പാലക്കാട് : ആരോഗ്യമേഖലയുടെ കാലാനുസൃതമായ മുന്നേറ്റത്തിനു വേണ്ടി രൂപീകരിച്ച ആർദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യ മേഖലയിൽ പാലക്കാട് ജില്ലയിൽ അഞ്ചെണ്ണം ഉൾപ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന 34 പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2071.33 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്  പദ്ധതികൾ നടപ്പാക്കുന്നത്. ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവയിൽ കെട്ടിടങ്ങൾ, ട്രോമാകെയർ സെന്ററുകൾ,  ഡയാലിസിസ് യൂണിറ്റുകൾ എന്നിവയുടെ ഉദ്ഘാടനവും നവീകരണവും മുഖ്യമന്ത്രി നിർവഹിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിന് 79.38 കോടിയും പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ പുതിയ ആശുപത്രി കോംപ്ലക്സിനായി 9.9 കോടിയും   ആലത്തൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിനായി 11.04 കോടിയും മണ്ണാർക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിനായി 10.47 കോടിയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിലായി 11.35 കോടിയുമാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അധ്യക്ഷയായി. ജില്ലക്ക് ആരോഗ്യമേഖലയിൽ അനുവദിക്കപ്പെട്ട കിഫ്ബി പദ്ധതികൾ ജില്ലയിലെ അഞ്ച് ആശുപത്രികളുടെ നവീകരണത്തിനും വികസനത്തിനുമായി കിഫ്ബിയിൽ നിന്നും 122.14 കോടിയാണ് അനുവദിച്ചിരിക്കുന്നത്. പാലക്കാട്  ജില്ലാ ആശുപത്രി, ആലത്തൂർ, ഒറ്റപ്പാലം, മണ്ണാർക്കാട്, പട്ടാമ്പി താലൂക്ക് ആസ്ഥാന ആശുപത്രികൾ എന്നിവയുടെ സമഗ്ര വികസനത്തിലൂന്നിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് കിഫ്ബിയിൽ അനുമതിയായിരിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റാനുതകുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ചു നിലകളിലായി 2 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം വരുന്ന കെട്ടിടത്തിൽ 347 ബെഡുകൾ സജ്ജീകരിക്കാം. എം.ആർ.ഐ, സി.ടി , എക്‌സ്-റേ ഉൾക്കൊള്ളുന്ന റേഡിയോളജി വിഭാഗം, ലാബ്, 12 വിഭാഗങ്ങളിലായുള്ള ഒ.പി കൺസൾട്ടേഷൻ, 4 ഓപ്പറേഷൻ തിയേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടാവുക. 79.38 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പുതിയ  കെട്ടിടത്തിൽ താഴത്തെ നിലയിൽ കാഷ്വാലിറ്റിയും മൈനർ ഓപ്പറേഷൻ തിയേറ്ററും റേഡിയോളജി വിഭാഗവുമാണ് പ്രവർത്തിക്കുക. ഒന്നാം നിലയിൽ ഒ.പി വിഭാഗവും രണ്ടാം നിലയിൽ ലാബും, ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും. 11.35 കോടി രൂപയാണ് അനുവദിച്ചത്. ആലത്തൂർ താലൂക്ക് ആശുപത്രിയിലെ മൂന്നുനില കെട്ടിടത്തിൽ ഒ.പി വിഭാഗം, കാഷ്വാലിറ്റി, മൈനർ ഓപ്പറേഷൻ തിയേറ്റർ, ലാബ് സൗകര്യങ്ങളാണ് ഉണ്ടാവുക. 11.04 കോടിയാണ് അനുവദിച്ചത്. പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ മൂന്നുനിലകളിലായി വരുന്ന പുതിയ  കെട്ടിടത്തിൽ 9.90 കോടി ചെലവിൽ ഒ.പി വിഭാഗം, മൈനർ ഓപ്പറേഷൻ തിയേറ്റർ, ലാബ്, ട്രയാജ് സൗകര്യങ്ങൾ ഒരുക്കും. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ പുതിയ  കെട്ടിടത്തിൽ ഒ.പി വിഭാഗം, കാഷ്വാലിറ്റി, ലാബ്, ഇ.എൻ.ടി എൻഡോസ്‌കോപ്പി സൗകര്യങ്ങൾ സജ്ജമാക്കും. 10.47 കോടി രൂപയാണ് അനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here