രാജേഷ് തില്ലങ്കേരി

ഒടുവിൽ കരുത്തനായി, ഇനി നേമം പിടിച്ചാൽമതി…നേമം പിടിക്കാൻ ഒരു കരുത്തൻ വരുമെന്ന് പറഞ്ഞപ്പോൾ അത് നമ്മുടെ ലീഡറുടെ മകൻ ആയിരിക്കുമെന്ന് ആരും കരുതിയില്ല. വട്ടിയൂർക്കാവിൽ മത്സരിക്കാനായിരുന്നു മുരളീധരന് താല്പര്യം, എന്നാൽ എം പി മാർ ആരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നായിരുന്നു ഹൈക്കമാൻഡിന്റെ നിർദ്ദേശം. എന്നാൽ ശക്തരാണെന്ന് സ്വയം ഉറപ്പില്ലാത്തതിനാൽ നേമത്ത് മത്സരിക്കാൻ ധൈര്യമില്ലാത്ത അശക്തരെല്ലാം രംഗവിട്ടു. ഇന്ദുലേഖാ പരിണയത്തിന് വന്ന സൂരി നമ്പൂതിരിപ്പാടിന്റെ അവസ്ഥയിലായി ഹൈക്കമാന്റ്.

നേമത്ത് ഒരു കരുത്തനെ ഇറക്കണം. ശാരീരികമായി കരുത്തൻ കെ സുധാകരനാണ്, എന്നാൽ നേമത്ത് മത്സരിക്കാൻ സുധാകരനെ നിശ്ചയിക്കാൻ ഹൈക്കമാന്റിന് താല്പര്യമില്ല. കുറച്ചുകാലമായി നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന കെ മുരളീധരനെ തിരികെ കൊണ്ടുവരിക, വട്ടിയൂർക്കാവിലെ പഴയ എം എൽ എയെ നേമത്തിറക്കുക,അപ്പോ മുരളീധരൻ വടകരയിൽ എം പിയല്ലേ സാർ… ഓ… ഹൈക്കമാന്റ് വിചാരിച്ചാൽ അതൊന്നും പ്രശ്‌നമല്ലെന്നേ…

ആ നിയമം പാലിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ പുതിയ കണ്ടെത്തൽ. വൈദ്യൻ കൽപ്പിച്ചതും രോഗി  ഇച്ഛിച്ചതും നേമം. അങ്ങിനെ മുരളീധരൻ ബാക്ക് ടു ട്രിവാൻഡ്രം. വടരകയിൽ ഇതുപോലെ മത്സരിക്കാൻ ആരും തയ്യാറല്ലാതെ വന്നു, ആരുണ്ടെടാ വടകരയെ ലച്ചിപ്പാൻ എന്ന ചോദ്യത്തിന്, അടിയൻ ലച്ചിപ്പോ എന്നു പറഞ്ഞ് വടകരയ്ക്ക് കയറിയതാണ് മുരളീധരൻ. വടക്കൻ കളിയിലെ അങ്കങ്ങളും അടവുകളും പകുതി പോലും പഠിച്ചിട്ടില്ല കണ്ണോത്ത് കരുണാകരൻ മകൻ കെ മുറീധരൻ. എങ്കിലും അടവുകൾ പിഴക്കാതെ നോക്കാൻ അറിയാം. അങ്കം പഠിക്കാത്ത കാലത്ത് ഉണ്ടായ വീഴ്ചകളും ഒരു പാഠമാണ് മുരളീധരന്‍.
ഉമ്മൻ ചാണ്ടിയെ ആയിരുന്നുപോലും നേമത്ത് പരിഗണിച്ചിരുന്നത്. എന്നാൽ പുതുപ്പള്ളി നാടകത്തോടെ കരുത്തുകുറവാണെന്ന തിരിച്ചറിവിൽ ഉമ്മൻചാണ്ടി സാർ നേമത്ത് നോ പറഞ്ഞു.

