കേരളാ ടൈംസ് അഭിപ്രായ സർവ്വെ – ഒന്നാം ഭാഗം



 

രാജേഷ് തില്ലേങ്കരി, ആഷാ മാത്യു, വിവേക് വിനയൻ, നിതിൻ ബാബു 

 

കാസർഗോഡ് (5): യു.ഡി.എഫ്- 3;എൽ.ഡി.എഫ് -2, കണ്ണൂർ(11); യു.ഡി.എഫ് -4; എൽ.ഡി.എഫ് -7,വയനാട് (3): യു.ഡി.എഫ്.-2;എൽ.ഡി.എഫ്-1, കോഴിക്കോട് (13): ചാഞ്ചാട്ടമുള്ള മണ്ഡലങ്ങൾ എൽ ഡി എഫിന് – 9 – 12; യു.ഡി.എഫ് -4-6, 


അഞ്ച്  ജില്ലകളിലെ തെരഞ്ഞെടുപ്പ്
അഭിപ്രായ സർവ്വേറിപ്പോർട്ട്
(കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകൾ)


കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാവില്ലെന്ന് കേരളാ ടൈംസ് പ്രതിനിധികൾ ഏറ്റവും അവസാന ഘട്ടത്തിൽ കേരളത്തിലെ മണ്ഡലങ്ങളിലൂടെ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ നിന്നും വ്യക്തമാകുന്നത്.  ആദ്യഘട്ടത്തിൽ എൽ ഡി എഫിനുണ്ടായിരുന്ന അനുകൂല തരംഗം ഇപ്പോഴില്ലെന്നും, ബി ജെ പിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്നും സർവ്വെ ഫലം പറയുന്നു.

കാസർകോട് ജില്ല  5

 
യു.ഡി.എഫ്- 3
എൽ.ഡി.എഫ്-2
 

കാസർകോട് ജില്ലയിൽ അഞ്ചിൽ മൂന്ന് സീറ്റുകളും ഇത്തവണ വിജയിക്കും. മഞ്ചേശ്വരം, കാസർകോട്, ഉദുമ സീറ്റുകളിൽ യു ഡി എഫ് വിജയിക്കുമെന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നത്. 

 

മഞ്ചേശ്വരം 

 ശക്തമായ ത്രികോണ മത്സരം നടക്കുന്ന അതിർത്തി  പ്രദേശമായ മഞ്ചേശ്വരം ബി ജെ പിക്ക് ലഭിക്കില്ലെന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ വ്യക്തമാവുന്നത്. മഞ്ചേശ്വരം മണ്ഡലം യു ഡി എഫ് നിലർത്തും. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് മഞ്ചേശ്വരം. സ്വർണത്തട്ടിപ്പ് കേസിൽ അകപ്പെട്ട എം സി കമറുദ്ദീനാണ് മഞ്ചേശ്വരത്തെ എം എൽ എ. കമറുദ്ദീൻ ഉണ്ടാക്കിയ ഡാമേജിൽ നിന്നും ലീഗ് കരകയറിയെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന വിവരം. എ കെ എ ലത്തീഫാണ് മഞ്ചേശ്വരത്തെ യു ഡി എഫ് സ്ഥാനാർത്ഥി. എൽ ഡി എഫിന്റെ വി വി രമേശൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും വോട്ടർമാർ അഭിപ്രായപ്പെടുന്നു.

കാസർകോട്

മണ്ഡലത്തിൽ ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടക്കുന്നത്. സിറ്റിംഗ് എൻ എ നെല്ലിക്കുന്നാണ് യു ഡി എഫ് സ്ഥാനാർത്ഥി. രണ്ട് തവണയും എൻ എ നെല്ലിക്കുന്നാണ് കാസർകോടു നിന്നും വിജയിച്ചിരുന്നത്. ഐ എൻ എല്ലും, മുസ്ലിംലീഗും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. ബി ജെ പി യും ശക്തമായി മത്സരരംഗത്തുണ്ട്. എന്നിരുന്നാലും മറിച്ചൊരു ഫലം കാസർകോട് ഉണ്ടാവില്ലെന്ന് വോട്ടർമാർ അഭിപ്രായപ്പെടുന്നു.
 
ഉദുമ

നേരത്തെ കോൺഗ്രസ് ജയിച്ചുകയറിയ മണ്ഡലമായിരുന്നു ഉദുമ.    പെരിയ ഇരട്ടക്കൊലപാതകം ഉദുമയിൽ സി പി എം സ്ഥാനാർത്ഥിയ്ക്ക് വലിയ തിരിച്ചടി നൽകുമെന്നാണ് വോട്ടർമാരുടെ അഭിപ്രായം. സിറ്റിംഗ് എം എൽ എ സി എച്ച് കുഞ്ഞമ്പുവാണ് എൽ ഡി എഫിന്റെ സ്ഥാനാർത്ഥി. കോൺഗ്രസിലെ ബാലകൃഷ്ണൻ പെരിയാണ് യു ഡി എഫ് സ്ഥാനാർത്ഥി. ഇരട്ടകൊലപാതകം അരങ്ങേറിയ കല്യോട് അടക്കമുള്ള പെരിയ പഞ്ചായത്ത് ഭരണം ചരിത്രത്തിൽ ആദ്യമായി യു ഡി എഫ് പിടിച്ചതും മറ്റും യു ഡി എഫിന് വലിയ പ്രതീക്ഷകളാണ് ഉദുമയിൽ.

