രാജേഷ് തില്ലങ്കേരി

കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തുകാർ കുഞ്ഞാപ്പയെന്നാണ് വിളിക്കാറ്. കുഞ്ഞാലിക്കുട്ടിയും മലപ്പുറവും തമ്മിലുള്ള ബന്ധത്തിന് നാല് പതിറ്റാണ്ടിന്റെ ആത്മബന്ധമാണുള്ളത്. 27 ാം വയസിൽ മല്ലപ്പുറം നഗരസഭാ ചെയർമാനായാണ് കുഞ്ഞാലിക്കുട്ടി പൊതുസേവനരംഗത്ത് എത്തുന്നത്. പിന്നീട് 1982 ൽ മലപ്പുറത്തുനിന്നും ജയിച്ച് നിയമസഭയിൽ എത്തി. പിന്നീട് പി കെ കുഞ്ഞാലിക്കുട്ടിയെന്ന നേതാവിന്റെ തേരോട്ടമാണ് മലപ്പുറവും കേരളവും കണ്ടത്.

പല പരീക്ഷണങ്ങളിലൂടെ കടന്നു പോയ നേതാവാണ് കുഞ്ഞാലിക്കുട്ടി. ഐസ്‌ക്രീം കേസിൽ അകപ്പെട്ട്  വിവാദനായകനായി, വ്യവസായ മന്ത്രിയായിരരുന്ന കുഞ്ഞാപ്പയ്ക്ക് മന്ത്രി സ്ഥാനം വിട്ടൊഴിയേണ്ടിവന്നു. സ്വന്തമെന്ന് കരുതിയിരുന്ന കുറ്റിപ്പുറംമണ്ഡലം പോലും കുഞ്ഞാലിക്കുട്ടിയെ കൈവിട്ടു. കുഞ്ഞാപ്പജയിലിൽ പോവേണ്ടിവരുമെന്നുപോലും വിശ്വസിച്ചിരുന്ന ലീഗുകാർ ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രതിയോഗികൾ ഐസ്‌ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ആവനാഴിയിലെ ആയുധങ്ങളെല്ലാം പ്രയോഗിച്ചു. റൗഫിനെപ്പോലുള്ളവരെ വച്ച് കുഞ്ഞാലിക്കുട്ടിയെ പ്രതിരോധത്തിലാക്കി.
   
അവിടെ നിന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ഉയർത്തെഴുന്നേൽപ്പ്. കുറ്റിപ്പുറത്തെ തോൽവി കുഞ്ഞാലിക്കുട്ടിയെന്ന നേതാവിന്റെ രാഷ്ട്രീയജീവിതം അവസാനിക്കുന്നതിന്റെ ആദ്യലക്ഷണമാണെന്നുവരെ വിധിയെഴുതിയവരുണ്ടായിരുന്നു. എന്നാൽ അതിശക്തനായ നേതാവായി ലീഗിൽ കുഞ്ഞാലിക്കുട്ടി മാറുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്.
കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി, കെ എം മാണി എന്നിവർ ഒത്തൊരുമിച്ചാൽ യു ഡി എഫിന് ഭരണം പിടിക്കാമെന്ന അവസ്ഥയിലേക്ക് മാറി.
മലപ്പുറം എം പിയായിരുന്ന ഇ അഹമ്മദിന്റെ ആകസ്മിക മരണത്തെതുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കാൻ പുറപ്പെട്ടതാണ് കുഞ്ഞാലിക്കുട്ടിക്ക് പറ്റിയ ഒരു അബന്ധം.


ഉമ്മൻ ചാണ്ടി സോളാർകേസിൽ അകപ്പെട്ട് സജീവമല്ലാതായി, കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്കും പോയി. കെ എം മാണി ഈ ലോകത്തോട് വിടപറഞ്ഞു. ഇതോടെ യു ഡി എഫിന്റെ വിജയഫോർമുലയ്ക്ക് മാറ്റം വന്നു. കേന്ദ്രത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ യു പി എ സർക്കാർ അധികാരത്തിൽ വരുമെന്നും , അതിൽ ഒരു പ്രധാന വകുപ്പിന്റെ മന്ത്രിയാകാമെന്നുമായിരുന്നു കുഞ്ഞാപ്പയുടെ കരുതലുകൾ. കേരളത്തിൽ എൽ ഡി എഫാണ് ഭരിക്കുന്നത്. പിണറായി വിജയൻ സർക്കാരിനെ അധികം ശല്യം ചെയ്യാൻ നിൽക്കാതെ അങ്ങ് ഡൽഹിയിലേക്ക് കയറിയ കുഞ്ഞാപ്പ ലക്ഷ്യം വച്ചത് വലിയ കാര്യങ്ങളായിരുന്നു. എന്നാൽ കാര്യങ്ങളൊന്നും വിചാരിച്ചമാതിരി നടന്നില്ല, മുസ്ലിംലീഗിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറികൂടിയാണ് കുഞ്ഞാലിക്കുട്ടി. എം പി സ്ഥാനം രാജിവച്ചതോടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനം കൂടി കുഞ്ഞാലിക്കുട്ടി ഒഴിയണമെന്ന് ആവശ്യപ്പെടുന്നവരും ലീഗിലുണ്ട്.