ചെന്നിത്തല സാറാണെങ്കിൽ അമ്മയെ വിട്ടുവരാൻ തയ്യാറുമല്ല. ഹരിപ്പാട് എന്റെ ഹൃദയവികാരമാണെന്ന് ചെന്നിത്തല സാർ പെട്ടെന്ന് പ്രഖ്യാപിച്ചു. അവിടെ അയ്യോ അച്ഛാ പോവല്ലേ എന്നൊന്നും പറയാൻ ആരുമില്ലെന്ന സത്യം ചെന്നിത്തലയ്ക്ക് അറിയാമല്ലോ.
നേമത്ത് മത്സരിക്കാൻ ശക്തനെ കൊണ്ടുവരുമെന്ന് കേട്ടപ്പോൾ മുൻഡപ്യൂട്ടി സ്പീക്കർ എൻ ശക്തനായിരിക്കുമെന്നും തെറ്റിദ്ധാരണയുണ്ടായത്രേ.

പാർട്ടി പറഞ്ഞാൽ നേമത്ത് മത്സരിക്കാൻ തയ്യാറാണെന്നും, നേമം ബി ജെ പിയുടെ കുത്തക സീറ്റല്ലെന്നും കെ മുരളീധരൻ പറയുന്നുണ്ടായിരുന്നു.  ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. നേമത്ത് പതിവു തെറ്റിക്കാമായിരുന്നുവെങ്കിൽ മറ്റുചില എം പിമാർക്കും പറ്റുമായിരുന്നു. അത്തരമൊരു ആഗ്രഹവും നിലവിൽ പലർക്കുമുണ്ടായിരുന്നുവല്ലോ.


ചില്ലറക്കാരനല്ല ഈ കുഞ്ഞ്; കളമശ്ശേരിയിൽ ലീഗ് സ്ഥാനാർത്ഥി കുഞ്ഞിന്റെ കുഞ്ഞ്

പാലാരിവട്ടം പാലം അഴിമതി കേസ്, വൈറ്റ് റോഡ് അഴിമതി കേസ് തുടങ്ങിയ കേസുകളിൽ കുരുങ്ങിയ ഇബ്രാഹിംകുഞ്ഞ് സിറ്റിംഗ് സീറ്റായ കളമശ്ശേരിയിൽ വീണ്ടും മത്സരിക്കാൻ ശ്രമം നടത്തി. മുസ്ലിം ലീഗ് നേതാക്കൾ അതി ശക്തമായി ഈ നീക്കത്തെ എതിർത്തു. പാലാരിവട്ടം അഴിമതികേസിൽ ജാമ്യത്തിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം മുസ്ലിംലീഗിന് വലിയ തിരിച്ചടിയാവുമെന്ന തിരിച്ചറിവോടെ കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചു.

 കളമശ്ശേരിയിൽ മത്സരിക്കാൻ സീറ്റില്ലെങ്കിൽ തന്റെ കുഞ്ഞിനെ പരിഗണിക്കണമെന്നായി ഇബ്രാഹിംകുഞ്ഞ്. താനല്ലെങ്കിൽ മകനെന്ന നിർദേശവുമായി ഇബ്രാഹിംകുഞ്ഞ് എത്തുമെന്ന് നേരത്തെ അറിയാമായിരുന്ന ജില്ലാ നേതൃത്വം അതു തടയാനായി ഏറെ ശ്രമം നടത്തി. സംസ്ഥാന നേതാക്കൾക്ക് ഇബ്രാഹിംകുഞ്ഞിനെ അങ്ങിനെ ഒഴിവാക്കാൻ പറ്റില്ല. കുഞ്ഞിടഞ്ഞാൽ പലതും പുറത്തുവരും. കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും വിശ്വസ്തനാണ് ഇബ്രാഹിംകുഞ്ഞ്. അതിനാൽ കളമശ്ശേരിയിൽ മകനെ മത്സരിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചു,

രക്ഷകാ …. എന്റെ പാപഭാരമെല്ലാം ഏൽക്കണേ…..