കാഞ്ഞങ്ങാട്

മണ്ഡലത്തിൽ വലിയ തിരിച്ചടി എൽ ഡി എഫിനുണ്ടാവില്ലെങ്കിലും, ഉദുമയിൽ തിരിച്ചടിയുണ്ടായാൽ അത് കാഞ്ഞങ്ങാടിനെയും ബാധിക്കും.  യു ഡി എഫ് പിടിച്ചെടുക്കും. കാഞ്ഞങ്ങാട് മന്ത്രി ഇ ചന്ദ്രശേഖരനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കാഞ്ഞങ്ങാട് സീറ്റ് എൽ ഡി എഫ് നിലനിർത്തുമെന്നാണ് ഭൂരപക്ഷ അഭിപ്രായം.
കോൺഗ്രസിലെ പി വി സുരേഷാണ് ഇ ചന്ദ്രശേഖരനെ നേരിടുന്നത്. എം ബൽരാജ് എൻ ഡി എ സ്ഥാനാർത്ഥിയാണ്.
അടിയൊഴുക്കുകൾ ഒന്നുമില്ലാത്ത മണ്ഡലമാണ് കാഞ്ഞങ്ങാടെന്നാണ് പൊതുവിശ്വാസം. മൂന്നാം തവണയും ജനവിധി തനിക്ക് അനുകൂലമായിരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇ ചന്ദ്രശേഖരൻ.
 
തൃക്കരിപ്പൂർ

തൃക്കരിപ്പൂരിൽ സി പി എം സ്ഥാനാർത്ഥി നിർണ്ണായക വിജയം കൈവരിക്കും. സിറ്റിംഗ് എം എൽ എ എം രാജഗോപാലാണ് തൃക്കരിപ്പൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി. കേരളാ കോൺഗ്രസിലെ എം പി ജോസഫാണ് തൃക്കരിപ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി. ഐ എസ് കാരനും, ജില്ലാ കളക്ടറുമൊക്കെയായിരുന്നു എം പി ജോസഫ്.  കേരളാ കോൺഗ്രസ് നേതാവായിരുന്ന കെ എം മാണിയുടെ മരുമകനാണ് എം പി ജോസഫ്. എന്നാൽ കയ്യൂർ, ചീമേനി തുടങ്ങിയ കമ്യൂണിസ്റ്റ് കോട്ടകൾ തകർക്കാനുള്ള കെൽപ് യു ഡി എഫ് സ്ഥാനാർത്ഥിക്ക് ഇല്ലെന്നാണ് വോട്ടർമാരുടെ അഭിപ്രായം.


കണ്ണൂർ ജില്ല 11


യു.ഡി.എഫ്- 4,
എൽ.ഡി.എഫ്-7 


ജില്ലയിൽ 11 സീറ്റുകൾ നാല് സീറ്റുകളിൽ യു ഡി എഫിന് വിജയം പ്രവചിക്കുന്നു. പേരാവൂർ, ഇരിക്കൂർ, കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലാണ് യു ഡി എഫ് വിജയം പ്രതീക്ഷിക്കുന്നത്. 

പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്, ധർമ്മടം, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂർ എന്നീ മണ്ഡലങ്ങളിലാണ് എൽ ഡി എഫ് വിജയം പ്രതീക്ഷിക്കുന്നത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും, മട്ടന്നൂരിൽ മന്ത്രി കെ കെ ശൈലജയും, കണ്ണൂരിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ജനവിധി തേടുന്നുണ്ട്. തളിപ്പറമ്പിൽ സി പി എമ്മിന്റെ പ്രമുഖ നേതാവ് എം വി ഗോവിന്ദനാണ് സ്ഥാനാർത്ഥി. ഈ മണ്ഡലങ്ങളിൽ എൽ ഡി എഫ്. വിജയം സുനിശ്ചിതമാണ്.

പയ്യന്നൂർ


സി പി എമ്മിന്റെ ഏറ്റവും ശക്തികേന്ദ്രങ്ങളിൽ ഒന്നാണ് പയ്യന്നൂർ. എം വി രാഘവനും, പിണറായി വിജയനും, പി കെ ശ്രീമതിയുമൊക്കെ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് പയ്യന്നൂർ. ഇത്തവണ ടി ഐ മധുസൂദനനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കോൺഗ്രസ് രംഗത്തിറക്കുന്നത് എം പ്രദീപ് കുമാറിനെയാണ്. കെ കെ ശ്രീധരൻ ബി ജെ പി ടിക്കറ്റിൽ മത്സരിക്കുന്നുണ്ട്.
ടി ഐ മധുസൂദനൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് വോട്ടർമാർ ആശങ്കയ്ക്കിടയില്ലാതെ പ്രവചിക്കുന്നു.

ഇരിക്കൂർ

ഇരിക്കൂറിൽ കോൺഗ്രസിലെ ഗ്രൂപ്പിസം ഏറെ വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു. എങ്കിലും അതൊന്നും വിജയത്തിന് തടസമാവില്ലെന്നാണ് വിലയിരുത്തൽ. സജീവ് ജോസഫാണ് യു ഡി എഫ് സ്ഥാനാർത്ഥി. ദീർഘകാലം കെ സി ജോസഫ് വിജയിച്ചുവന്നിരുന്ന മണ്ഡലമാണ് ഇരിക്കൂർ. കേരളാ കോൺഗ്രസ് എമ്മിലെ സജി കുറ്റിയാനിയാണ് യു ഡി എഫ് സ്ഥാനാർത്ഥി.

