രാജേഷ് തില്ലങ്കേരി


ങേ…. അപ്പോ നമ്മൾ കേട്ടതൊന്നും സത്യമല്ലേ? എൻ സി പി എൽ ഡി എഫ് വിടാൻ തീരുമാനിച്ചുവെന്നും, കേരളത്തിലെ എൻ.സി. പിയുടെ ഇനിയുള്ള ജീവിതം യു ഡി എഫിനൊപ്പമെന്നുമൊക്കെ പറഞ്ഞതൊന്നും സത്യമല്ലേ…. മുന്നണി വിടാനുള്ള മാണി സി കാപ്പന്റെ തീരുമാനത്തിന് ദേശീയ അധ്യക്ഷൻ ശരത് പവാർ പച്ചക്കൊടി കാട്ടിയെന്നുമായിരുന്നു ഇന്നു രാവിലെ വന്ന വാർത്തകൾ. എന്നാൽ വൈകുന്നേരത്തോടെ സംഗതി ആകെ മാറി മറയുന്നു.  മാണി സി കാപ്പൻ തനിച്ചാണ് യു എഡി എഫിലേക്ക് വരുന്നതെന്നും എൻ സി പി തല്‍കാലം മുന്നണി വിടില്ലെന്നുമാണ് കേൾക്കുന്നത്. 
അപ്പോ ആവേശത്തോടെ മാണി സി  കാപ്പനൊപ്പം ഇറങ്ങിത്തിരിച്ച പീതാംബരൻ മാസ്റ്ററോ, അദ്ദേഹവും കാപ്പനൊപ്പം ഇല്ലെന്നാണ് ഏറ്റവും പുതിയ വാർത്തകൾ.
എൻ സി പി മാണി സി കാപ്പനു പിറകെ പോയാൽ  അനാഥനാവുമെന്ന് കരുതിയ ഏ കെ ശശീന്ദ്രൻ ഇപ്പോൾ വലിയ ആശ്വാസത്തിലാണ്. മന്ത്രിപ്പണി പോകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക.
എൻ സി പി ഇടതുമുന്നണിക്കൊപ്പം പാറപോലെ ഉറച്ചു നിൽക്കുമെന്നായിരുന്നു ശശീന്ദ്രൻ മന്ത്രിയുടെ പ്രഖ്യാപനം.  പവാറും, പ്രഫുൽ പട്ടേലും തന്റെ തീരുമാനത്തിനൊപ്പമെന്നായിരുന്നു ശശീന്ദ്രന്റെ വിശ്വാസം, ശശീന്ദ്രന്റെ വിശ്വാസം മന്ത്രിസ്ഥാനത്തെ രക്ഷിക്കട്ടെ.

കോൺഗ്രസ് എസിലേക്ക് ചേക്കേറുകയല്ലാതെ മറ്റു പോംവഴികളില്ലെന്ന നിലയിലായിരുന്നല്ലോ ശശീന്ദ്രൻ. അല്ലെങ്കിൽ തന്റെ എൻ സി പിയാണ് യഥാർത്ഥ എൻ സി പിയെന്നും ശരത് പവാർ, പ്രഫുൽ പട്ടേൽ, പീതാംബരൻ മാസ്റ്റർ, മാണി സി കാപ്പൻ തുടങ്ങി കണ്ടാലറിയാവുന്ന എല്ലാ എൻ സി പി കാരെയും പുറത്താക്കാനുമൊക്കെയായിരുന്നു  ശശീന്ദ്രന്റെ നീക്കങ്ങൾ. എന്നാൽ അവയൊന്നും ഇനി വേണ്ടെന്ന വലിയ ആശ്വാസവും ശശീന്ദ്രനുണ്ടത്രെ.  എന്തായാലും എൽ ഡി എഫിൽ ഇനി ശശീന്ദ്രന്റെ  പൂരം കാണാനിരിക്കുന്നതേയുള്ളൂ.

എലത്തൂർ മണ്ഡലം ഇതോടെ കൈവിട്ടുപോകുമോ എന്ന ആശങ്കയിലായിരുന്നു  ശശീന്ദ്രൻ. അതാണ് എൽ ഡി എഫിനായി  ഈ പോരാട്ടങ്ങളെല്ലാം നടത്തിയത്.

