രാജേഷ് തില്ലങ്കേരി

ങേ… ഇത് സി പി എം തന്നെയോ, സ്ഥാനാർത്ഥി നിർണയത്തിനെതിരെ പ്രകടമായ പ്രതിഷേധം, ശക്തിപ്രകടനം, പോസ്റ്റർ പതിക്കൽ….

കേരളത്തിലെ സി പി എം ഒരു പ്രകടനം മാത്രമേ നേരത്തെ കണ്ടിരുന്നുള്ളൂ, അത് വി എസ് അച്ചുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോഴുണ്ടായ പ്രകനമാണ്. ഇപ്പോൾ കേരളത്തിൽ പലയിടങ്ങളിലും പ്രതിഷേധവും പ്രകടനങ്ങളും അരങ്ങേറുന്നു. പൊന്നാനിയിലാണ് ഏറ്റവും വലിയ പ്രകടനം അരങ്ങേറിയിരുന്നത്. കുറ്റാടിയിലും പ്രകടനം നടക്കുന്നു.


പൊന്നാനിയിൽ ടി എം സിദ്ദിഖിനു വേണ്ടിയും, കുറ്റ്യാടിയിൽ സി പി എം സ്ഥാനാർത്ഥി വേണമെന്നുമാവശ്യപ്പെട്ടാണ് പരസ്യ പ്രതിഷേധം. കേരളാ കോൺഗ്രസ് എമ്മിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് പാർട്ടി അണികളുടെ പ്രതിഷേധിച്ചത്. പൊന്നാനിയിൽ സ്ത്രീകളടക്കമുള്ളവരുടെ വൻപ്രതിഷേധപ്രകടനമാണ് വൈകിട്ട് അരങ്ങേറിയത്. കുറ്റ്യാടിയിൽ സിപിഎം അണികളാണ് പ്രതിഷേധിച്ചതെന്നും, അത് സ്വാഭാവികമായ പ്രതിഷേധമാണ് നടന്നതെന്നാണ് സി പി എം ആശ്വാസമായി പറയുന്നത്.

കണ്ണൂരിൽ പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ തുടങ്ങിയ പ്രതിഷേധം,  പൊന്നാനിയിൽ എത്തിയപ്പോഴേക്കും ശക്തമായി.  സി പി എം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റാനുള്ള പ്രകടനം. തരൂരിൽ എ കെ ബാലന്റെ ഭാര്യയെ മാറ്റാനുള്ള പോസ്റ്റർ പ്രചാരണം, (അത് ഇരുട്ടിന്റെ സന്തതികളാണെന്നാണ് ബാലൻ മന്ത്രിയുടെ കണ്ടെത്തൽ). തൂരിൽ ജോലി നഷ്ടപ്പെടുന്ന ബാലൻ മന്ത്രി ഏറെ ബുദ്ധിമുട്ടി ഉണ്ടാക്കിയ ഭാര്യാ സ്ഥാനാർത്ഥിയെ പോസ്റ്ററിലൂടെ പുറത്താക്കിയ സഖാക്കളെ നിങ്ങൾ ഒരിക്കലും ദയ അർഹിക്കുന്നില്ല….

 



പിന്നയോ കളമശ്ശേരിയിൽ പി രാജീവിനെ വേണ്ടെന്നും, ചന്ദ്രപിള്ളയാണ് വരേണ്ടതെന്നും ആവശ്യപ്പെട്ടുള്ള പോസ്റ്റർ ഇങ്ങനെ പോവുന്ന പ്രതിഷേധങ്ങൾ.

പൊന്നാനി സി പി എമ്മിന്റെ ശക്തി കേന്ദ്രമല്ല, എന്നിട്ടും സി പി എമ്മിനായിരുന്നു കഴിഞ്ഞ രണ്ടു തവണയും വിജയം.
 സ്പീക്കർ ശ്രീരാമകൃഷ്ണനായിരുന്നു രണ്ടു തവണയും പൊന്നാനിയുടെ എം എൽ എ. എന്നാൽ ഇത്തവണ അത് മാറി. കെ പി നന്ദകുമാറിനെ സി പി എം നേതൃത്വം പൊന്നാനിയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെയാണ് പൊന്നാനിയിൽ പ്രതിഷേധം ശക്തമായത്. നിങ്ങളാരും തെറ്റിദ്ധരിക്കേണ്ട, അത്  മുൻ എം എൽ എയും സ്പീക്കറുമായ ശ്രീരാമകൃഷ്ണനുവേണ്ടിയുള്ള പ്രകടമല്ല, ടി എം സിദ്ദിഖ് എന്ന സി പി എം നേതാവിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രകടനമാണ് അവിടെ അരങ്ങേറിയത്. സംസ്ഥാന നേതാക്കളെ ഞെട്ടിച്ചു കൊണ്ടാണ് പൊന്നാനിയിൽ പ്രകടനം നടന്നത്.

