തിരുവനന്തപുരം :ശാസ്ത്രീയ സംഗീതത്തിന് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ സ്വാതി പുരസ്‌കാരം  ഡോ. കെ. ഓമനക്കുട്ടിക്കും നാടകത്തിന്  സംസ്ഥാന  സർക്കാർ  നൽകുന്ന  പരമോന്നത പുരസ്‌കാരമായ എസ്എൽ പുരം സദാനന്ദൻ പുരസ്‌കാരം ഇബ്രാഹിം വെങ്ങരക്കും നൽകുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് സ്വാതി പുരസ്‌കാരം. ഒരു ലക്ഷം  രൂപയും  പ്രശസ്തിപത്രവും  ഫലകവും അടങ്ങുന്നതാണ് എസ്എൽ പുരം സദാനന്ദൻ പുരസ്‌കാരം.

ശാസ്ത്രീയ സംഗീതത്തിന് കേരളത്തിൽ സ്വീകാര്യത ലഭിക്കാനായി അക്കാദമിക് രംഗത്തും സംഗീതാവതരണ രംഗത്തും വലിയ സംഭാവനകൾ നൽകിയ വിദുഷിയാണ് ഡോ.കെ. ഓമനക്കുട്ടിയെന്ന് മന്ത്രി പറഞ്ഞു. സ്വാതിതിരുനാൾ കൃതികൾ പ്രചരിപ്പിക്കുന്നതിൽ വലിയ സംഭാവനകൾ നൽകി.

 
സംഗീതത്തിന്റെ പ്രയോഗത്തിൽ നൂതനമായ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി പുതിയ തലമുറയെ സംഗീതത്തിലേക്ക് ആകർഷിക്കാൻ സ്തുത്യർഹമായ പ്രവർത്തനം നടത്തി.  സർവകലാശാല തലത്തിൽ സംഗീത പഠനത്തിന് ആവശ്യമായ പാഠ്യ പദ്ധതി രൂപപ്പെടുത്തുന്നതിൽ ഓമനക്കുട്ടി വലിയ സംഭാവനകൾ നൽകി. ഒരേസമയം മികച്ച സംഗീതാധ്യാപികയും കച്ചേരികൾ നടത്തുന്ന സംഗീതജ്ഞയുമാണ്.  കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും അവാർഡും ലഭിച്ചിട്ടുണ്ട്.

ആധുനിക മലയാള നാടകവേദിയെ രൂപപ്പെടുത്തുന്നതിൽ വലിയ സംഭാവന നൽകിയ നാടകക്കാരനാണ് ഇബ്രാഹിം വെങ്ങര.  നിരവധി പ്രതിസന്ധികളെ നേരിട്ട് ആറ്  പതിറ്റാണ്ടായി നാടക രചയിതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പ്രേംജി, കെ.ടി. മുഹമ്മദ് തുടങ്ങിയ മഹാരഥർക്കൊപ്പം നാടകരംഗത്ത് പ്രവർത്തിച്ചു.  നാടകാഭിനയത്തിന്റെ പേരിൽ മൂന്ന് മാസം അടിയന്തരാവസ്ഥക്കാലത്ത്  ജയിലിൽ കിടന്നു.  അമ്പതിൽപരം റേഡിയോ നാടകങ്ങളും 25 മറ്റ് നാടകങ്ങളും രചിച്ചു. ഏഴിൽ ചൊവ്വ, ഉപഹാരം എന്നീ നാടകങ്ങൾ ആകാശവാണി ദേശീയ  നാടക മത്സരത്തിൽ  സമ്മാനം നേടുകയും ഇന്ത്യയിലെ 14 ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ  ആത്മകഥക്ക്  കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്,  തിരുവനന്തപുരം  സ്വാതി തിരുനാൾ സംഗീത കോളേജ് പ്രിൻസിപ്പാൾ ആർ. ഹരികൃഷ്ണൻ, പാറശ്ശാല രവി, കണ്ണൂർ സർവകലാശാല സംഗീത വിഭാഗം മേധാവി ഡോ. എൻ. മിനി എന്നിവരടങ്ങിയ ജൂറിയാണ് സ്വാതി പുരസ്‌കാരം നിർണയിച്ചത്.

 
സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കെ. പി. മോഹനൻ, കരിവെള്ളൂർ മുരളി, പ്രൊഫ.പി.ഗംഗാധരൻ, പ്രിയനന്ദനൻ എന്നിവരടങ്ങിയ ജൂറിയാണ് എസ് എൽ പുരം സദാനന്ദൻ പുരസ്‌കാരം നിർണയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here