രാജേഷ് തില്ലങ്കേരി, ആഷാ മാത്യു, വിവേക് വിനയന്‍, നിതിന്‍ ബാബു

 

ആര് വാഴും ആരൊക്കെ വീഴും …. രണ്ടാം ഭാഗം




മലപ്പുറം മൊത്തം :16 , ,യു.ഡി.എഫ്: 12-14, എൽ.ഡി.എഫ്:2 – 4 , ചാഞ്ചാട്ടം : 4
പാലക്കാട് മൊത്തം: 12, എൽ.ഡി.എഫ്: 9-11 , യു.ഡി.എഫ്: 4, എൻ.ഡി.എ -2 (പ്രതീക്ഷ), ചാഞ്ചാട്ടം: 1 
തൃശ്ശൂര്‍ ജില്ല മൊത്തം: 14, എൽ.ഡി.എഫ് :-10 – 12, യു.ഡി.എഫ്.: 4 , ബി.ജെ.പി:1 (പ്രതീക്ഷ)
എറണാകുളംമൊത്തം:14, യു ഡി എഫ് : 10 മുതല്‍ 12, എല്‍ ഡി എഫ് : 4-6, ട്വന്റി-20: 2, ചാഞ്ചാട്ടം: 2 
 

മലപ്പുറം  (16) 

മൊത്തം സീറ്റുകള്‍ -16
യു.ഡി.എഫ്: 12-14 
എൽ.ഡി.എഫ്:2 – 4 
ചാഞ്ചാട്ടം : 4  

യു.ഡി എഫിന്റെ ഉരുക്കുകോട്ടയെന്ന് ഖ്യാതികേട്ട ജില്ലയാണ്  മലപ്പുറം. ഇവിടെ യു.  ഡി എഫ് 12 മുതല്‍ 14 സീറ്റുകള്‍  വരെ നേടുമെന്നാണ് കരുതുന്നത്. എല്‍ ഡി എഫിന് 2 മുതല്‍ 4 സീറ്റുവരെ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. നിലമ്പൂർ, തിരൂരങ്ങാടി, തവനൂർ, താനൂർ എന്നീ സീറ്റുകളിലാണ് ചാഞ്ചാട്ടമുള്ള മണ്ഡലങ്ങൾ.


മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായി അറിയപ്പെടുന്ന  മലപ്പുറം ജില്ലയിൽ  പൊന്നാനി, തവനൂര്‍, നിലമ്പൂര്‍, താനൂര്‍, തിരൂരങ്ങാടി സീറ്റുകളാണ് എല്‍ ഡി എഫിന്  വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങള്‍. പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളില്‍ തുടര്‍ച്ചയായി എല്‍ ഡി എഫ് വിജയിച്ചുവരുന്ന മണ്ഡലങ്ങളാണ്. തിരൂരങ്ങാടിയും നിലമ്പൂരും കഴിഞ്ഞ തവണ സ്വതന്ത്രരെ ഇറക്കി പിടിച്ചെടുത്ത മണ്ഡലങ്ങളാണ്.

നിലമ്പൂര്‍

 കോണ്‍ഗ്രസില്‍ നിന്നും എല്‍ ഡി എഫ് പിടിച്ചെടുത്ത മണ്ഡലമാണ് നിലമ്പൂര്‍. ആര്യാടന്‍ മുഹമ്മദിന്റെ കോട്ടയായിരുന്നു നിലമ്പൂര്‍, ആ കോട്ടകാക്കാന്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിന് കഴിഞ്ഞതവണ കഴിഞ്ഞില്ല. കോണ്‍ഗ്രസ് വിമതനായി എത്തിയ പി വി അന്‍വര്‍ ഇടത് പിന്തുണയോടെ വിജയം വരിച്ചു.

ഒട്ടേറേ വിവാദങ്ങളാണ് പി വി അന്‍വറിനെ ചുറ്റിപ്പറ്റിയുണ്ടായത്. കക്കാടം പൊയില്‍ പാര്‍ക്ക്, മിച്ചഭൂമി കയ്യേറ്റം, തടയിണനിര്‍മ്മാണം തുടങ്ങി ഒട്ടേറെ വിവാദങ്ങള്‍.

ഒടുവില്‍ അന്‍വറിന്റെ ആഫ്രിക്കന്‍ യാത്ര എന്നിവയും വിവാദങ്ങള്‍ക്ക് ആക്കം കൂട്ടി. നിലമ്പൂരിലാണ് കഴിഞ്ഞ തവണയുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തം അരങ്ങേറിയത്. കവളപ്പാറയിലുണ്ടായ ഉരുള്‍ പൊട്ടലിന്റെ വേദനകളില്‍ നിന്നും പൂര്‍ണമായി മോചനം നേടാത്ത മണ്ഡലമാണിത്.
പി വി അന്‍വറിനെ പൂട്ടാനായി ഇത്തവണ കോണ്‍ഗ്രസ് രംഗത്തിറക്കിയത് ഡിസി സി അധ്യക്ഷന്‍ വി വി പ്രകാശിനെയാണ്. 
 
എന്നാല്‍  മണ്ഡലത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നാണ് അന്‍വറിന്റെ ആത്മവിശ്വാസം. കോണ്‍ഗ്രസിലെ അനൈക്യമാണ് അന്‍വറിനെ വിജയിപ്പിച്ചത്. ഇത്തവണ അതുണ്ടാവില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ വോട്ടര്‍മാരുടെ മനസിലിരിപ്പ് വ്യക്തമല്ല.


കൊണ്ടോട്ടി

മുസ്ലിംലീഗിന്റെ ഉരുക്ക് കോട്ടയെന്നാണ് കൊണ്ടോട്ടി അറിയപ്പെടുന്നത്. സിറ്റിംഗ് എം എല്‍ എ പി വി ഇബ്രാഹിമാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. 2011 ല്‍ ലഭിച്ച വോട്ടില്‍ നിന്നും 2016 ല്‍ എത്തുമ്പോഴേക്കും ഉണ്ടായ വോട്ട് ചോര്‍ച്ചയാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷ. കൊണ്ടോട്ടിയിലെ ഏറ്റവും സുപരിചിതനായ സുലൈമാന്‍ ഹാജിയെയാണ്  എല്‍ ഡി എഫ് രംഗത്തിറക്കിയത്.

 സി പി എം സ്വതന്ത്രനെ പരീക്ഷിക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ ഒന്നാണ്  കൊണ്ടോട്ടി. യു ഡി എഫിന്റെ വോട്ടുകള്‍ കുറയ്ക്കുകയാണ് എല്‍ ഡി എഫിന്റെ ലക്ഷ്യം. ബി ജെ പി ഷീബ ഉണ്ണികൃഷ്ണനെയാണ് കൊണ്ടോട്ടയില്‍ മത്സരിക്കാനായി നിയോഗിച്ചിരിക്കുന്നത്.


മങ്കട

മലപ്പുറം ജില്ലയില്‍ ഇടത്, വലത് മുന്നണികള്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലം. ഇരുമുന്നണികളെയും വിജയിപ്പിച്ചിരുന്ന മണ്ഡലമാണ് മങ്കട. മഞ്ഞളാംകുഴി അലി ഇടതുപക്ഷത്തുനിന്ന് വിജയിച്ചമണ്ഡലം. പിന്നീട് മങ്കടയില്‍ രണ്ട് തവണ വിജയിച്ചത് യു ഡി എഫിലെ അഹമ്മദ് കബീറായിരുന്നു.  

