രാജേഷ് തില്ലങ്കേരി


പാലാരിവട്ടം പാലം അഴിമതിക്കേസിൽ അകപ്പെട്ട് ആകെ നാണം കെട്ട അവസസ്ഥയിലായിരുന്നു മുൻമന്ത്രി ഇബ്രാഹിം കുഞ്ഞും മുസ്ലിംലീഗും. അഴിമതിക്കേസിൽ വിജിലൻസ് കേസെടുത്ത് അറസ്റ്റു ചെയ്യാനായി എത്തിയപ്പോൾ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു കുഞ്ഞ്. ഗുരുതരവാവസ്ഥയിലായ ഇബ്രാഹിംകുഞ്ഞിനെ ജയിലിലേക്ക് മാറ്റാനാവില്ലെന്ന് റിപ്പോർട്ട് നൽകിയത് മെഡിക്കൽ സംഘമാണ്. ഗുരുതരാവസ്ഥയിലായ ഇബ്രാഹിംകുഞ്ഞിനെ ആശുപത്രിയിൽ നിന്നും മാറ്റിയാൽ അപകടമാവുമെന്ന റിപ്പോർട്ട് കോടതി പരിഗണിച്ചു. ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നു. ജയിലിലേക്ക് വിടരുതെന്നും, അങ്ങിനെ സംഭവിച്ചാൽ ജീവനോടെ തിരികെയെത്തില്ലെന്നും കുഞ്ഞ് കോടതിയോട് കേണു പറഞ്ഞു. കുഞ്ഞല്ലേ, എന്നു കരുതി കോടതി അത് അംഗീകരിച്ചു. കോടതിയോ, ജയിലോ ഒന്നും കാണാതെ കുഞ്ഞിന് പിന്നീട് ജാമ്യവും ലഭിച്ചു.
 


ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതു മുതൽ പൊതുരംഗത്ത് സജീവമായി, ഇതോടെ കോടതിക്ക് സംശയമായി, രോഗവും, ഗുരുതരാവസ്ഥയുമൊക്കെ കള്ളമായിരുന്നോ എന്ന്. കളമശ്ശേരിയിൽ വീണ്ടും മത്സരിക്കണമെന്നാണ് കുഞ്ഞിന്റെ ആഗ്രഹം. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഇബ്രാഹിംകുഞ്ഞ് വേണ്ടെന്ന് ശക്തമായ നിലപാടിലാണ്. എന്നാൽ കുഞ്ഞാലിക്കുട്ടിയോ, പാണക്കാട് തങ്ങളോ ഇബ്രാഹിംകുഞ്ഞിന്റെ കാര്യത്തിൽ മൗനത്തിലാണ്. കമശ്ശേരിയിൽ ആരാവും സ്ഥാനാർത്ഥിയെന്ന് ഇതുവരെ ലീഗ് നേതാക്കൾക്കും നിശ്ചയമില്ലത്രെ… പാലാരിവട്ടം പാലം അഴിമതിക്കേസ് ലീഗിനുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല.
 
 

മഞ്ചേശ്വരത്ത് സ്വർണ തട്ടിപ്പിൽ അകപ്പെട്ട് എം എൽ എ ഖമറുദ്ദീൻ ജയിലിൽ കിടക്കേണ്ടിവന്നതും, കണ്ണൂർ അഴീക്കോട് ലീഗ് എം എൽ എ കെ എം ഷാജി സ്‌കൂൾ കോഴക്കേസിൽ അകപ്പെട്ടതും ലീഗിന് വലിയ തിരിച്ചടിയായിരുന്നു. അഴിമതി കേസിൽ പെട്ടെ എല്ലാവരെയും മാറ്റി നിർത്തിയാൽ ഇവിടെ ആരെങ്കിലും മത്സരിക്കാൻ കാണുമോ എന്ന ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യത്തിനു മുന്നിൽ പകച്ചുപോയ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ്  ഇനി കാണേണ്ടത്. യു ഡി എഫ് വരും നാടുനന്നാക്കാൻ, എന്നാണല്ലോ പുതിയ മുദ്രാവാക്യം .