പുതുപ്പള്ളിക്കാർ ഇന്നലെയാണ് ആ സത്യം തുറന്നു പറഞ്ഞത്, പുതുപ്പള്ളിക്കാരുടെ കൺകണ്ട ദൈവമാണ് കുഞ്ഞുഞ്ഞ് എന്ന്. ഇത് കേട്ടപ്പോൾ തൃപ്പൂണിത്തുറക്കാർ ഒരിക്കലും വിശ്വസിച്ചിരുന്നില്ല, കെ ബാബുവിന്റെയും ദൈവം കുഞ്ഞൂഞ്ഞായിരിക്കുമെന്ന്.  തൃപ്പൂണിത്തുറക്കാർക്ക് ഒരു ദൈവമേയുള്ളൂ… അത് പൂർണത്രയീശ്വനാണ്. കെ ബാബു എല്ലാ ദിവസവും പൂർണത്രയീശ്വന്റെ സന്നിധിയിലെത്തും, പ്രാർത്ഥിക്കും, സങ്കടങ്ങൾ പറയും.  എന്നാൽ കെ ബാബു പറയുന്നത് കേട്ടോ…എന്റെ ജീവിതത്തിൽ രക്ഷകൻ കുഞ്ഞൂഞ്ഞാണെന്ന്. തൃപ്പൂണിത്തുറയിൽ നിന്നും മത്സരിപ്പിച്ച് എം എൽ എയായി. നാലാംവട്ടം എം എൽ എ ആയപ്പോൾ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി. ചാണ്ടിസാർ കെ ബാബുവിനെ മന്ത്രിയാക്കി. നല്ല വീര്യമുള്ള വകുപ്പ്തന്നെ വകുപ്പ് നൽകി. ബാർ അടയ്ക്കാനും, തുറക്കാനും പണം കിട്ടുന്ന കിടിലൻ വകുപ്പ്. അങ്ങിനെ അടച്ച ബാർ തുറക്കാൻ പണം വാങ്ങിയെന്ന ആരോപണം ബാബുവിന്റെ പൊളിറ്റിക്കൽ ലൈഫിൽ കരിനിഴൽ വീഴ്ത്തി.

അഴിമതിയാരോപണം നേരിട്ടപ്പോൾ ചെന്നിത്തലയുടെ പൊലീസ് കേസെടുത്തു. എന്നിട്ടും തൃപ്പൂണിത്തുറയിൽ ഉമ്മൻചാണ്ടി സീറ്റ് വാങ്ങിച്ചുനൽകി. എന്നാൽ എൽ ഡി എഫിലെ എം സ്വരാജിനോട് വൃത്തിയായി തോറ്റതോടെ രണ്ട് വർഷം വീട്ടിൽ അജ്ഞാതവാസം അനുഷ്ടിച്ചു ബാബു.  ഇനി കെ ബാബു പൊതുപ്രവർത്തന രംഗത്തുണ്ടാവില്ലെന്ന് കോൺഗ്രസുകാർ അടക്കം പറഞ്ഞു. എന്നാൽ ഉമ്മൻ ചാണ്ടി ബാബുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.


എല്ലാം അസ്തമിച്ചുവെന്ന് പറഞ്ഞിരുന്നിടത്തുനിന്നും കെ ബാബു ഫീനിക്‌സ് പക്ഷിയായി ഉയർത്തെഴുനേൽക്കുകയാണ്. ഒരു വർഷമായി കെ ബാബു വീണ്ടും മണ്ഡലത്തിൽ സജീവമായിരുന്നു. കോൺഗ്രസ് പ്രവർത്തകരോട് ബാബു വളരെ രഹസ്യമായി പറഞ്ഞു, ഞാൻ വീണ്ടും മത്സരിക്കും, ജയിച്ചുമാത്രമേ പിൻമാറൂ…

വീണ്ടും രക്ഷകാനായി ഉമ്മൻചാണ്ടിയെത്തി, കെ ബാബുവിന് സീറ്റ് വാങ്ങിച്ചുകൊടുത്തു. ജയിക്കേണ്ടത് ബാബുവിന്റെ ബാധ്യതയാണ്. എം സ്വരാജിനെ തളയ്ക്കാനുള്ള അടവുകളുമായാണ് ഇത്തവണ ബാബു എത്തുന്നത്.
പൂർണ്ണത്രയീശ്വാ ബാബുസാറെ കാത്തോണേ….