കോന്നിയിൽ രാജു എബ്രഹാമിനെ മാറ്റിയതിലല്ല സി പി എമ്മിന്റെ പ്രതിഷേധം, ആ സീറ്റ് എന്തിനാണ് കേരളാ കോൺഗ്രസ് എമ്മിന് നൽകിയതെന്നാണ് പാർട്ടി പ്രവർത്തകരുടെ ചോദ്യം, 12 ഏരിയാ സെക്രട്ടറിമാരും സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ്. കേരളാ കോൺഗ്രസിനെ ഇന്നലെവരെ എതിർത്തവർക്ക് സിന്ദാബാദ് വിളിക്കാൻ പറ്റുന്നില്ലെന്നാണ് പരാതി. കുറ്റ്യാടിയിലെയും കോന്നിയിലെയും സഖാക്കൾ ക്ഷമിക്കുക, തുടർഭരണമാണ് ലക്ഷ്യം, വിപ്ലവമല്ല സഖാക്കളേ,  ക്ഷമിക്കുക. അല്ലാതെ വേറെ വഴിയൊന്നുമില്ലല്ലോ.

ചങ്ങനാശേരിയിലും സി പി ഐ ക്ക് സീറ്റില്ല. ചങ്ങാനാശേരി കേരളാ കോൺഗ്രസിനായിരിക്കുമെന്ന് തീരുമാനിച്ചിരിക്കയാണ്. സി പി ഐ ക്ക് സീറ്റു നൽകാനാവില്ലെന്നാണ് സി പി എം രാത്രിയോടെ പ്രഖ്യാപിച്ചത്. ഇതോടെ ഒരു പ്രതിഷേധം കൂടി കേരളം കാണാനിരിക്കുന്നു. കാഞ്ഞിരപ്പള്ളിയുമില്ല, ചങ്ങനാശേരിയുമില്ല. വൈക്കം സീറ്റുകൊണ്ട് കോട്ടയത്തെ സി പി ഐ സായൂജ്യമടയുക.

കേരളാ കോൺഗ്രസ് ചോദിച്ചത് 14 സീറ്റ് , എൽ ഡി എഫ് നൽകിയത് 13 സീറ്റ് … ആനന്ദിപ്പാൻ ഇതിൽപരം മറ്റെന്തുവേണം.

……..

വടിയെടുത്ത് ഹൈക്കമാന്റ്, മത്സരിക്കണോ, രാജിവെക്കണത്രേ, മുല്ലപ്പള്ളിയുടെ ധർമ്മ സങ്കടങ്ങൾ ആരറിയുന്നു


മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലെ ഇത്രയും നിർഭാഗ്യവാനായൊരു നേതാവുണ്ടാവുമോ ? ഉണ്ടാവില്ലെന്നു തന്നെയാണ് മാലോകരുടെ ഏകാഭിപ്രായം. കാരണം, മുല്ലപ്പള്ളി ഇന്നുവരെ നിയമസഭി തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല, ആഗ്രഹമില്ലാത്തതുകൊണ്ടല്ല, നല്ല കാലത്ത് ദേശീയ രാഷ്ട്രീയമായിരുന്നു മുല്ലപ്പള്ളിക്ക് താല്പര്യം. അതിനാലാണ് 1984 ൽ കണ്ണൂരിൽ മത്സരിക്കാനെത്തിയത്. കണ്ണൂരിൽ തുടർച്ചയായി നാല് തവണ പാർലമെന്റ് അംഗമായി. അബ്ദുല്ലക്കുട്ടി  അത്ഭുതക്കുട്ടിയായി വന്ന് കണ്ണൂർ അട്ടിമറിക്കുന്നതുവരെ മുല്ലപ്പള്ളി കണ്ണൂരിന്റെ എം പിയായി

 

രാജീവ് ഗാന്ധിയുടെ മന്ത്രി സഭയിൽ കൃഷിവകുപ്പ് സഹമന്ത്രിയുമായി. പിന്നീട് കണ്ണൂരിൽ നിന്നും വൃത്തിയായി തോറ്റു. അതോടെ മുല്ലപ്പള്ളിയുടെ രാഷ്ട്രീയ ഭാവിക്ക് അന്ത്യമായി എന്നു കരുതിയതുമാണ്, എന്നാൽ ചിലരുടെ ജാതകം അങ്ങിനെയൊന്നുമല്ലല്ലോ. വടകരയിൽ നിന്നും വീണ്ടും രണ്ട് തവണ മുല്ലപ്പള്ളി ലോക്‌സഭയിലെത്തി. സി പി മ്മിലെ പി സതീദേവിയെ യാണ് മുല്ലപ്പള്ളി ഒതുക്കിയത്. അങ്ങിനെ യു പി എ മന്ത്രിസഭയിൽ മുല്ലപ്പള്ളി അംഗമായി.  

