രാജേഷ് തില്ലങ്കേരി

ഏറെക്കാലത്തെ ആശങ്കയ്ക്കുള്ള ഉത്തരമാണ് ഇന്ന് ലഭിച്ചത്, ബി ജെ പിക്ക് കേരളത്തിൽ ഭരണം കിട്ടിയിലാൽ ആരായിരിക്കും മുഖ്യമന്ത്രിയെന്ന വലിയ ആശങ്കയ്ക്കാണ് ഇതോടെ അവസാനമായത്. നമ്മുടെ മെട്രോമാൻ ഇ ശ്രീധരനായിരിക്കും അതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപനം വന്നിരിക്കുന്നു. ബി ജെ പിക്ക് ആഹ്ലാദിപ്പാൻ ഇനിയെന്ത് വേണ്ടൂ….

സി പി എമ്മിന് നിലവിൽ മുഖ്യമന്ത്രിയുണ്ട്, മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ഉണ്ട്, കോൺഗ്രസിന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, ആർ എസ് എസുകാർ പാലം വലിച്ചില്ലെങ്കിൽ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാവാനുണ്ട്. ചിലപ്പോൾ അങ്ങ് ഹൈക്കമാന്റായി അഭിനയിക്കുന്ന കെ സി വേണുഗോപാലും വന്നെന്നിരിക്കും… എന്നാൽ ബി ജെ പിക്ക് ഇന്നലെവരെ അങ്ങിനെയൊരു മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. ബി ജെ പിയെ ഭരണത്തിലേറ്റണമെന്ന് ഏറെ ആഗ്രഹിക്കുന്ന വോട്ടർമാർക്കിത് വലിയ ആശങ്കയായിരുന്നല്ലോ…

മുഖ്യമന്ത്രിയാവാൻ ബി ജെ പിയിൽ അങ്ങ് വടക്കേയറ്റം മുതൽ ഇങ്ങ് തെക്കേയറ്റംവരെ ഒട്ടേറെ പേരുണ്ടെങ്കിലും നാലാൾ കേട്ടാൽ കൊള്ളാമെന്നു പറയാൻ പറ്റുന്ന ഒരു സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. നേമത്തൊരാൾ മുഖ്യനാവാനൊക്കെ ആവാൻ യോഗ്യനായി ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം അഞ്ചുവർഷം കമ്യൂണിസ്റ്റുകാരുടെ കൂടെയിരുന്നത്, താനിപ്പോൾ ബി ജെ പിയാണോ, അതോ കമ്യൂണിസ്റ്റുകാരനാണെ എന്നൊന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണ്, …

 
യെസ് നമ്മൾ പറഞ്ഞു വരുന്നത് രാജേട്ടനെ കുറിച്ചു തന്നെയാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ പറ്റാത്ത അവസ്ഥയിൽ ബുദ്ധിമുട്ടിയിരിക്കെയാണ് രാജ്യത്തുടനീളം ആരാധകരുള്ള മെട്രോമാന്റെ ബി ജെ പിയിലേക്കുള്ള കടന്നുവരവ്. വന്ന അന്നുതന്നെ തന്റെ ലക്ഷ്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചുകളഞ്ഞു.
പ്രായം എൺപത് കവിഞ്ഞതിനാൽ ഗവർണർ ആവാൻ താല്പര്യമില്ല, മുഖ്യമന്ത്രി കസേരയാണ് ലക്ഷ്യം. 
പാലക്കാട് മൽസരിച്ചാൽ ലക്ഷ്യം നിറവേറും എന്നൊക്കെയാണ് മെട്രോമാൻ പറഞ്ഞു കളഞ്ഞത്. പാലക്കാട് മൽസരിക്കാനായി പുതിയ ഷർട്ടും നിക്കറും തയ്പ്പിച്ച് മൂന്നു മാസം, അടക്കാനാവാത്ത മോഹവുമായി ചിലർ കാത്തിരിപ്പുണ്ടെന്നുള്ള സത്യം മെട്രോമാൻ തിരിച്ചറിഞ്ഞില്ല.  അവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു ആ വാർത്ത. എന്തിന് പാലക്കാട് മൽസരിക്കണം, സാക്ഷാൽ വി എസ് അച്ചുതാനന്ദന്റെ തട്ടകമായിരുന്ന മലമ്പുഴയിൽ തന്നെ ഇ ശ്രീധരൻ മൽസരിക്കട്ടെ എന്നാണ് ഇപ്പോൾ അവരുടെ പ്രഖ്യാപനം.