ചിഞ്ചുറാണിയെ വേണ്ടെന്ന് ചടയമംഗലത്തെ സി പി ഐ; പറവൂരിലും കലാപം

ചിഞ്ചുറാണി, പേരിൽതന്നെ  പുതുമയുള്ള സ്ഥാനാർത്ഥിയായിരുന്നു പക്ഷേ, എന്തു ചെയ്യാനാ ചടയമംഗലത്തെ പിന്തിരിപ്പമന്മാരായ സി പി ഐ കാർക്ക് ചിഞ്ചുറാണിയെ വേണ്ടെന്ന്. സ്ഥാനാർത്ഥിയെ മാറ്റണമെന്നാണ് സി പി ഐ ക്കാരുടെ ആവശ്യം. ഇല്ലെങ്കിൽ വിമത സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് ഭീഷണി.

ചടയമംഗലത്ത് പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങൾ നടക്കവെയാണ് പറവൂരിലും കലാപം ആരംഭിക്കുന്നത്.  പറവൂരിലും സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് മുതിർന്ന വനിതാ സഖാവ് രാജിവച്ചു. രമാശിവശങ്കരനാണ് പാർട്ടിയിൽ നിന്നും  രാജിവച്ചത്. പാർട്ടി രമാശിവശങ്കരനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചിരിക്കയായിരുന്നു. പെട്ടെന്നാണ് പറവൂരിലെ സ്ഥാനാർത്ഥി മറ്റൊരാളാണ് എന്ന് തിരിച്ചറിയുന്നത്. ആർക്ക് സഹിക്കും , അപ്പോതന്നെ രമാ ശിവശങ്കർ പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൊടുത്തുകളഞ്ഞു. പറവൂരിൽ വിപ്ലവം ജയിക്കട്ടെ.

പുരപ്പുറത്ത് കയറുന്ന നാടകം

പലവിധ നാടകങ്ങളാണ് കേരളത്തിൽ അങ്ങേറുന്നത്. അതിൽ ഏറ്റവും സൂപ്പർ നാടകം അരങ്ങേറിയത്  പുതുപ്പള്ളിയിലായിരുന്നു. ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമെന്ന വാർത്ത വന്നതോടെ പ്രവർത്തകർ ചാണ്ടി സാറിന്റെ വീട് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. വിട്ടുതരില്ല, വിട്ടുതരില്ല, ചാണ്ടിസാറെ വിട്ടുതരില്ല എന്നായിരുന്നു മുദ്രാവാക്യം. സാർ എങ്ങോട്ടും പോവില്ലെന്നും, പുതുപ്പള്ളിയിലെ ദൈവം അദ്ദേഹമാണെന്നുമായിരുന്നു കലാപരിപാടിയിൽ പങ്കെടുത്തവരുടെ അഭിപ്രായം. ഒരു ആത്മാർത്ഥതയുള്ള കോൺഗ്രസ് പ്രവർത്തകൻ ചാണ്ടിസാറിന്റെ  വീടിന്റെ മുകളിൽ കയറിയിരുന്നു കളഞ്ഞു. ഇതോടെ നേമത്തേക്ക് ഉമ്മൻ ചാണ്ടിയെ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.


പൊക്കിൾകൊടി ബന്ധമാണ് ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയുമായുള്ളത്. അമ്മയെപ്പോലെ എന്നൊന്നും ചാണ്ടിസാർ പറഞ്ഞില്ലന്നേയുള്ളൂ. പക്ഷേ, പ്രവർത്തകരുടെ സ്‌നേഹത്തിന് മുന്നിൽ കണ്ണുനിറഞ്ഞുപോയി….ഹൃദയം പറിച്ചു നൽകാൻ തയ്യാറായി വന്നിരിക്കുന്ന പ്രവർത്തകർക്കുമുന്നിൽ ….കണ്ഠമിടറിപ്പോയി ചാണ്ടിസാറിനും….ഹോ…

