രാജേഷ് തില്ലങ്കേരി

സർക്കാർ സർവീസിൽ നേതാക്കളുടെ ഭാര്യമാരെ തിരുകി കയറ്റുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർന്ന സംസ്ഥാനമാണ് കേരളം. യുവനേതാവും, മുൻ എം പിയുമായ എം ബി രാജേഷിന്റെ ഭാര്യ യെ ഭരണ സ്വാധീനം ഉപയോഗിച്ച് കാലടി സർവ്വകലാശാലയിലേക്കും, തലശ്ശേരി എം എൽ എയുടെ ഭാര്യയെ കോഴിക്കോട് സർവ്വകലാശാലയിലും നിയമിക്കാൻ ശ്രമം നടന്നുവെന്നും, കാലടിയിൽ വലിയ പ്രതിഷേധങ്ങൾക്കും, മറ്റും വഴിവച്ചതുമെല്ലാം പാർട്ടി അണികളിൽ കുറച്ചൊന്നുമല്ല അവമതിപ്പുണ്ടാക്കിയത്. ഭാര്യമാർക്കും ബന്ധുക്കൾക്കും മാത്രമാണ് ജോലി ലഭിക്കുന്നതെന്നും, അല്ലാത്തവരൊക്കെ പെരുവഴിയിലാണെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പരാതി.  
പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ ഏറെ പ്രതിഷേധങ്ങൾക്ക് ഈ ആരോപണം ഉയർന്നിരുന്നു.  

ഇപ്പോഴിതാ നേതാക്കളുടെ ഭാര്യമാർക്ക് നിയമസഭയിലേക്ക് സീറ്റൊപ്പിക്കുന്ന തിരക്കിലാണ് നേതാക്കൾ. ജോലിയുള്ള ഭാര്യമാരും. ജോലിയിൽ നിന്നും വിരമിച്ച ഭാര്യമാരും തെരഞ്ഞെടുപ്പിൽ സീറ്റുകൾ നേടിക്കൊണ്ടിരിക്കയാണ്… മാർച്ചിൽ പങ്കെടുത്തവരെയും, നിരവധി പോരാട്ടങ്ങളിൽ പങ്കെടുത്തവരൊന്നും പട്ടികയിൽ ഇല്ലെന്നാണ് വിവരം.

നിയമ മന്ത്രിയായ ബാലേട്ടൻ വളരെ നിയമപരമായി മാത്രം നീങ്ങുന്നയാളാണ്. പ്രായോഗിക രാഷ്ട്രീയം കൈമുതലായുള്ള നേതാവ്. രണ്ടിൽ കൂടുതൽ തവണ മത്സരിച്ച എം എൽ എ മാർ വീണ്ടും മത്സരിക്കേണ്ടതില്ലെന്നാണ് സി പി എമ്മിന്റെ തീരുമാനം. അതോടെ മന്ത്രിമാരായ എ കെ ബാലൻ, ഇ പി ജയരാജൻ, ഡോ തോമസ് ഐസക്, ജി സുധാകരൻ, സി രവീന്ദ്രനാഥ്  തുടങ്ങിയ മന്ത്രിമാർക്കും, സ്പീക്കർ ശിവരാമകൃഷ്ണനുമാണ് സീറ്റ് നഷ്ടപ്പെട്ടത്.

മത്സരിക്കാൻ ഇനിയൊരു അവസരമുണ്ടാവില്ലെന്ന് നേരത്തെ അറിയാമായിരുന്നു എ കെ ബാലന്, അതിനാൽ തന്റെ ഭാര്യയെ ആ സീറ്റിലേക്ക് കൊണ്ടുവരാനുള്ള നീക്കം ബാലൻ നേരത്തെ നടത്തിയിരുന്നു. ഭാര്യയെ മത്സരിപ്പിക്കാൻ നീക്കമെന്ന് വാർത്ത വന്നപ്പോൾ ബാലൻ ആ വാർത്തയെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ പട്ടിക വന്നപ്പോൾ ഇതാ കിടക്കുന്നു ബാലപത്‌നി തരൂരിൽ.