തളിപ്പറമ്പ്

യു ഡി എഫിന്റെ ശക്തികേന്ദ്രമായാണ് തളിപ്പറമ്പ് അറിയപ്പെടുന്നത്. വയൽകിളികളുടെ കീഴാറ്റൂർ പ്രക്ഷോഭവും മറ്റും മണ്ഡലത്തിൽ ചില എതിർപ്പുകളുണ്ടാക്കിയെങ്കിലും എൽ ഡി എഫിന് ഒട്ടും ആശങ്കയില്ലാത്ത മണ്ഡലമാണ് തളിപ്പറമ്പ്. എം വി ഗോവിന്ദനാണ് ഇത്തവണ എൽ ഡി എഫ് സ്ഥാനാർത്ഥി. നേരത്തെയും എം വി ഗോവിന്ദൻ തളിപ്പറമ്പിൽ നിന്നും വിജയിച്ചിട്ടുണ്ട്. ഭരണ തുടർച്ചയുണ്ടായാൽ മന്ത്രിസഭയിൽ പ്രധാനിയായി മാറാൻ സാധ്യതയുള്ള നേതാവാണ് എം വി ഗോവിന്ദൻ. അബ്ദുൽ റഷീദ് വി പി യാണ് യു ഡി എഫ് സ്ഥാനാർത്ഥി.

കല്യാശേരി

ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് കല്യാശേരി. എതിരാളികൾക്ക് അത്രയെളുപ്പത്തിൽ തകർക്കാൻ പറ്റാത്ത കോട്ടയാണ് കല്യാശേരി.
മണ്ഡല രൂപീകരണത്തിന് ശേഷം രണ്ട് തവണയും എൽ ഡി എഫ് വിജയിച്ച മണ്ഡലം. എം വിജിൽ ആണ് സ്ഥാനാർത്ഥി, യു ഡി എഫിൽ നിന്നും ബ്രിജേഷ് കുമാറും സ്ഥാനാർത്ഥിയാവുന്നു.  

അഴീക്കോട്

ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു മണ്ഡലം അഴീക്കോടാണ്. കെ എം ഷാജിയാണ് യു ഡി എഫ് സ്ഥാനാർത്ഥി. അഴിമതികേസുകളും മറ്റും മൂലം പ്രതിരോധത്തിലായ ഷാജി വീണ്ടും അഴീക്കോട് മത്സരിക്കാനെത്തുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ വി സുമേഷാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. വിവാദങ്ങളും, കേസുകളും വിടാതെ പിന്തുടരുന്ന ഷാജി വീണ്ടും വിജയിക്കുമെന്നാണ് വോട്ടർമാരുടെ അഭിപ്രായം.
ഷാജിയെ ഭരണസ്വാധീനം ഉപയോഗിച്ച് വേട്ടയാടുകയാണെന്നാണ് ഭൂരിപക്ഷം വോട്ടർമാരുടെയും വിശ്വാസം. അതിനാൽ വലിയ വിജയം തനിക്കുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കെ എം ഷാജി.

കൂത്തുപറമ്പ്

കൂത്തുപറമ്പിൽ മുൻമന്ത്രിയും എൽ ജെ ഡി നേതാവുമായ കെ പി മോഹനനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ യു ഡി എഫ് ടിക്കറ്റിൽ മോഹനൻ കെ കെ ശൈലജയോട് തോറ്റിരുന്നു.  ഇത്തവണ എൽ ഡി എഫിലെത്തിയതോടെ വിജയം ഉറപ്പിച്ചിരിക്കയാണ് കെ പി മോഹനൻ. പഴയ പെരിങ്ങളം മണ്ഡലം ഉൾപ്പെടുന്നതാണ് കൂത്തുപറമ്പ്. സി പി എം അതിശക്തമായ അഴിമതിയാരോപണം ഉന്നയിച്ചിരുന്ന കെ പി മോഹനനെ എൽ ഡി എഫ് അണികൾ കയ്യൊഴിയുമെന്നാണ് എതിർ സ്ഥാനാർത്ഥികളുടെ പ്രധാന ആരോപണം. എങ്കിലും അട്ടിമറികളൊന്നും ഉണ്ടാവില്ലെന്നാണ് കെ പി മോഹനന്റെ വിശ്വാസം.

മട്ടന്നൂർ
ജില്ലയിൽ ഏറ്റവും സുരക്ഷിതമായ മറ്റൊരു മണ്ഡലമാണ് മട്ടന്നൂർ. ഇ പി ജയരാജൻ രണ്ടുതവണ വിജയിച്ച മണ്ഡലം. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും സ്വീകാര്യതയുള്ള ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് മട്ടന്നൂരിൽ സ്ഥാനാർത്ഥി. ആർ എസ് പിയിലെ ഇല്ലിക്കൽ അഗസ്തിയാണ് യു ഡി എഫ് സ്ഥാനാർത്ഥി. ബിജു ഏളക്കുഴി ബി ജെ പി സ്ഥാനാർത്ഥിയാണ്.