ശ്രീ എമ്മിന് …..സർക്കാർ ഭൂമി അനുവദിച്ചു, സമാധാനം ഉണ്ടാക്കാൻ

പ്രവോക്ക് ചെയ്താലും വളരെ സൗമ്യനായി ഇരിക്കുന്നയാളാണ് പിണറായി വിജയൻ…. ഇത് പറഞ്ഞത് ധ്യാന ഗുരു എന്നറിയപ്പെടുന്ന ശ്രീ എം ആണ്. ആർ എസ് എസ് സഹയാത്രികനായ ശ്രീ എമ്മിന് എങ്ങിനെയാണ് പിണറായി വിജയനും കോടിയേരിയുമൊക്കെ ഇത്ര അടുപ്പം എന്നു ചോദിച്ചാൽ അതൊക്കെ വേറെ കഥയാണെന്ന് പറയും സി പി എം. സി പി എം- ബി ജെ പി സംഘർഷം അവസാനിപ്പിക്കാൻ മുൻകൈ എടുത്തതും, മധ്യസ്ഥ ചർച്ച നടത്തിയതും ശ്രീ എമ്മിന്റെ നേതൃത്വത്തിലായിരുന്നുവത്രെ. കണ്ണൂരിന്റെ ശാപമായിരുന്ന രാഷ്ട്രീയ കൊലപാതക പരമ്പരകൾക്ക് അന്ത്യമായത് ഈ മധ്യസ്ഥ ചർച്ചയിലൂടെയായിരുന്നു.
 
 
 

ശ്രീ എമ്മിന് നാലേക്കർ ഭൂമിയാണ് ഇതിന് പകരമായി സർക്കാർ നൽകിയത്. ഒരു ജോലി ചെയ്താൽ അതിന് പ്രതിഫലം നൽകുകയെന്നത് ബാധ്യതയാണ്. ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയിൽ ഏത് തരം ജോലി ചെയ്താലും വ്യക്തമായ പ്രതിഫലം കൊടുക്കണം. അത്രമാത്രമേ പിണറായി വിജയനും ചെയ്തിട്ടുള്ളൂ.
പഴയ രാജാക്കന്മാരുടെ ദാനം പോലെയാണ് ശ്രീ എമ്മിനുള്ള സൗജന്യമായി സ്ഥലം കൊടുക്കാനുള്ള തീരുമാനമെന്നാണ് പിന്തിരിപ്പൻമാരുടെ ആരോപണം. പിന്തിരിപ്പന്മാർക്ക് എന്തും പറയാം.
കേരളത്തിൽ ശ്രീ എമ്മിന്റെ പദ്ധതി വരട്ടെ… കേരളം ആരോഗ്യമുള്ള ജനതയെക്കൊണ്ട് നിറയട്ടെ….

മധ്യസ്ഥത നടത്തിയത് ശരിയെന്ന് സി പി എം, തെറ്റെന്ന് ഗോവിന്ദൻ മാസ്റ്റർ … മാസ്റ്റർ മാർക്ക് എന്തിനാണ് ഇത്ര ഭയം. ആർ എസ് എസുമായി ചർച്ച നടത്തിയെന്ന വിവിരം പ്രവർത്തകർ അറിയുന്നിതിൽ ചില സി പി എം നേതാക്കൾക്ക് ഇപ്പോഴും പേടിയുണ്ടേ…..

 ചിന്ന… ചിന്ന ആശൈകൾ മതിയാക്കി ചിന്നമ്മ….

ചിന്നമ്മ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലത്രെ… റൊമ്പ കഷ്ടം… തലൈവിക്ക് പകരം , ചിന്നമ്മയെന്ന് കണക്കുകൂട്ടിയ തമിഴ് മക്കളോട് ഇത്രക്രൂരത പാടില്ലായിരുന്നു.
അഴിമതികേസിൽ നാല് വർഷം ജയിലിൽ കിടന്ന് തിരെകെയുള്ള യാത്ര കണ്ട തമിഴ് മക്കൾ എല്ലാവരും ശൊല്ലിയാച്ച് , തമിഴ് മക്കളെ ഇനി ചിന്നമ്മ നയിക്കും എന്നൊക്കെ.
 
