെരഞ്ഞെടുപ്പിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതിയെ ചുമതലപ്പെടുത്തിയതോടെ ഉമ്മൻ ചാണ്ടി പകരം വെക്കാനില്ലാ നേതാവായി കോൺഗ്രസിൽ മാറുകയായിരുന്നു.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള കഴിവാണ് ഉമ്മൻചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിൽ കെ കരുണാകരൻ വിഭാഗവും എ കെ ആന്റണി വിഭാഗവും തമമിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായിരുന്ന കാലത്തും ഉമ്മൻ ചാണ്ടി വളരെ മിതത്വം പാലിച്ച നേതാവായിരുന്നു. ജനങ്ങൾക്കിടയിൽ ജീവിക്കുയെന്നതാണ് ഉമ്മൻ ചാണ്ടിയുടെ പ്രത്യേകതയായി എടുത്തുപറയാവുന്നത്. എന്നും ആളും ബഹളവുമായി നീങ്ങുന്ന നേതാവ്. അത് അധികാരത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒരുപോലെയായിരുന്നു.

അമ്പത് വർഷം നിയമസഭാ അംഗമായി തുടരുന്ന ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിനന്ദിച്ചു. വിസ്മയമാണ് ഉമ്മൻ ചാണ്ടിയെന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ. അപൂർവ്വ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്നായിരുന്നു പിണറായി വിശേഷിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here