പേരാവൂർ

പേരാവൂരിൽ സിറ്റിംഗ് എം എൽ എ സണ്ണിജോസഫ് തുടർ വിജയം ഉറപ്പാക്കിയിരിക്കയാണ്. യു ഡി എഫിന്റെ വളരെ സുരക്ഷിതമായ മണ്ഡലമാണ് പേരാവൂർ. നേരത്തെ രണ്ട് തവണ മൽസരിച്ച് ജയിച്ച സണ്ണി ജോസഫ് ഇത് മൂന്നാം തവണയാണ് ജനവിധി തേടുന്നത്. സി പി എമ്മിലെ സക്കീർ ഹുസൈനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.

തലശ്ശേരി

ബി ജെ പിസ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോയതോടെ സംസ്ഥാന ശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലമാണ് തലശ്ശേരി.  
രാഷ്ട്രീയ പ്രതിസന്ധിയിലായ ബി ജെ പി തലശ്ശേരിയിൽ സി ഒ ടി നസീറിനെയാണ് ഒടുവിൽ പിന്തുണയ്ക്കുന്നത്.  സിറ്റിംഗ് എം എൽ എ എ എം ഷംസീറിന് വിജയം അത്ര എളുപ്പമാവില്ലെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന അവസാന വിവരങ്ങൾ. ബി ജെ പിക്ക് 28,000 വോട്ടുകളുള്ള മണ്ഡലമാണ് തലശേരി. ഈ വോട്ടുകൾ സി ഒ ടി നസീറിന് അനുകൂലമായി വന്നാൽ എ എൻ ഷംസീറിന് വിജയിക്കാം. നേരെ തിരിച്ചാണ് സംഭവിക്കുന്നതെങ്കിൽ ഷംസീറിന്റെ നില പരുങ്ങലിലാവും. എന്തായാലും തലശ്ശേരിയിൽ എൽ ഡി എഫിന് വിജയം അത്ര എളുപ്പമാവില്ലെന്നാണ് വോട്ടർമാരുടെ നിഗമനം.


കണ്ണൂർ

കണ്ണൂർ നഗത്തിലേക്ക് വരികയാണെങ്കിൽ നഗരം പ്രതിനിധീകരിക്കുന്ന കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസ് എസ് നേതാവും, മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.  ഇത്തവണ കടന്നപ്പള്ളിക്ക് വിജയം അത്ര എളുപ്പമാവില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. മുസ്ലിംലീഗിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് കണ്ണൂർ. ഡി സി സി അധ്യക്ഷനായ സതീശൻ പാച്ചേനിക്കായിരിക്കും വിജയം.


വയനാട് ജില്ല 3

 

എൽ ഡി എഫ്-1;
യു ഡി എഫ് -2
 
കൽപ്പറ്റിയിലും,  സുൽത്താൻ ബത്തേരിയിലും യു ഡി എഫും, മാനന്തവാടിയിൽ എൽ ഡി എഫും വിജയിക്കുമെന്നാണ് വോട്ടർമാരിൽ നിന്നും ലഭിക്കുന്ന  പ്രതികരണം.  

മാനന്തവാടി

യു ഡി എഫ് കഴിഞ്ഞ കാലങ്ങളിൽ വിജയിച്ച മണ്ഡലമാണ് മാനന്തവാടി. യു ഡി എഫ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മി കഴിഞ്ഞ തവണ തോറ്റ മണ്ഡലം. ഇത്തവണയും മാനന്തവാടിയിൽ മുൻ മന്ത്രി പി കെ ജയലക്ഷ്മിയാണ് യു ഡി എഫ് സ്ഥാനാർത്ഥി. സംവരണ മണ്ഡലമായ മാനന്തവാടിയിൽ സിറ്റിംഗ് എം എൽ എ, ഒ ആർ കേളുവാണ് എൽ ഡി എഫിന്റെ സ്ഥാനാർത്ഥി.


മണ്ഡലം തിരിച്ചു പിടിക്കുമെന്നുതന്നെയാണ് യു ഡി എഫിന്റെ വിശ്വാസം. എങ്കിലും കേളുവിനോടുള്ള ജയലക്ഷ്മിയുടെ പോരാട്ടം കടുത്തതായിരിക്കുമെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

ബത്തേരി


എന്നും യു ഡി എഫിന് വലിയ പരിഗണന നൽകിപോവുന്ന മണ്ഡലമാണ് ബത്തേരി. സിറ്റിംഗ് എം എൽ എ ഐ സി ബാലകൃഷ്ണൻ വീണ്ടും ജനവിധി തേടുന്നു. ആദിവാസി നേതാവ് സി കെ ജാനു എൻ ഡി എ സ്ഥാനാർത്ഥിയായി ബത്തേരിയിൽ മത്സരംഗത്തുണ്ട്. എന്നാൽ ഐ സി ബാലകൃഷ്ണന് അനുകൂലമാണ് വോട്ടർമാരുടെ മനസ്. സി പി എമ്മിലെ എം എസ് വിശ്വനാഥനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.

കൽപ്പറ്റ

കൽപ്പറ്റയിൽ യു ഡി എഫ് സ്ഥാനാർത്ഥി ടി സിദ്ദിഖ് അട്ടിമറി വിജയം നേടുമെന്നാണ് ലഭിക്കുന്ന സൂചനകൾ. രാജ്യസഭാ അംഗവും, മുൻ എം എൽ എയുമൊക്കെയായ എം വി ശ്രേയാംസ് കുമാറാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ സി പി എമ്മിലെ ശശീന്ദ്രനോട് തോറ്റ ചരിത്രമാണ് എം വി ശ്രേയാംസ് കുമാറിനുള്ളത്. 

