തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കെഎസ്‌ഐഎന്‍സി ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കിയേക്കും. ധാരണാപത്രം അടക്കമുള്ള വിവാദ വിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നല്‍കിയതായും സൂചനയുണ്ട്.ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ അവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്. വിവാദത്തിൽ തനിക്കുള്ള കടുത്ത അമർഷം മുഖ്യമന്ത്രി രേഖപ്പെടുത്തിയതായും സൂചന. ആഴക്കടല്‍ മത്സ്യബന്ധനത്തി നായി സര്‍ക്കാര്‍ അനുമതി നല്‍കുകയോ ധാരണാപത്രം ഒപ്പിടുകയോ ചെയ്തിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.എന്നാല്‍ ധാരണാപത്രം, ഭൂമി അനുവദിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് രേഖകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തുവിട്ട പശ്ചാത്തലത്തിലാണ് വിവാദ വിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ മുഖ്യമന്ത്രി ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.

അസന്റ് കേരളയില്‍ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ സ്വകാര്യ കമ്പനിയായ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടു എന്നുപറഞ്ഞുകൊണ്ട് പ്രതിപക്ഷം ഇതുമായി ബന്ധപ്പെട്ട രേഖകളുമായി രംഗത്ത് വന്നതോടെയാണ് സംഭവം വിവാദമാകുന്നത്.ആലപ്പുഴയിലെ പള്ളിപ്പുറത്ത് കെഎസ്‌ഐഡിസി തുടങ്ങിയ മറൈന്‍ പാര്‍ക്കില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ സ്വകാര്യകമ്പനിക്ക് അനുമതി നല്‍കി എന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഈ രണ്ട് വിഷയങ്ങളിലും നയവിരുദ്ധമായ ഉപാധികള്‍ ഉണ്ടെങ്കില്‍ റദ്ദാക്കണമെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here