ആഷാ മാത്യു 
 
വിശുദ്ധനാകുക എന്നത് ഇതുവരെ എന്റെ സ്വപ്‌നമായിരുന്നു, ഇനിയതെന്റെ ഉത്തരവാദിത്വമാണ്; അകാലത്തില്‍ മരണപ്പെട്ട വൈദികന്റെ അവസാന വാക്കുകള്‍ ജനുവരി ഇരുപതിനാണ് തിരവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ സഹ വികാരി ഫാ. ജോണ്‍സൻ പള്ളിമേടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്താണ് മരണ കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 
 
പുല്ലുകാട് സ്വദേശിയാണ് ഫാദര്‍ ജോണ്‍സണ്‍. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. പള്ളിമേടയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അച്ചനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അച്ചന്റെ മരണത്തിന് പിന്നിലെ കാരണമെന്തന്നറിയാതെ വേദനയിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും. മുപ്പതുവയസ്സുകാരനായ അച്ചന്‍ മരണപ്പെട്ടിട്ട് ഇപ്പോള്‍ മൂന്നു ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ജീവിതത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന സ്വപ്‌നങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നതിന്റെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. വൈദികനായി ജീവിക്കാന്‍ ഏറ്റവും അധികമായി ആഗ്രഹിച്ച വ്യക്തിയാണ് വൈദിക പട്ടം കിട്ടി ഒരു വര്‍ഷമാകുമ്പോഴേക്കും ജീവിതത്തോട് വിട പറഞ്ഞിരിക്കുന്നത്. ഒരു വിശുദ്ധനാകുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും എന്നാല്‍ വൈദിക പട്ടം ലഭിച്ച അന്ന് മുതല്‍ വിശുദ്ധനായി ജീവിക്കുക എന്നത് എന്റെ ഉത്തരവാദിത്വമായി മാറിയെന്നും ഫാ. ജോണ്‍സണ്‍ പറഞ്ഞിരുന്നു.
വളരെ പരിതാപകരമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോയ വ്യക്തിയാണ് ഫാ. ജോണ്‍സണ്‍. എട്ട് മക്കളുണ്ടായിരുന്ന ഒരു വീട്ടില്‍ നിന്നാണ് ജോണ്‍സണ്‍ വരുന്നത്. നിത്യവൃത്തിക്ക് പോലും വകയില്ലാതിരുന്നപ്പോള്‍ മറ്റൊരു വഴിയുമില്ലാതിരുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ ജോണ്‍സനേയും ഇളയ സഹേദരനേയും ഓര്‍ഫനേജിലാക്കുകയായിരുന്നു. അവിടെ നിന്നാണ് ഇരുവരും പഠിച്ചത്. ഇവര്‍ രണ്ടുപേരും പിന്നീട് വൈദികജീവിതം തന്നെയാണ് തിരഞ്ഞെടുത്തത്. പഠിക്കാന്‍ പിന്നോക്കമായിരുന്ന താന്‍ അക്കാരണത്താല്‍ പലതവണ അപമാനിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഫുട്‌ബോള്‍ സെലക്ഷന് വേണ്ടി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയ ജോണ്‍സണ്് പിന്നീട് ഗുസ്തി വിഭാഗത്തിലെ ക്യാമ്പില്‍ പങ്കെടുക്കുകയും ഇതുവഴി സ്‌പോര്‍ട്‌സ് ഹോസ്റ്റലിലേക്ക് സെലക്ഷന്‍ ലഭിക്കുകയും ചെയ്തിരുന്നു. എട്ടാംക്ലാസിലും ഒന്‍പതാംക്ലാസിലും പരാജയപ്പെട്ടപ്പോള്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നിന്ന് അദ്ദേഹത്തെ തിരിച്ച് ഓര്‍ഫനേജിലേക്ക് പറഞ്ഞുവിട്ടു. പിന്നീട് ഒന്‍പതാം ക്ലാസില്‍ നിന്ന് ഗുസ്തി വിഭാഗത്തില്‍ ഫാ. ജോണ്‍സണ്‍ സ്റ്റേറ്റ് ചാമ്പ്യനായി. ഇതോടെ താന്‍ എല്ലായിടത്തും അംഗീകരിക്കപ്പെട്ടുവെന്ന് ജോണ്‍സണ്‍ പറഞ്ഞിരുന്നു. പത്താം ക്ലാസില്‍ ഗുസ്തിയില്‍ റണ്ണര്‍ അപ്പാവുകയും ചെയ്തിരുന്നു. പത്താം ക്ലാസിലെ ഗ്രാമര്‍ ക്ലാസ് എടുക്കാന്‍ വന്നിരുന്ന സാര്‍ വഴിയാണ് മറ്റുള്ളവര്‍ക്ക് നന്മ ചെയ്യണം എന്ന ആശയം അതിശക്തമായ മനസ്സിനെ പിടിച്ചുലയ്ക്കുന്നത്. മറ്റുള്ളവരെ സഹായിക്കാനും അവര്‍ക്ക് നന്മ ചെയ്യാനും വൈദികപദവിയെക്കാള്‍ നല്ലൊരു മാര്‍ഗ്ഗമില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് താന്‍ സെമിനാരി ജീവിതം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 
അതിനു മുന്‍പ് തന്നെ അനുജന്‍ സെമിനാരിയിലേക്ക് പോയിരുന്നു. വൈദിക പട്ടം ലഭിച്ച ഉടനെതന്നെ തിരുവനന്തപുരം പാളയം കത്തീഡ്രല്‍ ചര്‍ച്ച് സഹ വികാരിയായി ഫാദര്‍ ജോണ്‍സണ് നിയമനം ലഭിക്കുകയായിരുന്നു. താന്‍ ആഗ്രഹിച്ചതിലുമധികം തന്ന് ദൈവമെപ്പോഴും തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് ഫാ. ജോണ്‍സണ്‍ പറയാറുള്ളത്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകയെന്നതും ഒരു വിശുദ്ധനായിത്തീരുകയെന്നതുമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം എപ്പോഴും പറഞ്ഞു. ഒടുവില്‍ ആഗ്രഹിച്ചതുപോലെ വൈദിക ജീവിതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ സ്വപ്നങ്ങളെല്ലാം ബാക്കിയാക്കി അദ്ദഹം അകാലത്തില്‍ വിട പറഞ്ഞിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here