തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബി ജെ പിയിൽ ചേരുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിജയയാത്രവേളയിലാകും ഇ ശ്രീധരൻ പാർട്ടിയിൽ ചേരുക. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ഇ ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.കേരളത്തിന് നീതി ഉറപ്പാക്കാൻ ബി ജെ പി വരണമെന്ന് ഇ ശ്രീധരൻ പ്രതികരിച്ചു. ഒമ്പത് വർഷത്തെ രാഷ്ട്രീയ പ്രവേശനത്തിന്റെ വെളിച്ചത്തിലാണ് ബി ജെ പിയിൽ ചേരുന്നത്. പാർട്ടി പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.ന്യൂനപക്ഷ വർഗീയതയാണ് കൂടുതൽ അപകടകാരിയെന്ന, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന കുറുക്കന്റെ ബുദ്ധിയാണെന്ന് സുരേന്ദ്രൻ പരിഹസിച്ചു.

ഹിന്ദുക്കളെ കബളിപ്പിക്കാനുള്ള ബുദ്ധിയാണ് ഇതിനു പിന്നിൽ. ഭീഷണിപ്പെടുത്തിയാണ് വിജയരാഘവനെക്കൊണ്ടു പ്രസ്താവന തിരുത്തിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.ചലച്ചിത്ര താരങ്ങളടക്കം പ്രമുഖരുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ചർച്ച നടത്തിവരികയാണ്. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് കൂടിക്കാഴ്‌ചകൾ നടക്കുന്നത്. പാർട്ടിയുമായി പിണങ്ങി നിൽക്കുന്ന മേജർ രവിയെ തിരികെ ബി ജെ പി പാളയത്തിലേക്ക് എത്തിക്കാനുളള ശ്രമങ്ങളും നടക്കുന്നുണ്ട്.രമേശ് പിഷാരടി, ധർമ്മജൻ, ഇടവേള ബാബു തുടങ്ങിയവർ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ വേദിയിലെത്തിയത് വലിയ വാർത്തയായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ബി ജെ പിയുടെയും രാഷ്ട്രീയ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here