സാങ്കേതികമായി സീറ്റില്ലാതാവുമ്പോഴും കയ്യിൽ തരൂരിനെ ഒതുക്കി നിർത്താൻ ബാലൻ മന്ത്രി കാണിച്ച മിടുക്കുണ്ടല്ലോ, അതാണ് മിടുക്ക്.
ചില കുലംകുത്തികൾ പറയുമായിരിക്കാം, ഉത്തമനായ കമ്യൂണിസ്റ്റ് നേതാവിന് എങ്ങിനെയാണ് ചെയ്യാൻ കഴിയുകയെന്ന്, അതൊക്കെ കേൾക്കാൻ ആർക്കിവിടെ സമയം. ഡോ സീമയൊക്കെ ചിലപ്പോൾ പ്രതിഷേധിച്ചേക്കാം, അതൊന്നും കണ്ടതായിപ്പോലും നടിക്കരുത്.
ഹെൽത്ത് ഡയറക്ടറായിരുന്നു ഡോ ജമീല, സി പി എം നേതാവായിരുന്ന  മുൻ എം പി പി കെ കുഞ്ഞച്ചന്റെ മകളാണ് എന്നതിനാൽ രാഷ്ടീയ പാരമ്പര്യമുള്ളതിനാലാണത്രെ ജമീലയെ തരൂരിലേക്ക് മത്സരത്തിനായി പരിഗണിച്ചത്. അല്ലാതെ മന്ത്രിയായ എ കെ ബാലന്റെ ബന്ധുവായതിനാലല്ലത്രേ…പാവം നമ്മൾ വെറുതെ ബാലനെ സംശയിച്ചു.
മുൻ ആരോഗ്യ ഡയറക്ടർ എം എൽ എയായാൽ അവരെ ആരോഗ്യവകുപ്പ് ഏൽപ്പിക്കേണ്ടിവരുമോ എന്ന ആശങ്ക കെ കെ ഷൈലജയ്ക്കുണ്ടത്രേ…ഭരണ തുടർച്ചയുണ്ടായാൽ ബാലൻ മന്ത്രിയായിരുന്നതിനാൽ ഭാര്യയെയും മന്ത്രിയാക്കമല്ലോ.

ആക്ടിംഗ് സെക്രട്ടറിയായതിനാൽ മത്സരിക്കാനൊന്നും സമയമില്ല എ വിജയരാഘവന്. ഈ ആക്ടിംഗ് എന്നു അവസാനിക്കുമെന്ന് ചോദിച്ചാൽ ഉടൻ അവസാനിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കാരണം ഇപ്പോൾ തന്നെ തന്റെ അഭിനയം പലർക്കും താല്പര്യമില്ലാതായിട്ടുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. അപ്പോൾ പകരം ഭാര്യയെ മത്സരിപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ചു. ഇരിഞ്ഞാലക്കുടയിൽ സീറ്റും തരപ്പെടുത്തി.
അങ്ങിനെ രണ്ടു ഭാര്യമാർ മത്സരിക്കാൻ തയ്യറായിരിക്കയാണ്.  
സർവ്വീസ് മേഖലയിൽ വളരെ സജീവമായിരുന്നു ഡോ ജമീലയെന്നും, പാർട്ടിക്കാരുടെ ഭാര്യ ആയിപ്പോയി എന്നത് മത്സരിക്കാൻ അയോഗ്യതയാണോ എന്നാണ് ബാലൻ അനുകൂലികളുടെ ചോദ്യം. ഡോ ബിന്ദു വിജയരാഘവന്റെ ഭാര്യയാണെങ്കിലും, അവരും പാർട്ടി പ്രവർത്തകയാണെന്നും, കോളജിലാണ് ജോലിയെങ്കിലും സജീവ രാഷ്ട്രീയ രംഗത്തുള്ളയാളാണെന്നും  നേതാക്കളുടെ ന്യായവാദം പുറത്തു വന്നിരിക്കയാണ്.

 രണ്ട് നേതാക്കളുടെ ഭാര്യമാർക്ക് സീറ്റു നൽകാനുള്ള തീരുമാനത്തിനെതിരെ   പ്രതിഷേധവുമായി മഹിളാ അസോസിയേഷൻ നേതാവ് ടി എൻ സീമ രംഗത്തെത്തിയിരിക്കയാണ്.  സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ഡോ ആർ ബിന്ദുവിനും, മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ  ജമീലയുമാണ് ഇത്തവണ മത്സരിക്കാനെത്തുന്നതിനെതിരെയാണ് ടി എൻ സീമ പ്രതിഷേധിച്ചത്. 10 വനിതാ നേതാക്കളാണ് മത്സരിക്കാനെത്തുന്നത്. കഴിഞ്ഞ തവണ 12 പേരുണ്ടായിരുന്നു,

