തിരുവനന്തപുരം : വികസനത്തിനും സദ്ഭരണത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമാണു ലക്ഷ്യമെന്നും, അതുതന്നെയാണു മതമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് അനുബന്ധമായി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ ”ജാതി ചോദിക്കുന്നില്ല ഞാൻ സോദരീ” എന്ന വരികൾ അദ്ദേഹം ഉദ്ധരിച്ചു. പുഗലൂർ – തൃശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി, കാസർകോട്ടെ 50 മെഗാവാട്ട് സോളാർ പദ്ധതി, അരുവിക്കരയിലെ 75 എംഎൽഡി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു സ്ഥാപിക്കുന്ന സംയോജിത നിർദേശക – നിയന്ത്രണ കേന്ദ്രത്തിന്റെയും 37 കിലോമീറ്റർ നഗര റോഡുകളെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടേയും ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിന്റെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് 2000 മെഗാവാട്ട് പുനലൂർ – തൃശൂർ പവർ ട്രാൻസ്മിഷൻ പദ്ധതി. ഇതു യാഥാർഥ്യമായതോടെ തൃശൂർ കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രം എന്നതിനൊപ്പം ഊർജ കേന്ദ്രംകൂടിയായി മാറി. വോൾട്ടേജ് കൺവർട്ടർ അധിഷ്ഠിത എച്ച് ഡി വി സി സംവിധാനമുള്ള രാജ്യത്തെ ആദ്യ ട്രാൻസ്മിഷൻ ശൃംഖലയാണ് ഇത്. കാസർകോഡ് പ്രവർത്തനം തുടങ്ങുന്ന 50 മെഗാവാട്ട് സൗരോർജ വൈദ്യുതി നിലയവും ഊർജരംഗത്തു കേരളത്തിനു മുതൽക്കൂട്ടാകും.


നഗരങ്ങളുടെ വളർച്ചയും വികസനവും ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണു സ്മാർട്ട് സിറ്റികൾ രാജ്യത്തു നിർമിക്കുന്നത്. കൊച്ചി, തിരുവനന്തപുരം സ്മാർട്ട് സിറ്റികൾ കേരളത്തിന്റെ നഗരവികസന രംഗത്തു വലിയ മാറ്റമുണ്ടാക്കും. ഇതുവരെ ഇരു പദ്ധതികളിലുമായി 773 കോടിയുടെ 27 ജോലികൾ പൂർത്തിയാക്കിക്കഴിഞ്ഞു. 2000 കോടി രൂപ അടങ്കൽ പ്രതീക്ഷിക്കുന്ന 68 പദ്ധതികൾ പുരോഗമിക്കുകയാണ്. 30 ലക്ഷം പേരുടെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ ശേഷിയുള്ളതാണ് അരുവിക്കരയിൽ തുടങ്ങിയ പുതിയ വാട്ടർ
ട്രീറ്റ്‌മെന്റ് പ്ലാന്റെന്നും പ്രധാനമന്ത്രി പറഞ്ഞു.
 

ഓൺലൈനായി നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ രാജ് കുമാർ സിങ്, ഹർദീപ്സിംഗ് പുരി, സംസ്ഥാന  മന്ത്രിമാരായ എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, വി.കെ. പ്രശാന്ത്, ഒ. രാജഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, തിരുവനന്തപുരം സ്മാർട്ട് സിറ്റി സി ഇ ഒ പി. ബാലകിരൺ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here