 


എ ഐ എ ഡി എം കെ യെ പിടിച്ചെടുക്കുമെന്നും, എല്ലാവരെയും പുറത്താക്കുമെന്നുമൊക്കെയായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്ന് ചിന്നമ്മയ്ക്ക് മനസിലായി. മന്നാർഗുഡി സംഘത്തിന്റെ പ്രതാപമൊക്കെ അസ്തമിച്ചു തുടങ്ങിയിരിക്കുന്നുവെന്നും ചിന്നമ്മയ്ക്ക് മനസിലായി. പനീർ ശെൽവവും, പളനി സ്വാമിയും ചേർന്ന് ഭരിച്ച് തുലച്ചിടത്ത് ഇനി രണ്ടില അധികം തളിർക്കില്ലെന്നുള്ള തിരിച്ചറിവിലാമ് ചിന്നമ്മ രാഷ്ട്രീയം ഉപേക്ഷിക്കുന്നത്. ഡി എം കെ അതി ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തിൽ തമിഴ് നാട്ടിൽ ആർക്കും സംശയമില്ല.
സൂപ്പർ താരം രജനീകാന്തിലൂടെ തമിഴകം പിടിക്കാൻ പുറപ്പെട്ട ബി ജെ പി ലക്ഷ്യം പൂർത്തീകരിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ബി ജെ പിയെ പിണക്കിയുള്ള പരിപാടികൾക്ക് തല്കാലം ഇല്ലെന്നാണ് ചിന്നമ്മയുമായി അടുപ്പമുള്ളവർ പറയുന്നത്. എ ഐ എ ഡി എം കെയെ ആക്രമിച്ചാൽ സ്വാഭാവികമായും ഘടകകക്ഷിയായ ബി ജെ പിക്ക് നഷ്ടമുണ്ടാവും. കൈക്കലാക്കിയ സമ്പത്തും, മറ്റും കുറേയേറെ ഇപ്പോഴും കയ്യിലുണ്ട്. അതൊക്കെ ഇ ഡി വന്ന് പിടികൂടുമെന്ന് ഭയം ഉള്ളാലെ ഇറിക്ക് … അപ്പോ ചിന്നമ്മ തല്കാലം മൗനത്തിലാവും. തെരഞ്ഞെടുപ്പിന് ശേഷം സാഹചര്യം നോക്കി തീരുമാനം…


ആഫ്രിക്കയിലെ അൻവർ അപാരതകൾ …..

ഹോ…..സമാധാനമായി, നിലമ്പൂരിൽ മത്സരിക്കാൻ പി വി അൻവർ എത്തുമെന്ന് ഒടുവിൽ അദ്ദേഹം തന്നെ പ്രഖ്യാരിച്ചിരിക്കയാണ്. എം എൽ എ യെകാണാനില്ലെന്നും, അദ്ദേഹം ആഫ്രിക്കയിൽ ജയിലിലാണ് എന്നും മറ്റും പ്രചരിപ്പിച്ച നിലമ്പൂരുകാർക്ക് കനത്ത തിരിച്ചടി നൽകികൊണ്ടാണ് പി വി അൻവറുടെ തിരിച്ചുവരവ്. 
 
മാർച്ച് 11 ന് താൻ നിലമ്പൂരിൽ തിരെകെയെത്തുമെന്നാണ് എം എൽ എയുടെ പ്രഖ്യാപനം. ഇതിൽ പരം ആനന്ദിക്കാൻ നിലമ്പൂർകാർക്കെന്തുവേണം. നിലമ്പൂർ മണ്ഡലം വലതു പിന്തിരിപ്പൻ കക്ഷിയായ കോൺഗ്രസിന്റെ ശക്തിദുർഗമായിരുന്നല്ലോ. നിലമ്പൂർ നായകനായിരുന്ന ആര്യാടൻ ആയുധം വച്ച് കീഴടങ്ങിയപ്പോഴാണ് മകൻ നിലമ്പൂരിന്റെ അധികാരം കയ്യടക്കാനായി ഇറങ്ങിത്തിരിച്ചത്. 
 
