രാജേഷ് തില്ലങ്കേരി

” എന്ത് തോന്ന്യാസവും എഴുതിപ്പിടിപ്പിക്കാമെന്നാണോ, എന്തായീ ഇ ഡിയും കസ്റ്റംസുമെല്ലാം കരുതിയിരിക്കുന്നത്…. മുഖ്യമന്ത്രിയെയും സ്പീക്കറെയും ഒക്കെ കേസിൽ കുരുക്കി ഭരണത്തുടർച്ച ഇല്ലാതാക്കാമെന്നാണോ നിങ്ങൾ കരുതുന്നത്. നേതാക്കളെ കരിതേച്ചുകാണിക്കാനുള്ള നീക്കങ്ങൾ ജനം തിരിച്ചറിയും….നിയമപരമായും അല്ലാതെയും നേരിടും.  ”  സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഫെയിസ് ബുക്ക് കുറിപ്പാണിത്.

സ്വന്തമായി കോടതിയും അന്വേഷണ ഏജൻസിയുമൊക്കെയുള്ള പാർട്ടിയുടെ നേതാവാണ് ശ്രീരാമകൃഷ്ണൻ. അതിനാൽ പാർട്ടി കോടതിയും അന്വേഷണവും ഒക്കെ നടക്കുമായിരിക്കും വിഷയത്തിൽ. സ്വപ്‌നയുടെ ആരോപണം അന്വേഷിക്കാൻ കണ്ണൂരിൽ നിന്നും  പി ശശി, ഷൊർണ്ണൂരിൽ നിന്നും പി കെ  ശശി എന്നിവരെ നിയമിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

 സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആദ്യകാലംതൊട്ട് വിവാദ താരമായതാണ് സ്പീക്കർ ശ്രീരാമകൃഷ്ണൻ.  ശ്രീരാമകൃഷ്ണനുമായുള്ള സ്വപ്‌നയുടെ ബന്ധമൊന്നും വ്യക്തമല്ല. എന്നാൽ അത് ഏറെ സംശയാസ്പദവുമാണ്.  ഇപ്പോഴിതാ സ്വപ്‌നയുടെ പുതിയ മൊഴി പുറത്തുവന്നിരിക്കുന്നു. അത് ഏറെ ഗൗരവമുള്ളതാണ്.
 

 സ്വർണക്കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ആരോപണങ്ങളെല്ലാം കളവാണെന്ന് എന്നാണ് ശ്രീരാമകൃഷ്ണന്റെ പ്രതികരണം. എന്നിട്ടും സ്പീക്കറെ എല്ലാവരും എന്തിനാണ് ലക്ഷ്യമിടുന്നത് ? അതും ഈ തെരഞ്ഞെടുപ്പ് കാലത്ത് എന്നായിരിക്കും ഉടൻ വരാൻപോവുന്ന ചോദ്യം. ആ ചോദ്യമൊക്കെ അവിടെ നിൽക്കട്ടെ.

സ്വപ്‌ന പറഞ്ഞതിൽ കഴമ്പുണ്ടോ, അതോ ആരെങ്കിലും പറഞ്ഞു പറയിപ്പിക്കുന്നതാണോ എന്നൊക്കെ വരാനിരിക്കുന്നതേയുള്ളൂ.
അതൊക്കെ കേരളീയർക്ക് വ്യക്തമായി അറിയാൻ താല്പര്യമുണ്ടാവും. കാരണം കേരളാ സ്പീക്കർ ആണ് വിവാദത്തിൽ പെട്ടിരിക്കുന്നത്. സ്പീക്കർ എന്നത് സംസ്ഥാനത്തെ ഏറ്റവും ഉന്നതനാണ്.