മുസ്ലിംലീഗിലേക്ക് ചേക്കേറിയതിനു ശേഷം ഇതാദ്യമായാണ് മഞ്ഞളാംകുഴി അലി വീണ്ടും മങ്കടയില്‍ മത്സരിക്കാനെത്തുന്നത്. മങ്കട സ്വദേശിയായ ടി കെ റഷീദലിയാണ് സി പി എം അലിക്കെതിരെ രംഗത്തിറക്കിയിരിക്കുന്നത്. അടിയൊഴുക്കുകള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ മഞ്ഞളാംകുഴി അലി മങ്കടയില്‍ ജയിച്ചുകയറും.


തിരൂര്‍

യു ഡി എഫ് ആത്മവിശ്വാസം വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് തിരൂര്‍. സി പി എമ്മിന് സാധ്യത തീരെയില്ലാത്ത മണ്ഡലം. ഗഫൂര്‍ പി ലില്ലീസാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. മുസ്ലിംലീഗിലെ കരുക്കോളി മൊയ്തീന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍, എം അബ്ദുല്‍ സലാം ബി ജെ പി സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്.
മുസ്ലിംലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ണാണ് തിരൂര്‍. പ്രാദേശിക വികസനമാണ് പ്രധാന തെരഞ്ഞെടുപ്പ് ആയുധം. എന്തായാലും അട്ടിമറിയൊന്നും തിരൂരില്‍ ഉണ്ടാവില്ലെന്ന് വോട്ടര്‍മാര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

 താനൂര്‍

കേരളത്തില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന ഒരു മണ്ഡലമാണ് താനൂര്‍. യൂത്ത് ലീഗ്  നേതാവ് പി കെ ഫിറോസാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. യു ഡി എഫിനിത് അഭിമാന പോരാട്ടമാണ്. വി അബ്ദുറഹിമില്‍ നിന്നും സീറ്റ് തിരികെ പിടിക്കാനുള്ള ചുമതലയാണ് ഫിറോസിന് മുന്നണി നല്‍കിയിരിക്കുന്നത്. പ്രദേശീകമായുണ്ടായ ചില സംഘര്‍ഷങ്ങള്‍മൂലം കൈവിട്ടുപോയ മണ്ഡലമാണ് താനൂര്‍.
ഇത്തവണ കെട്ടുറപ്പോടെയാണ് താനൂരില്‍ ഫിറോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. ഫിറോസ് വിജയിക്കുമെന്നാണ് മണ്ഡലത്തിലെ പൊതു അഭിപ്രായം.

മഞ്ചേരി

മണ്ഡലരൂപീകരണത്തിന്റെ ഒരു ഘട്ടത്തിലും മുസ്ലിംലീഗിനെ കൈവിടാത്ത് മണ്ഡലമാണ് മഞ്ചേരി. എന്ത് രാഷ്ട്രീയ മാറ്റങ്ങളുണ്ടായാലും ഒരു മാറ്റവും സംഭവിക്കാത്ത മഞ്ചേരിയില്‍ യു എ ലത്തീഫാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. മുന്‍ യൂത്ത് ലീഗ് നേതാവ് പി ഡിബോണ നാസറാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. സി പി ഐ ക്ക് നല്‍കിയ സീറ്റാണിത്.
വിജയം ഉറപ്പിച്ച മഞ്ചേരിയില്‍ മറ്റൊന്നും സംഭവിക്കില്ലെന്ന് ഉറപ്പിച്ചാണ് യു ഡി എഫ് പ്രചരണം.

തിരൂരങ്ങാടി

മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറി മത്സരിക്കുന്ന മണ്ഡലമാണ് തിരൂരങ്ങാടി. എല്‍ ഡി എഫിന്റെ പിന്തുണയുള്ള നിയാസ് പുളിക്കലകത്താണ് സ്വതന്ത്രനായി  തിരൂരങ്ങാടിയില്‍ മത്സരിക്കുന്നത്.
കെ പി അബ്ദുറബ്ബ് വിജയിച്ച മണ്ഡലമാണ്. മജീദിനെതിരെ ആദ്യഘട്ടത്തില്‍ ചില പ്രാദേശിക എതിര്‍പ്പുകളുണ്ടായിരുന്ന മണ്ഡലമാണ് തിരൂരങ്ങാടി.
തര്‍ക്കങ്ങളില്ലെന്നും, യു ഡി എഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്നുമാണ് ലീഗ് നേതൃത്വം പറയുന്നത്.
അടിയൊഴുക്കുകളൊന്നും ഉണ്ടായില്ലെങ്കില്‍ കെ പി എ മജീദ് ജയിച്ചുകയറും.

വേങ്ങര

സംസ്ഥാനത്തെ സ്റ്റാര്‍ മണ്ഡലങ്ങളിലൊന്ന്, മലപ്പുറം ഏറ്റവും ശ്രദ്ധേയമായ മണ്ഡലമാണ് വേങ്ങര. പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതാണ് വേങ്ങരയെ വ്യത്യസ്തമാക്കുന്നത്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരിക്കല്‍ രാജിവച്ചൊഴിഞ്ഞ അതേ മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടി തിരികെ എത്തിയിരിക്കയാണ്.

ഒരു സൗഹൃദമത്സരമാണ് വേങ്ങരയില്‍ അരങ്ങേറുന്നത്. ശക്തനായ സ്ഥാനാര്‍ത്ഥിയെ എല്‍ ഡി എഫ് നിര്‍ത്തിയിട്ടില്ല. പി ജിജി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാവുമ്പോള്‍ ലീഗില്‍ നിന്നും വിമതനായി സബാദ് എത്തുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ശക്തനായ നേതാവിന് ഇതൊന്നും ഒരു ഭീഷണയലല്ല. രാജിയും ഉപതെരഞ്ഞെടുപ്പും ഒക്കെ വലിയ വിവാദങ്ങളുണ്ടാക്കിയെങ്കിലും അതൊന്നും വേങ്ങരയിലെ വിജയത്തെ ബാധിക്കില്ല.


മലപ്പുറം

യു ഡി എഫിന്റെ മറ്റൊരു സുരക്ഷിത മണ്ഡലമാണ് മലപ്പുറം. ജില്ലാ ആസ്ഥാനം, ലീഗിനെ മാത്രം ജയിപ്പിച്ച പാരമ്പര്യമാണ് മലപ്പുറത്തിനുള്ളത്. പി ഉബൈദുള്ളയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി.
സി പി എമ്മിലെ പി അബ്ദുറഹിമാനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.

ഏറനാട്

സിറ്റിംഗ് എം എല്‍ എ പി കെ ബഷീറാണ് ഇത്തവണയും ഏറനാട് യു ഡി എഫ് സ്ഥാനാര്‍ത്ഥി. മണ്ഡല രൂപീകരണത്തിനു ശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്. രണ്ടു തവണയും പി കെ ബഷീറിനെ വിജയിപ്പിച്ച മണ്ഡലം. മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ലാത്ത മണ്ഡലമാണ് ഏറനാട്. സി പി ഐയിലെ കെ ടി അബ്ദുറഹിമാനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.