നിലമ്പൂർ നഗരസഭാ അധ്യക്ഷനായി ഇരുന്നിട്ടുണ്ട് ടി യാൻ. മാത്രമോ…. സിനിമാ നിർമ്മാതാവും, കെ പി സി സിയുടെ സാംസ്‌കാരിക വിഭാഗം നേതാവുമായിരുന്നല്ലോ ഈ ആര്യാടൻ ഷൗക്കത്ത്. നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ വച്ച് രാധയെന്ന സ്ത്രീ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ആര്യാടന്റെ ജനപ്രീതിക്ക് ഇടിവുണ്ടായതത്രെ. സംഭവത്തിൽ മറ്റൊരാളായിരുന്നു പ്രതി. അദ്ദേഹം പൊലീസ് പിടിയിലാവുകയും ചെയ്തു. 
 
 
 

 

 
 
എന്നാൽ നിലമ്പൂരിൽ ആര്യാടൻ യുഗത്തിനുള്ള താൽക്കാലിക അന്ത്യമായിരുന്നു അത്. ഇതേ കാലത്തായിരുന്നു പി വി അൻവർ എന്ന പണച്ചാക്ക് സി പി എമ്മിനോട് സഹായം അഭ്യർത്ഥിക്കുന്നത്,  പഴയ കോൺഗ്രസ് നേതാവിന്റെ മകനാണ്, കയ്യിൽ പണമുണ്ട്, വ്യവസായിയാണ്. വിപ്ലവ വീര്യമുണ്ടായിട്ട് കാര്യമില്ലല്ലോ, തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ പണം വേണം. പി വി അൻവറിന്റെ പണക്കൊഴുപ്പിൽ മയങ്ങിവീണ സി പി എം, ഇടംവലം നോക്കാതെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കി. 
 
എന്തിനേറെ പണാധിപത്യം വിജയിച്ചു. നിലമ്പൂരിൽ വിമതനായി എത്തുകയം വിജയം കൈവരിക്കുകയും ചെയ്തതോടെ വ്യവസായി കച്ചവടം കുറച്ചുകൂടി വിപുലപ്പെടുത്തി. കക്കാടം പൊയിലിൽ അനധികൃതമായി പാർക്കുണ്ടാക്കി. ആരുണ്ടിവിടെ ചോദിക്കാൻ എന്ന മുദ്രാവാക്യവുമായി പി വി അൻവർ നിയമവിരുദ്ധ പോരാട്ടങ്ങൾ ആരംഭിച്ചു.

സി പി എമ്മിൻ പി വി അൻവർ വലിയ കീറാമുട്ടിയായി എന്നായിരുന്നു മാധ്യമങ്ങൾ പറഞ്ഞു പരത്തിയത്. എന്നാൽ ലോകസഭാതെരഞ്ഞെടുപ്പിൽ പൊന്നാനിയിലേക്ക് മത്സരിക്കാൻ സി പി എം രംഗത്തിറക്കിയത് പി വി അൻവറെയായിരുന്നു. വിപ്ലവവീര്യം വർധിച്ച പി വി അൻവൻ കഴിഞ്ഞ അഞ്ചു വർഷവും നിരവധി വിവാദങ്ങളാണ് നിലമ്പൂരിൽ ഉയർത്തിയത്. പണമുണ്ടായിരുന്നതുകൊണ്ട് എല്ലാം കോപ്ലിമെന്റ്‌സാക്കി.

കിറ്റ് രാഷ്ട്രീയം പോലെയാണ് നിലമ്പൂരിലെ അവസ്ഥ. എം എൽ എ സ്ഥലത്തില്ലെങ്കിലും, സൗജന്യമായി എന്തൊക്കെ ലഭിക്കുമെന്നുമാത്രമാണ് നാട്ടുകാരുടെ ചിന്തകൾ.