സ്വപ്‌നയുടെ മൊഴി ഡിസംബറിൽ ഉണ്ടായതാണ്.  മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴികൊടുക്കാൻ നിർബന്ധിച്ചെന്നുള്ള ആരോപണം ഒരു ഭാഗത്ത് കത്തിക്കൊണ്ടിരിക്കെയാണ് എരിതീയിൽ എണ്ണയൊഴിക്കാനായി സ്വപ്‌നയുടെ മറ്റൊരു മൊഴിയെത്തിയിരിക്കയാണ്.  അതാണെങ്കിൽ കുറച്ചു ഹോട്ടുമാണ്. സോളാർ കേസ് ഹോട്ടായതും അങ്ങിനെയായിരുന്നല്ലോ. സോളാർ നായികയെ ഇറക്കി മറ്റൊരു കളിക്ക്  വട്ടമിട്ടപ്പോഴാണ് ഇതാ മറ്റൊരു ചൂടൻ കഥ പുറത്തുവരുന്നു. സ്പീക്കർ തന്റെ മാളത്തിലേക്ക് സ്വകാര്യമായി ക്ഷണിച്ചുപോലും.

കേരളത്തിലെ തെരഞ്ഞെടുപ്പിൽ വിവാദങ്ങൾ കൂടപ്പിറപ്പാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിളച്ചുമറിഞ്ഞത് സോളാറും, സരിതയും ബാർ കോഴയുമായിരുന്നു. ഇത്തവണ ഉയർന്നുവന്നത് സ്വർണക്കടത്തും, സ്വപ്‌നയും, പിന്നെ ആഴക്കടൽ മത്സ്യബന്ധവും. ഒപ്പം വിശ്വാസികളെ ഏറെ വേദനിപ്പിച്ച ശബരിമല വിഷയവും.

ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമായി വരില്ലെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. സ്വപ്‌നയും സ്വർണവും പിന്നെ ശിവശങ്കറും, ലൈഫ് അഴിമതിയുമൊക്കെയാവും ചർച്ചയെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ പെട്ടെന്നാണ് ചിത്രം മാറുന്നത്. സ്പീക്കർ ജിക്ക് വിഷയ താല്പര്യംകൂടി ഉണ്ടായിരുന്നു എന്നാണ് മൊഴി. ഫ്‌ളാറ്റിലേക്ക് പോവാത്തതിനാൽ പരിഗണിക്കപ്പെട്ടില്ല എന്നാണ് മൊഴിയിൽ പറയുന്നത്. തെരഞ്ഞെടുപ്പ് കഴിയും വരെ ഇതിനൊന്നും വ്യക്തമായ മറുപടിയുണ്ടാവില്ലെന്ന് എല്ലാവർക്കും അറിയാം.

ആഴക്കടലിൽ ആശങ്ക 

ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ കൊല്ലം, ആലപ്പുഴ രൂപത ആശങ്ക അറിയിച്ചു, കേന്ദ്രസർക്കാറിന്റെ അനുമതിയില്ലാതെയാണ് കേരളം ആഴക്കടൽ മത്സ്യബന്ധന കരാറുണ്ടാക്കിയതെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
 

 

സർക്കാർ വൻതുക, കോഴ വാങ്ങിയാണ് ആഴക്കടൽ മത്സ്യബന്ധന കരാർ നടപ്പാക്കിയതെന്നായിരുന്നു  കേന്ദ്ര മന്ത്രിയുടെ ആരോപണം.
ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച് കൊല്ലം രൂപത ഇടയലേഖനം വായിച്ചിരുന്നു. മുഖ്യമന്ത്രി ഇടയലേഖനത്തെ എതിർത്ത് രംഗത്തെത്തിയതുമൊക്കെ തീരദേശത്തെ രാഷ്ട്രീയം കൂടുതൽ കലുഷിതമാക്കിയിരിക്കയാണ്.  


പോരാട്ടം ശക്തം, തെരഞ്ഞെടുപ്പ് രംഗം തിളയ്ക്കുന്നു


ചുട്ടുപൊള്ളുന്ന ചൂടാണ് കേരളത്തിൽ, ഒപ്പം തിളച്ചുമറിയുന്ന തെരഞ്ഞെടുപ്പ് ചുടും. ശക്തമായ പോരാട്ടമാണ് കേരളത്തിൽ നടക്കുന്നത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ് ബി ജെ പി. ബി ജെ പിയുടെ മിക്കവാറും എല്ലാ നേതാക്കളും കേരളത്തിലെത്തിക്കഴിഞ്ഞു. പ്രധാനമന്ത്രിയും ഉടൻ എത്തും. ഇനി അധിക ദിവസമില്ല ഇനി തെരഞ്ഞെടുപ്പിന്, കോൺഗ്രസ് നേതാക്കളും, സി പി എം നേതാക്കളും കേരളത്തിൽ പ്രചരണരംഗത്ത് സജീവമാണ്. സീതാറാം യച്ചൂരി കുറേ ദിവസങ്ങളായി കേരളത്തിലുണ്ട്. പ്രകാശ് കാരാട്ട് ഇന്നോടെ കേരളത്തിലെത്തിയിട്ടുണ്ട്. സി പി ഐയുടെ നേതാവ് ആനി രാജയാണ് സജീവമായി കേരളത്തിലുള്ളത്.