പൊന്നാനി

മലപ്പുറത്തെ ചുവന്ന മണ്ഡലമെന്നാണ് പൊന്നാനി അറിയപ്പെടുന്നത്. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തുടര്‍ച്ചയായി രണ്ട് തവണ വിജയിച്ച മണ്ഡലം. ഇത്തവണ എല്‍ ഡി എഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ ആദ്യമായി പരസ്യ പ്രകടനം നടന്ന ആദ്യ മണ്ഡലം പൊന്നാനിയായിരുന്നു.
ശ്രീരാമകൃഷ്ണന്റെ പിന്‍ഗാമിയായി സിദ്ദിഖ് വരണമെന്നായിരുന്നു സി പി എം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ മുതിര്‍ന്ന നേതാവ് പി നന്ദകുമാറിനെയാണ് നേതൃത്വം നിശ്ചയിച്ചത്. ഇതായിരുന്നു പ്രതിഷേധത്തിന്റ കാരണം.

പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചുവെന്നും പൊന്നാനി വീണ്ടും ചുവന്നുതന്നെ നില്‍ക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടുമെന്നാണ് എ എം റോഹിത്തിന്റെ അവകാശവാദം.  ബി ഡി ജെ എസിന്റെ സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളിയും ശക്തമായി രംഗത്തുണ്ട്.


തവനൂര്‍

ഇടതു സ്വതന്ത്രനായി വീണ്ടും കെ ടി ജലീല്‍ തവനൂരില്‍ മത്സരിക്കുന്നു. സി പി എം സ്വതന്ത്രനായി കഴിഞ്ഞ തവണ വിജയിച്ച് മന്ത്രിയായി. ഇത്തവണ മത്സരിക്കാനില്ലെന്നായിരുന്നു ജലീല്‍ പറഞ്ഞിരുന്നത്. ജലീലല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് തവനൂരില്‍ ജയിച്ചു കയറാനാവില്ലെന്ന നിഗമനത്തില്‍ കെ ടി ജലീലിനെ വീണ്ടും മത്സരത്തിനിറക്കി. എന്നാല്‍ ഇത്തവണ തവനൂര്‍ പിടിക്കാന്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ഫിറോസ് കുന്നുംപറമ്പിലിനെയാണ് യു ഡി എഫ് ഇറക്കിയത്.

കടുത്ത മത്സരമാണ് തവനൂരില്‍ അരങ്ങേറുന്നത്. ഫിറോസ് കുന്നുംപുറം രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയ്ക്കും അപ്പുറം സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയിലാണ് അറിയപ്പെടുന്നത്. രമേശ് കോട്ടായിപ്പുറം ബി ജെ പി സ്ഥാനാര്‍ത്ഥിയായി ശക്തമായി രംഗത്തുണ്ട്. തവനൂരില്‍ അട്ടിമറി വിജയം ഉണ്ടാവുമെന്ന ശുഭ പ്രതീക്ഷയിലാണ് യു ഡി എഫ് കേന്ദ്രങ്ങള്‍.


കോട്ടയ്ക്കല്‍

മുസ്ലിംലീഗിന്റെ ശക്തിദുര്‍ഗമായാണ് കോട്ടയ്ക്കല്‍ അറിയപ്പെടുന്നത്. കെ കെ ആബിദ് ഹുസൈന്‍ തങ്ങളാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. എല്‍ ഡി എഫ്  എന്‍ സി പി ക്ക് നല്‍കിയ മൂന്നാം സീറ്റാണിത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി എന്‍ എ മുഹമ്മദ് കുട്ടിയെ രംഗത്തിറക്കിയിരിക്കയാണ്.
പി പി ഗണേശന്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയാണ്.
ഒരു ചലനവും ഉണ്ടാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ്.

 വണ്ടൂര്‍

കോണ്‍ഗ്രസ് നേതാവ് എ പി അനില്‍കുമാറിന്റെ സിറ്റിംഗ് സീറ്റാണ് വണ്ടൂര്‍. വണ്ടൂര്‍ യു ഡി എഫില്‍ നിന്നും പിടിച്ചെടുക്കാനായി സി പി എമ്മിലെ പി മിഥുനയെയാണ് എല്‍ ഡി എഫ് കളത്തിലിറക്കിയിരിക്കുന്നത്.

വിവാദങ്ങളും മറ്റും അനില്‍കുമാറിനെ വീഴ്ത്താനുള്ള മാര്‍ഗമായി എല്‍ ഡി എഫ് കരുതുന്നു. എന്നാല്‍ വണ്ടൂരില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നാണ് യു ഡി എഫിന്റെ പ്രതികരണം. ഉറച്ച വിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥിയും.


പെരിന്തല്‍മണ്ണ

സി പി എം സ്വതന്ത്രനെ നിര്‍ത്തി പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്ന മറ്റൊരു പ്രധാന മണ്ഡലമാണ് പെരിന്തല്‍മണ്ണ. കെ പി മുസ്തഫയെയാണ് എല്‍ ഡി എഫ് കളത്തിലിറക്കിയിരിക്കുന്നത്. ലീഗ് നേതാവ് നജീബ് കാന്തപുരമാണ് പെരിന്തല്‍മണ്ണിയിലെ സ്ഥാനാര്‍ത്ഥി. പെരിന്തല്‍മണ്ണയില്‍ വിജയം ആവര്‍ത്തിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് യു ഡി എഫ്.

വള്ളിക്കുന്ന്

ഐ എന്‍ എല്ലും, മുസ്ലിം ലീഗും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണ് വള്ളിക്കുന്ന്. ലീഗിലെ പി അബ്ദുല്‍ ഹമീദിനെ യു ഡി എഫ് കളത്തിലിറക്കുമ്പോള്‍ ഐ എന്‍ എല്ലിലെ ഏ പി അബ്ദുല്‍ വഹാബാണ് എല്‍ ല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി.
അടിയൊഴുക്കുകളിലാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷകള്‍. എന്നാല്‍ ഒരു തിരിച്ചടിയും മണ്ഡലത്തിലുണ്ടാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ്.

പാലക്കാട് (12)
 
എൽ.ഡി.എഫ്: 9-11 
യു.ഡി.എഫ്: 4 
എൻ.ഡി.എ -2 (പ്രതീക്ഷ)
ചാഞ്ചാട്ടം: 1 
 

ഇടതുമുന്നണിയുടെ ഉരുക്കുകോട്ടയായ പാലക്കാട് ജില്ലയിൽ എല്‍ ഡി എഫ് – 9 മുതല്‍ 11 സീറ്റുവരെ പ്രതീക്ഷിക്കുന്നു. യു ഡി എഫ് 4 സീറ്റു പ്രതീക്ഷിക്കുന്നുണ്ട്. ഒറ്റപ്പാലത്ത് അട്ടിമറി വിജയമാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്.

എന്‍ ഡി എ രണ്ട് സീറ്റുകള്‍ പ്രതീക്ഷിക്കുന്ന ജില്ലയാണിത്. ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ മെട്രോമാൻ ഇ. ശ്രീധരൻ മത്സരിക്കുന്ന ജില്ലയാണ്പാ പാലക്കാട്. ശ്രീധരൻ മത്സരിക്കുന്ന പാലക്കാടും  മലമ്പുഴയിലും ബി ജെ പിക്ക് വിജയപ്രതീക്ഷകളുണ്ട്.