പഞ്ചായത്ത് തെരഞ്ഞെടുപ്പ്  കഴിഞ്ഞതോടെയാണ് പി വി അൻവർ ആഫ്രിക്കയിലേക്ക് പോയത്. അൻവറെ കാണാനില്ലെന്ന പരാതി അഫ്രിക്കൻ പ്രധാനമന്ത്രിയുടെ പേജിൽ പോലും പോസ്റ്റിയ നിലമ്പൂരിലെ കോൺഗ്രസുകാർ തങ്ങളുടെ എം എൽ എയെ വിട്ടു നൽകാൻ ആവശ്യപ്പെട്ടു. ആഫ്രിക്കക്കാർക്കറിയുമോ നിലമ്പൂരിലെ രാഷ്ട്രീയം.
വിവാദങ്ങൾ കൊഴുക്കുന്നതിനിടയിലാണ് താൻ വെറും എം എൽ എ മാത്രമല്ലെന്നും, ഒരു വ്യവസായി ആണെന്നും, നിലമ്പൂരിൽ ഖനനം നടത്താൻ പറ്റാത്തതിനാൽ ആർക്കും പരാതിയില്ലാത്ത ആഫ്രിക്കയിൽ ഖനനം നടത്തുകയാണെന്നും, ഉടൻ നാട്ടിലേക്ക് തിരികെയെത്തുമെന്നുമുള്ള അൻവറിന്റെ സന്ദേശകാവ്യം എത്തിയത്. മാർച്ച് 12 ന് നാട്ടിൽ തിരെകെയെത്തുമെന്നും, അന്നു മുതൽ വീണ്ടും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാവുമെന്നും അൻവർ പറഞ്ഞുകളഞ്ഞു. എന്താല്ലേ, കച്ചവടവും, ഖനനവും, കക്കാടം പൊയിലിലെ അനധികൃത പാർക്കും ഒക്കെയുള്ള വിപ്ലവ പരിപാടിയിലൂടെ പൊതു രംഗത്ത് സജീവമായിനിൽക്കുന്ന എം എൽ എ രാജ്യത്തിന് തന്നെ മാതൃകയാണ്,  വിപ്ലവം ജയിക്കട്ടെ. 
 
 
 
യു ഡി എഫ് വരും നാടു നന്നാകും…  

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ പ്രചരണായുധം, എൽ ഡി എഫ് വരും എല്ലാം ശരിയാവും എന്നായിരുന്നു. ഇത്തവണ ‘ഉറപ്പാണ്’ എന്ന് ചുരുങ്ങി. വെറുപ്പാണ് , അറപ്പാണ് എന്നൊക്കെ ബി ജെ പിയും കോൺഗ്രസും അതിനെ വിമർശിച്ചു രംഗത്തെത്തി.
ഇപ്പോഴിതാ നാടുനന്നാക്കാൻ യു ഡി എഫ് എന്ന പ്രചരണ വാക്യവുമായി യു ഡി എഫ് എത്തിയിരിക്കുന്നു. ഐശ്യര്യകേരളം, ലോകോത്തര കേരളം, സംശുദ്ധഭരണം തുടങ്ങി ഉപവാക്യങ്ങളും പ്രചാരണത്തിനായി ഉപയോഗിക്കുമത്രെ…
 


കേരളത്തിൽ ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. കെ സുധാകരനും, കെ മുരളീധരനും ഒക്കെ പറയുന്നതും അതു തന്നെ. പക്ഷേ, സാർ മുല്ലപ്പള്ളി സാറിനും ചെന്നിത്തല സാറിനും അത് ഇതുവരെ മനസിലായില്ലല്ലോ….

ഇടഞ്ഞ ഒറ്റയാൻ, ഒറ്റയ്‌ക്കെന്ന്

ഇടഞ്ഞ കൊമ്പനെപ്പോലെയാണ് പി സി ജോർജ് . യു ഡി എഫിന്റെ പിന്നാലെ പോയി, അവർ മുന്നണിയിലേക്ക് കയറ്റിയില്ല. ഉമ്മൻ ചാണ്ടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചുകൊണ്ടാണ് പി സി തിരികെ പൂഞ്ഞാറിലേക്ക് തിരിച്ചത്. എന്നാൽ പടക്കം പൊട്ടിയില്ല.
 