ബി ജെ പി നേതാക്കളും കേന്ദ്രമന്ത്രിയുമായ  രാജ്
നാഥ്‌സിംഗ്, സ്മൃതി ഇറാനി തുടങ്ങിയവർ കേരളത്തിൽ വട്ടമിട്ടുപറക്കുകയാണ്. കോൺഗ്രസിന്റെ പ്രചരണത്തിന് രാഹുൽ മാത്രമേയുള്ളൂ. നല്ല അദ്ധ്വാനമാണ് രാഹുൽ ജി നടത്തുന്നത്.


പ്രതിപക്ഷമാണ് പ്രതികാരപക്ഷമാവരുത്


പ്രതിപക്ഷം പ്രതികാരപക്ഷമാവരുതെന്നാണ്  മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം. പ്രതിപക്ഷം കഴിഞ്ഞ അഞ്ചു വർഷം മുൻപ് കാണിച്ച പ്രതികാരമൊന്നും പിണറായി വിജയന് അറിയാത്തത് നന്നായി.


വിഷു
കിറ്റ് വിതരണവുമായി ഉണ്ടായ വിവാദമാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് കാരണം. അന്നം മുടക്കികളെന്നാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിശേഷിപ്പിച്ചത്. കിറ്റ് വോട്ടു തട്ടാനല്ല എന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കിറ്റിനെ ആരും എതിർക്കുന്നില്ലെന്നും, വോട്ടിനായി കിറ്റ് നൽകുന്നതിനെയാണ് എതിർക്കുന്നതെന്നുമാണ് ഹൈക്കമാന്റായി അഭിനയിക്കുന്ന കെ സി വേണുഗോപാലിന്റെ പ്രതികരണം. കിറ്റ് അല്ല ക്വിറ്റിന്ത്യ, നമ്മൾ കിറ്റിന് എതിരുമില്ല പക്ഷേ, ക്വിറ്റിന്ത്യാ സമരത്തിന് കമ്യൂണിസ്റ്റുകൾ എതിരായിരുന്നുവല്ലോ, അതാണ് നമ്മൾ പറയുന്നതെന്ന് വേണുഗോപാൽ പറയുമായിരിക്കും.


ശബരിമലയിൽ ഖേദമോ …. ആർക്ക് ഖേദം, എന്തിന് ഖേദം ?



ശബരിമലയിൽ സർക്കാർ കൈക്കൊണ്ട നടപടികളിൽ മന്ത്രി കടകംപള്ളി ഖേദപ്രകടനം നടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് പരിശോദിക്കുമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ശബരിമലയിൽ കോടതി വിധിയാണ് നടപ്പാക്കിയത്.
 
അതിൽ എന്തെങ്കിലും തെറ്റു പറ്റിയതായി ഇതുവരെ പാർട്ടി വിലയിരുത്തിയിട്ടില്ല. അതിനാൽ മന്ത്രി കടകം പള്ളിയുടെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും മന്ത്രിയോട് വിശദീകരണം ചോദിക്കുമെന്നും യച്ചൂരി പറയുന്നു.

ഹും, ഒരു തെരഞ്ഞെടുപ്പിവ് ജയിക്കാനുള്ള അടവുകൾ പയറ്റുമ്പോഴാണ്
പരിശോദനയും, വിശദീകരണവും.