ഇത്രയൊക്കെയാണെങ്കിലും ഒരു നേതാവെന്ന നിലയിൽ നിയമസഭയിലേക്ക് മത്സരിക്കണം, ജയിക്കണം, ദൂരെ നിന്നും കണ്ടുമാത്രം പരിചയമുള്ള ആ നിയമസഭാ മന്ദിരത്തിൽ അംഗമായിരിക്കണം എന്നൊക്കെ ആഗ്രഹിക്കാമല്ലോ. ആർക്കും ഉണ്ടാവുന്ന ആഗ്രഹം മാത്രമേ ഈ കെ പി സി സി അധ്യക്ഷനും ഉണ്ടായിട്ടുള്ളൂ. എന്നാൽ മത്സരിക്കണമെങ്കിൽ അധ്യക്ഷസ്ഥാനം വെടിയണം പോലും.

രമേശ് ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരുന്നവേളയിൽ അങ്ങിനെയൊന്നും ഉണ്ടായില്ലല്ലോ എന്നൊന്നും ചോദ്യം ഉന്നയിക്കരുത്. അക്കാലമല്ല, ഇക്കാലം,  പ്രതിഷേധം കനക്കുമത്രേ, മുല്ലപ്പള്ളിക്കെതിരെ, സത്യമാണോ ഹൈക്കമാന്റേയീ പറയുന്നത് ?

കണ്ണൂരിൽ മത്സരിച്ചാലും പ്രതിഷേധം ഉണ്ടാവുമോ. പണ്ട് കണ്ണൂർ പാർലമെന്റിൽ മുല്ലപ്പള്ളി മത്സരിച്ചപ്പോൾ എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്നത് കടന്നപ്പള്ളിയായിരുന്നു. അന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായ കടന്നപ്പള്ളി തോറ്റു. തിരിച്ചൊരു തോൽവിയുണ്ടായാൽ അത് ചരിത്രം നൽകുന്ന തിരിച്ചടിയെന്നല്ലേ പറയാനാവൂ….


വർഗീയതയുടെ ആൾരൂപമാണ് അമിഷ് ഷായെന്ന് പിണറായി…
ചോദ്യത്തിന് ഉത്തരം മറുചോദ്യം


കേരളീയരെ മൊത്തം അവഹേളിച്ചുവെന്ന് മുഖ്യമന്ത്രി, അമിത് ഷായുടെ ഈ നടപടിക്കെതിരെ ഒരക്ഷരം പോലും കോൺഗ്രസ് മിണ്ടിയില്ലെന്നും മുഖ്യമന്ത്രി. പണ്ട് അമിത് ഷായെ തള്ളിപ്പറഞ്ഞ കോൺഗ്രസ് ഇപ്പോൾ ഭയക്കുകയാണ്, കാരണം അമിത് ഷാ കേന്ദ്ര അഭ്യന്തര മന്ത്രിയായതായിരിക്കാം.

 സ്വർണകടത്ത് കേസിൽ പ്രധാന സാക്ഷിയായ ഒരാളുടെ ദുരൂഹ മരണത്തിൽ എന്തുകൊണ്ട് അന്വേഷണം നടന്നില്ലെന്ന ചോദ്യം, അമിത് ഷായുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരത്തിനു പകരം തിരികെ ചില ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി.

 ചോദ്യത്തിന് ഉത്തരം, കടുത്ത ചോദ്യം. അപ്പോ ഉത്തരമോ ? അതെല്ലാം ജനങ്ങൾ നൽകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ.



ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് മറുപടി പറയണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം. നേരാ തിരുമേനി,
അമിത് ഷാ എന്തിനായിരുന്നു ജയിലിൽ പോയതെന്നായിരുന്നു ആദ്യ ചോദ്യം. സ്വർണക്കടത്തിന്റെ ഹബ്ബാക്കി തിരവനന്തപുരം എയർപോർട്ടിനെ മാറ്റിയെടുത്തത് ആരാണ് ? അപ്പോൾ സ്വർണക്കടത്ത് തടയാൻ കസ്റ്റംസ് എന്ത് നടപടിയാണ് സ്വീകരിച്ചത്. സ്വർണം കയറ്റി വിട്ടയാളെ എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തത്.