 

ഇത്തവണ മുന്നണിമാറ്റത്തിലൂടെ എൽ ഡി എഫിലെത്തിയ എൽ ജെ. ഡി ക്ക് അനുകൂലമല്ല കൽപ്പറ്റയിലെ കാറ്റ്. കോൺഗ്രസ് സ്ഥാനാർത്ഥിയായി ടി സിദ്ദിഖ് കൽപ്പറ്റയിൽ മത്സരിക്കാനെത്തുമ്പോൾ ഉണ്ടായിരുന്ന രാഷ്ട്രീയ കാലാവസ്ഥയല്ല കൽപ്പറ്റയിലേത്.
വൈകിയാണ് ടി സിദ്ദിഖ് കൽപ്പറ്റയിലെത്തിയതെങ്കിലും ഗ്രൂപ്പിസമൊന്നുമില്ലാതെയാണ് പ്രചരണം നടക്കുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഏറ്റവും പ്രധാന നഗരമാണ് കൽപ്പറ്റ.  

കോഴിക്കോട് ജില്ല 13

 

ചാഞ്ചാട്ടമുള്ള മണ്ഡലങ്ങൾ-3 

എൽ ഡി എഫിന് – 9 – 12; 

യു.ഡി.എഫ് -4-6, 

ആകെ 13 സീറ്റുകളിൽ എൽ ഡി എഫിന് – 9 മുതൽ 12 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. യു ഡി എഫിന് 4 മുതൽ 6  സീറ്റുകൾ വരെ ലഭിച്ചേക്കാമെന്നും പ്രതീക്ഷിക്കുന്നുണ്ട്. വടകര, കോഴിക്കോട് സൗത്ത്, തിരുവമ്പാടി, കൊടുവള്ളി, കുറ്റ്യാടി സീറ്റുകളാണ് യു ഡി എഫ് പ്രതീക്ഷപുലർത്തുന്നത്. കൊയിലാണ്ടിയിലും, കുന്ദമംഗലത്തും അട്ടിമറികൾ നടക്കുമെന്നും യു ഡി എഫ് പ്രതീക്ഷിക്കുന്നുണ്ട്.


വടകര

കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കുമ്പോൾ  എൽ ഡി എഫിന്റെ ഉരുക്കുകോട്ടയായാണ് വടകര അറിയപ്പെടുന്നത്. എല്ലാകാലത്തും ജനതാദളായിരുന്നു വടകരയിൽ വാണത്. എൽ ജെ ഡിയും സോഷ്യലിസ്റ്റ് ജനതയും തമ്മിലായിരുന്നു കഴിഞ്ഞ തവണ വടകരയിൽ ഏറ്റുമുട്ടിയത്. ഇത്തവണ മത്സരത്തിന്റെ സ്വഭാവം മാറിയിരിക്കയാണ്.   51 വെട്ടുവെട്ടി  കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയാണ് ഇത്തവണ യു ഡി എഫ് സ്ഥാനാർത്ഥി. അതിനാൽ സി പി എം വോട്ടുകൾ തനിക്ക് അനുകൂലമാവുമെന്ന വിശ്വാസത്തിലാണ് കെ കെ രമ. രമയെ നിയമസഭയിലെത്തിക്കുമെന്ന ഉറച്ച നിലപാടിലാണ് ആർ എം പിയും. എൽ ജെ ഡിയിലെ മനയത്ത് ചന്ദ്രനാണ് വടകരയിൽ എൽ ഡി എഫിന്റെ സ്ഥാനാർത്ഥി. ജനതാദൾ എസിന്റെ സിറ്റിംഗ് സീറ്റായിരുന്നു വടകര. മുതിർന്ന സോഷ്യലിസ്റ്റ് സി കെ നാണുവായിരുന്നു സിറ്റിംഗ് എം എൽ എ. ജനതാദളിലെ ഐക്യമില്ലായ്മയും മനയത്ത് ചന്ദ്രന് തിരിച്ചടിയാവുമെന്നാണ് വടകരയിൽ നിന്നും ലഭിക്കുന്ന ഫലസൂചനകൾ.

കുറ്റ്യാടി

കുറ്റ്യാടിയിലെ കാറ്റ് യു ഡി എഫിന് അനുകൂലമാണെന്നാണ് ലഭിക്കുന്ന സൂചനകൾ. സി പി എമ്മിനെ ഏറ്റവും കൂടുതൽ ഉലച്ച മണ്ഡലമാണ് കുറ്റ്യാടി. കേരളാ കോൺഗ്രസ് എമ്മിന് കുറ്റ്യാടി നൽകിയതിനെതിരെ സി പി എം പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ച മണ്ഡലം. ഒടുവിൽ സി പി എം തിരിച്ചെടുത്ത മണ്ഡലമാണ് കുറ്റ്യാടി. കുഞ്ഞഹമ്മദ് കുട്ടിയെ ആണ് സി പി എം രംഗത്തിറക്കിയത്. മുസ്ലിംലീഗിലെ പാറക്കൽ അബ്ദുല്ലയാണ് യു ഡി എഫ് സ്ഥാനാർത്ഥി. പാറക്കൽ അബ്ദുല്ലയ്ക്ക് അനുകൂലമാണ് കുറ്റ്യാടിക്കാറ്റ്.