മാണി സി കാപ്പൻ എൽ ഡി എഫിനോട് വിടപറയുമ്പോൾ  ഏറെ ആശ്വസിക്കുന്നത് സി പി എമ്മാണ്, കാരണം, ഇടത് മുന്നണിയിലേക്ക് ലോക് താന്ത്രിക്ക് ജനതാദളും, കേരളാ കോൺഗ്രസും തള്ളിക്കയറിയെത്തിയതോടെ സി പി എം ആകെ ഞെരുങ്ങിയിരിക്കയായിരുന്നു.



എല്ലാവർക്കും കൊടുക്കാൻ സീറ്റില്ല, അപ്പോ എൻ സി പിയിലെ എല്ലാവരും പോവുന്നതിൽ എതിർപ്പില്ലെന്ന നിലപാടിലായിരുന്നു  സി പി എം.
പാലായിൽ ശക്തൻ കേരളാ കോൺഗ്രസ് (ജോസ് മോൻ ) തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സി പി എം മാണി സി കാപ്പനെ  വെട്ടാൻ തീരുമാനിച്ചത്. നേരത്തെ കൊല്ലം സീറ്റിന്റെ തർക്കത്തിൽ എൻ കെ പ്രേമചന്ദ്രനും സംഘവും ഇടതുമുന്നണി വിട്ടപ്പോൾ പരനാറിയെന്നു പറഞ്ഞതുപോലെ ഒരു പ്രയോഗം കാപ്പന്റെ പേരിലും കേൾക്കാൻ കേരളം കാതോർത്തിരിക്കയാണ്.

കോഴിക്കോട് സീറ്റ് നിഷേധിച്ചപ്പോൾ ഇടുപാളയത്തിൽ നിന്നും മറുകണ്ടം ചാടിയ വീരേന്ദ്രകുമാറിന്റെ പാർട്ടി പിന്നീട് ഇടതുമുന്നണിയിൽ തന്നെ തിരികെയെത്തി. മുന്നണി ശക്തിപ്പെടുന്നുവെന്നും ഇനിയും ആളുകൾ വരാനിരിക്കുകയാണെന്നും ഇടത് മുന്നണി കൺവീനർ പറയുമ്പോഴാണ്  ഇടതുമുന്നണിയിലെ ഒരു എം എൽ എ കോൺഗ്രസ് പാളയത്തിലെത്തുന്നത്.

രമേശ് ചെന്നിത്തല കാസർകോടുനിന്നും യാത്ര തിരിക്കാൻ പോവുന്നതിന് മുൻപ് ജനാധിപത്യ കേരളാ കോൺഗ്രസ് ഒരടികൊടുത്തു. അത് കേരളാകോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് ഇടതുമുന്നിയിലേക്ക് വരുന്നു എന്നായിരുന്നു ആരോപണം.

ഇതോടെ ഒരു കേരളാ കോൺഗ്രസ് നേതാവിന്റെ മകൻ കൂടി ഇടത് മുന്നണിയിലെത്തുന്നു എന്നായി പ്രചാരണം. എന്നാൽ അത് അനൂപ് ജക്കബ്ബ് നിഷേധിച്ചതോടെ സംഗതി തെറ്റാണെന്ന് പിറവംകാരും തിരിച്ചറിഞ്ഞു. പിറവം പാർട്ടിയും, ചവറപാർട്ടിയും(ആർ എസ് പി ) എൽ ഡി എഫിലെത്തുമെന്ന് പറഞ്ഞവരാണ് എൻ സി പിയുടെ ഒരു എം എൽ എ യെ മുന്നണിയിൽ നിന്നും യാത്രയാക്കുന്നത്. ഞായറാഴ്ച ഔദ്യോഗികമായി കാപ്പൻ  മുന്നണി മാറ്റം പ്രഖ്യാപിക്കും. പാലാ സീറ്റിന്റെ കൊടുക്കൽ വാങ്ങൽ ചർച്ചകൾക്കൊക്കെ അപ്പുറം, ഒരു ദേശീയ പാർട്ടിയായ എൻ സി പിയുടെ എം എൽ എ  ഇടത് സഖ്യം വിട്ട് കോൺഗ്രസിനൊപ്പം ചേർന്നുവെന്നത് സി പി എമ്മിന് ക്ഷീണമാണ്.
 
