കൊച്ചി : മുൻമന്ത്രി കെ ബാബുവിനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി രംഗത്ത്. കെ സി ജോസഫിനെയും കെ ബാബുവിനെയും മത്സരിപ്പിക്കണമെന്ന കടുത്ത നിലപാടുമായി ഉമ്മൻ ചാണ്ടി രംഗത്തെത്തിയതോടെ കോൺഗ്രസിൽ ഗ്രൂപ്പിസം ശക്തമാവുകയാണ്.
തൃപ്പൂണിത്തുറയിൽ സീറ്റ് തിരിച്ചുപിടിക്കാൻ കെ ബാബു തന്നെ മത്സരിക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യത്തോട് എറണാകുളത്തെ കോൺഗ്രസ് നേതൃത്വം ശക്തമായ എതിർപ്പു പ്രകടിപ്പിച്ചിരിക്കയാണ്.
കഴിഞ്ഞ തവണ ബാർകോഴ വിവാദം കത്തി നിൽക്കെയാണ് കെ ബാബുവിനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാൻ ഉമ്മൻ ചാണ്ടി  ആവശ്യമുന്നയിച്ചു, ഇതോടെ കെ ബാബുവിനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം നിർബന്ധിക്കപ്പെട്ടു. കോൺഗ്രസിന്റെ കയ്യിലുണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട സീറ്റ് സി പി എമ്മിന്റെ കൈകളിലേക്ക് പോയത് ഈ തീരുമാനമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ കെ ബാബുവിന് തൃപ്പൂണിത്തുറയിൽ ജനസ്വാധീനമുണ്ടെന്നും, അതിനാൽ മറ്റൊരാളെ അവിടെ സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. കെ ബാബു വീണ്ടും സ്ഥാനാർത്ഥിയായാൽ സമീപ മണ്ഡലങ്ങളിലെ വിജയസാധ്യതയെപ്പോലും ബാധിച്ചേക്കാമെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ഭയം. കെ സി ജോസഫിനെ സ്ഥാനാർത്ഥിയാക്കാനും ഉമ്മൻ ചാണ്ടി സമ്മർദ്ധം ചെലുത്തുകയാണ്.

തൃശ്ശൂരിൽ പത്മജാ വേണുഗോപാലിനെ മത്സരിപ്പിക്കണമെന്നാണ് ടി എൻ പ്രതാപന്റെ നിർദ്ദേശം. തൃശ്ശൂരിൽ പത്മജയാണ് വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെന്നാണ് പ്രതാപന്റെ പ്രതികരണം. അടൂർ പ്രകാശ് കോന്നിയിൽ തന്റെ അനുയായിക്കായി ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണ്. തന്റെ നിർദ്ദേശം തള്ളിയതാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടാക്കിയതെനന്നും, അതിനാൽ ഇത്തവണ താൻ നിർദ്ദേശിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കി മണ്ഡലം തിരിച്ചു പിടിക്കണമെന്നുമാണ് അടൂർ പ്രകാശിന്റെ പ്രതികരണം.
സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാനായി ഡൽഹിയിലേക്ക് നേതാക്കൾ പോയിരിക്കയാണ്. മാർച്ച് 10 ന് സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്നായിരുന്നു കോൺഗ്രസിന്റെ അവകാശ വാദം. എന്നാൽ നിലവിലുള്ള സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണയം എളുപ്പമാവില്ലെന്നാണ് സൂചനകൾ.
സി പി എം നാളെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി ഗ്രൂപ്പു നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here