തൃത്താല

രണ്ട് യുവതുര്‍ക്കികള്‍ ഏറ്റുമുട്ടുന്ന മണ്ഡലമാണ് തൃത്താല. യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പിടിച്ചെടുത്ത മണ്ഡലമാണിത്. രണ്ടു തവണയും വിജയിച്ച വിടി ബല്‍റാമിനെ മൂന്നാം വിജയം ആര്‍ത്തിക്കാനുള്ള നീക്കം തടയാന്‍ എല്‍ ഡി എഫ് നിയോഗിച്ചത് എം ബി രാജേഷിനെയായിരുന്നു. പാലക്കാട് പാര്‍ലമെന്റില്‍ നിന്നും  രണ്ടുതവണ വിജയിച്ച രാജേഷ് വി കെ ശ്രീകണ്ഠനോട് തോറ്റിരുന്നു. തോറ്റവര്‍ ഇത്തവണ മത്സരിക്കേണ്ടതില്ലെന്ന സി പി എം നിലപാടില്‍ നിന്നും ഇളവു നല്‍കിയാണ് രാജേഷിനെ തൃത്താലയില്‍ എത്തിച്ചത്.
വി ടി ബല്‍റാമിനെ പൂട്ടുമെന്നാണ് സി പി എം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വിജയം ആവര്‍ത്തിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് വി ടി. ബല്‍റാമും, യു ഡി എഫ് ക്യാമ്പും.

പട്ടാമ്പി

യുവനേതാവിനെ രംഗത്തിറക്കി എല്‍ ഡി എഫ് മിന്നുന്ന വിജയം നേടിയ ചരിത്രമാണ് പട്ടാമ്പിയുടേത്.  സി പി ഐയിലെ മുഹമ്മദ് മുഹ്‌സിന്‍ ഇത് രണ്ടാം തവണയാണ് പട്ടാമ്പിയില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസിലെ റിയാസ് മുക്കോളി അവസാന ഘട്ടത്തിലാണ് പട്ടാമ്പിയില്‍ മത്സരത്തിനിറങ്ങുന്നത്. വീ ഫോര്‍ പട്ടാമ്പിയുടെ പിന്തുണയും എല്‍ ഡി എഫിനുണ്ട്. ഗ്രൗണ്ട് റിയാലിറ്റി പരിശോധിച്ചാല്‍ നിലവില്‍ വലിയ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ലാത്ത മണ്ഡലമാണ് പട്ടാമ്പി.

ഷൊര്‍ണ്ണൂര്‍  

കേരളത്തിന്റെ വ്യവസായ നഗരമായിരുന്നു ഷൊര്‍ണ്ണൂര്‍. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിരവധി സ്ഥാപനങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം ദുരിതാവസ്ഥയിലാണ്.
ഷൊര്‍ണ്ണൂര്‍ എന്നും ഇടത് കോട്ടയായിരുന്നു. കഴിഞ്ഞതവണ കെ പി ശശിയായിരുന്നു ഷൊര്‍ണൂര്‍ എം എല്‍ എ. ലൈംഗിക പീഢന ആരോപണത്തെതുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട നേതാവ്. പാര്‍ട്ടിയില്‍ ശക്തനായി തിരിച്ചെത്തിയെങ്കിലും ഷൊര്‍ണൂര്‍ സീറ്റ് നഷ്ടമായി. പകരക്കാരനായി എത്തിയത് പി മമ്മിക്കുട്ടിയാണ്.

ടി എച്ച് ഫിറോസ് ബാബുവാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. ബി ജെ പി സ്ഥാനാര്‍ത്ഥിയായി സന്ദീപ് വാര്യരും രംഗത്തുണ്ട്. ത്രികോണ മത്സരമെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും സന്ദീപ്  ഇരുമുന്നണികള്‍ക്കും ഭീഷണിയുര്‍ത്തുന്നുണ്ട്.

അടിയൊഴുക്കുകള്‍ ഒന്നും നടന്നില്ലെങ്കില്‍ ഷൊര്‍ണൂരില്‍ ചെങ്കൊടി പാറും.

ഒറ്റപ്പാലം

നിരവധി ചരിത്രസ്മരണകളുള്ള മണ്ഡലമാണ് ഒറ്റപ്പാലം. ഇടത് പക്ഷത്തേക്കും വലത് പക്ഷത്തേക്കും ഒരു പോലെ ചായുന്ന പാരമ്പര്യമുള്ള ഒറ്റപ്പാലം. മുന്‍ രാഷ്ടപതി കെ ആര്‍ നാരായണന്‍ ഒറ്റപ്പാലം ഉള്‍പ്പെടുന്ന പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ജയിച്ചിട്ടുണ്ട്.
ഇത്തവണ കോണ്‍ഗ്രസ് സ്റ്റാര്‍ സ്ഥാനാര്‍ത്ഥിയെയാണ് ഒറ്റപ്പാലം കടക്കാനായി നിയോഗിച്ചിരിക്കുന്നത്. മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനും യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതാവുമായ ഡോ പി സരിനാണ് ഒറ്റപ്പാലത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. സി പി എമ്മിലെ കെ പ്രേംകുമാര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ശക്തമായി പ്രതിരോധം തീര്‍ക്കുന്നുണ്ട്. പി വേണുഗോപാല്‍ ബി ജെ പി  സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്.
ഡോ സരിത് മണ്ഡലം പിടിച്ചെടുക്കുമെന്നാണ് പ്രതീക്ഷകള്‍.

കോങ്ങാട്

ഇടത് പക്ഷത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് കോങ്ങാട്. യു ഡി എഫ് മുസ്ലിലീഗിന് നല്‍കിയ മണ്ഡലം. ലീഗിന്റെ മുന്‍ എം എല്‍ എ യു സി രാമനാണ് കോങ്ങാട് യു ഡി എഫ് സ്ഥാനാര്‍ത്ഥി. വനിതാ സ്ഥാനാര്‍ത്ഥിയായി കെ ശാന്തകുമാരിയെയാണ് എല്‍ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്.

മുസ്ലിംലീഗിന് വലിയ സ്വാധീനമില്ലാത്ത മണ്ഡലമാണ് കോങ്ങാട്.

അതിനാല്‍ അട്ടിമറി വിജയമൊന്നും യു ഡി എഫിനുണ്ടാവില്ലെന്ന ആശ്വാസത്തിലാണ് എല്‍ ഡി എഫ്.

മണ്ണാര്‍ക്കാട്

ലീഗ് മല്‍സരിക്കുന്ന രണ്ടാമത്തെ സീറ്റാണ് മണ്ണാര്‍ക്കാട്. എന്‍ ഷംസുദ്ദീനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. സി പി ഐയിലെ സുരേഷ് രാജാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. എന്തും സംഭവിക്കാവുന്ന മണ്ഡലം.

മലമ്പുഴ


കേരളത്തിലെ വി ഐ പി മണ്ഡലമായിരുന്നു ഏറെക്കാലം മലമ്പുഴ. ടൂറിസം കേന്ദ്രമെന്ന നിലയിലും വി ഐ പികള്‍ എം എല്‍ എമാരായി തെരഞ്ഞെടുക്കപ്പെടുന്നതിലും മലമ്പുഴയ്ക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഇ കെ നായനാരും, വി എസ് അച്ചുതാനന്ദനും തുടര്‍ച്ചയായി വിജയിച്ച മണ്ഡലം. മുന്‍മന്ത്രി വി ശിവദാസ മേനോന്‍ വിജയിച്ച മണ്ഡലം. അങ്ങിനെ ഒട്ടേറെ വിശേഷണങ്ങളുള്ള മണ്ഡലം. ഇത്തവണ വി ഐ പി കള്‍ ആരുമില്ല. സി പി എമ്മിലെ എ പ്രഭാകരനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. വളരെ കാലമായി വി ഐ പി എം എല്‍ എ മാരുടെ നിഴലായിരുന്നു എ പ്രഭാകരന്‍. അതിനാല്‍ വിജയം ഉറപ്പാണെന്നാണ് പ്രഭാകരന്റെയും മുന്നണി നേതാക്കളുടെയും വിശ്വാസം. എന്നാല്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മലമ്പുഴയില്‍ എല്‍ ഡി എഫ് വിജയം അത്ര എളുപ്പമായിരിക്കില്ല.
സി കൃഷ്ണകുമാര്‍ എന്ന ശക്തനായ ബി ജെ പി നേതാവ് മണ്ഡലത്തില്‍ മേല്‍കൈ നേടിയിരിക്കയാണ്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എസ് കെ അനന്തകൃഷ്ണനും പ്രതിരോധം തീര്‍ത്ത് ശക്തമായി രംഗത്തുണ്ട്.