മാണി സി കാപ്പൻ പാലായിൽ സ്ഥാനാർത്ഥിയായി എത്തുന്നതോടെ മൽസരം കടുപ്പമാവുമെന്ന് എല്ലാവർക്കും അറിയാം.  മാണി സി കാപ്പന്റെ വ്യക്തി ബന്ധങ്ങളാണ് ഇടത് മുന്നണിക്ക് ഏറെ ക്ഷീണമുണ്ടാക്കാൻ പോവുന്നത്. ഭരണ തുടർച്ചമാത്രം ലക്ഷ്യമിട്ട് നീങ്ങുന്ന പാർട്ടിക്ക് ജയം മാത്രമാണ് ലക്ഷ്യം. ലക്ഷ്യം നടക്കട്ടെ… കാപ്പന്റെയും മോഹങ്ങൾ പൂവണിയട്ടെ.  

ലീഗു കയ്യിട്ട് വാരാനായി വരേണ്ടെന്ന് ആർ എസ് പി

മുസ്ലിം ലീഗ് അധിക സീറ്റ് ചോദിച്ചു, രണ്ടോ മൂന്നോ സീറ്റ് തരാമെന്ന് കോൺഗ്രസ് ലീഗിനെ അറിയിച്ചു. ഇപ്പോഴിതാ ഇരവിപുരം സീറ്റ് കയ്യിട്ട് വാരാനായി ലീഗ് എത്തിയിരിക്കുന്നു. ഇരവിപുരം ആർ എസ് പിയുടെ സീറ്റാണ്. എ എ അസീസ് നേരത്തെ ജയിക്കുകയും കഴിഞ്ഞ തവണ തോൽക്കുകയും ചെയ്ത ഇരവിപുരത്ത് പഴയൊരു വിജയകഥയാണ് ലീഗ് അവതരിപ്പിക്കുന്നത്. ഇരവിപുരം കണ്ട് ഒരു ലീഗുകാരനും പനിക്കേണ്ടതില്ലെന്നാണ് എ എ അസീസിന്റെ നിലപാട്. ആർ എസ് പി ക്ക് ഏറെ പ്രതീക്ഷയുള്ള സീറ്റാണ് ഇരവിപുരം.

ബി.ജെ.പിയിൽ വിട്ടു, എൽഡിഫിൽ മുട്ടി; വഴിമുട്ടിയ മേജർ സാബ് ഐശ്വര്യ കേരള യാത്രയിൽ

കുറച്ചുകാലമായി മേജർ വല്ലാത്തൊരു മനപ്രയാസത്തിലായിരുന്നു. നമ്മുടെ രാജ്യത്തുനടക്കുന്ന കർഷക സമരത്തിലോ, ചൈനയുടെ കടന്നു കയറ്റമോ, രാജ്യത്ത്  യുദ്ധം വരുമോ എന്നു തുടങ്ങുന്ന ആശങ്കയൊന്നുമല്ല മേയറെ ആശങ്കാകുലനാക്കുന്നത്.  സംസ്ഥാന രാഷ്ട്രീയത്തിൽ ഒന്നും ആവാൻ പറ്റിയില്ലല്ലോ എന്ന ചിന്താഭാരമായിരുന്നു മേജറെ വേട്ടയാടിയിരുന്നത്.  

ക്ഷമിക്കണം ഈ കഥയിലെ മേജർ ആരാണെന്നു പറഞ്ഞില്ലല്ലോ. മേജർ രവി, അതേ, മലയാളത്തിൽ രണ്ട് മൂന്ന് പട്ടാള സിനിമകളെടുത്ത്,  മോഹൻലാലിനെ പട്ടാളക്കാരനാക്കിയ അതേ മേജർ രവിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

കുറച്ചു സിനിമകൾ സംവിധാനം ചെയ്തതോടെ മേജർ രവിക്ക് രാഷ്ട്രീയത്തിലെ കളികൾ മനസിലായത്രെ. ഏത് രാഷ്ട്രീയക്കാരനെയും വിലയിരുത്താനും, പാർട്ടികളെ തിരുത്താനുമൊക്കെ അദ്ദേഹം സ്വയം ജ്ഞാനം നേടിയത്രെ.

അങ്ങിനെയാണ്  രാജ്യസ്‌നേഹം ഏറ്റവും കൂടുതൽ ബി ജെ പിക്കാണെന്ന സത്യം മേജർ കണ്ടെത്തിയത്. അതിനു കൊടുക്കണം ഒരു കുതിരപ്പവൻ. ഭാവിയിൽ മേജർക്ക് ആരായി കാണണമെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ… ബി ജെ പി നേതാവാകണമെന്നുമാത്രം.