കല്പറ്റയിലേക്ക് വരത്തൻ വേണ്ടെന്ന് റോസ കുട്ടി ടീച്ചർ

കല്പറ്റയിൽ ആരായിരിക്കും സ്ഥാനാർത്ഥിയെന്ന് കോൺഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്തായാലും വയനാടുനിന്നുള്ളവർ മതിയെന്നാണ് കെ പി സി സി വൈസ് പ്രസിഡന്റായ റോസക്കുട്ടി ടീച്ചർ പറയുന്നത്. ടി സിദ്ദിഖ് സ്ഥാനാർത്ഥിയാവുമെന്ന വാർത്ത വന്നതോടെയാണ് ടീച്ചർ എതിർപ്പുമായി രംഗത്തെത്തിയത്.

സീറ്റുമോഹികൾ പലരും; ബി ജെ പിയിലേക്കെന്ന് സൂചന….

വിജയൻ തോമസ് കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ട് ബി ജെ പിയിൽ അംഗത്വം സ്വീകരിച്ചു. ഇപ്പോഴിതാ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും പാർട്ടി വിടാൻ ഒരുങ്ങുകയാണ്. ശരത് ചന്ദ്രപ്രസാദ് ബി ജെ പി സ്ഥാനാർത്ഥിയാവുമെന്ന പ്രചാരണവും ശക്തമാണ്. എന്നാൽ അദ്ദേഹം ആ വാർത്ത നിഷേധിച്ചിട്ടുണ്ട്. കഴക്കൂട്ടത്ത് ഡോ എസ് എസ് ലാലിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരിക്കയാണ്.

ഏറ്റുമാനൂരിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മഹിളാ കോൺഗ്രസ് നേതാവ് ലതിക. എന്നാൽ ഏറ്റുമാനൂർ കേരളാ കോൺഗ്രസ് ജോസഫ് കൊണ്ടുപോയി. ഇതോടെ വലിയ പ്രതിഷേധത്തിലായിരുന്നു ലതിക.

ലതികയെ കൂടെ നിർത്താൻ ഉമ്മൻ ചാണ്ടി…


പന്തളം പ്രതാപനും, വിജയൻ തോമസും ബി ജെ പി സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ ടോം വടക്കന്റെയൊന്നും പൊടിപോലും പിന്നീട് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. വിജയൻ തോമസിന് ആ ഗതി വരാതിരിക്കട്ടെ….

കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും; നേമത്ത് കുമ്മനം തന്നെ

ജേക്കബ്ബ് തോമസ്, സുരേഷ് ഗോപി, അൽഫോൻസ് കണ്ണന്താനം, നടൻ കൃഷ്ണകുമാർ തുടങ്ങിയ സ്ഥാനാർത്ഥിപട്ടികയുമായി ബി ജെ പി. സി കെ പത്മനാഭൻ ധർമ്മടത്ത് മുഖ്യമന്ത്രിയെ നേരിടും. മെട്രോമാൻ ഇ ശ്രീധരൻ പാലക്കാട് തന്നെ. പി കെ കൃഷ്ണദാസ് കാട്ടാക്കടയിൽ മത്സരിക്കും, ഡോ അബ്ദുൽ സലാം തിരൂരിൽ മത്സരിക്കും. രണ്ട് മുസ്ലിം സ്ഥാനാർത്ഥികളും, എട്ട് ക്രിസ്ത്യൻ സ്ഥാനാർത്ഥികളെയും മത്സരിപ്പിക്കാൻ തീരുമാനിച്ചുവെന്ന് കെ സുരേന്ദ്രൻ അറിയിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് അൽഫോൻസ് കണ്ണന്താനം മത്സരിക്കുക. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കാനാണ് കെ സുരേന്ദ്രനോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന അധ്യക്ഷന് രണ്ട് മണ്ഡലത്തിൽ മത്സരിക്കാനുള്ള നിർദ്ദേശം നൽകിയതിലൂടെ ശബരിമല വീണ്ടും ചർച്ചയ്ക്ക് വരുമെന്നാണ് നിഗമനം.