മത്സരിക്കാൻ കൂടുതൽ വനിതകൾക്ക് അവസരം ഉണ്ടാക്കുകയെന്ന നയത്തിന്റെ ഭാഗമായല്ല ഈ രണ്ടു വനിതകളും സീറ്റെന്നും, നേതാക്കളുടെ ഭാര്യമാരായതുകൊണ്ടുമാത്രമാണെന്നുമാണ് ഡോ. ടി എൻ സീമയുടെ ആരോപണം.
കൂടുതൽ വനിതാ നേതാക്കൾക്ക് അവസരം നൽകുമെന്നാണ് പാർട്ടി പറയുന്നത്. എന്നാൽ കൊട്ടാരക്കരയിൽ അയിഷ പോറ്റി മാറിയപ്പോൾ കെ എൻ ബാലഗോപാലാണ് വരുന്നത്. തിരുവനന്തപുരത്തും, കൊല്ലത്തും, കോട്ടയത്തും സി പി എമ്മിന് വനിതാ സ്ഥാനാർത്ഥികളില്ല. ആലപ്പുഴയിൽ ദലീമയെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.
എന്തായാലും ടി എൻ സീമയുടെ കഷ്ടകാലം എന്നു പറയാം. ഭാര്യമാർ വരും അവർ ജയിക്കും, ചിലപ്പോൾ മന്ത്രിയുമാവും. അത്  ഉറപ്പാണ്.  

ഇ ഡി പിന്നാലെ തന്നെ; ശനിദശ വിട്ടുമാറാതെ ശ്രീരാമകൃഷ്ണൻ 

തെറ്റുകാരനല്ലെന്ന് എത്ര തവണ ആവർത്തിച്ചതാണ്, എന്നിട്ടും കസ്റ്റംസ് വിടുന്ന ലക്ഷണമില്ലത്രേ… സ്പീക്കർ ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കയാണത്രേ… മാർച്ച് 12 ന് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാവണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം. കേന്ദ്ര സർക്കാർ വിവിധ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയമായി ഇല്ലാതാക്കാൻ നീക്കം നടത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടാണ് കസ്റ്റംസ് വീണ്ടും സടകുടഞ്ഞെഴുന്നേറ്റതത്രെ…

എന്നാൽ മുഖ്യമന്ത്രി ഇന്നലെ വെല്ലുവിളിച്ചത് കസ്റ്റംസിനെയായിരുന്നില്ല, ഇ ഡിയെ ആയിരുന്നു.
മുഖ്യമന്ത്രിക്കും ഡോളർ കടത്തിൽ പങ്കുള്ളതായി സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നാ സുരേഷ് മൊഴി നൽകിയിട്ടുണ്ടത്രേ…. രണ്ട് മാസം മുൻപ് നൽകിയ മൊഴി ഇപ്പോഴാണ് കസ്റ്റംസിന് മനസിലായതെന്നുമാത്രം.
എന്തായാലും സ്വർണകേസും, ഡോളർ കേസും ഒത്തുതീർത്തെത്തും, ബി ജെ പിയും സി പി എമ്മും ഭായി ഭായി അയെന്നുമൊക്കെയുള്ള കോൺഗ്രസ് ആരോപണത്തിന് ഇനി വലിയ പ്രസക്തിയില്ല. ഒരു എമ്മും, ഒരു ശ്രീയുമൊക്കെ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയില്ലെങ്കിൽ കേസന്വേഷണം മുന്നോട്ടു പോകുമത്രേ,

ഡോളർകടത്ത്, സ്വർണകടത്ത്, ഇനി ചെമ്മീൻ കടത്തെന്ന് പറഞ്ഞ് ചോദ്യം ചെയ്യാൻ വരുമോ എന്നാണ് ഡി വൈ എഫ് ഐ നേതാവ് റഹിമിന്റെ പരിഹാസ ചോദ്യം. ഇന്നു വൈകിട്ടത്തെ ഫേസ് ബുക്ക് പോസ്റ്റ് വായിച്ച് ചിരിച്ച നേതാക്കളെല്ലാം അൽപ്പം പരിഭ്രാന്തിയിലാണ്. അപ്പോ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രനെയും ചോദ്യം ചെയ്യുമോ…. ഹേയ്… ഇല്ലായിരിക്കും.