സിനിമാ താരം സുരേഷ്
ഗോപിക്ക് രാജ്യസഭാ അംഗത്വം നൽകി, പിന്നീട് തൃശ്ശൂരിൽ മൽസരിക്കാൻ ടിക്കറ്റ് നൽകി. തൃശ്ശൂർ പിന്നീട് സുരേഷ് ഗോപി സ്വന്തമായയി എടുക്കാൻ പോലും നീക്കം നടത്തി. ഇതെല്ലാം  മേജർ രവിയെ ആവേശത്തിൽ ആറാടിച്ചിരുന്നു.   സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടുമെങ്കിൽ എന്തുകൊണ്ട്  തനിക്കും ബി ജെ പി സ്ഥാനാർത്ഥി ആയിക്കൂടെന്നായിരുന്നു മേജറുടെ ചിന്തകൾ.  

എങ്ങിനെ കേരള ജനതയെ സേവിക്കാം എന്നാണ് മേജർ കുറേക്കാലമായി ചിന്തിച്ചുകൊണ്ടേയിരിക്കുന്നത്.   ഇത്തവണ പത്മ അവാർഡ് സംഘടിപ്പിക്കാനും മേപ്പടിയാൻ ശ്രമിച്ചിരുന്നുവത്രെ. എന്നാൽ ബി ജെ പി എന്തുകൊണ്ടോ മേജറെ വേണ്ടരീതിയിൽ പരിഗണിച്ചില്ല.

ഹിന്ദി അറിയുന്ന മേജർ രവി പാർട്ടിയിൽ, നേതൃത്വത്തിലേക്ക് വന്നാൽ വളരെ പെട്ടെന്ന് കേന്ദ്രനേതൃത്വവുമായി അടുക്കാൻ സാധ്യതയുണ്ടെന്ന് ബി ജെ പി കേരള നേതാക്കൾ തിരിച്ചറിഞ്ഞു. ഇതോടെ ഒരറിയിപ്പുവരെ പാർട്ടിയിലേക്ക് തൽക്കാലം മേജർമാരായ ആരെയും വേണ്ടെന്നും ഐ പി സുകാരെ മാത്രമേ പ്രത്യേകമായി പരിഗണിക്കുന്നുള്ളൂവെന്നും ബി.ജെ.പി കേരള ആസ്ഥാനത്ത് ബോർഡ് വച്ചു. 

 
ഇതോടെ മേജർക്ക് കാര്യം കത്തി, സ്ഥാനാർത്ഥി പട്ടികയിൽ കടന്നു കൂടാൻ സാധ്യമല്ലെന്ന സത്യം നേരത്തെ തിരിച്ചറിഞ്ഞു. സി പി എമ്മിൽ ഒരു കണ്ണുണ്ടായിരുന്നു, അതാണ് ലോക്‌സഭയിലേക്ക് പി രാജീവിനെ പിന്തുണച്ച് മേജർ പ്രസ്താവനയുമായി രംഗത്തെത്തിയത്. എന്നാൽ  മേജർമാരെ മൽസരിപ്പിക്കുന്ന പതിവ് സി പി എമ്മിൽ ഇല്ലെന്നതിനാൽ ആ നീക്കവും മേജർരവി  ഉപേക്ഷിച്ചു. ഇതോടെയാണ് കടുത്ത തീരുമാനം കൈക്കൊള്ളാൻ മേജറെ നിർബന്ധിതനാക്കിയത്.  

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ തൃപ്പൂണിത്തുറയിൽ എത്തുന്നു, അവരാരും മേജർ ഇത്രയും വലിയ കടുംകൈ ചെയ്യുമെന്ന് കരുതിയിട്ടുപോലുമില്ലായിരുന്നു. മേജർ ചെന്നിത്തലയുടടെ ഐശ്വര്യ കേരള ജാഥയിലെക്ക് നാടകീയമായി പ്രവേശിച്ചു. കേരളത്തിന്റെ ഐശ്വര്യം മാത്രമായിരുന്നു മേജറുടെ ചിന്തകൾ.

അപ്രതീക്ഷിതമായി മേജർ രവി ജാഥയിലേക്ക് എത്തിയതോടെ കോൺഗ്രസ് പ്രവർത്തകർക്കും ആവേശമായി.  പിണറായി വിജയൻ ധാർഷ്ട്യകാണിക്കുന്നുവെന്നും രമേശ് ചെന്നിത്തലയാണ് ഗംഭീര നേതാവെന്നും മേജർ പറഞ്ഞു. എന്നാൽ ബി ജെ പിക്കാർ നന്ദിയില്ലാത്തവരാണെന്നുകൂടി പറഞ്ഞതോടെ മേജർക്ക് നല്ല കയ്യടി കിട്ടിയത്രെ…  ഇതേ ചെന്നിത്തലയെ മേജർ തെറി വിളിക്കുന്നതും ചിലപ്പോൾ തൃപ്പൂണിത്തുറക്കാർക്ക് ഭാഗ്യമുണ്ടാവാതിരിക്കട്ടെ.