പാലക്കാട്

മെട്രോമാന്‍ ഇ ശ്രീധരന്റെ സ്ഥാനാര്‍ത്ഥിത്തം കൊണ്ട് ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് പാലക്കാട്. പ്രധാമന്ത്രി നരേന്ദ്ര‌മോദിയടക്കമുള്ള ബി ജെ പി യുടെ ദേശീയ നേതാക്കള്‍ വിജയ പ്രതീക്ഷപുലര്‍ത്തുന്ന പാലക്കാട് ഇ ശ്രീധരനെ നേരിടുന്നത് സിറ്റിംഗ് എം എല്‍ എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പിലാണ്.
ബി ജെ പി -കോണ്‍ഗ്രസ് ഏറ്റുമുട്ടലാണ് പാലക്കാട് നടക്കുന്നത്. സി പി എമ്മിലെ സി പി പ്രമോദാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.

ചിറ്റൂര്‍

ഇടത്തോട്ടും വലത്തോട്ടും ചായുന്ന മണ്ഡലമാണ് ചിറ്റൂര്‍.  നേരത്തെ കോണ്‍ഗ്രസിലെ അച്ചുതന്‍ 20 വര്‍ഷം തുടര്‍ച്ചയായി വിജയിച്ച ചിറ്റൂരില്‍ പിന്നീട് ജനതാദള്‍ നേതാവ് കെ കൃഷ്ണന്‍ കുട്ടിയാണ് ജയിച്ചുകയറിയത്. ജലവിഭവവകുപ്പ് മന്ത്രിയായ കെ കൃഷ്ണന്‍ കുട്ടിയും എം അച്ചുതന്റെ മകന്‍ സുമേഷ് അച്ചുതനും തമ്മിലാണ് ചിറ്റൂരിലെ പോരാട്ടം. തമിഴ് വോട്ടുകള്‍ നിര്‍ണായകമാവുന്ന ചിറ്റൂരില്‍ കഴിഞ്ഞവതണയുണ്ടായ സ്വീകാര്യത കെ കൃഷ്ണന്‍ കുട്ടിക്കില്ലെന്നാണ് വോട്ടര്‍ മാരുടെ അഭിപ്രായം.

തരൂര്‍

സംവരണ മണ്ഡലമാണ് തരൂര്‍. മന്ത്രി ഏ കെ ബാലന്റെ സിറ്റിംഗ് സീറ്റായിരുന്നു തരൂര്‍. ബാലന്റെ ഭാര്യയെ തരൂരില്‍ മത്സരിക്കാനുള്ള നീക്കവും മറ്റും സി പി എമ്മില്‍ വിവാദങ്ങളുണ്ടാക്കിയെങ്കിലും വിവാദങ്ങളെല്ലാം പെട്ടെന്ന് തണുത്തു. സി പി എമ്മിലെ സുമോദാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ കെ എ ഷീബയാണ് എതിരാളി. ബി ജെ പി സ്ഥാനാര്‍ത്ഥി കെ പി ജയപ്രകാശ് മണ്ഡലത്തില്‍  സജീവമാണ്.

നെന്മാറ

സി പി എമ്മും സി എം പി യും തമ്മിലേറ്റുമുട്ടുന്ന മണ്ഡലമാണ് നെന്മാറ. കെ ബാബുവാണ് സിറ്റിംഗ് എം എല്‍ എ. കെ ബാബു രണ്ടാം തവണയാണ് നെന്മാറയില്‍ മത്സരിക്കുന്നത്.   സി എം പിയിലെ സി എന്‍ വിജയകൃഷ്ണനാണ്  നെന്മാറയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍
കോണ്‍ഗ്രസ് സജീവമല്ലെന്ന പരാതിയാണ് ഉയരുന്നത്. കെ ബാബു വന്‍ഭൂരിപക്ഷത്തില്‍ ജയിക്കാനാണ് സാധ്യത.

ആലത്തൂര്‍

ആലത്തൂര്‍ പരമ്പരാഗതമായി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് . എന്നാല്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ രമ്യാഹരിദാസ് വിജയിച്ച ആലത്തൂരിന്റെ ഹൃദയഭാഗമാണ് ആലത്തൂര്‍ നിയമസഭാ മണ്ഡലം.
സി പി എമ്മിലെ കെ ഡി പ്രസേനനും, കോണ്‍ഗ്രസിലെ പാലയം പ്രദീപും തമ്മിലാണ് മത്സരം. കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കി അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴും, വിജയ പ്രതീക്ഷയിലാണ് ഇരുപക്ഷവും.
ബി ജെ പി സ്ഥാനാര്‍ത്ഥി പ്രശാന്ത് ശിവന്‍ നേടുന്ന വോട്ടുകള്‍ നിര്‍ണായകമാണ്.

തൃശ്ശൂര്‍ ജില്ല (14) 
 
 
എൽ.ഡി.എഫ് :-10 – 12
യു.ഡി.എഫ്.: 4 
ബി.ജെ.പി:1 (പ്രതീക്ഷ)

 ഇടതുമുന്നണിയുടെ മറ്റൊരു കോട്ടയാണ് 14 മണ്ഡലങ്ങളുള്ള കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂർ ജില്ല. ഇവിടെ എല്‍ ഡി എഫ്  സീറ്റുകള്‍-10 മുതല്‍ 12 സീറ്റുവരെയാണ് പ്രതീക്ഷിക്കുന്നത്. യു ഡി എഫ് നാല് സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂര്‍, വടക്കാഞ്ചേരി , ഗുരുവായൂര്‍, ഇരിഞ്ഞാലക്കുട സീറ്റുകളിലാണ് യു ഡി എഫ് പ്രതീക്ഷവച്ചുപുലര്‍ത്തുന്നത്. ബി.ജെ.പിയുടെ മറ്റൊരു വി.ഐ.പി സ്ഥാനാർത്ഥിയും സിനിമാതാരവുമായ സുരേഷ് ഗോപിയും കോൺഗ്രസിലെ രാഷ്ട്രീയ ചാണക്യൻ ആയിരുന്ന അന്തരിച്ച ലീഡർ കെ. കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലും പരസ്പരം ഏറ്റുമുട്ടുന്ന തൃശൂർ മണ്ഡലത്തിലാണെന്ന പ്രത്യേകതയും ഇവിടെയുണ്ട്.