കിഫ്ബി മലയാളികൾക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും, ഈ കടം വാങ്ങിയ പണം എന്ന്, എങ്ങിനെ കൊടുത്തു തീർക്കുമെന്ന ആശങ്കയാണ് നിയുക്ത മുഖ്യമന്ത്രിക്ക്. ഡൽഹി മെട്രോയും, കൊച്ചി മെട്രോയും, കൊങ്കൺ പാതയുമൊക്കെ കടം വാങ്ങിയാണ് പണിതത് എന്ന കാര്യം മെട്രോ മാമൻ മറന്നു പോയോ എന്നാണ് സി പി എമ്മിന്റെ ചോദ്യം. സുരേഷ് ഗോപിയാണ് മുഖ്യമന്ത്രിയാവുന്നതെങ്കിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടി നടത്തിയെങ്കിലും കാശുണ്ടാക്കി ആ കടമൊക്കെ വീട്ടിയേനെ എന്നു വിശ്വസിക്കുന്നവരും ഈ കൊച്ചു കേരളത്തിലുണ്ടത്രേ.

ആരാണീ ശ്രീധരനെന്ന് ചോദിച്ചത് മന്ത്രി ജി സുധാകരനാണ്. എന്നാൽ പാലാരിവട്ടം പാലം പണി ഈ മെട്രോ മാന്റെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നതിനാൽ  അതിനാൽ നിലവിലുള്ള മുഖ്യമന്ത്രി നിയുക്ത മുഖ്യമന്ത്രിയെ അക്രമിക്കാൻ അത്ര താല്പര്യം കാട്ടില്ലെന്ന് അറിയാം.

കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിക്കു മാത്രമാണ് മെട്രോമാന്റെ ഗുഡ് ബുക്കിൽ സ്ഥാനം. അപ്പോൾ മെട്രോമാന്റെ മന്ത്രി സഭയിൽ കായിക വകുപ്പ് മന്ത്രിയായി പി ടി ഉഷയും, ആഭ്യന്തര വകുപ്പ് മന്ത്രിയായി ജേക്കബ്ബ് തോമസ് എന്നിവരും വരുമെന്ന് ഉറപ്പായി, അപ്പോ പിന്നെ മുൻ ഡി ജി പി സെൻകുമാറിന് എന്തു വകുപ്പ് നൽകേണ്ടിവരുമെന്ന ആശങ്കയാണ് ഇ ശ്രീധരൻ ഒരു പക്ഷേ, നാളെ നമ്മളുമായി പങ്കുവയ്ക്കുക.

തല്ക്കാലം ആരോഗ്യവകുപ്പ് മന്ത്രിയായി കെ കെ ശൈലജയെ തുടരാൻ ബി ജെ പി സർക്കാർ തയ്യാറായേക്കും. അപ്പോ തൃശ്ശൂർ ഇങ്ങ് എടുത്ത് നിൽക്കുന്ന സുരേഷ് ഗോപിയെ എങ്ങിനെ പരിഗണിക്കാതിരിക്കും. സുരേഷ് ഗോപിയെ സാംസ്‌കാരിക, സിനിമാ മന്ത്രിയാക്കാനും ധാരണയുണ്ടാക്കാം.

