രാജേഷ് തില്ലെങ്കരി
കുന്നുമ്മൽ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഇടക്കുവച്ച് ടയർ പഞ്ചറായെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ ലക്ഷ്യസ്ഥാനത്തെത്തി. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് നടന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്തതോടെ സംസ്ഥാനത്തെ ബി ജെ പി നേതൃത്വം തെരഞ്ഞെടുപ്പ് ചൂടിലേക്ക് പ്രവേശിപ്പിച്ചു.
സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ആരോപണ ശരങ്ങളുതിർത്താണ് അമിത് ഷാ കത്തിക്കയറിയത്. കേരളത്തിൽ അഴിമതി നടത്തുകയാണ് ഇടത് -വലത് മുന്നണികളുടെ പ്രധാന വിനോദമെന്നായിരുന്നു അമിത് ഷായുടെ ആരോപണം. പിണറായി വിജയൻ കള്ളക്കടത്ത് കാർക്കും, അഴിമതിക്കാർക്കും കൂട്ടു നിൽക്കുന്ന വ്യക്തിയാണെന്നും, ഭരണ സ്വാധീനമുപയോഗിച്ച് എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കാനാണ് പിണറായി വിജയൻ ശ്രമിച്ചതെന്നായിരുന്നു അമിത് ഷായുടെ ആരോപണം.
മുഖ്യമന്ത്രിയെ കടന്നാക്രമിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം ആരംഭിച്ചത്. സ്വർണകേസിലും, ഡോളർകടത്ത് കേസിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും, സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി സ്വർണകടത്തിന് സഹായം ചെയ്തത് അറിയാതെ പോയെന്നത് ആരാണ് വിശ്വസിക്കുക. ഒരു യോഗ്യതയുമില്ലാത്ത ഒരു സ്ത്രീയെ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഒരു ഓഫീസിൽ നിയമിച്ചത് മൂന്ന് ലക്ഷം രൂപ ശമ്പളത്തിലിയാരുന്നു. അവരാണ് സ്വർണക്കടത്തിലും, ഡോളർ കടത്തിലും പ്രതിയായി ജയിലിൽ കഴിയുന്നത്.
അവർ ക്ലിഫ് ഹൗസിൽ സ്ഥിരം സന്ദർശകയായിരുന്നു. ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. കള്ളം പറയുന്നതിൽ ഏറ്റവും മുന്നിലാണ് മുഖ്യമന്ത്രിയെന്നും, അന്വേഷണം രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണവും അമിത് ഷാ നിഷേധിച്ചു.
ആറ് ചോദ്യങ്ങളുന്നയിച്ചാണ് അമിത് ഷാ പ്രസംഗം അവസാനിപ്പിച്ചത്. ആ ആറ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പിണറായി വിജയനത്രെ…
വേദിയിൽ താരമായി മെട്രോമാൻ
അമിത് ഷാ പങ്കെടുത്ത വേദിയിൽ നമ്മുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരനായിരുന്നു താരം. ഏറെ നേരം ഇ ശ്രീധരനെ പ്രകീർത്തിക്കാനായിരുന്നു.

ഡോ പി കെ ജമീലയെ വേണ്ടെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി
ബാലൻ മന്ത്രിയോട് ഈ ചതി ചെയ്യരുതായിരുന്നു. ബാലൻ തന്റെ ഭാര്യയെ ഒരിക്കലും സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപെട്ടിരുന്നില്ല.