ചേലക്കക്കര 

മുന്‍ സ്പീക്കറും സി പി എം ജില്ലാ സെക്രട്ടറിയുമായി കെ രാധാകൃഷ്ണനാണ് ചേലക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ക്ലീന്‍ ഇമേജുള്ള കെ രാധാകൃഷ്ണനെ രംഗത്തിറക്കി ചേലക്കര നിലനിര്‍ത്തുകയെന്ന തന്ത്രമാണ് സി പി എം പയറ്റുന്നത്. സംവരണ മണ്ഡലമായ ചേലക്കരയില്‍ കോണ്‍ഗ്രസിലെ സി സി ശ്രീകുമാറാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി.
എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ഷാജുമോന്‍ വേട്ടോക്കാടും രംഗത്തുണ്ട്.


കുന്നംകുളം

മന്ത്രി എ സി മൊയ്തീനാണ് കുന്നംകുളത്തെ സിറ്റിംഗ് എം എല്‍ എ. എല്‍ ഡി എഫ് ഇത്തവണയും കുന്നംകുളത്ത് എ സി മൊയ്തീനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എല്ലാ തെരഞ്ഞെടുപ്പിലും യു ഡി എഫില്‍ നിന്നും സി എം പിയായിരുന്നു മത്സരിച്ചിരുന്നത്. ഇത്തവണ സി പി ജോണ്‍ സീറ്റ് വേണ്ടെന്ന് പറഞ്ഞതോടെ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. കോണ്‍ഗ്രസിലെ കെ ജയശങ്കറാണ് എതിരാളി.
നാട്ടുകാരനും ജനപ്രിയനുമായ ജയശങ്കര്‍ പ്രാദേശിക വികസനമാണ് പ്രധാനമായും ഉയര്‍ത്തുന്നത്. 7700 ല്‍ പരം വോട്ടാണ് കഴിഞ്ഞ തവണ എ സി മൊയ്തീന്റെ ഭൂരിപക്ഷം. അത് വര്‍ധിപ്പിക്കുകയാണ് എല്‍ ഡി എഫിന്റെ ലക്ഷ്യം. എന്നാല്‍ അട്ടിമറി വിജയമാണ് യു ഡി എഫിന്റെ ലക്ഷ്യം.
ബി ജെ പി സ്ഥാനാര്‍ത്ഥി അനീഷ് കുമാറും മണ്ഡലത്തില്‍ സജീവമായിരംഗത്തുണ്ട്.

ഗുരുവായൂര്‍

ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതോടെ ഏറെ ശ്രദ്ധേയമായ മണ്ഡലമാണ് ഗുരുവായൂര്‍. എല്‍ ഡി എഫിന് മുന്‍തൂക്കമുള്ള ഗുരുവായൂരില്‍ ഇത്തവണ മത്സരം കനക്കുമെന്നാണ് സൂചനകള്‍. ലീഗിലെ കെ എന്‍ എ ഖാദറാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. സി പി എമ്മിലെ എന്‍ കെ അക്ബറാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.
ഡി എസ് ജെ പിയിലെ ദിലീപ് നായര്‍ക്ക് ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം ഗുണം ചെയ്യുമെന്ന് വ്യക്തമല്ല. കെ എന്‍ എ ഖാദര്‍ ഗുരുവായൂരില്‍ വിജയം ഉറപ്പിച്ചിരിക്കയാണ്.

മണലൂര്‍

ഇടതുപക്ഷം ഏറേ ആത്മവിശ്വാസം പുലര്‍ത്തുന്ന മണ്ഡലമാണ് മണലൂര്‍.  ജോസഫ് മുണ്ടശേരി മാഷിനെപ്പോലുള്ള  പ്രഗല്‍ഭരെ വിജയിപ്പിച്ച പാരമ്പര്യമുള്ള മണ്ഡലമാണിത്. മുരളി പെരുമേലിയാണ് എല്‍ ഡി സ്ഥാനാര്‍ത്ഥി. അതേസമയം മുൻ മന്ത്രിയും കെ.പി.സി.സി. പ്രസിഡണ്ടുമായിരുന്ന വി.എം. സുധീരൻ തുടർച്ചയായി മത്സരിച്ചു വിജയിച്ച മണ്ഡലമാണ് മണലൂർ.കോണ്‍ഗ്രസിലെ വിജയ് ഹരിയെയാണ് യു ഡി എഫ് മണലൂര്‍ പിടിക്കാന്‍ രംഗത്തിറക്കിയിരിക്കുന്നത്. ബി ജെ പിയുടെ പ്രമുഖ നേതാവ് എ എന്‍ രാധാകൃഷ്ണനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായി മണലൂര്‍ മാറിയിരിക്കയാണ്.

വടക്കാഞ്ചേരി

കേരളം ഏറെ ശ്രദ്ധയോടെ നോക്കിക്കാണുന്ന മണ്ഡലമാണ് വടക്കാഞ്ചേരി. ഏറെ വിവാദമുണ്ടായ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മ്മാണവിവാദവും മറ്റും ഉയര്‍ത്തിക്കൊണ്ടുവന്ന അനില്‍  അക്കരയാണ് സിറ്റിംഗ് എം എല്‍ എ. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി അനില്‍ക്കര വീണ്ടും ജനവിധി തേടുമ്പോള്‍ സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് സി പി എം. 48 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനില്‍ കഴിഞ്ഞ തവണ ജയിച്ചുകയറിയത്.

നാട്ടുകാരനായ സേവ്യര്‍ ചിറ്റിലപ്പള്ളിയെ ആണ് ,സി പി എം രംഗത്തിറക്കിയിരിക്കുന്നത്. സി പി എമ്മിന്റെ അഭിമാന പ്രശ്‌നമാണ് വടക്കാഞ്ചേരി പിടിക്കല്‍. ബി ജെ പി സ്ഥാനാര്‍ത്ഥിയായി ടി എസ് ഉല്ലാസ് ബാബുവും മണ്ഡലത്തില്‍ സജീവമാണ്.

അനില്‍ അക്കര സീറ്റ് നിനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്.

ഒല്ലൂര്‍

സി പി ഐ മത്സരരംഗത്തുള്ള മണ്ഡലമാണ് ഒല്ലൂര്‍. എന്നും ഇടത് പക്ഷത്ത് നിലയുറപ്പിക്കാറുള്ള മണ്ഡലം. സി പി ഐ യിലെ കെ രാജനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ ജോസ് വെള്ളൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട്. ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി.

തൃശ്ശൂര്‍

പൂരനഗരിയില്‍ ആരാവും വാഴുകയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. സിനിമാ താരം സുരേഷ് ഗോപി ബി ജെ പി ടിക്കറ്റില്‍ മത്സരിക്കാനെത്തിയതോടെ താരപരിവേഷത്തിലാണ് തൃശ്ശൂര്‍.  

കോണ്‍ഗ്രസിന് ഏറെ വേരോട്ടമുണ്ടായിരുന്ന മണ്ണായിരുന്നു വടക്കുംനാഥന്റേത്. എന്നാല്‍ കോണ്‍ഗ്രസിലെ ഐക്യമില്ലായ്മയും ബി ജെ പിയുടെ മുന്നേറ്റവും യു ഡി എഫിന് തിരിച്ചടിയായി. എന്നാല്‍ ഇത്തവണ തൃശ്ശൂര്‍ പിടിക്കാന്‍ യു ഡി എഫ് നിയോഗിച്ചത് സാക്ഷാല്‍ ലീഡറുടെ മകളെയാണ്. പത്മജാ വേണുഗോപാലാണ് തൃശ്ശില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി. 
 