ധനവകുപ്പും, പൊതുമരാമത്ത് വകുപ്പും മുഖ്യമന്ത്രി തന്നെ കൈവശം വെക്കാനും സാധ്യതയുണ്ട്. അപ്പോ പരമ്പരാഗതമായി ഇവിടെ വെള്ളം കോരുകയും വിറകു വെട്ടുകയും ചെയ്യുന്നവർ, അത് മുടങ്ങാതെ നടത്തുക. ചാനലിൽ ചർച്ച ചെയ്യുന്നവരും അത് തുടരുക. മെട്രോമാനെ മുഖ്യമന്ത്രിയായി സുഖമായി ഭരിക്കാൻ അനുവദിക്കുക,  അല്ല പിന്നെ… സ്വപ്‌നമാണെങ്കിലും കാണാൻ എന്തൊരു സുഖം…

ഭ്രാന്ത്  സുധാകരനോ…?

കെ സുധാകരനും, കുറേ കള്ള് സിദ്ധാന്തങ്ങളും കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. മുഖ്യമന്ത്രിയുടെ അച്ഛൻ കള്ളുചെത്തു തൊഴിലാളിയായിരുന്നു എന്നുള്ള  കെ സുധാകരന്റെ പരസ്യമായുള്ള പ്രസംഗം ഏറെ കോലാഹലങ്ങളാണ് സമൂഹത്തിലുണ്ടാക്കിയത്. കോൺഗ്രസിലും അതിന്റെ അലയൊലികൾ ഉണ്ടായിരുന്നു.
എന്നാൽ മുഖ്യമന്ത്രി അതിനെ വളരെ ലാഘവത്തോടെയാണ് സമീപിച്ചത്. താൻ കള്ള് ചെത്തുതൊഴിലാളിയുടെ മകനായതിൽ അഭിമാനിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.


കഴിഞ്ഞ ദിവസം കെ സുധാകരൻ തന്റെ കള്ളുകുടവുമായി വീണ്ടും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അച്ഛൻ ചെത്തുക മാത്രമല്ല, ആ കള്ള് മുഴുവൻ കുടിച്ച് , തേരാ പാരാ നടക്കുകയായിരുന്നു എന്നാണ് അടുത്ത അടി.

സുധാകരനോട് പണ്ട് തോറ്റിട്ടും, പിണറായി വിജയന്റെ സന്മമനസ് കൊണ്ടു മാത്രം ദില്ലിവാലാ രാജകുമാരനായ കെ കെ രാഗേഷിന് ഇത് ഒട്ടും ഡൈജസ്റ്റായ ലക്ഷമില്ല, അദ്ദേഹം കെ സുധാകരന് മാനസിക രോഗമുണ്ടെന്നുള്ള പ്രചരണവുമായി രംഗത്തെത്തി.  ഇതിന് വീണ്ടും ചുട്ട മറുപടിയുമായാണ് സുധാകരൻ രംഗപ്രവേശം ചെയ്തത്.
കെ കെ രാഗേഷ് നിലാവത്ത് ഓരിയിടുന്ന നായ ആണെന്നായിരുന്നു സുധാകന്റെ പ്രതികരണം. 
 
ആ ചെന്നി’ത്തല’യ്ക്ക് ഓളമാണെന്ന്  മേഴ്‌സിക്കുട്ടിയമ്മ 
 
അങ്ങ്  വടക്ക് അടിയും തിരിച്ചടിയും നടക്കവേയാണ് തെക്ക് ചെന്നിത്തലയും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും തമ്മിലുള്ള പോരാട്ടം.
തീരദേശത്ത് ആഴക്കടൽ ട്രോളിംഗിനായി അമേരിക്കൻ കമ്പനിക്ക് കരാർ കൊടുത്തു എന്നും, കോടികളുടെ അഴിമതിയാണ് നടന്നതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ആരോപണം. ആരോപണം കേട്ടപാടെ രമേശ് ചെന്നിത്തലയുടെ തലയ്ക്ക് നല്ല ഓളമാണെന്നായി മന്ത്രിയമ്മ. മത്സ്യബന്ധനത്തിന് ഒരു കരാറും ഞാൻ ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. ഈ ക്റിനെക്കുറിച്ചോ അമേരിക്കൻ കമ്പനിയെക്കുറിച്ചോ തനിക്കൊന്നും അറിയില്ലെന്നാണ് മേഴ്‌സിക്കുട്ടിയമ്മയുടെ വാദം. 
 