സുരേഷ് ഗോപിയെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് തീരുമാനം . എന്നാൽ സുരേഷ് ഗോപി ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കയാണ്. പത്ത് ദിവസത്തെ നേമത്ത് കോൺഗ്രസിന്റെ കരുത്തനായ സ്ഥാനാർത്ഥി വരുമെന്ന പ്രചാരണം ശക്തമായതോടെ കുമ്മനത്തെ നേമത്തു നിന്നും മാറ്റിയേക്കുമെന്നായിരുന്നു പ്രചാരണം.

മാനന്തവാടിയിൽ സി കെ ജാനു സ്ഥാനാർത്ഥിയാവുമെന്നായിരുന്നു ആദ്യഘട്ടത്തിൽ വന്ന വാർത്തകൾ. എന്നാൽ സി കെ ജാനുവിന്റെ പേര് മാന്തവാടിയിൽ ഉൾപ്പെട്ടില്ല. സന്ദീപ് വാര്യർ ഷൊർണ്ണൂർ മണ്ഡലത്തിൽ മത്സരിക്കും.

കുറ്റ്യാടിയിൽ സി പി എം തന്നെ; കേരളാ കോൺഗ്രസ് 12 സീറ്റിൽ ഒതുങ്ങും

സി പി എം പ്രവർത്തകരുടെ  പ്രതിഷേധം ശക്തമായതോടെ കുറ്റ്യാടി സീറ്റ് ഉപേക്ഷിക്കാൻ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം തീരുമാനിച്ചു. തീരുമാനം അതേപോലെ തുടരുമെന്ന സി പി എമ്മിന്റെ പ്രഖ്യാപനം ഒന്നും ഫലം കാണില്ലെന്ന തിരിച്ചറിവാണ് സീറ്റ് ഉപേക്ഷിക്കാൻ കേരളാ കോൺഗ്രസിനെ നിർബന്ധിതരാക്കിയത്. പ്രതിഷേധം താല്ക്കാലികമാണെന്നായിരുന്നു സി പ എമ്മിന്റെ ആദ്യ കണക്കുകൂട്ടലുകൾ. 

എന്നാൽ പ്രവർത്തകർ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെ സംഘടന നിലനിൽക്കുകയെന്ന അടിസ്ഥാനപരമായ തീരുമാനത്തിലേക്ക് സി പി എം എത്തിച്ചേരുകയായിരുന്നു. വലിയൊരു പൊട്ടിത്തെറിയിലേക്ക് പാർട്ടി പോവുമെന്ന ഘട്ടത്തിലാണ് കുറ്റ്യാടി മണ്ഡലത്തിൽ സി പി എം മത്സരിക്കാൻ തീരുമാനത്തേലേക്ക് പോവുന്നത്. 2016 ൽ ഇതേ പ്രശ്‌നത്തിന്റെ പേരിൽ നഷ്ടമായ സീറ്റാണ് കുറ്റ്യാടി. കെ കെ ലതികയായിരുന്നു അന്ന് സ്ഥാനാർത്ഥി.

വാൽക്കഷണം :

കേരളത്തിലെ കോൺഗ്രസുകാർ ഒറ്റ ചോദ്യമാണ് ചോദിക്കുന്നത്. അതേ, നേമത്ത് മാത്രം ജയിച്ചാൽ കേരളം ഭരിക്കാൻ പറ്റുമോ. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ ഇറക്കും, ഭരണം പിടിക്കുമെന്നൊക്കെ പറഞ്ഞിട്ടും ഗ്രൂപ്പടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥികളെയാണല്ലോ ഇറക്കുന്നതെന്ന്…
എന്ത് പറയാനാ… ഇതൊക്കെ പറഞ്ഞിരുന്ന മുരളീധരൻ സ്ഥാനാർത്ഥിയായി എന്നല്ലാതെ കോൺഗ്രസിൽ ഒരു മാറ്റവുമില്ലന്നേ…

LEAVE A REPLY

Please enter your comment!
Please enter your name here