എന്തായാലും കേസ് ഒടുവിൽ മുഖ്യമന്ത്രിയിലേക്ക് അടുക്കുകയാണ്. സോളാർ കേസിൽ സരിതാ നായർ ആദ്യം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചതും, പിന്നീട് എതിരാളിയായതും കേരള ജനത കണ്ടതാണ്. ചരിത്രം ആവർത്തിക്കുന്നു. പേരുകൾ മാത്രം മാറുന്നു എന്നുമാത്രം. ബോംബുകൾ ഇനിയും പൊട്ടുമായിരിക്കും. പ്രതിപക്ഷത്തിന്റെ
പ്രതീക്ഷകൾ വാനോളം ഉയരട്ടെ


പാവം ശ്രീധരൻമാമയോടിത് വേണ്ടായിരുന്നു

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഇങ്ങനെ നിൽക്കുകയായിരുന്നു മെട്രോമാൻ. കേരളത്തിൽ ഉറപ്പായും ബി ജെ പി അധികാരക്കിൽ വരുമെന്ന് വിശ്വസിച്ചിരുന്ന ഏക വ്യക്തി മെട്രോമാൻ ഇ ശ്രീധരനായിരുന്നു. അധികാരത്തോടുള്ള ആർത്തിയോ, പണമോ ഒന്നുമായിരുന്നില്ല ഇ. ശ്രീധരന് മുഖ്യമന്ത്രി പദവി. കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന അതിയായ ആഗ്രഹം.

ബി ജെ പി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഒറ്റ ദിവസം മാത്രമേ നിർത്തിയുള്ളൂ. ഇ ശ്രീധരന്റെ പ്രതികരണം വന്നു, എനിക്ക് ഒരു അധികാരവും വേണ്ടെന്നും, ഒന്നും മോഹിച്ചല്ല ബി ജെ പിയിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു. കെ സുരേന്ദ്രൻ പെട്ടുപോയ  കുരുക്ക് ഓർത്ത് ഏറെ സങ്കടവും വന്നുവത്രേ, എത്ര ഉറപ്പുള്ള പാലങ്ങൾ പണിതതാണാ മനുഷ്യൻ… അന്തേഹത്തിന് എന്തിനാണ് തീരെ ഉറപ്പില്ലാത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതെന്നാണ് മലയാളികളുടെ ചോദ്യം.

രാഷ്ട്രീയം കുറച്ച് കടുത്ത പരിപാടിയാണെന്ന് ഒരു പക്ഷേ, മെട്രോമാനും ഓർത്തിരിക്കില്ല.


സീറ്റുവിഭജനം ചെണ്ടപാർട്ടിയുടെ സ്ഥിരം ചെണ്ടകൊട്ടായി തുടരുമ്പോൾ 

തിരെഞ്ഞെടുപ്പിന് ഞങ്ങൾ പൂർണ സജ്ജമാണെന്നായിരുന്നു യു ഡി എഫിന്റെ നേതാക്കൾ പറഞ്ഞിരുന്നത്. മാർച്ച് മൂന്നാം തീയതി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും, സീറ്റുവിഭജനം ഇതാ പൂർത്തിയായി എന്നൊക്കെ തട്ടിവിട്ട യു ഡി എഫ് കോട്ടയത്തുനിന്നും ഒരടി മുന്നോട്ട് പോയിട്ടില്ലത്രേ.

ഏതൊക്കെ മണ്ഡലത്തിൽ, ആരോക്കെ  മത്സരിക്കുമെന്ന് ഇതുവരെ പറയാൻ പോലും കോൺഗ്രസിന് പറ്റിയിട്ടുമില്ല.

ആകെ യു ഡി എഫിൽ രണ്ട് സ്ഥാനാർത്ഥികളാണ് മത്സരിക്കുമെന്നുറപ്പുള്ളത് , അത് ഒന്ന് പാലായിൽ മാണി സി കാപ്പനും, രണ്ടാമത് ചവറയിൽ ഷിബു ബേബിജോണുമാണതത്. ബാക്കിയെല്ലാം തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. കോൺഗ്രസിന് മത്സരിക്കണമെങ്കിൽ അങ്ങ് ദില്ലിയിൽ ലിസ്റ്റുമായി പോവണം. അവിടെ ചില പ്രത്യേക പൂജകളും പ്രാർത്ഥനകളും ഒക്കെയുണ്ട്, അതു കഴിഞ്ഞു മാത്രമേ പ്രഖ്യാപനം പാടുള്ളൂ… ഹൈക്കമാന്റൻ ചടങ്ങാണിത്.
സി പി എമ്മാണെങ്കിൽ മിക്കവാറും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. താരിഖ് അൻവറും ഹൈക്കമാന്റ് പ്രതിനിധികളും കേരളത്തിൽ വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാൽ ഗ്രൂപ്പും, സമുദായവും ഒക്കെ നോക്കി സീറ്റുകൾ വീതം വച്ചു കഴിയുമ്പോഴേക്കും തെരഞ്ഞെടുപ്പിന് പിന്നെ അധിക ദിവസങ്ങളും കാണില്ല.

