രാജേഷ് തില്ലങ്കേരി

നാളെ… നാളെ എന്നാണ് കേരളത്തിലെ സ്ഥാനാർത്ഥി പട്ടികയെ കുറിച്ച് കോൺഗ്രസ് നേതാക്കൾ പറയുന്നത്. പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് എല്ലാ ദിവസവും പറയുന്നു. എന്നും നാളെയുണ്ടല്ലോ. പക്ഷേ, ഇന്ന് പറഞ്ഞ നാളെ നാളെത്തന്നെയാണത്രേ…സത്യമായിട്ടും നാളെ …..നാളെ അവധി ദിവസമായതിനാൽ നാളെ പ്രഖ്യാപിക്കും.

നാളെ കേരളത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നാണ് മുല്ലപ്പള്ളിയുടെ ഭീഷണിപ്പെടുത്തൽ. മാർച്ച് രണ്ടിന് സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കളൊക്കെ ഇപ്പോൾ എവിടെയാണെന്നാണ് വോട്ടർമാരുടെ  ചോദ്യം. പ്രതിഷേധ പ്രകടനങ്ങളും, പോസ്റ്റർ പതിക്കലും ഒക്കെ കഴിഞ്ഞതിന് ശേഷം പ്രഖ്യാപിക്കാനായി മാറ്റിവച്ചതാണല്ലോ കോൺഗ്രസ് പട്ടിക.

പട്ടിക വരുമ്പോൾ നിങ്ങൾ എല്ലാവരും ഞെട്ടുമെന്നാണ് ഡൽഹിയിലെ മാരത്തോൺ ചർച്ചകൾക്കു ശേഷം കേരളത്തിൽ തിരിച്ചെത്തിയ ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും പറയുന്നത്. ഒരു പ്രതിഷേധവും, തർക്കവുമില്ലാതെ പട്ടിക പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്.  91 സീറ്റുകളിൽ 81 സീറ്റിൽ ധാരണയായിട്ടുണ്ട് പോലും….ലേറ്റായാലും ലേറ്റസ്റ്റായിയിരിക്കും എന്നാണ് ചെന്നിത്തല പറയുന്നത്.

ആരാണാ കരുത്തൻ ???

നേമത്ത് ഒരു കരുത്തൻ വരുമെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ആരാണാ മഹാൻ എന്ന അന്വേഷണത്തിലാണ് കേരളീയർ.
സി പി എം കേരളത്തിലെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. യു ഡി എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അവരൊക്കെ മണ്ഡലങ്ങളിൽ ജോലിയും തുടങ്ങി. എന്നാൽ കോൺഗ്രസുകാർ പ്രകടവും, പോസ്റ്ററൊട്ടിക്കലും ഒക്കെയായി കഴിയുകയാണ്. ഏപ്രിൽ ആറിനു മുന്നേ ആ പട്ടിക കാണാൻ ആഗ്രഹമുണ്ടെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതികരണം. തൃപ്പൂണിത്തുറയടക്കം 10 സീറ്റുകളിലാണ് അനിശ്ചിതത്വം. കെ ബാബുവിനും, ടി സിദ്ദിഖിനും സീറ്റുവേണമത്രേ, കെ ബാബുവിന് പകരം സൗമിനി ജയിനിനാണത്രെ സാധ്യത. കെ ബാബുവിനോട് ഈ ചതി വേണ്ടിയിരുന്നില്ല…

തെരഞ്ഞെടുപ്പായാൽ ഇങ്ങനെ എന്തെല്ലാം കലാപരിപാടികൾ

തെരഞ്ഞെടുപ്പ് കാലത്താണ് കേരളത്തിൽ വിചിത്രമായ നാടൻ കലാരൂപങ്ങളൊക്കെ അരങ്ങേറുക.  പ്രതിഷേധപ്രകടനം, പടലപ്പിണക്കം, പാർട്ടിവിട്ട് മറ്റുപാർട്ടിയിലേക്കുള്ള ചുവടുമാറ്റം, അടവുനയം, ഇങ്ങനെ പലതരം കലാരൂപങ്ങൾ അരങ്ങേറുന്ന കാലമാണിത്.