സി പി ഐ മണ്ഡലം നിലനിര്‍ത്താനായി നിയോഗിച്ചത് പി ബാലചന്ദനെയാണ്. സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. പത്മജ ഇത്തവണ ജയിച്ചുകയറുമെന്നാണ് തൃശ്ശൂരിലെ യു ഡി എഫിന്റെ പ്രതീക്ഷ.
സുനില്‍ കുമാറിനെ പോലുള്ള ശക്തനായ സ്ഥാനാര്‍ത്ഥിയുടെ അഭാവം എല്‍ ഡി എഫിന് ദോഷം ചെയ്യുമെന്നാണ് കണക്കുകൂട്ടലുകള്‍.

നാട്ടിക

തീരദേശ മണ്ഡലമാണ് നാട്ടിക. മത്സ്യതൊഴിലാളികള്‍ നിര്‍ണ്ണായകമായ മണ്ഡലം. നല്ല ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്ന നാട്ടികയില്‍ തിരിച്ചടിയുണ്ടാവുമോ എന്ന ഭയം ഇടതുമുന്നണിക്കുണ്ട്. സി പി ഐയിലെ സി സി മുകുന്ദനാണ് ഇടത് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ സുനില്‍ ലാലൂര്‍ ശക്തമായി മണ്ഡലത്തിലുണ്ട്.  യു ഡി എഫ് പിടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മണ്ഡലമാണ് നാട്ടിക.

കൈപ്പമംഗലം

സിറ്റിംഗ് എം എല്‍ എ ഇ ടി ടൈസനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ഘടകകക്ഷികള്‍ക്ക്  സീറ്റു നല്‍കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുകളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയ ആദ്യ മണ്ഡലം കയ്പമംഗലമായിരുന്നു. ആര്‍ എസ് പിക്കായിരുന്നു കഴിഞ്ഞ തവണ കയ്പമംഗലം വിട്ടു നല്‍കിയിരുന്നത്.

ഇത്തവണ കോണ്‍ഗ്രസിലെ ശോഭാ സുബിനെ നേരത്തെ മണ്ഡലത്തിലിറക്കി പ്രചാരണം ആരംഭിച്ചത് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 
ബി ജെ പി സ്ഥാനാര്‍ത്ഥി ശ്രീലാല്‍ മണ്ഡലത്തില്‍ ഇരുമുന്നണിക്കും ഭീഷണിയുര്‍ത്തുന്നുണ്ട്.

ഇരിഞ്ഞാലക്കുട

ഇടതും വലതും മുന്നണികള്‍ക്ക് വിജയം നല്‍കിയ മണ്ഡലമാണ് ഇരിഞ്ഞാലക്കുട. തോമസ് ഉണ്ണിയാടന്‍ നേരത്തെ ജയിച്ചുകയറിയ മണ്ഡലമാണ് ഇരിഞ്ഞാലുക്കുട. ഇത്തവണയും കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. സി പി എമ്മിലെ ഡോ. ആര്‍ ബിന്ദുവാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. എല്‍ ഡി എഫ് കണ്‍വീറും, സി പി എം ആക്ടിംഗ് സെക്ട്രട്ടറിയുമായ എ വിജയരാഘവന്റെ ഭാര്യയാണ് ആര്‍ ബിന്ദു. റിട്ട. ഐ പി എസ് ഉദ്യോഗസ്ഥനായ തോമസ് ജേക്കബ്ബാണ് ബി ജെ പി സ്ഥാനാര്‍ത്ഥി.

പുതുക്കാട്

രണ്ട് തവണ സി രവീന്ദ്രനാഥ് വിജയിച്ച മണ്ഡലമാണ് പുതുക്കാട്. എല്‍ ഡി എഫിനോട് എന്നും മമതകാണിച്ചിരുന്ന മണ്ഡലം. ഇത്തവണം മന്ത്രി സി രവീന്ദ്രനാഥ് മത്സര രംഗത്തില്ല.  കെ കെ രാമചന്ദ്രനാണ് എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി.  സുനില്‍ അന്തിക്കാടാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. എ നാഗേഷാണ് ബി ജെ പി സ്ഥാനാര്‍ത്ഥി.

ചാലക്കുടി

വലതുപക്ഷ സ്വഭാവം പുലര്‍ത്തിയിരുന്ന മണ്ഡലമായിരുന്നു ചാലക്കുടി. പിന്നീട് ദേവസ്യയിലൂടെ ചാലക്കുടി ഇടതുപക്ഷത്തേക്ക് തിരിഞ്ഞു. ഇത്തവണ കേരളാ കോണ്‍ഗ്രസ് എമ്മിനാണ് ഇടതുമുന്നണി ചാലക്കുടി നല്‍കിയത്.  ഡെന്നീസ് ആന്റണിയാണ് ഇടത് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ ടി ജെ സനീഷ് കുമാര്‍ ജോസഫാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി.
ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി.

കൊടുങ്ങല്ലൂര്‍

പൗരാണിക ക്ഷേത്ര നഗരമാണ് കൊടുങ്ങല്ലൂര്‍. എന്നാല്‍ ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന മണ്ഡലവുമാണ് കൊടുങ്ങല്ലൂര്‍.  സി പി ഐയിലെ
വി ആര്‍ സുനിലാണ് കൊടുല്ലൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം പി ജാക്‌സനെയാണ് യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്.  ബി ജെ പിയുടെ സന്തോഷ് ചിറക്കുളവും മണ്ഡലത്തില്‍ നിര്‍ണായക ശക്തിയാണ്.
ഇത്തവണ ആര് ജയിക്കുമെന്ന് ബി ജെ പി യുടെ വോട്ട് ഷെയര്‍ നിര്‍ണായകമാവും.

എറണാകുളം ജില്ല (14 )
 
യു ഡി എഫ് : 10 മുതല്‍ 12
എല്‍ ഡി എഫ് : 4-6 
ട്വന്റി-20: 2 
ചാഞ്ചാട്ടം: 2 

യു.ഡി.എഫ് ഏറെ പ്രതീക്ഷ വച്ച് പുലർത്തുന്ന 14 മണ്ഡലങ്ങള്‍ ഉള്ള എറണാകുളം ജില്ലയിൽ 10 മുതല്‍ 12 സീറ്റുകള്‍ വരെയാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്.  എല്‍ ഡി എഫ് 4  മുതല്‍ 6 സീറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ 5 പഞ്ചായത്തുകൾ ഒറ്റയ്ക്ക് പിടിച്ചടക്കിയ ട്വന്റി-20 ഇത്തവണ 14 എറണാകുളം ജില്ലയിൽ രണ്ട് സീറ്റുകളിലെങ്കിലും വിജയികൾക്കുമെന്ന്  പ്രതീക്ഷവെക്കുന്നുണ്ട്. എന്നും യു ഡി എഫിന്റെ ഉരുക്ക് കോട്ടയാണ് എറണാകുളം ജില്ല. രാഷ്ട്രീയമായ വേലിയേറ്റങ്ങളും മറ്റും വരുമ്പോഴും കാര്യമായ മാറ്റങ്ങളില്ലാതെ മുന്നേറുന്ന ജില്ലയാണ് എറണാകുളം. തൃപ്പൂണിത്തുറയും, കളമശേരിയുമാണ് ഇത്തവണ വാശിയേറിയ മത്സരങ്ങള്‍നടക്കുന്ന മണ്ഡലങ്ങള്‍.