ഒരു വിപ്ലവകാരിയുടെ മകൾക്ക് സീറ്റ് കൊടുക്കാൻ സി പി എം തയ്യാറായപ്പോൾ അതിന്റെ പാപഭാരം പാവം ബാലന്റെ തലയിൽ കെട്ടിവയ്ക്കരുതായിരുന്നു. എന്നിട്ടോ, നോട്ടീസ് പതിച്ചുവത്രെ, പാലക്കാട് തരൂരിൽ ഡോ ജമീലയെ സ്ഥാനാർത്ഥിയാക്കരുതെന്ന്. എന്തൊരു കഷ്ടമാണിത്. അപ്പോൾ ബാലൻ ഇതൊന്നും അറിഞ്ഞില്ലെന്നാണോ, അറിഞ്ഞില്ലെന്നതു സത്യമാണ്, അദ്ദേഹം പാർട്ടിയിലെ മറ്റ് നേതാക്കളുടെ സീറ്റുകൾ ഉറപ്പിക്കുന്ന തിരക്കിലാണ് ഈ സംഭവം.

ഭാര്യമാരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച നടപടിക്കെതിരെ ശക്തമായ നിലപാടാണ് പാർട്ടി അണികളിൽ നിന്നും ഉണ്ടായത്. ഇതോടെയാണ് സ്ഥാനാർത്ഥി നിർണയത്തിൽ മാറിചിന്തിക്കാൻ സി പി എം ജില്ലാ കമ്മിറ്റിയെ നിർബന്ധിതരാക്കിയത്.
ഇതോടെ ഷൊർണൂരിലും, കോങ്ങോടും സ്ഥാനാർത്ഥികളെ മാറ്റേണ്ടിവന്നു. വനിതാ നേതാവ് ശാന്തകുമാരിയെ കോങ്ങാട് മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ പുതിയ നിർദ്ദേശം. അപ്പോ തരൂരിൽ, അത് ഡി വൈ എഫ് ഐ നേതാവ് സുമോദ് മസി ത്സരിക്കട്ടേയെന്നാണ് സി പി എം നേതാക്കളുടെ ആവശ്യം.
ഇതൊക്കെ നേരത്തെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഒരു നാണക്കേട് ഒഴിവാക്കാമായിരുന്നില്ലേ ബാലേട്ടാ… സേവ് സി പി എം എന്നത് ആരാണ് ബാലേട്ടാ…ഇപ്പോ പറയേണ്ടാ… പിന്നേ, പറഞ്ഞാ മതി ട്ടാ..
ജോസ് തെറ്റയിലും, നീലനും റീ-ലോഡഡ്
ലൈംഗീകാരോപണത്തെതുടർന്നാണ് ജനതാദൾ നേതാവ് ജോസ് തെറ്റയിൽ അങ്കമാലിയിലെ തെരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറി നിൽക്കേണ്ടിവന്നത്. അങ്കമാലിയെന്ന സാമ്രാജ്യത്തിൽ ജോസ് തെറ്റയിൽ രാജാവിനെ പോലെ വാണതായിരുന്നു. എന്നാൽ മന്ത്രിയായിരുന്ന കാലത്താണ് ഒരു യുവതി തേൻകെണിയിൽ പെടുത്തിയത്. സീനുകൾ എല്ലാ ടെലിവിഷൻ ചാനലിലും വന്നു, ഇതോടെ വക്കീൽ ഒറ്റപ്പെട്ടു. എൽ ഡി എഫിന്റെ കയ്യിൽ നിന്നിരുന്ന അങ്കമാലി സാമ്രാജ്യത്ത് ജോസ് തെറ്റയിൽ അടിപതറി. ഇത്തവണ അങ്കമാലി രാജ്യം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തെറ്റയിൽ.

ഇതേ നീക്കമാണ് നീലലോഹിത ദാസ് നാടാറും നടത്തുന്നത്. നളിനി നെറ്റോ കേസിന് ശേഷം നീലനെ ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിച്ചിരുന്നില്ല. വി എസ് അച്ചുതാനന്ദനായിരുന്നു അതിന് കാരണം. അതിനാൽ ഭാര്യയെ തെരഞ്ഞെടുപ്പിൽ നിർത്തി, അവർ ജയിച്ചുകയറിയെങ്കിലും നിവവിൽ അവർ എം എൽ എയല്ല.
ഇത്തവണ കോവളത്ത് നീലനും ജനവിധി തേടി രംഗത്തുണ്ട്.
