സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയൻ-കെ സുരേന്ദ്രൻ കൂട്ടുകെട്ട് നിലനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർഎസ്എസ് സൈദ്ധാതികൻ ആർ ബാലശങ്കറിന്റെ തുറന്നുപറച്ചിൽ സിപിഎം – ബിജെപി കൂട്ടുകച്ചവടം വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണെന്നും ചെന്നിത്തല പറയുന്നു.

ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിനെ ബിജെപി സഹായിക്കും കോന്നിയിൽ തിരിച്ചും; ആരോപണവുമായി ആർ ബാലശങ്കർ

‘നാലു വോട്ടിനു വേണ്ടി എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് സിപിഎം. അഴിമതി മൂടിവയ്ക്കുന്നതിനായി ആരംഭിച്ച ഡീൽ ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. തില്ലങ്കേരി മോഡൽ അവിശുദ്ധബന്ധം കേരളം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ് സിപിഎമ്മും ബിജെപിയും. സിപിഎമ്മിന്റെയും ബിജെപിയുടെയും അവിശുദ്ധ ബന്ധം പ്രബുദ്ധ കേരളം തള്ളിക്കളയും.’ ചെന്നിത്തല പറഞ്ഞു.

ചെങ്ങന്നൂരിൽ തനിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നിൽ സിപിഎമ്മാണെന്നായിരുന്നു ആർഎസ്എസ് സൈദ്ധാന്തികനും ഓർഗനൈസർ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ ആരോപണം. ചെങ്ങന്നൂരിലും ആറന്മമുളയിലും സിപിഎമ്മിനെ സഹായിക്കുന്നതിന് പ്രത്യുപകാരമായി കോന്നിയിൽ ബിജെപിക്ക് സിപിഎം സഹായം ചെയ്യുമെന്നും ബാലശങ്കർ ആരോപിച്ചു.

ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടിലെയും വിജയ സാധ്യതയാണ് കളഞ്ഞുകുളിച്ചിരിക്കുന്നത്. ഇവിടെ രണ്ടിടത്തും സിപിഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടുകൊണ്ടാണെന്നും ബാലശങ്കർ പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിപ്പിക്കുന്നത് ഈ ധാരണയുടെ പേരിലാണെന്നും ബാലശങ്കർ ആരോപിക്കുന്നു.

ബാലശങ്കറിന്റെ ആരോപണം ബി ജെ പിയെ ഏറെ  പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here