ഗുരുവായൂരിൽ കെ എൻ എ ഖാദറനിന് ബി ജെ പി ബന്ധമെന്ന് മുഖ്യമന്ത്രിയുടെ ആരോപണം


ബി ജെ പിക്ക് സ്ഥാനാർത്ഥിയില്ലാത്ത ഗുരുവായൂരിൽ സ്ഥാനാർത്ഥിയില്ല,  മുസ്ലിംലീഗ് സ്ഥാനാർത്ഥി കെ എൻ എ ഖാദറിന് മുഖ്യമന്ത്രിയുടെ വിമർശനം

ഗുരുവായൂരിൽ കെ എൻ എ ഖാദർ ബി ജെ പി വോട്ട് നേടി ജയിക്കാനുള്ള നീക്കമെന്ന് മുഖ്യമന്ത്രിയുടെ ആരോപണം.



ശബരിമല തന്നെ എല്ലാവർക്കും ശബരിമല പ്രചരണായുധമാവില്ലെന്നായിരുന്നു കോൺഗ്രസ് ആദ്യമൊക്കെ പറഞ്ഞിരുന്നത്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നു, ശബരിമല പ്രചരണായുധമാവുമെന്ന്. ബി ജെ പി യുടെ എല്ലാ ദേശീയ നേതാക്കളും

കമൽഹാസാ…. പാർട്ടിയോട് കളിവേണ്ടാ….


കമ്യൂണിസ്റ്റുകളുടെ പ്രിയതോഴനായിരുന്നു ഉലകനായകൻ കമലഹാസൻ. കമലഹാസന്റെ കാണപ്പെട്ട നേതാവ് പിണറായി വിജയനും. എന്നാൽ തമിഴ്‌നാട്ടിലെ  സി പി എം നേതാക്കളോട് കമലഹാസന് ഒരു മമതയുമില്ല,  കാരണം കമ്യൂണിസ്റ്റുകൾ കോടികൾ വാങ്ങിയാണ് പ്രവർത്തിക്കുന്നതെന്നാണ് ആരോപണം.  റൊട്ടിയും ബന്നും  മാത്രം ലക്ഷ്യമിടുന്ന പാർട്ടി പ്രവർത്തകരെ, നേതാക്കൾ വഞ്ചിച്ചുവെന്നും, ഇരുപത്തിയഞ്ച് കോടി രൂപ അവർ എതിരാളികളിൽ നിന്നും ( ഡി എം കെ)  വാങ്ങി അവർക്കുവേണ്ടി പ്രവർത്തിക്കുകയാണെന്നാണ് കോയമ്പത്തൂരിൽ നിന്നും ജനവിധി തേടുത്ത മക്കൾ നീതിമയ്യം സ്ഥാനാർത്ഥിയുമായയ കമൽഹാസന്റെ ആരോപണം.

സീതാറാം യച്ചൂരിയുടെ മുൻവിധിയാണ് തമിഴ് നാട്ടിൽ കമ്യൂണിസ്റ്റുപാർട്ടിയുമായുള്ള ഐക്യംഇല്ലാതാക്കിയതെന്നും
കമലഹാസന്റെ ആരോപണം. ഡി എം കെ നേതാവ്  സ്റ്റാലിനെ വിശ്വസിക്കാനും പറ്റില്ലെന്നും കമല ഹാസൻ പറയുന്നു. എന്നാൽ കമൽ ഹാസൻ മുഖ്യമന്ത്രിയാവുമെന്ന് നടൻ പ്രകാശ് രാജിന്റെ അവകാശ വാദം… സിനിമ സൂപ്പർ ഹിറ്റാവുമെന്ന് പറയുന്ന അതേ ലാഘവത്തോടെയാണ് ഇതെന്നു മാത്രം.
സി പി എമ്മിനെ കുറിച്ച് കമലഹാസന് ഒരുചുക്കും അറിയില്ലെന്നാണ് തമിഴ്‌നാട്ടിലെ സി പി സി എം പ്രവർത്തകരുടെ ആരോപണം.
ഉലകനായകന് രക്ഷയില്ല അവിടെയെന്ന് സി പി എം തിരിച്ചറിഞ്ഞിരിക്കുന്നു.

വാൽക്കഷണം :

പിണറായി വിജയനാണ് അന്നം മുടക്കിയത്. നേരത്തെ കൊടുക്കേണ്ട അരി മുക്കിവച്ച് തെരഞ്ഞെടുപ്പിന് കൊടുക്കുകയാണ്. തെരഞ്ഞെടുപ്പിനായി കിറ്റ് വിതരണത്തെ ഉപയോഗിക്കുകയാണെന്നും രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും ആരോപിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here