 
ബി ജെ പി യുമായി ചർച്ച നടത്തിയെങ്കിലും, പൂഞ്ഞാറിൽ അത് തിരിച്ചടിക്ക് വഴിവെക്കുമെന്ന് മനസിലായതോടെ പി സി,  എൻ ഡി എയിലേക്ക് കയറാതെ തിരികെ നടന്നു. ഇപ്പോഴിതാ പി സി പ്രഖ്യാപിച്ചിരിക്കുന്നു’ ഒരു മുന്നണിയിലേക്കും ഇല്ല… ” ഒറ്റയ്ക്ക് മൽസരിച്ച് ജയിക്കുമെന്നാണ് പി സി യുടെ പ്രഖ്യാപനം. എന്തു ചെയ്യാം പി സി വാക്കും, പ്രവർത്തിയുമൊക്കെ ഒന്നു മാറ്റിപ്പിടിക്കാൻ ഇനിയെങ്കിലും തയ്യാറേവേണ്ടേ…

ജോസ് – ജോസഫ് മത്സരമാണ് മത്സരം


പി ജെ ജോസഫ്……യു ഡി എഫിൽ നടത്തുന്ന സീറ്റ് സമരം വളരെ വ്യക്തമായ രാഷ്ട്രീയമാണ്. ജോസ് മോന് എൽ ഡി എഫ് കൊടുക്കുന്ന സീറ്റിൽ ഒരു സീറ്റ് യു ഡി എഫിൽ തനിക്ക് കുറഞ്ഞാൽ അവിടെ തിരിച്ചടി കിട്ടിയെന്നുവേണം അനുമാനിക്കാൻ, എന്നാണ് പി ജെ ജോസഫിന്റെ ചിന്തകൾ. 13 സീറ്റുകൾ വേണമെന്ന പി ജെയുടെ ആവശ്യം ഒരു സാധാരണ ആവശ്യമല്ല. എൽ ഡി എഫിലെ പുത്തനച്ചിയായ ജോസ് കെ മാണിക്ക് ചോദിച്ചതെല്ലാം കൊടുക്കുകയാണ് സി പി എം.
 
 
 
എന്നാൽ പി ജെയുടെ അവസ്ഥ മനസിലാക്കി കോൺഗ്രസ് കൂടെ നിൽക്കുന്നില്ലെന്നാണ് പി ജെ ജോസഫിന്റെ പരാതി. പാർട്ടിയുടെ പേര്, ചിഹ്നം എന്നിവയെല്ലാം നഷ്ടപ്പെട്ട പി ജെ ജോസഫിന് ഇനി പിടിച്ചു നിൽക്കണമെങ്കിൽ 12 സീറ്റെങ്കിലും ലഭിച്ചേ പറ്റൂ. എന്നാൽ ഇതൊന്നും കോൺഗ്രസ് പരിഗണിക്കുന്നില്ല. പാലായിൽ തങ്ങളുടെ സീറ്റ് കാപ്പന് നൽകാമെന്ന് നേരത്തെ പി ജെ ജോസഫ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാപ്പൻ പുതിയ പാർട്ടിയുണ്ടാക്കിയാണ് പാലായിൽ സ്ഥാനാർത്ഥിയാവുന്നത്. അതോടെ പി ജെയുടെ പാർട്ടിക്ക് ബാധ്യതയില്ലാതായി. ജോസ് കെ മാണിയുടെ പാർട്ടിയാണോ, അതോ പി ജെ ജോസഫിന്റെ പാർട്ടിയാണോ വലുതെന്ന് ജനം വിലയിരുത്തുന്നത്, മത്സരിക്കുന്ന സീറ്റിന്റെ എണ്ണം നോക്കിയാണല്ലോ.
 ജോസ് മോനൊപ്പം എത്താൻ മാത്രമാണെന്ന് പി ജെയുടെ മുന്നണിയിലെ ഈ പോരാട്ടമെന്ന് എത്ര പേർക്കറിയാം.

വാൽക്കഷണം:

ചെണ്ടയാണ് ചിഹ്നമെന്നതിനാൽ ആർക്കും കൊട്ടിയിട്ട് പോകാനുള്ള പാർട്ടിയല്ലല്ലോ പി ജെ ജോസഫിന്റേത്. ആനമെലിഞ്ഞാലും തൊഴുത്തിൽ കെട്ടാറില്ല. അത് കോൺഗ്രസും ഓർക്കണം എന്നു മാത്രം….

LEAVE A REPLY

Please enter your comment!
Please enter your name here