ലീഗിൽ കുഞ്ഞാപ്പയ്‌ക്കെതിരെ വലിയ നീക്കമാണ് നടക്കുന്നത്. എന്നാൽ പാണക്കാടു നിന്നും ഉണ്ടായ തീരുമാനപ്രകാരമാണ് കുഞ്ഞാലിക്കുട്ടി എം പിസ്ഥാനം രാജിവച്ചതെന്നാണ് പറയുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നത്, യു ഡി എഫിനെ കൂടുതൽ ശക്തിപ്പെടുത്തും എന്നാണ് പറയുന്നത്.
കുഞ്ഞൂഞ്ഞും, കുഞ്ഞാപ്പയും അരയുംതലയും മുറുക്കിയിറങ്ങിയാൽ യു ഡി എഫ് ഭരണത്തിലെത്തുമെന്നാണ് വിശ്വാസം. എന്നാൽ കെ എം മാണിയുടെ മകൻ യു ഡി എഫ് കൂടാരത്തിൽ നിന്നും പെട്ടിയും കിടക്കയുമെടുത്ത് പോയതോടെ മധ്യകേരളത്തിൽ സ്ഥിതി എന്താവും എന്നുള്ള ഭയവും കുഞ്ഞാപ്പയ്ക്കുണ്ട്.


എന്തായാലും കുഞ്ഞാലിക്കുട്ടി രാജിവച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഒരുങ്ങുന്നത്. സാധാരണ ആരും അതിനുള്ള ധൈര്യം കാണിക്കാറില്ല. മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കാനുള്ള വഴിയൊരുക്കുകകൂടിയാണ് കുഞ്ഞാപ്പ ചെയ്തിരിക്കുന്നത്. അധികച്ചിലവ് ഒഴിവാക്കുകയെന്ന മാതൃകാപരമായ തീരുമാനമാണ് നടക്കുന്നത് എന്ന് വേണമെങ്കിൽ വിലയിരുത്താം. എന്നാൽ വോട്ട് ചെയ്തവരോടുള്ള വെല്ലുവിളിയല്ലേ പി കെ കുഞ്ഞാലിക്കുട്ടി ചെയ്തിരിക്കുന്നതെന്ന് ചോദിച്ചാൽ അതിന് മറുപടി പറയേണ്ടത് മലപ്പുറത്തുകാരാണ്.


കോൺഗ്രസിൽ ചിലരൊക്കെ എം പി സ്ഥാനം രാജിവച്ച് ഈ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം അത് നേരത്തെ വിലക്കിയിരുന്നതിനാൽ കൂടുതൽ ദുഷ്‌പേര് ഒഴിവായി. മലപ്പുറം ഒരിക്കലും കേരളത്തിന് മാതൃകയല്ല. കുഞ്ഞാലിക്കുട്ടി ഡൽഹിക്കു പോകുമ്പോൾ ലീഗിനെ നയിക്കാനുള്ള ചുമതല ഡോ എം കെ മുനീറിനായിരുന്നു. മുനീറിന്റെ പ്രവർത്തനം പാണക്കാട് തങ്ങൾക്കും ലീഗിനും അത്ര തൃപ്തികരമായിരുന്നില്ല. അതിനാലാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം മതിയാക്കി കുഞ്ഞാപ്പ കേരളത്തിലേക്ക് തിരികെയെത്തുന്നത്. ഫാസിസമൊക്കെ തുടരട്ടെ, അതിലൊന്നും ഇടപെട്ട് ഭാവി നശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണിപ്പോൾ കുഞ്ഞാപ്പ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും, മുത്തലാഖ് ബിൽ വോട്ടെടുപ്പിലും പങ്കെടുക്കാത്തതിനെ തുടർന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ ഉയർന്ന പ്രതിഷേധം ഇപ്പോൾ ശക്തമായിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here