താൻ അമേരിക്കയിൽ പോയത് യു.എന്നിൽ പ്രസംഗിക്കാനാണെന്നും അല്ലാതെ ആരെയും കണ്ടിട്ടില്ലെന്നുമാണ് അവർ പറയുന്നത്. വഴിയിൽ പോകുന്നവരുടെയൊക്കെ കരാറുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കളല്ല തന്റെ പണിയെന്നു കണിശമായി പറഞ്ഞ മൽസ്യബന്ധന തൊഴിലാളികളുടെ പൊന്നോമന നേതാവുകൂടിയായ മന്ത്രി ഒരു കാര്യം കൂടി തറപ്പിച്ചു പറഞ്ഞു; ഒരു വിദേശ ട്രോളറാമാരെയും കേരളത്തിന്റെ തീർത്ത് ട്രോളാൻ താൻ അനുവദിക്കുകയില്ലെന്ന് . എന്തായാലും വരും ദിവസങ്ങളിൽ അമേരിക്കൻ ട്രോളിംഗ് ട്രോളർമാർക്ക് ചാകര തന്നെയായിമാറും. 
 
എന്നാൽ ചെന്നിത്തല വീണ്ടും ഈ വിഷയത്തിൽ സത്യം പുറത്തു പറയുമ്പോൾ പറയുന്നയാൾക്ക് ഭ്രാന്താണെന്ന് പറയുന്നത് ഒരു പൊതു രീതിയാണെന്നും, എല്ലാ സത്യവും തുറന്നു പറയേണ്ടിവരുമെന്നുമായി ചെന്നിത്തല. മന്ത്രി ഇ പി ജയരാജനെതിരെയും പ്രതിപക്ഷ നേതാവ് അഴിമതിയാരോപണം ഉന്നയിച്ച് രംഗത്തെത്തിയെങ്കിലും ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന ഒഴുക്കൻ മട്ടിലുള്ള പ്രതികരണം നടത്തി സ ി പി എം നേതാക്കൾ രക്ഷപ്പെട്ടു.

വടകരപ്പാലം കടക്കുവോളം നാരായണ, നാരായണ; ഇപ്പോൾ കൂരായണ കൂരായണ…

വാടകരപ്പാലം കടന്നപ്പോൾ മുല്ലപ്പള്ളി പാലം വലിച്ചു; ഇപ്പോൾ ആർ എം പിയുമില്ല, ടിപിയുമില്ല! സി.പി.എമ്മിന്റെ ഉരുക്കുകോട്ടയിൽ ടി.പി യുടെ രക്തത്തിന്റെ ചെലവിൽ കടന്നു കൂടിയ മുല്ലപ്പള്ളിയും കോൺഗ്രസും പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ തനി നിറം കാട്ടി. ഇപ്പോൾ സി.പി.എമ്മിനും കോൺഗ്രസിനും എതിരെ നിയമ സഭ തെരെഞ്ഞെടുപ്പിൽ  മത്സരിക്കാനിരിക്കുകയാണ് ആർ.എം.പി.

 
വടകര എന്നും കമ്യൂണിസ്റ്റുകൾക്ക് ഉറച്ച സീറ്റായിരുന്നു. വടകരയിൽ ഏറെ നാൾ എം പിയായിരുന്നത് കെ പി ഉണ്ണികൃഷ്ണൻ എന്ന കോൺഗ്രസ് എസ് നേതാവായിരുന്നു. ഉണ്ണികൃഷ്ണൻ കോൺഗ്രസിലേക്ക് തിരികെ പോയതോടെ വടകരയിൽ സി പി എം മൽസരിച്ചുതുടങ്ങി. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ വടകരയുടെ കരുത്തനായ സഖാവ് ടി.പി യുടെ അരുംകൊലയാണ് സി.പി.എമ്മിന് വിനയായത്. സി പി എമ്മിൽ നിന്നും പിണങ്ങിപ്പോയി ആർ എം പി ഉണ്ടാക്കിയ ടി പി ചന്ദ്രശേഖരൻ വടകരയിൽ മൽസരിക്കാൻ എത്തിയതോടെ വടകരയെന്ന ഉരുക്കുകോട്ട സി പി എമ്മിന് ഐസ് കോട്ടയായി മാറിയത്.
 