എതിരാളികൾ പോരാളികളാവുന്നതും, പോരാളികൾ സഹകാരികളാവുന്നതുമൊക്കെ കാണാനുള്ള ഭാഗ്യമാണ് പാവം വോട്ടർമാർക്കുണ്ടാവുന്നത്. തെരഞ്ഞെടുപ്പുടുപ്പിൽ സീറ്റു തരപ്പെടുത്താനുള്ള നെട്ടോട്ടം ഒരു കായിക വിനോദമായും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
മലമ്പുഴ സീറ്റ് പെയ്‌മെന്റ് സീറ്റെന്ന ആരോപണം പ്രതിഷേധ പ്രകടനം നടക്കുകയാണ്. മലമ്പുഴ കേരളത്തിലില്ലാത്ത ഒരു പാർട്ടിക്ക് നൽകിയെന്നാണ് പരാതി. വി എസിന്റെ അഭാവത്തിൽ വിജയപ്രതീക്ഷയുള്ള മലമ്പുഴയിൽ ഒരു അജ്ഞാതനെ മത്സരിപ്പിക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്. ഭാരതീയ നാഷണൽ ജനതാദൾ, അതിശക്തിയുള്ള പാർട്ടിയാണെന്നാണ് സ്ഥാനാർത്ഥി പറയുന്നത്.

തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം, പോസ്റ്റർ യുദ്ധവും അരങ്ങേറുകയാണ്.
കെ ബാബുവിനെ വിളിക്കൂ, തൃപ്പൂണിത്തുറയെ തിരിച്ചുപിടിക്കൂ എന്നാണ് പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം. അപ്പോ തൃപ്പൂണിത്തുറ നഷ്ടപ്പെട്ടതോ എന്ന ചോദ്യത്തിന് പ്രകടനക്കാർക്കും, പോസ്റ്റർ യുദ്ധഭടന്മാർക്കും മൗനം.
തൃപ്പൂണിത്തുറയ്ക്ക് കെ ബാബുവിനെ വേണ്ടേ വേണ്ടാ … എന്ന പോസ്റ്ററിനു ശേഷം കോൺഗ്രസിലെ മറ്റൊരു ഗ്രൂപ്പ് അവതരിപ്പിക്കുന്ന കലാ പരിപാടിയായിരുന്നു ശക്തി പ്രകടനങ്ങൾ.

പുതുമുഖങ്ങൾ, സ്ത്രീകൾ, യുവാക്കൾ….ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ അറുപത് ശതമാനം വർദ്ധിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യം. അതുകൊണ്ടാണ് പുതുമുഖമായ കെ ബാബുവിനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനും, യുവനേതാവായ കെ സി ജോസഫിനെ കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കാനും ഉമ്മൻ ചാണ്ടി അടവുകൾ പലതും പയറ്റിനോക്കിയത്. യൂത്ത് കോൺഗ്രസ് നേതാവ് വയലാർ രവിക്കും ഒരു സീറ്റ് ഒപ്പിച്ചുകൊടുക്കാമായിരുന്നു കുഞ്ഞൂഞ്ഞ് സാറേ….

വീതം വച്ച്, വീതം വച്ച് സ്വന്തക്കാരെ സംരക്ഷിച്ച് ഓരോ ഗ്രൂപ്പ് മാനേജർമാരും ആത്മസംതൃപ്തിയടയുകാണ്. സ്ഥാനാർത്ഥികൾ ജനപിന്തുണയുള്ളവരാണോ, പ്രാപ്തരാണോ എന്നതിനപ്പുറം സ്വന്തം ഗ്രൂപ്പുകാരനാണോ എങ്കിൽ സീറ്റു നൽകണമെന്നാണ് ഗ്രൂപ്പ് മാനേജർമാരുടെ നിലപാട്.

വിശ്വസ്തരില്ലെങ്കിൽ നേമവുമില്ല, നിയമവുമില്ല 

വിശ്വസ്തരില്ലെങ്കിൽ നേമവുമില്ല, നിയമവുമില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. അഥവാ കഷ്ടകാലത്തിൽ ഹൈക്കമാൻഡ് എതിരായി തീരുമാനമെടുത്താൽ മൊത്തം കുഴപ്പമാവും.
യു ഡി എഫിനെ  ഭയപ്പെടുത്തുന്നത്. സ്ഥാനാർത്ഥി നിർണയവും തെരഞ്ഞെടുപ്പ് പ്രചാരണവും തങ്ങൾക്ക് അനുകൂലമാവണമെന്ന നിലപാടാണ് ചില സംഘടനകളുടെ ശ്രമം. തീരദേശത്ത് ക്രൈസ്തവ സഭയുടെ എതിർപ്പ് പണിയാവുമോ എന്ന ആശങ്ക നിലവിലുണ്ട്.  സി പി എം പറയുന്നത് എല്ലാം തിരിച്ചുപിടിക്കും എന്നാണ്…


