രാജേഷ് തില്ലങ്കേരി

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളം, പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

കേരളത്തിൽ ഏപ്രിൽ 6 നും പശ്ചിമ ബംഗാളിൽ എട്ട് ഘട്ടമായാണ്  തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിന്  തെരഞ്ഞെടുപ്പ് നടക്കും. അസമിൽ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏറ്റവും നീണ്ടു നിൽക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുക.

അസമിൽ 3 ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും., മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ  6  എന്നീ തീയതികളിൽ നടക്കും.

കേരളത്തിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തും. ഏപ്രിൽ 6 ന് തെരഞ്ഞെടുപ്പ്. മൈയ് രണ്ടിന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
മലപ്പുറം ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. മാർച്ച് 19 നാണ് അവസാന തീയതി. 22 ന് പിൻവലിക്കാനുള്ള അവസാന തീയതി. രണ്ടാഴ്ചക്കാലമാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുക. കേരളത്തിൽ വളരെ പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രക്രിയകൾ നടക്കും.
പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക,  പുതുച്ചേരിയിലും, തമിഴ് നാട്ടിലും ഏപ്രിൽ ആറിന് വോട്ടെടുപ്പ് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


കേരളം, തമിഴ് നാട് സംസ്ഥാനങ്ങളിൽ എൻ ഡി എ ശക്തമായ സാന്നിദ്ധ്യമല്ല. എന്നാൽ പശ്ചിമബംഗാളിലും അസമിലും ബി ജെ പി ശക്തമായ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. തമിഴ് നാട്ടിൽ എ ഐ ഡി എം കെയുടെ സഖ്യകക്ഷിയാണ് ബി ജെ പി. ദ്രാവിഡ രാഷ്ട്രീയത്തിൽ വലിയ വേരുറപ്പക്കാൻ ബി ജെ പിക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. പോണ്ടിച്ചേരിയിൽ അവസാന ഘട്ടത്തിൽ ബി ജെ പി നടത്തിയ രാഷ്ട്രീയ നീക്കം ഫലം കണ്ടു, നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കഴിഞ്ഞ ദിവസം രാജിവച്ചൊഴിയേണ്ടിവന്നു. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളുമായി ബി ജെ പി പുതുച്ചേരിയിൽ ശക്തമായി രംഗത്തുണ്ട്.


ഡി എം കെയും എ ഡി എം കെയുമായുള്ള നേരിട്ടുള്ള മൽസരമാണ് തമിഴ് നാട്ടിൽ നടക്കുന്നത്. കഴിഞ്ഞ തവണ എ ഐ ഡി എം കെ അധികാരത്തിലെത്തുമ്പോൾ പുരട്ച്ചിതലൈവി ജയലളിതയായിരുന്നു എ ഐ ഡി എം കെയെ നയിച്ചിരുന്നത്. ഡി എം കെയെ കലൈജ്ജർ കരുണാനിധിയും. എന്നാൽ പുരടച്ചിത്തലൈവിയും, കലൈജ്ജരുമില്ലാത്ത തെരഞ്ഞെടുപ്പാണ് തമിഴ് നാട്ടിൽ ഇത്തവണ. എ ഐ ഡി എം കെയിൽ നിന്നും പുറത്താക്കപ്പെട്ട ശശികലയും ടി ടി ദിനകരനും രാഷ്ട്രീയ തന്ത്രങ്ങളുമായി തമിഴ് നാട്ടിൽ ശക്തമാണ്. ഡി എം കെ ഭരണം പിടിക്കുമെന്ന പ്രതീക്ഷയിലാണ് തമിഴ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രതീക്ഷ. സ്റ്റാലിന്റെ നേതൃത്വത്തിൽ വളരെ ചിട്ടയോടെയുള്ള നീക്കമാണ് തമിഴ് രാഷ്ട്രീയത്തിൽ നടക്കുന്നത്.

എന്നാൽ പശ്ചിമ ബംഗാളിലാണ് ഏറ്റവും ചൂടേറിയ പോരാട്ടം നടക്കുന്നത്. തൃണമൂൽ കോൺഗ്രസും, ബി ജെ പിയും തമ്മിലുള്ള പോരാട്ടമാണ് പശ്ചിമ ബംഗാളിൽ അരങ്ങേറുന്നത്. സി പി എമ്മും കോൺഗ്രസും തെരഞ്ഞെടുപ്പിൽ പോരാട്ടവുമായി രംഗത്തുണ്ടെങ്കിലും വലിയ നേട്ടങ്ങളുണ്ടാവാനുള്ള സാധ്യത കുറവാണ്. കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ സി പി എം നിർബന്ധിക്കപ്പെടുകയായിരുന്നു. ബി ജെ പി ഭരണം പിടിക്കാനുള്ള എല്ലാ തന്ത്രങ്ങളും പശ്ചിമ ബംഗാളിൽ പയറ്റുകയാണ്. അഭ്യന്തരമന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമബംഗാളിൽ പ്രത്യേക ശ്രദ്ധയോടെയാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് നേതൃത്വം നൽകുന്നത്.