ദൈവമേ, ഇത്രയും സംശയം  മുഖ്യമന്ത്രി ഇത്രയും കാലം കൊണ്ടു നടക്കുകയായിരുന്നോ. കണ്ടാൽ തോന്നില്ലെന്നു മാത്രം.

അപ്പോ, സ്വർണക്കടത്ത് കേസും മറ്റും പറഞ്ഞ് കോംപ്ലിമെന്റ്‌സാക്കി എന്ന് ചെന്നിത്തലയും, പരിവാരങ്ങളും പറഞ്ഞു പരത്തിയത് സത്യമല്ലെന്നാണോ…. ഹേയ് അത് ശരിയാവാൻ സാധ്യതയില്ല. ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇതുവരെ സത്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. അപ്പോ ഒരു സംശയം മാത്രം ബാക്കിയാവുന്നു. മുഖ്യമന്ത്രി പറഞ്ഞ പൊറാട്ടു നാടകം എവിടെയാണ് അരങ്ങേറിയത് ? അതാണോ ശംഖുമുഖത്ത് അരങ്ങേറിയതെന്നു കൂടി മുഖ്യമന്ത്രി പറയുമായിരിക്കും.

തിരുവനന്തപുരത്ത് സ്വർണക്കടത്ത് എന്തുകൊണ്ടാണ് ശക്തമാവുന്നതെന്ന ചോദ്യവുമായി സ്വർണക്കേസിനെ പ്രതിരോധിക്കാനെത്തിയ പിണറായി മാസാണ്…. മരണ മാസ്….

അമിത് ഷായുടെ ചോദ്യങ്ങൾക്ക് ശക്തമായ ചോദ്യങ്ങളുമായാണ് പിണറായി എത്തിയത്. ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി മുന്നേറട്ടേ, കേരള-കേന്ദ്രഭരണാധികാരികൾ. ഉത്തരം മുട്ടട്ടേ, പാവം വോട്ടർമാരുടെ….


ശ്രീനിവാസനും, സിദ്ദിഖും ട്വന്റി 20 യുടെ കൂടെ


ശ്രീനിവാസൻ മികച്ചൊരു സാമൂഹ്യവിമർശകനാണ്.  അദ്ദേഹം പലപ്പോഴും അതൊക്കെ അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെയും സിനിമയിലൂടെയും പ്രകടിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ നിലപാടൊന്നും വ്യക്തമാക്കാത്ത സിനിമാ പ്രവർത്തകനാണ് സംവിധായകൻ സിദ്ദിഖ്
ട്വന്റി 20 എറണാകുളത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ചൂടേറിയിരിക്കയാണ്. ട്വന്റി 20 ക്ക് കൂടുതൽ പ്രമുഖരുടെ പിന്തുണ വർദ്ധിക്കുകയാണ്.
 
 


ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല, നാം  മുന്നോട്ട് എന്നായിരുന്നു ട്വന്റി 20 യുടെ സ്ലോഗൻ. എറണാകുളത്ത് പുതിയൊരു ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്വന്റി-20. നടൻ ശ്രീനിവാസൻ, സംവിധായകൻ സിദ്ദിഖ് എന്നിവരാണ് ട്വന്റി 20 ക്ക് പിന്തുണ പ്രഖ്യാപിച്ചത്. വ്യവസായ പ്രമുഖനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് മുഖ്യ ഉപദേശകൻ. സാമൂഹ്യ പ്രവർത്തകരായ നിരവധി പേർ ട്വന്റി-20 ക്ക് പിന്തുണയുമായി എത്തിയതോടെ ഇരു മുന്നണികളും ജാഗ്രതയിലാണ്. ട്വന്റി -20 വോട്ടുപിടിച്ചാൽ ആരൊക്കെ വാഴും, ആരൊക്കെ വീഴും എന്നാണ് മുന്നണികളുടെ ഭയം.

പെരുമ്പാവൂരിൽ കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മരുമകൻ ജോജോ ആണ്  സ്ഥാനാർത്ഥിയാവുന്നത്. കോതമംഗലത്ത് കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാവണമെന്നായിരുന്നു ജോജോയുടെ ലക്ഷ്യം. എന്നാൽ ഇതിനിടയിലാണ് അപ്രതീക്ഷിതമായി ട്വന്റി 20 യുടെ സ്ഥാനാർത്ഥിയായി ജോജോ എത്തുന്നത്.

വാൽകഷണം :


അഴിമതിരഹിത ഭരണമാണ് ട്വന്റി -20 കാഴ്ച വയ്ക്കുന്നതെന്നാണ് ശ്രീനിവാസൻ പറയുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ട്വന്റി 20 യെ കേരളം മാതൃകയാക്കണമെന്നും ശ്രീനിവാസൻ അഭിപ്രായപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here