• വെന്റിലേറ്റര്‍ സഹായത്തോടെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ച യുവതിക്ക് വിപിഎസ് ലേക്ക്‌ഷോറില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയ തുണയായി
  •  
  • തൈറോയ്ഡ് മുഴകള്‍ ഗുരുതരാവസ്ഥയിലാകുന്നതിനു മുന്‍പുതന്നെ രോഗികള്‍ ചികിത്സ തേടണമെന്നാണ് ഈ അനുഭവം പഠിപ്പിക്കുന്നതെന്ന് വിദ്ഗധര്‍


കൊച്ചി: തൈറോയ്ഡ് മുഴ അമിതമായി വളര്‍ന്ന് കഴുത്തും നെഞ്ചിന്‍കൂടും കവിഞ്ഞ് ശ്വാസനാളത്തെ അടച്ചു കളഞ്ഞ അപൂര്‍വ ഗുരുതരാവസ്ഥ നേരിട്ട ലക്ഷദ്വീപ് സ്വദേശിനി വഹീദാ ബീഗമിന് (31) ഒടുവില്‍ പുതുജീവന്‍. തൈറോഡ് മുഴ വളര്‍ന്ന് ശ്വാസവും ഹൃദയമിടിപ്പും നിലച്ച അവസ്ഥയിലാണ് ഇക്കഴിഞ്ഞ ജനുവരി 23-ന് വെന്റിലേറ്റര്‍ സഹായത്തോടെ രോഗിയെ ഹെലികോപ്ടറില്‍ കൊച്ചി വി പിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലെത്തിച്ചത്. ലക്ഷദ്വീപില്‍ നിന്ന് പുറപ്പെടും മുമ്പ് അവിടുത്തെ സീനിയര്‍ അനസ്തീഷ്യോളജിസ്റ്റ് ഡോ. ചിദംബരം വഹീദയുടെ അടഞ്ഞ ശ്വാസനാളത്തിലേയ്ക്ക് ട്യൂബ് കടത്തി ശ്വാസം നല്‍കിയതിന്റെ ബലത്തിലാണ് സംഘം ലക്ഷദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്.. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഹെലികോപ്ടറില്‍ കടല്‍ കടത്തി കൊച്ചിയില്‍ എത്തിക്കുന്ന ദൗത്യം ഡോ. ഖലീല്‍ ഖാന്‍, ഡോ. റിഫാന്‍, ഡോ. അനൂഷ്, ബാബു എന്നിവര്‍ നിര്‍വഹിച്ചു.

വിപിഎസ് ലേക്ക്‌ഷോറില്‍ എത്തിച്ചയുടന്‍ വെന്റിലേറ്ററിലായിരിക്കെത്തന്നെ ഹോസ്പിറ്റലിലെ മിനിമലി ഇന്‍വേസിവ് സര്‍ജറി വിഭാഗത്തില്‍ രോഗിയെ ശസ്തക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. കഴുത്തു മുഴുവന്‍ നിറഞ്ഞ വലിയ മുഴ ശ്വാസനാളത്തിന് സ്ഥാനചലനം വരുത്തുകയും നെഞ്ചിന്‍ കൂടിന്റെ മുന്‍ഭാഗത്തുകൂടി ഉള്ളിലേയ്ക്ക് വളര്‍ന്ന് ഹൃദയത്തേയും പ്രധാന രക്തധമനികളെയും അമര്‍ത്തിയിരിക്കുന്നതായാണ് സിടി സ്‌കാന്‍ പരിശോധനയില്‍ കണ്ടത്. അങ്ങനെ രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റൈയും പ്രവര്‍ത്തനങ്ങളും അപകടാവസ്ഥിയിലായിരുന്നു.