മമതാ ബാനർജിയുടെ വിശ്വസ്ഥരെയടക്കം ബി ജെ പിയിലെത്തിച്ചുള്ള വലിയ നീക്കങ്ങളാണ് ബി ജെ പി നടത്തുന്നത്. ബി ജെ പിയെ വെല്ലുവിളിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി മമതാബാനർജിയുടെ നീക്കങ്ങളും, കേന്ദ്രഭരണത്തിന്റെ പിൻബലത്തിലുള്ള ബി ജെ പിയുടെ മുന്നേറ്റവുംമൂലം പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിന് ദേശീയതലത്തിൽ ഏറെ പ്രധാന്യമുണ്ട്.

കേരളത്തിൽ തുടർഭരണം ലക്ഷ്യമിട്ടാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളാ കോൺഗ്രസിലെ ഒരു വിഭാഗം മുന്നണിയുടെ ഭാഗമായതും, മുന്നണിയിൽ നിന്നും നേരത്തെ വിട്ടുപോയ ലോക് താന്ത്രിക് ജനതാദൾ മുന്നിയിൽ തിരെകെയെത്തിയതും എൽ ഡി എഫിന് ഏറെ പ്രതീക്ഷകളാണ് നൽകുന്നത്.

എന്നാൽ നിരവധി ആരോപണങ്ങളാണ് സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയിരുന്നത്. ഒടുവിൽ ഉണ്ടായ ആഴക്കടൽ മത്സ്യബന്ധന കരാർ വിവാദം, സ്വർണക്കടത്ത്, സ്പ്രിഗ്ലർ വിവാദം, ലൈഫ് മിഷൻ അഴിമതി തുടങ്ങി നിരവധി ആരോപണങ്ങളാണ് പിണറായി സർക്കാർ നേരിട്ടത്. ഇത്തവണ അധികാരം പിടിച്ചെടുക്കുകയെന്നത് കോൺഗ്രസിനെ സംബദ്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പ്രശ്‌നമാണ്.

അസമിൽ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ബി ജെ പി വിരുദ്ധ പ്രക്ഷോഭം നടന്ന സംസ്ഥാനമാണ്. പൗരത്ത ബിൽ നടപ്പായാൽ പൗരത്വം നഷ്ടപ്പെടുന്നവരുടെ പട്ടിക ഏറ്റവും വിപുലമായുണ്ടാവുക അസമിലായിരിക്കും. ബി ജെ പിയാണ് നിലവിൽ അസമിലെ ഭരണ കക്ഷി. അസം ഗണപരിഷദ് പ്രധാന എതിരാളികളാണ്.


തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ

കോവിഡ് പശ്ചാത്തലത്തിൽ ബിഹാറിൽ നേരത്തെ തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയതിന്റെ അനുഭവത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യറാടെപുകൾ നടത്തിയത്.
മെയ് 24 ന്  തമിഴ്‌നാട് നിയമസഭയുടെ കാലാവധി അവസാനിക്കും. 234 സീറ്റുകളാണ് അവിടെയുള്ളത്. പശ്ചിമ ബംഗാളിൽ മെയ് 13 ന് നിയമസഭയുടെ കാലാവധി അവസാനിക്കും.

കേരള നിയമസഭയുടെ കാലാവധി ജൂൺ 11 ന് അവസാനിക്കും. പുതുച്ചേരിയിലും ജൂലൈയിലാണ് നിയമസഭാ കാലാവധി അവസാനിക്കുക.
30 സീറ്റുകളാണ് ഇവിടെ. അഞ്ച് സംസ്ഥാനങ്ങളിലായി 824 അസംബ്ലി സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18.86  കോടി വോട്ടർമാരാണ് അഞ്ച് സംസ്ഥാനങ്ങളിലുള്ളത്. 2,7 കോടി പോളിംഗ് ബൂത്തുകളും.

 കേരളത്തിൽ 40,771 പോളിംഗ് ബൂത്തുകളാണ് ഉണ്ടാവുക. കോവിഡ് പശ്ചാത്തലത്തിൽ വോട്ടെടുപ്പ് ഒരു മണിക്കൂർ അധികമുണ്ടാവും. പത്രികാ സമർപ്പണത്തിന് രണ്ടുപേരെ മാത്രമേ അനുവദിക്കൂ. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ച് പേരെ മാത്രമെ അനുവദിക്കുയുള്ളൂ. 30.8 ലക്ഷം രൂപയാണ് ഒരു മണ്ഡലത്തിൽ ചിലവഴിക്കാവുന്ന ഏറ്റവും കൂടിയ തുക.  80 വയസിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കും. ദീപക് മിശ്രയെ കേരളത്തിലെ പൊലീസ് നിരീക്ഷകനായി നിയമിക്കും.

പരീക്ഷകളും, ഉത്സവങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതികൾ തീരുമാനിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഇതോടെ തെരഞ്ഞെടുപ്പ് കഴിയുംവരെ സർക്കാരിന് തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here