നിലമ്പൂരിലെ അഫ്രിക്കൻ അൻവർ …

നിലമ്പൂരിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ ശരിക്കും കേരളം മനസിലാക്കിയിട്ടില്ല. ആഫ്രിക്കയിൽ സ്വർണം തേടിയുള്ള യാത്ര ശരിക്കും അറബികഥയിലെ അലാവുദ്ദീനെ സ്മരിപ്പിക്കുന്നു. ഒരു ആഫ്രിക്കൻ വ്യവസായി അൻവറെ ആഫ്രിക്കയിലേക്ക് ക്ഷണിക്കുന്നു. പൊതുപ്രവർത്തനം നടത്തി കടം കയറിയ അൻവർ മറ്റൊന്നും ആലോചിച്ചില്ല, നേരെ ആഫ്രിക്കയിലേക്ക് കയറി, ഖനനവും തുടങ്ങി, കക്കാടം പൊയിലിൽ പാർക്കും, പാലവും ഒക്കെ വിവാദമായതുപോലെയൊന്നുമല്ലല്ലോ, ആഫ്രിക്കയല്ലേ, ആഫ്രിക്ക. നിലമ്പൂരിൽ നിന്നും ആരോടും പറയാതെ ആഫ്രിക്കയിലേക്ക് സ്വർണം തേടിപോയ അവൻവർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി തിരിച്ചെത്തിയതും, വലിയ ആഘോഷമാക്കി. അൻവറെ കാണാനില്ലെന്ന പ്രചാരണം നടത്തിയ യൂത്ത് കോൺഗ്രസുകാരുടെ മുന്നിലൂടെയാണ് അൻവർ ഫാൻസുകാർ ഫാൻസുകാർ എം എൽ എയെ ആനയിച്ചുകൊണ്ടുപോയത്.


വലിയ തൊഴിൽ
മേഖലയാണ് അൻവർ ആഫ്രിക്കയിൽ തുറന്നിരിക്കുന്നത്. ഗൾഫിൽ നിന്നും സ്വർണം കടത്തുന്നതുപോലുള്ള ചീപ്പ് പരിപാടിയൊന്നുമല്ല അൻവറുടെ രീതി. ഖനിരാജാവായി മാറുകയാണ് പി വി അൻവർ. നിലമ്പൂരിൽ എം എൽ എ, ആഫ്രിക്കയിൽ ഖനിരാജാവ്… ആർക്ക് പറ്റും ഇങ്ങനെയൊക്കെ പൊതുപ്രവർത്തനം നടത്താൻ.
കോൺഗ്രസും കേരളത്തിലെ യു ഡി എഫും ഒരു പോലെ പ്രതിസന്ധിയിലായ മണ്ഡലമായിരുന്നു  നിലമ്പൂർ. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായിരുന്നു നിലമ്പൂരിൽ. ആര്യാടൻ കാത്തുസൂക്ഷിച്ച നിലമ്പൂർ കോട്ട പി വി അൻവർ എന്ന പഴയ കോൺഗ്രസുകാരൻ തകർത്തതാണ്. ഇത്തവണയും നിലമ്പൂരിൽ എൽ ഡി എഫിന് മറ്റൊരാളെ അന്വേഷിക്കേണ്ടിവന്നില്ല. എന്നാൽ അൻവർ തിരികെ വരുമോ എന്ന ആശങ്ക മാത്രമായിരുന്നു ബാക്കി.


മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം! മാറ്റുവിൻ ചട്ടങ്ങളെ…. 

കെ പി സി സി അധ്യക്ഷനെ മാറ്റണം, ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരെ മാറ്റണം, പ്രതിപക്ഷ നേതാവിനെ മാറ്റണം എന്തൊക്കെയായിരുന്നു പുകില്
മുല്ലപ്പള്ളിക്കെതിരെ കേരളത്തിലാകമാനം പ്രതിഷേധം…. പോസ്റ്റർ…

എന്നാൽ ഒന്നും സംഭവിച്ചില്ല. മുല്ലപ്പള്ളിയെ ഇതാ മാറ്റി, മാറ്റുന്നു, മാറ്റും…. എന്നൊക്കെ വാർത്തകൾ , പക്ഷേ, നത്തിംഗ് ഡ്യൂയിംഗ്….
കെ സുധാകരൻ പലതവണ കെ പി സി സി അധ്യക്ഷന്റെ കുപ്പായം തുന്നി. വർക്കിംഗ് പ്രസിഡന്റ്, പ്രസിഡന്റാവുന്ന സുന്ദരമായ ആ  ദിനം സ്വപ്‌നം കണ്ട് ഓരോ രാത്രയിലും ഉറങ്ങിയതല്ലാതെ സുധാകരന് സ്വപ്‌നസാഫല്യമുണ്ടായില്ല.