നാദാപുരം

എന്നും എൽ ഡി എഫിന് അനുകൂലമായിരുന്ന മണ്ഡലമാണ് നാദാപുരം. സി പി ഐയിലെ പല പ്രമുഖരും വിജയിച്ച മണ്ഡലംകൂടിയാണ് നാദാപുരം. സി പി ഐയിലെ ഇ കെ വിജയനും കോൺഗ്രസിലെ കെ പ്രവീൺകുമാറും തമ്മിലാണ് നാദാപുരത്ത് പോരാട്ടം.  

 ബാലുശേരിയിലും, എലത്തൂരിലും മന്ത്രിമാരാണ് മത്സരരംഗത്തുള്ളത്.

എലത്തൂർ

എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. എൻ സി പി ക്ക് എലത്തൂർ നൽകാനുള്ള തീരുമാനത്തിൽ സി പി എമ്മിൽ വലിയ എതിർപ്പുണ്ടായ മണ്ഡലം. എന്നാൽ കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞു. 

 

എലത്തൂർ മണ്ഡലത്തിൽ മത്സരിക്കാനായി എൻ സി കെ സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി എത്തിയതോടെ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായി. സ്ഥലം എം പി എം കെ രാഘവൻ എൻ സി കെ സ്ഥാനാർത്ഥിക്കെതിരെ ആഞ്ഞടിച്ചു രംഗത്തെത്തി. സ്ഥാനാർത്ഥിയെ മാറ്റണമെന്നും, സുൽഫിക്കർ മയൂരിയെ അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചു. ചർച്ചകൾക്കും, തർക്കങ്ങൾക്കും ഒടുവിൽ സുൽഫിക്കർ തന്നെ സ്ഥാനാർത്ഥിയെന്ന പ്രഖ്യാപനം വന്നു. ഇതോടെ എ കെ ശശീന്ദ്രന്റെ സാധ്യത ഇരട്ടിയായി. 

 

ഏകപക്ഷീയ വിജയമാണ് എ കെ ശശീന്ദ്രൻ എലത്തൂരിൽ പ്രതീക്ഷിക്കുന്നത്. കോരപ്പുഴ പാലം അടക്കമുള്ള വികസന പ്രവർത്തനങ്ങളാണ് ഇടത് മുന്നണിയുടെ മണ്ഡലത്തിൽ നേട്ടങ്ങളുടെ പട്ടികയിൽ അവതരിപ്പിക്കുന്നത്. ബി ജെ പി വോട്ടുകളും എലത്തൂരിൽ നിർണായകമാണ്. ടി പി ജയചന്ദ്രനാണ് എൻ ഡി എ സ്ഥാനാർത്ഥി. മണ്ഡലങ്ങളിൽ കോൺഗ്രസിന് തിരിച്ചടി ലഭിക്കുമെന്നുതന്നെയാണ് എലത്തൂരിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

കൊയിലാണ്ടി

കൊയിലാണ്ടിയിൽ വനിതാ സ്ഥാനാർത്ഥിയെയാണ് സി പി എം രംഗത്തിറക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയാണ് കാനത്തിൽ ജമീല. ഒരു മുന്നണിയെ മാത്രം വിജയിപ്പിച്ച ചരിത്രം ഈമണ്ഡലത്തിനില്ല, ആദ്യകാലത്ത് യു ഡി എഫ് വിജയിച്ചിരുന്ന   കൊയിലാണ്ടിയിൽ കഴിഞ്ഞ രണ്ട് തവണയും എൽ ഡി എഫ് ആണ് ജയിച്ചുകയറിയത്. കാനത്തിൽ ജമീല മണ്ഡലം നിലനിർത്തുമെന്നാണ് എൽ ഡി എഫിന്റെ അവകാശവാദം. 

 

എന്നാൽ തീരദേശമായ കൊയിലാണ്ടിയിൽ വലിയ രാഷ്ട്രീയമാറ്റങ്ങളുണ്ടായതായാണ് യു ഡി എഫിന്റെ കണക്കുകൂട്ടലുകൾ.  കോൺഗ്രസിലെ എൻ സുബ്രഹ്മണ്യനാണ് യു ഡി എഫ് സ്ഥാനാർത്ഥി. മണ്ഡലത്തിന്റെ പൊതു സ്വഭാവം കണക്കിലെത്ത് ഇടത്തോട്ടും വലത്തോട്ടും ചായാൻ സാധ്യകയുള്ള മണ്ഡലമാണ് കൊയിലാണ്ടി. എൻ പി രാധാകൃഷ്ണൻ എൻ ഡി എയുടെ സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. എൽ ഡി എഫിന് അനുകൂലമാണ് കൊയിലാണ്ടിയെന്നാണ് വോട്ടർമാരുടെ അഭിപ്രായം.

പേരാമ്പ്ര

പേരാമ്പ്രയിൽ മന്ത്രി ടി പി രാമകൃഷ്ണൻ വീണ്ടും എൽ ഡി എഫ് സ്ഥാനാർത്ഥിയായി എത്തുന്നുവെന്ന പ്രത്യേകതയാണുള്ളത്.  പേരാമ്പ്രയും ഇടത് മുന്നണിക്ക് ഏറെ മേൽകൈയുള്ള മണ്ഡലമാണ്. എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്ത എല്ലാ മന്ത്രിമാരും പിന്നീട് മാറ്റി നിർത്തപ്പെടുന്ന രീതിയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ ആരോപണങ്ങളിൽ പെടാതെ രക്ഷപ്പെട്ട എക്‌സൈസ് വകുപ്പ് മന്ത്രിയാണ് ടി പി രാമകൃഷ്ണൻ. രാമകൃഷ്ണൻ വിജയം ഉറപ്പിച്ചാണ് മത്സരരംഗത്തുള്ളത്. സി എച്ച് ഇബ്രാഹിംകുട്ടിയാണ് എതിരാളി. കെവി സുധീറാണ് എൻ ഡി എ സ്ഥാനാർത്ഥി.

