കൊച്ചി: ആലുവയില്‍ ദേശത്ത് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗുരു കണ്‍സള്‍റ്റന്റ് എന്ന സ്ഥാപനം എമിഗ്രേഷന്‍ വകുപ്പിന്റെ അനുമതി ഇല്ലാതെ വിദേശത്തേക്ക് നഴ്‌സ്മാരെയും മറ്റു ഉദ്യോഗാര്‍ത്ഥികളെയും റിക്രൂട്ട് ചെയ്യുന്നു എന്ന പരാതിയില്‍ പോലിസിനോട് കേസെടുക്കാന്‍ ആലുവ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു.

വിദേശത്തേക്ക് അനധികൃതമായി മനുഷ്യക്കടത്തു നടത്തുന്നു എന്നുകാണിച്ചു ആലുവ റൂറല്‍ എസ്പിക്കും പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിനും സിപിഎം പ്രവാസികാര്യ സമിതി ലോക്കല്‍ സെക്രട്ടറി ഇസഹാക്ക് പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഡിസംബര്‍ ഒന്‍പതിന്  പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് കൊച്ചി ഓഫീസില്‍നിന്ന് ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ജില്ലാ പോലീസ് മേധാവിക്കും ചെങ്ങമനാട് പോലീസിനും നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ പോലീസ് കേസ് അന്വേഷിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് കേസ് അന്വേഷിക്കുന്നതിന് പോലീസിന് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സി. ആര്‍. പി. സി 156 (3 ) പ്രകാരം ആലുവ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.തുടര്‍ന്ന് ഈ വിഷയത്തില്‍ കോടതി ആലുവ ഡിവൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.

പോലീസ് കോടതിയില്‍ തികച്ചും സത്യവിരുദ്ധമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചതെന്നായിരുന്നു ആരോപണം.വിദേശത്തേക്ക് ആളുകളെ കയറ്റി അയക്കുന്നില്ലന്നും വിദേശ പഠനത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും മാത്രമാണ്  സ്ഥാപനം ചെയ്യുന്നതെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ പരാതിക്കാരനെ എന്തുകൊണ്ട് വിളിച്ചു അന്വേഷിച്ചില്ല എന്നതിനോ ഈ ഏജന്‍സി വഴി വിദേശത്തു ജോലിക്കുപോയ പോയവര്‍ റൂറല്‍ എസ് പി ക്കും ചെങ്ങമനാട് പോലീസിനും നല്‍കിയ പരാതികളുടെ വിവരങ്ങള്‍ എന്തുകൊണ്ട് മറച്ചുവച്ചു എന്ന ചോദ്യങ്ങള്‍ക്കും പോലീസിന് മറുപടി ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് ലൈസന്‍സുകള്‍ ഒന്നും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ കേസെടുക്കാന്‍ കോടതി ചെങ്ങമനാട് പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് പ്രവാസികാര്യ സമിതി ആലുവ ലോക്കല്‍ സെക്രട്ടറി ഇസഹാക് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here