കെ സി വേണുഗോപാൽ ഹൈക്കമാൻഡ് ആയതാണ് ഈ തിരിച്ചടിക്കെല്ലാം കാരണമെന്ന് കെ സുധാകരന്റെ പ്രതികരണം.
മുല്ലപ്പള്ളിയെ സ്ഥാനാർത്ഥിയാക്കി, പ്രസിഡന്റ് സ്ഥാനത്തു നിന്നും ഇറക്കാനുള്ള നീക്കവും അവസാന ഘട്ടത്തിൽ പാളി. എവിടെ വേണമെങ്കിലും മത്സരിക്കാമെന്ന് ഹൈക്കമാന്റ് പറഞ്ഞിട്ടും മുല്ലപ്പള്ളി മത്സരിക്കാൻ തയ്യറായില്ല. ആഗ്രഹമില്ലാത്തതുകൊണ്ടല്ല, എവിടെ നിന്നാലും പരാജയം ഉറപ്പാണെന്ന തിരിച്ചറിവാണ്. കെ പി സി സി യുമുണ്ടാവില്ല, എം എൽ എ സ്ഥാനവുമുണ്ടാവില്ലല്ലോ….

പി സി ചാക്കോ ആവാൻ എന്തായാലും സുധാകരന് താല്പര്യമില്ല, അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല എന്നു മാത്രം. തെരഞ്ഞെടുപ്പ് കഴിയട്ടേ, പ്രതികരിക്കാമെന്നാണ് കണ്ണൂരിലെ പടക്കുതിരയുടെ ഇപ്പോഴത്തെ നിലപാട്.

പാവപ്പെട്ടവരുടെ പാർട്ടിയുടെ ആകുലതകൾ

പാവങ്ങളുടെ പാർട്ടിയാണ് സി പി എം എന്നാണ് ഇപ്പോഴും നാട്ടുകാർ വിശ്വസിക്കുന്നത്. എന്നാൽ കേൾക്കുന്ന വാർത്തകളൊന്നും അങ്ങിനെയായിരുന്നില്ല. സി പി എമ്മിന്റെ  സംസ്ഥാന സെക്രട്ടറിയായിരുന്നു മൂന്ന് മാസം മുൻപുവരെ കോടിയേരി ബാലകൃഷ്ണൻ എന്ന തൊഴിലാളി നേതാവ്. ജീവിതത്തിൽ പ്രത്യേകിച്ച് ഒരു തൊഴിലും ചെയ്തിട്ടില്ലെങ്കിലും സമ്പന്നരാണ്  പൊളിറ്റ് ബ്യൂറോ അംഗമായ കോടിയേരി ബാലകൃഷ്ണനും കുടുംബവും. കോടികളുടെ ബിസിനസ് നടത്തുന്ന മക്കൾ. ലക്ഷങ്ങളുടെ ഫോൺ ഉപയോഗിക്കുന്ന  ഭാര്യ. ഇതൊക്കെ പരിഗണിച്ചാൽ അറിയാം പാവപ്പെട്ട പാർട്ടിയുടെ സമ്പന്നത. ഒരു ലക്ഷത്തിലേറെ വിലയുള്ള ഫോൺ ആണത്രേ, വിനോദിനി മാഡം ഉപയോഗിച്ചിരുന്നത്. പണം കൊടുത്ത് മേടിച്ചതാണെന്നാണ് കോടിയേരി സഖാവ് പറയുന്നത്. പാവപ്പെട്ട കോടിയേരി….അതിലും ലളിത ജീവിതം നയിക്കുന്ന വിനോദിനി മാഡം എന്നിവരെ കേരളജനത തെറ്റിദ്ധരിച്ചല്ലോ.