പി ജെ ജോസഫിന്റെ പാർട്ടിയുമായുള്ള സീറ്റ് ചർച്ചയാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രധാന വിനോദ പരിപാടി. പി ജെ ജോസഫിന്റെ പാർട്ടിയിലെ കിങ്കരന്മാർ എല്ലാദിവസവും ചർച്ചയ്ക്കുവരും. കോട്ടയം ജില്ലയിലെ ചില സീറ്റുകളെ കുറിച്ച് സംസാരിക്കും, കോൺഗ്രസ് മത്സരിക്കാനായി തീരുമാനിച്ചിരിക്കുന്ന സീറ്റുകൾ വേണമെന്നാണ് പി ജെ യുടെ ആവശ്യം. തരില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയും. അവർ കൊട്ടിവന്ന ചെണ്ട തിരികെ കൊട്ടി മൂവാറ്റുപുഴയിലേക്ക് പോവും. അവിടെ ചെണ്ടകൊട്ടി കോട്ടയത്തുണ്ടായ കാര്യങ്ങൾ പറയും.
രോഗബാധിച്ച് ചികിത്സയിലായതിനാൽ പി ജെ നേരിട്ട് ചർച്ചയിൽ പങ്കെടുക്കുന്നില്ല. മറ്റാർക്കും തീരുമാനം എടുക്കാനും പറ്റില്ല. കോൺഗ്രസ് ഈ വിനോദം തുടരട്ടെ….ചെണ്ടയ്ക്ക് പകരം ഇനി പെറുമ്പറ മുഴക്കേണ്ടിവരും കാര്യങ്ങളിൽ തീരുമാനമാവാൻ.

പി സി യെ പൂട്ടാനായി ജോസ് മോൻ ….

ജോസ് കെ മാണിയെ തോൽപ്പിക്കാൻ പി സി കച്ചകെട്ടിയിറങ്ങിയിരിക്കയാണ്. മാണി സി കാപ്പനെ ജയിപ്പിച്ചേ അടങ്ങൂ എന്നാണ് പി സിയുടെ പ്രഖ്യാപനം. ഈ തെരഞ്ഞെടുപ്പോടെ ജോസ് കെ മാണിയുടെ കേരളാ കോൺഗ്രസ് നിലംപരിശാവുമെന്നാണ് പി സി യുടെ പ്രഖ്യാപനം. പി സി പറഞ്ഞാൽ പറഞ്ഞതാ….

എന്നാൽ പൂഞ്ഞാറിൽ പി സിയെ തകർക്കാനുള്ള അടവുകളുമായാണ് കേരളാ കോൺഗ്രസ് ഇടതുമുന്നണിയോട് പൂഞ്ഞാർ ചോദിച്ച് വാങ്ങിയിരിക്കുന്നത്. എന്നു പറഞ്ഞാൽ പൂഞ്ഞാറിലും പാലായിലും ഇത്തവണ തീപാറുന്ന മത്സരം അരങ്ങേറുമെന്ന് ഉറപ്പായി.

ശ്രീരാമകൃഷണനും ജലീലിന്റെ രോമസ്പർശവും 

മൂന്ന് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കുരുക്കാൻ നോക്കിയിട്ടും, ഒരു രോമത്തിൽ പോലും തൊടാൻ പറ്റിയിട്ടില്ലെന്ന് മന്ത്രി കെ ടി ജലീൽ. എളാപ്പയിങ്ങനെയാ… വെറുതെ വെല്ലുവിളിക്കും. പൊന്നാനിയിൽ ശ്രീരാമകൃഷ്ണന് സീറ്റില്ലാതെ വന്നതും, കെ ടി ജലീൽ വീണ്ടും മത്സരത്തിനറങ്ങുന്നതും എല്ലാം രോമസ്പർശനവുമായി ബന്ധമുണ്ട്.

രോമത്തിൽ തൊട്ടിരുന്നുവെങ്കിൽ സീറ്റുപോയേനേ… ഒളിച്ചും പാത്തും ഒക്കെ ഇഡിയുടെ ഓഫീസിലും കസ്റ്റംസിന്റെ ഓഫീസിലും ചോദ്യം ചെയ്യലിന് പോകേണ്ടിവന്നതിൽ പിന്നെ ഭയങ്ക ധൈര്യമാണ് എളാപ്പായ്‌ക്കെന്നാണ് തവനൂരുകാർ പറയുന്നത്.

വാൽക്കഷണം :

മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. കുറച്ചു ദിവസം കൂടി ക്ഷമിക്കണം രമേശ് ജീ…

LEAVE A REPLY

Please enter your comment!
Please enter your name here