തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തെ സാങ്കേതികവിദ്യയുമായി വിളക്കി ചേർക്കുന്ന വിദ്യാശ്രീ പദ്ധതിയിലൂടെ പത്തു ലക്ഷം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 14 ജില്ലകളിലുമായി 200 വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിൽ 15 കുട്ടികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സർക്കാർ ഓൺലൈൻ വിദ്യാഭ്യാസ രീതിയിലേക്ക് മാറിയപ്പോൾ ലാപ്‌ടോപ് വാങ്ങാൻ കഴിയാതിരുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമിച്ചത്. സാധാരണക്കാരായ അയൽക്കൂട്ട അംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ് ലഭ്യമാക്കുകയും1500 രൂപ അടച്ചാൽ തന്നെ ലാപ്‌ടോപ് നൽകുകയും പരമാവധി ഡിസ്‌ക്കൗണ്ട് നൽകിക്കൊണ്ട് 7000 രൂപയ്ക്ക് ലാപ്‌ടോപ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലഭ്യമാക്കുന്ന പദ്ധതി ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് നടപ്പാക്കുന്നത്. പദ്ധതിക്കായി തയ്യാറാക്കിയ പോർട്ടലിൽ  ലാപ്‌ടോപ് ആവശ്യപ്പെട്ട് ഇതുവരെ 1,44,028 അയൽക്കൂട്ട അംഗങ്ങൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 1,23,005 പേരാണ് ലാപ്‌ടോപ് വാങ്ങാൻ തയാറായി മുന്നോട്ടുവന്നത്. 17343 പേർ ലാപ്‌ടോപ്പിന്റെ മോഡലും തിരഞ്ഞെടുത്തു.

വായ്പയുടെ അഞ്ചു ശതമാനം പലിശ സർക്കാരും നാല് ശതമാനം പലിശ കെ.എസ്.എഫ്.ഇയും വഹിക്കും. ആശ്രയ കുടുംബങ്ങൾക്ക് 7000 രൂപയ്ക്ക് ലാപ്‌ടോപ് ലഭിക്കും. പട്ടികജാതി പട്ടികവർഗ, മത്സ്യബന്ധന കുടുംബങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്‌സിഡി ഇതിനു പുറമേ അധികമായി ലഭിക്കും. അർഹരായവർക്ക് പിന്നാക്ക-മുന്നാക്ക കോർപ്പറേഷനുകൾക്ക് അവരുടെ ഫണ്ടിൽ നിന്നും സബ്‌സിഡി നൽകാനാവും. ടെൻഡറിൽ പങ്കെടുത്ത സാങ്കേതികമേൻമ പുലർത്തുന്ന എല്ലാ ലാപ്‌ടോപ് കമ്പനികളെയും എംപാനൽചെയ്തു കൊണ്ട് കുട്ടികൾക്ക് ആവശ്യമുള്ള ലാപ്‌ടോപ് തിരഞ്ഞെടുക്കാൻ അവസരം നൽകി. ഇതിനു നേതൃത്വം വഹിച്ചതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഇയും കുടുംബശ്രീയും മാറി. ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ കൂടുതൽ കുടുംബശ്രീ അംഗങ്ങൾ ലാപ്‌ടോപ് വാങ്ങാനായി മുന്നോട്ടു വരുന്നുണ്ടെന്നും കോവിഡ്കാലത്തെ മാതൃകാപദ്ധതിയാണ് വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലാപ്‌ടോപ് വാങ്ങാനെത്തിയ കുട്ടികളുമായി അദ്ദേഹം ഓൺലൈനായി സംവദിക്കുകയും ചെയ്തു.

ഡിജിറ്റൽ അന്തരം ഇല്ലാതാക്കിക്കൊണ്ട് വിജ്ഞാന വ്യാപനത്തിനും കേരളത്തിന്റെ ക്ഷേമപാരമ്പര്യം നിലനിർത്തുന്നതിനും സഹായകമാകുന്നതാണ് വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതിയെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഇന്റർനെറ്റും ലാപ്‌ടോപ്പും ഉപയോഗിച്ചു കൊണ്ട് ഓൺലൈൻ വിദ്യാഭ്യാസം വന്നതോടെ സ്‌കൂളുകളിലെ അധ്യയനരീതിയ്ക്ക് പുരോഗമനപരമായ മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റം ഭരണരംഗത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഇ-ഗവേണൻസിൽ ഒരു കുതിച്ചു ചാട്ടം സൃഷ്ടിക്കാൻ ഇതിലൂടെ കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന വികസന പദ്ധതിയെ പ്രയോജനപ്പെടുത്താൻ സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇയെയും കുടുംബശ്രീയെയും ഉപയോഗിക്കുന്നതിലൂടെ കേരളത്തെ വിജ്ഞാന സമൂഹമായി പരിവർത്തനം ചെയ്യാൻ സാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യയും ജനകീയതയും ഒരുമിക്കുന്ന പദ്ധതിയാണ് വിദ്യാശ്രീ ലാപ്‌ടോപ് പദ്ധതിയെന്നും ഇത് പൊതുവിദ്യാഭ്യാസ രംഗത്ത് പുതിയൊരു വിപ്‌ളവമാണ് കാഴ്ചവയ്ക്കുന്നതെന്നും ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു.  
കുടുംബശ്രീയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് വിദ്യാശ്രീ പദ്ധതിയെന്നും ഈ ലാപ്‌ടോപ് പദ്ധതിയും കെ-ഫോണും കൂടുതൽ പേരിലേക്ക് എത്തുന്നതോടെ ഡിജിറ്റൽ അന്തരം ഇല്ലാതാക്കാൻ കഴിയുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.  നൂറുശതമാനം തിരിച്ചടവ് ഉറപ്പു വരുത്താൻ കുടുംബശ്രീക്ക് കൃത്യമായ സംവിധാനമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, എ.സി.മൊയ്തീൻ, വി.കെപ്രശാന്ത് എം.എൽ.എ, എന്നിവർ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം 13 ജില്ലകളിലും വിവിധ വകുപ്പ് മന്ത്രിമാർ പങ്കെടുത്ത് ലാപ്‌ടോപ് വിതരണം നടത്തി. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനാണ് (കൈറ്റ്‌സ്) ലാപ്‌ടോപ്പിന്റെ സ്‌പെസിഫിക്കേഷൻ ലഭ്യമാക്കിയത്. ഐ.ടി മിഷന്റെ നേതൃത്വത്തിലായിരുന്നു ടെൻഡർ നടപടികൾ.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ പദ്ധതി വിശദീകരണം നടത്തി. കെ.എസ്.എഫ്.ഇ മാനേജിങ്ങ് ഡയറക്ടർ വി.പി സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു. ഐ.ടി മിഷൻ സെക്രട്ടറി മുഹമ്മദ്.വൈ. സഫീറുള്ള, കൊകോണിക്‌സ് കമ്പനിയുടെ പ്രതിനിധി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.ഷമീന എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here