എന്തായാലും കസ്റ്റംസ് അയച്ച നോട്ടീസ് വിനോദിനി മാഡം ഇതുവരെയും കണ്ടിരുന്നില്ലത്രെ. എന്തായാലും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കസ്റ്റംസിനെ കണ്ടാൽമതിയെന്നാണ് പാവങ്ങളുടെ പാർട്ടിയുടെ നേതാക്കൾ നൽകിയ നിർദ്ദേശമത്രെ.
ഡോളർ കടത്തു കേസിൽ നോട്ടീസ് ലഭിച്ച ശ്രീരാമകൃഷ്ണനും ചോദ്യം ചെയ്യലിന് ഹാജരാവേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കയാണ്. ഔദ്യോഗിക തിരക്കുകൾ കാരണം ഹാജരാവാൻ കഴിയില്ലെന്നാണ് സ്പീക്കർ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ഹാജരാവാനിയിരുന്നു നോട്ടീസ്.


കുഞ്ഞൂഞ്ഞ് പുതുപ്പള്ളിവിടുമോ ?  

അമ്പതുവർഷത്തിനുശേഷം പുതുപ്പള്ളിക്ക് പുറത്തേക്ക് പോവുമെന്ന വാർത്ത ശരിയല്ലെന്നാണ് കുഞ്ഞൂഞ്ഞ് പറയുന്നത്. പുതുപ്പള്ളിയെന്നാൽ കുഞ്ഞൂഞ്ഞ് എന്നും കുഞ്ഞൂഞ്ഞ് എന്നാൽ പുതുപ്പള്ളിയെന്നുമാണ് നാട്ടുകാർ പറയുന്നത്. എം എൽ എ, ധനമന്ത്രി, മുഖ്യമന്ത്രി എന്നീ നിലയിലെത്താൻ ഉമ്മൻ ചാണ്ടിയോടൊപ്പം നിന്ന പുതുപ്പള്ളിയെ എങ്ങിനെ മറക്കാൻ…


തിരുവനന്തപുരത്തെ  നേമം പിടിക്കലാണ് കോൺഗ്രസിന്റെ ലക്ഷ്യമത്രേ…..കേരളത്തിലെ ഗുജറാത്താണ് നേമം എന്നാണല്ലോ കുമ്മനം ജിയുടെ പ്രഖ്യാപനം. ബി ജെ പി ഇത്തവണ അവതരിപ്പിക്കുന്ന നേമത്തിന്റെ രാജേട്ടൻ  കുമ്മനം രാജേട്ടനാണല്ലോ.
കുമ്മനം കോട്ടയം കാരനാണ്, അതിനാൽ കോട്ടയം കാരനായ കുഞ്ഞൂഞ്ഞ് തന്നെ നേമത്ത് മത്സരിക്കുന്നതാണല്ലോ ഹീറോയിസം.
എന്തു വിലകൊടുത്തും നേമം പിടിക്കണമെന്നാണ് ഹൈക്കമാൻഡിന്റെ  നിർദ്ദേശം. നേമത്ത് മത്സരിക്കാൻ കുഞ്ഞൂഞ്ഞ് എത്തുമെന്നാണ് വാർത്തകൾ. ശക്തനായ നേതാവ് നേമത്ത് മത്സരിപ്പിക്കണം, നേമം പിടിച്ചാൽ അത് ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാവും. കേരളത്തിലെ ഗുജറാത്തിൽ ഇതോടെ മത്സരത്തിന് തീപാറും.
പുൽപ്പള്ളി വിട്ട് ഇന്നുവരെ പുറത്തുപോയിട്ടില്ല  ഉമ്മൻ ചാണ്ടി.  അമ്പതു വർഷമായി പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞായി, പുതുപ്പള്ളിക്കാർക്കുവേണ്ടി പ്രവർത്തിച്ചു, ജീവിതത്തിൽ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുന്നതിനെകുറിച്ച് ചിന്തിച്ചതുപോലുമില്ല.

ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടുമ്പോൾ മകൻ ചാണ്ടി പുതുപ്പള്ളിയിൽ യുവരാജാവായി വരുമോ എന്നു മാത്രമാണ്  അറിയേണ്ടത്.

ഹരിപ്പാട് വിട്ട് എങ്ങോട്ടുമില്ലെന്നെന്നും, എന്റെ അമ്മയെ പോലെയാണ് ഹരിപ്പാടെന്നും ചെന്നിത്തല പ്രസ്താവിച്ചതോടെ നേമത്തേക്ക് ചെന്നിത്തലയില്ലെന്ന് വ്യക്തം.