മലമ്പുഴയിൽ നീന്തിയ ലതികാ സുഭാഷ്; ഏറ്റുമാനൂരിൽ സങ്കടക്കടലിൽ
ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയാവുമെന്ന ഉറപ്പിലായിരുന്നു ലതികാ സുഭാഷ്. എന്നാലിതാ ഏറ്റുമാനൂർ പി ജെ ജോസഫിന്റെ പാർട്ടിക്കാർ കൊണ്ടു പോയിരിക്കയാണ്.
മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷിനെ സ്ഥാനാർത്ഥിയാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നത് ഉമ്മൻ ചാണ്ടിയായിരുന്നു. ആ ഉറപ്പാണ് കുറുപ്പിന്റെ ഉറപ്പായി മാറിയത്. ഇതോടെ ഏറ്റുമാനൂരിൽ കോൺഗ്രസ്- കേരളാ കോൺഗ്രസ് ബന്ധം വഷളാവുകയാണ്.

കഴിഞ്ഞ തവണ മലമ്പുഴയിൽ സാക്ഷാൽ വി എസ് അച്ചുതാനന്ദനെതിരെ പോരാടിയ മഹിളാ കോൺഗ്രസ് നേതാവായിരുന്നു ലതികാ സുഭാഷ്. ഇത്തവണ കോട്ടയത്ത് ഒരു സുരക്ഷിത സീറ്റായിരുന്നു ലതികയുടെ ലക്ഷ്യം, ഈ ആവശ്യം കോൺഗ്രസ് നേതൃത്വം നേരത്തെ അംഗീകരിച്ചിരുന്നതുമാണ്. ബലിയാടുകളാവാൻ മാത്രം വിധിക്കപ്പെട്ടവരുടെ പട്ടികയിലേക്ക് ലതികയുടെ പേരും ചേർക്കുകയാണ്.
ഏറ്റുമാനൂരിൽ സീറ്റുലഭിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു ലതിക. ലതികയുടെ ജന്മദേശമാണ് മണ്ഡലം. അതിനാൽ ഏറ്റുമാനൂരിൽ വോട്ട് ചോദിക്കാനും ലതിക തുടക്കം കുറിച്ചിരുന്നു. എന്നാൽ എല്ലാം വെറുതെയായി. കോൺഗ്രസ് പറഞ്ഞതൊന്നും സത്യമല്ലത്രേ… ഏറ്റുമാനൂർ സീറ്റ് പി ജെ ജോസഫ് കൊണ്ടുപോയ സത്യം ലതിക തിരിച്ചറിയുന്നു. വേണമെങ്കിൽ മലമ്പുഴയിൽ മത്സരിക്കാം. എന്താ ലതികാ ജീ… റഡിയല്ലേ…
പാലാരിവട്ടം പാലം തുറന്നു; ആദ്യയാത്രക്കാരൻ മന്ത്രി ജി സുധാകരൻ
തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗീക ചടങ്ങുകളൊന്നും നടത്താനാവില്ല. എന്നാൽ പാലാരിവട്ടം പാലം തുറന്നതും, അവിടെ താരമായതും മന്ത്രി ജി സുധാകരൻ തന്നെ. പാലാരിവട്ടം പാലം വൈകിട്ട് നാലിന് തുറക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ മൂന്നേകാലോടെ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ സ്ഥലത്തെത്തി. മന്ത്രി പാലത്തിലൂടെ ഒരറ്റത്തുനിന്നും മറ്റേ അറ്റംവരെ നടന്നായിരുന്നു ഉദ്ഘാടനം. ഉദ്ഘാടകനാണെന്നൊന്നും പറഞ്ഞില്ല എന്നാൽ ഉദ്ഘാടകൻ ജി സുധാകരനായിരുന്നു. മഹാകവിക്ക് ഒരു ഉദ്ഘാടനമൊക്കെ ഇനി എന്നായിരിക്കുമെന്ന് ആർക്കുമറിയില്ലല്ലോ.