കണ്ണൂരിൽ നിന്നും അബ്ദുല്ലക്കുട്ടിയോട് തോറ്റ് തൊപ്പിയിട്ട് ഏതാണ്ട് രാഷ്ട്രീയ വനവാസത്തിലായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു അതിൽ ലോട്ടറിയടിച്ചത്. പൊന്നാപുരം കോട്ടയിൽ നിന്നും മുല്ലപ്പള്ളി ജയിച്ചുകയറി, ഒന്നല്ല രണ്ടുതവണ. ഒരു തവണ കേന്ദ്രത്തിൽ ആഭ്യന്തര സഹമന്ത്രിയായി. രണ്ടാം തവണ ആർ എം പി മുല്ലപ്പള്ളിക്ക് അകമഴിഞ്ഞ പിന്തുണ നല്കി. 
 
കഴിഞ്ഞ വണ വടകരയിൽ നിന്നും മൽസരിക്കാതെ മാറി നിന്നു. കെ മുരളീധരനെയും ആർ എം. പി നിർലോഭം സഹായിച്ചു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ ആ ബന്ധത്തിൽ വിള്ളൽ വീണു.  നേരത്തെയിട്ട പാലം മുല്ലപ്പള്ളി വലിച്ചെറിഞ്ഞു. ഏറാമലയിലും ഒഞ്ചിയത്തുമുണ്ടായ സഖ്യം, നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച ആർ എം പി നേതൃത്വത്തിന് ചതി മനസിലായി. പാലം വലിച്ച മുല്ലപ്പള്ളിയോട് പകയായി. 
 
ടി പി യോട് സി പി എം കാണിച്ചതിലും വലിയ ക്രൂരതയായി, ആർ എം പി തനിച്ച് മൽസരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. കോൺഗ്രസും ആർ എം പിയും ഒരുമിച്ച് നിന്നാൽ മാത്രമാണ് ആ സീറ്റ് പിടിച്ചെടുക്കാൻ കഴിയുന്നതെന്ന് ആരെക്കാളും അറിയാവുന്ന മുല്ലപ്പള്ളി ആർ എം പിയുമായി സഖ്യത്തിന് യാതൊരു താല്പര്യവുമെടുക്കുന്നില്ല.

താരിഖ് അൻവറിനും തളയ്ക്കാനായില്ല; മുരളീധരൻ ഇപ്പോഴും ഇടഞ്ഞുതന്നെ

നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ പറ്റാത്തതിന്റെ വേദനയിലാണ് കെ മുരളീധരൻ. വടകരയിൽ മുല്ലപ്പള്ളി കുഴിച്ച കുഴിയിൽ വീണ് പിടയുന്ന മുരളിയെ ഇനി ആര് ര് രക്ഷിക്കും. കെ പി സി സി അധ്യക്ഷ പദവിയെങ്കിലും വേണമെന്ന മുരളീധരന്റെ ആവശ്യവും ആരും പരിഗണിക്കുന്ന ലക്ഷണമില്ല.
താരിഖ് അൻവർ കേരളത്തിൽ വന്നത് ഐക്യം ഊട്ടിയുറപ്പിക്കാനായിരുന്നു. 