ഈ വലിയ മുഴ നീക്കം ചെയ്താല്‍ മാത്രമേ രോഗിയെ രക്ഷിക്കാനാകൂ എന്ന് മനസിലാക്കിയെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ മിനിമലി ഇന്‍വേസിവ് സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍ പത്മകുമാര്‍ പറഞ്ഞു. സാധാരണയായി താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് തൈറോയ്ഡ്ഗ്രന്ഥിയും മുഴകളും നീക്കം ചെയ്യുന്നത്. എന്നാല്‍ ഈ രോഗിയുടെ കാര്യത്തില്‍ കഴുത്തും നെഞ്ചിന്റെ മധ്യഭാഗവും പൂര്‍ണമായി തുറക്കേണ്ടി വന്നു. ഒപ്പം ഹൃദയത്തിന്റെയും ധമനികളുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടാണ് വലിയ ട്യൂമര്‍ നീക്കം ചെയ്തത്. ശ്വാസനാളത്തിന്റെ വിവിധ ഭാഗങ്ങളിലും ചുറ്റുമുള്ള പേശികളിലും ഉറച്ചുപോയ വലിയ മുഴ അതീവ സാഹസികമായാണ് നീക്കം ചെയ്ത്.

ശസ്ത്രക്രിയയിലുടനീളം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിലും ശ്വസനത്തിലും പ്രയാസങ്ങളുണ്ടായി. ഗുരുതരമായ രക്തസ്രാവവും മറ്റൊരു ഭീഷണിയായിരുന്നു. എന്തായാലും പ്രാധാന്യമേറിയ ഞരമ്പുകളും ഗ്രന്ഥികളും കേടുവരാതെ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചു. മൂന്നു ദിവസത്തെ വെന്റിലേറ്റര്‍ പിന്തുണയ്ക്കു ശേഷം രോഗി സാധാരണ നിലയിലെത്തി. നല്ല രീതിയില്‍ സംസാരിക്കാനും ആഹാരം കഴിക്കാനും രോഗിക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. ബയോപ്‌സി റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ ചികിത്സ ലഭ്യമാക്കാനാണ് തീരുമാനം.

മിനിമലി ഇന്‍വേസിവ് സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘത്തില്‍ സീനിയര്‍ സര്‍ജന്‍ ഡോ. മധുകര പൈ, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. സുജിത്ത്, നഴ്‌സുമാരായ സറിന്‍, ജയലക്ഷ്മി, ടിന്‍സി, സൗമ്യ എന്നിവര്‍ പങ്കെടുത്തു. ഡോ. ജയസൂസന്‍ അനസ്‌തേഷ്യയ്ക്ക് നേതൃത്വം നല്‍കി. ആശുപത്രി സിഇഒ എസ്. കെ അബ്ദുള്ള, അനസ്‌തേഷ്യാ വിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു എന്നിവരുടെ സമയോചിതമായ ഇടപെടലുകളും അതീവ ഗുരുതാവസ്ഥയിലായിരുന്ന രോഗിയെ രക്ഷിക്കാന്‍ സഹായിച്ചെന്നും ഡോ. പത്മകുമാര്‍ പറഞ്ഞു. രോഗിയെ സുരക്ഷിതമായി എത്തിക്കുന്നതില്‍ ഡോ. കൃഷ്ണ, തേജാ, അബ്ദുള്‍ വഹാബ്, ഡോ. പ്രേമ്‌ന, ഡോ. നിമ്മി എന്നിവരുടേയും സഹായങ്ങള്‍ നിര്‍ണായകമായി.

തൈറോയ്ഡ് മുഴകള്‍ ഗുരുതരാവസ്ഥയിലാകുന്നതിനു മുന്‍പുതന്നെ രോഗികള്‍ ചികിത്സ തേടണമെന്നാണ് ഈ അനുഭവം പഠിപ്പിക്കുന്നതെന്നും ഡോ. പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.



ഫോട്ടോ 1 ഡോ. പത്മകുമാറും സംഘവും വഹീദാ ബീഗമിനും കുടുംബത്തിനുമൊപ്പം



ഫോട്ടോ 2: ഡോ. പത്മകുമാര്‍, ഡോ. സുജിത്, ഡോ മധുകര പൈ എന്നിവര്‍ വഹീദാ ബീഗമിനൊപ്പം

 

LEAVE A REPLY

Please enter your comment!
Please enter your name here