പാലം യാഥാർത്ഥ്യമാക്കിയ പിണറായി വിജയന് അഭിവാദ്യങ്ങൾ അർപ്പിച്ചും, മെട്രോമാൻ ഇ ശ്രീധരന് അഭിവാദ്യം അർപ്പിച്ചും സി പി എമ്മുകാരും ബി ജെ പിക്കാരും പാലത്തിൽ എത്തിയിരുന്നു. സി പി എം സംഘടിതമായി എത്തിയാണ് ഉദ്ഘാടനം കെങ്കേമമാക്കിയത്. എന്തായാലും തകർന്നുപോയ പാലാരിവട്ടം പാലം അഞ്ചരമാസംകൊണ്ട് ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ കുണ്ടന്നൂർ, വൈറ്റില, പാലാരിവട്ടം പാലത്തിലൂടെയുള്ള യാത്ര സുഗമമായിരിക്കയാണ്. ഗതാഗത തടസമില്ലാതെയുള്ളയാത്രയാണ് മൂന്ന് പാലങ്ങൾ പൂർത്തിയായതോടെ ലഭ്യമായത്.
എൻ സി പിക്ക് 3 സീറ്റുകൾ; സീറ്റിന്റെ എണ്ണം കുറഞ്ഞതിന്റെ സന്തോഷത്തിൽ മന്ത്രി ശശീന്ദ്രൻ
സമാധാനമായി, എലത്തൂരിൽ എ കെ ശശീന്ദ്രൻ തന്നെ, കുട്ടനാട് തോമസ് കെ തോമസും മത്സരിക്കും. എൻ സി പിയിൽ നിന്നും മാണി സി കാപ്പനെ തൊഴിച്ച് പുറത്താക്കാൻ എ കെ ശശീന്ദ്രനെ പ്രേരിപ്പിച്ചതിനു പിന്നിൽ ഒറ്റ ഘടകമേയുണ്ടായിരുന്നുള്ളൂ. എലത്തൂർ സീറ്റ് സംരക്ഷിക്കുക, ജയിച്ചുകയറിയാൽ മന്ത്രി സ്ഥാനം സംരക്ഷിക്കുക.

എ കെ ശശീന്ദ്രന് ഒരു മിഷൻ ഉണ്ടായിരുന്നു. ആ ലക്ഷ്യം ഫലം കണ്ടിരിക്കുന്നു. എലത്തൂരിൽ മത്സരിക്കാൻ സീറ്റ് ലഭിച്ചിരിക്കുന്നു. ഇനി, ഭരണത്തുടർച്ചയുണ്ടായാൽ മന്ത്രി സഭയിൽ അംഗമാവണം. അതൊക്കെ വഴിയേ നടക്കുമത്രെ…
അപ്പോ കുട്ടനാട്ടിൽ നിന്നും തോമസ് കെ തോമസ് ജയിച്ചുകയറിയാലോ, ഹേയ് അതൊന്നും ഒരു വിഷയമല്ലെന്നേ….
തോമസ് കെ തോമസിനെ മന്ത്രിയാക്കാതിരിക്കാൻ ശശീന്ദ്രൻ നോക്കിക്കൊള്ളും. തോമസ് ചാണ്ടിയാണേ സത്യം.
വാൽക്കഷണം :
ഭാര്യമാരെ തിരിച്ചു വിളിക്കുകയാണ് സി പി എം. വെറുതെ ചാവേറാവാൻ തങ്ങളുടെ ഭാര്യമാരില്ലെന്ന നിലപാടിലാണ് നേതാക്കൾ. എ കെ ബാലന്റെ ഭാര്യ ജമീല മത്സരിക്കാനില്ലെന്ന് പാർട്ടി തന്നെ പ്രഖ്യാപിച്ചിരിക്കയാണ്. ഇരിഞ്ഞാലക്കുടയിൽ ഡോ ബിന്ദു ഉണ്ടാവുമോ അതോ അവരും പിന്മാറുമോ എന്നാണ് അടുത്ത ചോദ്യം.