 
ഐക്യം ഊട്ടിയെന്നും കുറേയൊക്കെ ഉറച്ചുവെന്നുമായിരുന്നു അദ്ദേഹം വിശ്വസിച്ചത്. എന്നാൽ എവിടെ ഐക്യം, കെ മുരളീധരൻ ഇപ്പോഴും ഇടഞ്ഞുതന്നെ നിൽക്കയാണ്. വട്ടിയൂർകാവിലമ്മയാണെ ഞാൻ ഒരിടത്തും തെരഞ്ഞെടുപ്പ്  പ്രചാരണത്തിന് ഇറങ്ങില്ലെന്നുള്ള പരസ്യ നിലപാടിലാണ് മുരളീധന്റേത് .
എനിക്ക് ഒന്നും വേണ്ടെന്നും, രണ്ടു രൂപയുടെ കോൺഗ്രസ് അംഗത്വം മാത്രം മതിയെന്നും പറഞ്ഞ് ഇന്ദിരാ ഭവനുമുന്നിൽ വർഷങ്ങൾക്കുമുന്നിൽ നിന്നിരുന്ന മുരളീധരന്റെ മുഖമാണിപ്പോൾ ഓർമ്മയിൽ.

പാലായിൽ ഏത് ‘മാണി’ വിജയിക്കും? കുഞ്ഞുമാണിക്ക് തിരിച്ചടി കിട്ടുമോ

പാലായിൽ തട്ടിയാണ് മാണി സി കാപ്പൻ എൽ ഡി എഫ് വിട്ടത്. ജോസ് കെ മാണി എൽ ഡി എഫിൽ എത്തിയതോടെ സ്ഥിതി പരുങ്ങലിലായി കാപ്പൻ ആവുന്ന തന്ത്രങ്ങളെല്ലാം പയറ്റിനോക്കി. എന്നാൽ എൻ സി പിയില്ലാതെ തനിച്ചാണ് യു ഡി എഫിലേക്ക് പോയത്. എന്നാൽ കാപ്പനൊപ്പം പാലായിൽ നിൽക്കുന്നവർ ഭൂരപിക്ഷവും എൻ സി പിക്കാരൊന്നുമല്ല. എന്നാൽ കാപ്പനൊരു വോട്ടുബാങ്ക് പാലായിലുണ്ട് എന്നത് ആർക്കും നിഷേധിക്കാനാവാത്ത സത്യവുമാണ്.


2006 ലാണ് മാണി സി കാപ്പൻ കെ എം മാണിയെന്ന മഹാമേരുവിനോട് ഏറ്റുമുട്ടാൻ എത്തുന്നത്. തുടർച്ചയായി തോൽവി ഏറ്റുവാങ്ങുമ്പോഴും കാപ്പൻ പാലായിൽ വേരുറപ്പിക്കുകയായിരുന്നു. കെ എം മാണിയുടെ മരണത്തതുടന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ കാപ്പൻ അവിടെ വിജയിച്ചു. ഇനി പാല കാണാൻ പോവുന്നത് അപ്പന്റെ എതിരാളി, മകന്റെ എതിരാളിയായി വരുന്നതാണ്. കെ എം മാണിയുടെ മകൻ എന്നും മാണിയുടെ മുഖ്യശത്രുക്കളുടെ കൂടെയാണെന്നുമാത്രം. കാപ്പൻ ജയിക്കുമോ, അതോ കാലിടറുമോ എന്നൊക്കെ പിന്നീടുള്ള കാഴ്ചകൾ. എന്തായാലും പാലായിൽ ജീവന്മരണ പോരാട്ടമായിരിക്കും നടക്കുക. 
 
ജോസ് കെ മാണിയുടെ വിജയം സി പി എമ്മിനും, കേരളാ കോൺഗ്രസിനും ഒരു പോലെ പ്രധാനമാണ്. കാപ്പന്റെ തുടർ വിജയം കേരളാ കോൺഗ്രസിനും, കോൺഗ്രസിനും കാപ്പൻ പുതുതായി രൂപീകരിക്കാനിരിക്കുന്ന പാർട്ടിക്കും ഒരുപോലെ അനിവാര്യമാണ്. കോട്ടയം ജില്ലയിൽ കോൺഗ്രസിനോട് കൂടുതൽ അനുഭാവം പ്രകടിപ്പിക്കാൻ പി ജെ ജോസഫ് തയ്യാറാവുന്നതും അതിനാലാണ്.