പാലക്കാട് നഗരം വികസിപ്പിക്കാനുള്ള പദ്ധതികൾ ആരംഭിച്ചത്രേ

എം എൽ എയായാൽ പാലക്കാട് നഗരം അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുമെന്നാണ് മെട്രോമാൻ പറയുന്നത്. പാലക്കാട് എൻ ഡി എയുടെ സ്ഥാനാർത്ഥിയായി ഇ ശ്രീധരനെ ഔദ്യോഗികമായി പ്രഖ്യാപിതിനുശേഷം അദ്ദഹം പാലക്കാട് നഗരം മൊത്തമൊന്ന് കണ്ടു.

പൊളിച്ച് പണിയേണ്ട പാലത്തിന്റെയും കെട്ടിടങ്ങളുടെയും കണക്കെടുപ്പും നടത്തി. വികസന പ്രവർത്തനങ്ങളുടെ ബ്ലൂ പ്രിന്റും എടുത്താണ് ശ്രീധരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്.  പാലക്കാട് മത്സരിക്കുന്നത് ജയിക്കുമെന്ന പ്രതീക്ഷയിലാണ്. രാഷ്ട്രീയമൊന്നുമല്ല പറയുന്നത്, വികസനം മാത്രം…  മെട്രോമാൻ ജയിക്കട്ടെ, പാലക്കാട് വികസിക്കട്ടെ…

ആർ എം പിക്ക് പിന്തുണയില്ല; രമയാണെങ്കിൽ മാത്രം പിന്തുണ

വടകരയിൽ ആർ എം പിയോട് കോൺഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്നായിരുന്നു കോഴിക്കോട്ടെ പ്രധാന രാഷ്ട്രീയ ചർച്ച. ആർ എം പി കോൺഗ്രസിനെ അത്രയേറെ സഹായിച്ച പാർട്ടിയാണ്. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളിയുടെ ആർ എം പി വിരോധം വലിയ ചർച്ചയായതാണ്

 ടി.. പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതോടെ സി പി എമ്മിന് വടകരയിൽ വലിയ തിരിച്ചടിയാണ് ഉണ്ടായത്. കോൺഗ്രസ് പറയുന്നത് കെ കെ രമ മത്സരിക്കട്ടെ…. പിന്തുണയ്ക്കാം. രമ മത്സരിച്ചാൽ സഹതാപവോട്ട് ലഭിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. ആർ എം പി നേതാവ് ആർ വേണുവിനെ മത്സരിപ്പിക്കാനാണ് ആർ എം പി യുടെ തീരുമാനം. കോൺഗ്രസിന്റെ നിർദ്ദേശം ആർ എം പി അംഗീകരിക്കുമോ, അതോ ആർ എം പി തനിച്ച് മത്സരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ലീഗിന് ഒടുവിൽ വനിതാ സ്ഥാനാർത്ഥി

അത്ഭുതങ്ങൾ സംഭവിക്കുന്നു, മുസ്ലിംലീഗ് ഒരു വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു. കോഴിക്കോട് സൗത്തിലാണ് ലീഗിന് വനിതാ സ്ഥാനാർത്ഥിയുണ്ടായിരിക്കുന്നത്.

സ്ത്രീകളെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതെന്ന് സമതയെപോലുള്ള സംഘടനകൾ മുസ്ലിംലീഗിന് താക്കീത് നൽകിയിരുന്നു. എന്നിട്ടും കോഴിക്കോട് വനിതാ സ്ഥാനാർത്ഥിയുണ്ടാവുന്നു.
മതനേതാക്കളുടെ അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തൽ.

റാന്നിയിലും പ്രതിഷേധം

കുറ്റ്യാടിയിൽ കേരളാ കോൺഗ്രസിനെതിരെയുർന്ന പ്രതിഷേധത്തിനു ശേഷം റാന്നിയിലും കലാപം. റാന്നിയിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പ്രമോദ് നാരായണനെ അംഗീകരിക്കില്ലെന്നാണ് റാന്നിയിലെ കേരളാ കോൺഗ്രസ് അടക്കമുള്ള എൽ ഡി എഫ് പ്രവർത്തകരുടെ നിലപാട്.


വാൽക്കഷണം:

നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി ആരുവന്നാലും ബി ജെ പിക്ക് ഭയമില്ലത്രേ.  35 സീറ്റു കിട്ടിയാൽ കേരളം ബി ജെ പി ഭരിക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നു. കുതിരക്കച്ചവടമാണ് സുരേന്ദ്രന്റെ ലക്ഷ്യമെന്നാണ് കോടിയയേരി പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here