മേജർ രവി എത്തിയതോടെ കോൺഗ്രസിന് ആത്മധൈര്യം കൈവന്നുവന്നുവെത്രെ…. ഇനി അധികാരത്തിൽ വരാൻ  ഭയമില്ലാതായി…. മേജർ ഈ തീരുമാനം കുറച്ചു നേരത്തെ എടുത്തിരുന്നുവെങ്കിൽ കോൺഗ്രസ് കുറച്ചു നേരത്തെ രക്ഷപ്പെട്ടുപോയേനേ…

സി പി ഐ യും കാനത്തിന്റെ കടുംകയ്യും

സി പി ഐ ഭയങ്കര ആദർശമുള്ള പാർട്ടിയാണെന്ന് വീണ്ടും തെളിയിക്കുകയാണ്. മൂന്ന് ടേം കഴിഞ്ഞ ഒരാൾക്കും ഇത്തവണ സീറ്റില്ല. ഇതോടെ എട്ട് എം എൽ എമാർക്ക് പാർട്ടി ചുമതലകളിലേക്ക് മടങ്ങേണ്ടിവരും. സുനിൽ കുമാർ, രാജു, തിലോത്തമൻ തുടങ്ങിയ മഹാമാനുഷികൾക്ക് ഇത്തവണ സീറ്റില്ലെന്ന് ചുരുക്കം.

ഇതൊക്കെ കോൺഗ്രസ് കണ്ടുപഠിക്കണം. മുല്ലക്കര രത്‌നാകരൻ, സി ദിവാകരൻ എന്നീ പ്രഗൽഭമതികളായ എം എൽ എ മാരെ പോലും മൂലക്കിരുത്തിയ പാർട്ടിയാണ് സി പി ഐ. നിയമ സഭ സ്വന്തം ഭവനമെന്ന പരിപാടി സി പി ഐക്ക് ഇല്ലെന്ന് സഖാവ് കാനം പ്രഖ്യാപിച്ചു കഴിഞ്ഞു. സി പി എം ഈ തീരുമാനം പിന്തുടർന്നാൽ ജി സുധാകരനും, തോമസ് ഐസക്കുമൊക്കെ തൊഴിൽ രഹിതരായി മാറും. എന്തായിരിക്കും പാർട്ടി എടുക്കുന്ന തീരുമാന മെന്ന് വരാനിരിക്കുന്നതേയുള്ളൂ…
 
വൽകഷ്ണം….

ഇടതു മുന്നണിയിൽ വലിയ ബഹളമായതോടെ സി പി എം ശരിക്കും വല്ലാത്ത വീർപ്പുമുട്ടലും അനുഭവിക്കുന്നുണ്ടത്രേ… ഘടകക്ഷികളായ പാർട്ടികൾക്കെല്ലാം  സീറ്റ് നൽകിയിട്ട് ശേഷിക്കുന്ന സീറ്റിൽ മൽസകിക്കേണ്ട അവസ്ഥയിലാണ് സി പി എം. പോരാത്തതിന് പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ കുരുത്തുകാട്ടി വല്യേട്ടന്റെ അനിയൻ ചേട്ടനായി മാറിയ ജോസ് മോനെ തൃപ്തിപ്പെടുത്താൻ ജോസ് മോൻ യു.ഡി.ഫിൽ മത്സരിച്ച സീറ്റുകൾക്ക് പുറമെ മറ്റു ഘടക കക്ഷികളുടെ സീറ്റുകൾ കൂടി വീതം വച്ചു നൽകിയാലും മതിയാക്കിയില്ലല്ലോ. ഘടകകക്ഷികളുടെ സീറ്റിൽ തൊട്ടാൽ എൻ സി പിക്ക് പിന്നാലെ ഊത്ത കയറുന്നതുപോലെ അവരും അവരും യു.ഡി.എഫിലേക്ക് വഴുതിപ്പോകും. മുന്നണി വിടുന്നവരെ പിടികൂടാൻ വലിയ വളയും വീശി നിൽക്കുകയാണല്ലോ ചെന്നിത്തലയും കൂട്ടരും!

LEAVE A REPLY

Please enter your comment!
Please enter your name here