കോഴിക്കോട് നോർത്ത്

കോഴിക്കോട് നോർത്ത് എൽ ഡി എഫ് നിലനിർത്തും. മുൻ മേയർ തോട്ടത്തിൽ രവീന്ദ്രനാണ് സി പി എം സ്ഥാനാർത്ഥി. കെ എസ് യു നേതാവ് കെ എം അഭിജിത്താണ് യു ഡി എഫ് സ്ഥാനാർത്ഥി. ബി ജെ പി സംസ്ഥാന നേതാവായ എം ടി രമേഷാണ് എൻ ഡി എ സ്ഥാനാർത്ഥി. 

 

കോഴിക്കോട് നോർത്തിൽ ശക്തമായ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. എം പ്രദീപ് കുമാറിന്റെ വികസ നേട്ടങ്ങളുയർത്തിയാണ് തോട്ടത്തിൽ രവീന്ദ്രന്റെ പ്രധാന തെരഞ്ഞെടുപ്പ് പ്രചരണം.
എന്നാൽ ബി ജെ പിയുടെ പ്രകടനം ആർക്ക് ഗുണം ചെയ്യുമെന്ന് വ്യക്തതയില്ലെന്നാണ് വോട്ടർമാരുടെ അഭിപ്രായം. അവസാന റൗണ്ടിൽ തോട്ടത്തിൽ രാധാകൃഷ്ണൻ ജയിച്ചുകയറുമെന്നാണ് കോഴിക്കോട് നോർത്തിലെ വോട്ടർമാർ കരുതുന്നത്.
   

കോഴിക്കോട് സൗത്ത്

 കോഴിക്കോട് സൗത്തിൽ  മുസ്ലിംലീഗിന്റെ ഏക വനിതാ സ്ഥാനാർത്ഥിയായ നൂർബിന റഷീദാണ് മത്സരിക്കുന്നത്. നേരത്തെ ഡോ എം കെ മുനീർ വിജയിച്ചിരുന്ന മണ്ഡലമാണ് കോഴിക്കോട് സൗത്ത്.  കഴിഞ്ഞതവണയുണ്ടായ എൽ ഡി എഫ് തരംഗത്തിൽ ജില്ലയിൽ യു ഡി എഫ് പിടിച്ചുനിന്ന മണ്ഡലമാണ് കോഴിക്കോട് സൗത്ത്. അടിയൊഴുക്കുകളൊന്നും ഉണ്ടായില്ലെങ്കിൽ സൗത്തിൽ യു ഡി എഫ് ജയിക്കുമെന്നാണ് സൂചനകൾ. ഐ എൻ എല്ലിലെ അഹമ്മദ് ദേവർകോവിലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. നവ്യാഹരിദാസാണ്  ബി ജെ പി സ്ഥാനാർത്ഥി.

ബാലുശ്ശേരി

സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി മത്സര രംഗത്തെത്തിയതോടെ വി ഐ പി മണ്ഡലമായി മാറിയ മണ്ഡലമാണിത്.ബാലുശ്ശേരിയിൽ എൽ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത് എസ് എഫ് ഐ നേതാവ് സച്ചിൻ ദേവിനെയാണ്.
സംവരണ മണ്ഡലമായ ബാലുശ്ശേരിയിൽ നിന്നും പുരുഷൻ കടലുണ്ടിയായിരുന്നു രണ്ട് തവണയും ജയിച്ചുകയറിയത്. ഇത്തവണ മൂന്ന് മുന്നണിയും യുവക്കളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ധർമ്മജൻ നേരത്തെ തന്നെ മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചതും, താരങ്ങളടക്കം പ്രചാരണത്തിന് എത്തിയതും ഏറെ പ്രതീക്ഷ നല്കിയിരിക്കയാണ്. ആൾക്കൂട്ടം വോട്ടാവുമോ, അതോ ബാലുശ്ശേരിയിൽ പതിവുകൾ ആവർത്തിക്കുമോ എന്നാണ് നടക്കുന്ന പ്രധാന ചർച്ച. എന്തായാലും അട്ടിമറികൾ നടന്നില്ലെങ്കിൽ സച്ചിൻ ദേവ് വിജയിക്കും. ലിബിൻ ഭാസ്‌കറാണ് ബി ജെ പി സ്ഥാനാർത്ഥി.