സമരം തുടരുന്നു; ഗാലറിയിൽ നിന്ന് ഗോളടിക്കാനായി ശോഭയും

പി എസ് സി റാങ്ക് ഹോൾഡർമാരെ സർക്കാർ വഞ്ചിച്ചുവെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾക്ക് ആസ്വാസം പകരാനായി ശോഭാ സുരേന്ദ്രൻ. കഴിഞ്ഞ ഒരു വർഷമായി ബി ജെ പി യുടെ പ്രവർത്തനങ്ങളിൽ നിന്നും പൂർണമായി മാറി  നിൽക്കുകയായിരുന്നുവല്ലോ ശോഭാ സുരേന്ദ്രൻ.

സുരേന്ദ്രനല്ല ബി ജെ പി നേതാവെന്നും താനാണ് നേതാവെന്നും സ്ഥാപിക്കാൻ ശോഭാ സുരേന്ദ്രന് സാധിച്ചു. സമരക്കാരുമായി ഗവർണറെ കണ്ട് ചർച്ചനടത്താനും ശോഭയ്ക്ക് കഴിഞ്ഞു. സുരേന്ദ്രൻ നാളെ ആരംഭിക്കാനിരിക്കുന്ന കേരള യാത്രയുടെ തിരക്കിലായിരുന്നു.

പിഴക്കുന്ന നാവുമായി വിജയരാഘവീയം….

കേരളത്തിൽ ഭരണം പിടിക്കാൻ യു ഡി എഫും, ബി ജെ പിയും കേരള യാത്ര നടത്തുമ്പോൾ രണ്ട് യാത്രകളാണ് എൽ ഡി എഫ് നടത്തുന്നത്, കാസർകോടു നിന്നും ആരംഭിച്ച ജാഥയുടെ ക്യാപ്റ്റൻ സി പി എം സംസ്ഥാന സെക്രട്ടറിയും എൽ ഡി എഫ് കൺവീനറുമായ എ വിജയരാഘവനുമാണ്. അദ്ദേഹത്തിന് ഈയിടെയായി വല്ലാത്ത നാക്കുപിഴയാണ്. വിജയരാഘവൻ കൺവീനറായ സമയത്താണ് ആലത്തൂരിൽ മൽസരിക്കാനെത്തിയ രമ്യാ ഹരിദാസിനെതിരെ ഒരു പ്രയോഗം നടത്തിയത്. അത് രമ്യാ ഹരിദാസിന്റെ തകർപ്പൻ വിജയത്തിന് കാരണമായി. വിജയരാഘവീയം….

പിന്നീടും കുറേ വികടത്തരങ്ങൾ അദ്ദേഹം വിളമ്പി. പാണക്കാട് തങ്ങളുമായുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചയെ ശക്തമായി എതിർത്തതും ലീഗിനെ വർഗീയ ശക്തിയെന്ന് അധിക്ഷേപിച്ചതും, പാണ്ക്കാട് തങ്ങളെ വിമർശിച്ചതും വലിയ കോലാഹലമായി. ഒടുവിൽ പാർട്ടി ഇടപെട്ട് വിജയരാഘവനെ തിരുത്തി. കഴിഞ്ഞ ദിവസം വീണ്ടും വിജയരാഘവൻ ന്യൂനപക്ഷ വർഗീയതയുമായി രംഗത്തെത്തിയി, ഇതും വിവാദമായതോടെ ഒരു നാക്കു പിഴയെന്ന തിരുത്തുമായി വിജയരാഘവൻ രംഗത്തെത്തിയിരിക്കയാണ്.

വാൽക്കഷണം:

വിജയരാഘവന്റെ നാക്കുപിഴ ഇതേ രീതിയിൽ പോയാൽ കാര്യം മോശമാവുന്ന ലക്ഷണമാണ്. സി പി എം അധികാരത്തുടർച്ചയെന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ വിജയരാഘവന്റെ നാക്കിന് വിലക്കേർപ്പെടുത്തേണ്ടിവരുമെന്നാണ് പാർട്ടിക്കാരുടെ അടക്കം പറച്ചിൽ.

LEAVE A REPLY

Please enter your comment!
Please enter your name here