തിരുവമ്പാടി

മലയോര, തോട്ടം  മേഖലയായ തിരുവമ്പാടിയിൽ കടുത്ത മത്സരമാണ് അരങ്ങേറുന്നത്. മുസ്ലിംലീഗും സി പി എമ്മും നേരിട്ടു മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവമ്പാടി. മത്തായി ചാക്കോയിലൂടെ പിടിച്ച തിരുവമ്പാടി കഴിഞ്ഞ തവണ യു ഡി എഫ് തിരിച്ചു പിടിച്ചിരുന്നു. ഇത്തവണ എന്തും സംഭവിക്കാവുന്ന സാഹചര്യമാണ് തിരുവമ്പാടിയിൽ.
സഭയുടെ നിലപാട് നിർണായകമായ മണ്ഡലംകൂടിയാണ് തിരുവമ്പാടി. പ്രളയവും, ഉരുൾപൊട്ടലും ഏറെ നാശനഷ്ടം ഉണ്ടാക്കിയ മണ്ഡലമായിരുന്നു തിരുവമ്പാടി. യു ഡി എഫ് സ്ഥാനാർത്ഥിയായി സി പി ചെറിയ മുഹമ്മദും, സി പി എമ്മിലെ ലിന്റോ ജോസഫുമാണ് മത്സരം. പ്രളയത്തിൽ പരിക്കേറ്റ് ഏറെക്കാലമായി ചികിൽസയിൽ കഴിയുകയായിരുന്നു ലിന്റോ ജോസഫ്.

കുന്നമംഗലം

മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. സ്വതന്ത്രരെ ഇറക്കിയാണ് എൽ ഡി എഫും, യു ഡി എഫും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എ പി വിഭാഗം സുന്നികൾക്ക് നിർണായക സ്വാധീനമുള്ള സീറ്റാണിത്. യു സി രാമൻ നേരത്തെ ജയിച്ച പാരമ്പര്യവും കുന്നമംലത്തിനുണ്ട്. മുസ്ലിംലീഗ് ദിനേശ് പെരുമണ്ണയെന്ന പ്രാദേശിക നേതാവിനെ സ്വതന്ത്രനായി ഇറക്കിയിരിക്കയാണ്.

കുന്നമംലം പിടിക്കാൻ ഇത്തവണയും എൽ ഡി എഫ് രംഗത്തിറക്കിയത് പി ടി എ റഹിമിനെയാണ്. മുസ്ലിംലീഗിൽ നിന്നും വിമതനായി എത്തിയ പി ടി എ റഹിമിനെ കഴിഞ്ഞ തവണ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സി പി എം രംഗത്തിറക്കായാണ് കുന്നമംഗലം പിടിച്ചത്. ഇത്തവണയും പി ടി എ റഹിം സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. മുസ്ലിംലീഗിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ദിനേഷ് പെരുമണ്ണയാണ് യു ഡി എഫ് സ്ഥാനാർത്ഥി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കുന്നമംഗലത്ത് നടക്കുന്നത്. പി ടി എ റഹിം വീണ്ടും വിജയിക്കാനുള്ള സാധ്യതയാണ് കുന്നമംഗലത്തുള്ളത്.

കൊടുവള്ളി

സി പി എമ്മിന് ഏറെ പഴികേൾക്കേണ്ടിവന്ന മണ്ഡലമാണ് കൊടുവള്ളി. സ്വർണത്തിന്റെ തലസ്ഥാനമാണ് കൊടുവള്ളി. കൊടുവള്ളി എം എൽ എയായ കാരാട്ട് റസാഖാണ് ഇത്തവണയും എൽ ഡി എഫിന്റെ സ്ഥാനാർത്ഥി. 

 

ഒട്ടേറെ വിവാദങ്ങൾ കൊടുവള്ളി എം എൽ എയുമായി ബന്ധപ്പെട്ടുണ്ടായി, ഒടുവിൽ സ്വർണക്കടത്ത് വിവാദവും കാരാട്ട് റസാഖിനെതിരെ ഉയർന്നു. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കാരാട്ട് ഫിറോസ് സ്ഥാനാർത്ഥിയായതും. സി പി എം സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ടുപോലും ലഭിക്കാതിരുന്നതും ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മിനി കൂപ്പറിൽ കോടിയേരി യാത്രചെയ്തതും മറ്റും കരാട്ട് റസാഖിന്റെ പേരിലുണ്ടായ വിവാദങ്ങളിൽ ചിലതായിരുന്നു.


എന്തായാലും മുസ്ലിംലീഗിനെ വെല്ലുവിളിച്ച് എൽ ഡി എഫ് പിന്തുണയോടെ ജയിച്ച കാരാട്ട് റസാഖിനെ തളയ്ക്കാൻ ഇത്തവണ മുസ്ലിംലീഗ് രംഗത്തിറക്കിയിരിക്കുന്നത് ഡോ എം കെ മുനീറിനെയാണ്. എം കെ മുനീർ ഇത്തവണ കൊടുവള്ളി തിരികെ പിടിക്കുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടലുകൾ.


ബേപ്പൂർ

ബേപ്പൂരിൽ ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. ഇടത് കോട്ടയായാണ് ബേപ്പൂർ അറിയപ്പെടുന്നത്. കൂടാതെ ബി ജെ പിക്ക് നല്ല വേരോട്ടമുള്ള മണ്ഡലവുമാണ് ബേപ്പൂർ. അഡ്വ. പ്രകാശ് ബാബുവാണ് ബി ജെ പി സ്ഥാനാർത്ഥി.


ഇടത് കോട്ട തകർക്കുമെന്നാണ് കോൺഗ്രസിന്റെ പ്രഖ്യാപനം. കെ പി സി സി സെക്രട്ടറിയായ നിയാസാണ് യു ഡി എഫ് സ്ഥാനാർത്ഥി. നിയാസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കോൺഗ്രസിൽ എതിർപ്പുകൾ ഉയർന്നിരുന്ന മണ്ഡലമായിരുന്നു ബേപ്പൂർ.

നാളെ
മലപ്പുറം , പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here