പെരുമ്പാവൂര്‍

യു ഡി എഫിനെ എന്നും കാത്തുസംരക്ഷിച്ചിരുന്ന മണ്ഡലമാണ് പെരുമ്പൂര്‍. എന്നാല്‍ ചിലപ്പോഴൊക്കെ ഗതിമാറ്റവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ എല്‍ദോസ് കുന്നപ്പള്ളിയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എം എല്‍ എയായ എല്‍ദോസ് കുന്നപ്പള്ളിയാണ് രണ്ടാം വട്ടവും യു ഡി എഫ് സ്ഥാനാര്‍ത്ഥി. ഇത്തവണ എല്‍ ഡി എഫ്  കേരളാ കോണ്‍ഗ്രസ് എമ്മിനാണ് പെരുമ്പൂവൂര്‍ സീറ്റ് നല്‍കിയിരിക്കുന്നത്.
ബാബു ജോസഫ് സ്ഥാനാര്‍ത്ഥിയായി വന്നതോടെ സമവാക്യങ്ങളെല്ലാം മാറി മറയുകയാണ്. ഇതോടൊപ്പം ട്വന്റി-20 സ്ഥാനാര്‍ത്ഥിയും കളം നിറഞ്ഞതോടെ സ്ഥിതിതിഗതികള്‍ ആകെ മാറി മറയുകയാണ്.
എന്തുസംഭവിച്ചാലും പെരുമ്പാവൂരില്‍ ഒരു ചലനവും ഉണ്ടാവില്ലെന്നാണ് യു ഡി എഫ് പറയുന്നത്. എല്‍ദോസ് കുന്നപ്പള്ളി വിജയം ആവര്‍ത്തിക്കുമെന്നാണ് യു. ഡി എഫിന്റെ വിശ്വാസം.


കളമശ്ശേരി

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് കളമശ്ശേരി. പാലാരിവട്ടം പാലം അഴിമതിയാരോപണമാണ് കളമശേരിയിലെ പ്രധാന തെരഞ്ഞെടുപ്പായുധം. മുന്‍മന്ത്രിയും ലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞുമായി ബന്ധപ്പെട്ടാണ് കളമശേരിയില്‍ വിവാദം. ഇബ്രാഹിംകുഞ്ഞിന്റെ മകനാണ് കളമശേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി. സി പി എം സംസ്ഥാന സെക്ട്രട്ടറിയേറ്റ് മെമ്പര്‍ പി രാജീവാണ് കളമശേരിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ലീഗിലുണ്ടായ വിമത നീക്കവും, അഴിമതിക്കെതിരെയുള്ള പ്രചാരണവും വലിയ നേട്ടമായിതീരുമെന്നാണ് എല്‍ ഡി എഫിന്റെ പ്രതീക്ഷകള്‍.  കളമശേരിയില്‍ വിജയം ആവര്‍ത്തിക്കുമെന്നാണ് യു ഡി എഫിന്റെ വിലയിരുത്തല്‍. ആദ്യഘട്ടങ്ങളില്‍ ലീഗണികളിലുണ്ടായ പ്രതിഷേധം പരിഹപിച്ചെന്നാണ് യു ഡി എഫ് നേതൃത്വം ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ത്ഥിയാണ് പി രാജീവ്.


തൃപ്പൂണിത്തുറ

കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബാര്‍കോഴ വിവാദത്തിലൂടെ യു ഡി എഫിന് നഷ്ടമായ സീറ്റാണ് തൃപ്പൂണിത്തുറ. കാല്‍നൂറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് അധിപത്യം തകര്‍ത്ത് യുവനേതാവായ എം സ്വരാജ് ജയിച്ചുകയറിയത് ചരിത്രമായി. ഇത്തവണയും എം സ്വരാജും, കെ ബാബുവും തമ്മിലാണ് മത്സരം. ബി ജെ പിയുടെ എ ക്ലാസ് മണ്ഡലമായി കണക്കാക്കിയിരിക്കുന്ന തൃപ്പൂണിത്തുറയില്‍ ഡോ കെ എസ് രാധാകൃഷ്ണനാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി.

ശബരിമല വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മണ്ഡലങ്ങളില്‍ ഒന്നാണ്  തൃപ്പൂണിത്തുറ. ബി ജെ പി വോട്ടുകള്‍ തനിക്ക് അനുകൂലമാവുമെന്ന കെ ബാബുവിന്റെ പരസ്യ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത് തൃപ്പൂണിത്തുറയിലായിരുന്നു. അവസാന ലാപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ ബാബു മണ്ഡലം തിരിച്ചുപിടിക്കാനുള്ള സാധ്യതയാണ് തെളിയിരുന്നത്.

തൃക്കാക്കര

എന്നും കോണ്‍ഗ്രസിനെ തുണച്ച മണ്ഡലമാണ് തൃക്കാക്കര. ഐ ടി നഗരമായാണ് തൃക്കാക്കര നിലവില്‍ അറിയപ്പെടുന്നത്. ഇന്‍ഫോപാര്‍ക്കും, മറ്റ് നിരവധി ഐടി പാര്‍ക്കുകളും ഉള്‍ക്കൊള്ളുന്ന മണ്ഡലം കാക്കാന്‍ കോണ്‍ഗ്രസ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത് പി ടി തോമസിനെയാണ്. മികച്ച എം എല്‍ എയായാണ് പി ടി അറിയപ്പെടുന്നത്. പി ടി യെ പിടിച്ചുകെട്ടാന്‍ സി പി എം ഇത്തവണയും സ്വതന്ത്രനെയാണ് രംഗത്തിറക്കിയത്. ഡോ ജെ ജേക്കബ്ബ് പൊതുസ്വീകാര്യനല്ല. പൊതുപ്രവര്‍ത്തന രംഗത്ത് അറിയപ്പെടാത്ത വ്യക്തി. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെന്ന നിലയില്‍ നിന്നും പൊതുപ്രവര്‍ത്തകനിലേക്ക് ഡോ ജെ ജേക്കബ്ബിനെ വളര്‍ത്താനുള്ള ശ്രമം വിജയിച്ചില്ലെന്നാണ് മണ്ഡലത്തില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. മണ്ഡലം കോണ്‍ഗ്രസിന്റെ കൈകളില്‍ സുരക്ഷിതമായിരിക്കും. ബി ജെ പി സ്ഥാനാര്‍ത്ഥിയും, ട്വന്റി 20 സ്ഥാനാര്‍ത്ഥിയും മണ്ഡലത്തില്‍ സജീവ സാന്നിദ്ധ്യമാണ്.

പറവൂര്‍

ഇടത്തോട്ട് ചാഞ്ഞുനിന്നിരുന്ന പറവൂരിനെ വലത്തോട്ട് നയിച്ചത് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശനാണ്. ഇത്തവണയും വി ഡി സതീശനാണ് പറവൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി. സതീശനെ പൂട്ടാന്‍ എല്ലാ തന്ത്രങ്ങളും അന്വേഷിച്ചെങ്കിലും പൊതു സ്വതന്ത്രനെ നിര്‍ത്താനുള്ള നീക്കം അവസാനഘട്ടം ഉപേക്ഷിക്കുകയായിരുന്നു എല്‍ ഡി എഫ്. ഒടുവില്‍ സി പി ഐ എം ടി നിക്‌സനെ സ്ഥാനാര്‍ത്ഥിയാക്കി. പറവൂരില്‍ ഇത്തവണയും വി ഡി സതീശന്‍ വെന്നിക്കൊടി പാറിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.

ആലുവ

പുതുമകള്‍ ഏറെയുണ്ടെങ്കിലും ആലുവയില്‍ അവസാനഘട്ട ചിത്രം യു ഡി എഫിന് അനുകൂലമാണ് ആലുവയില്‍. യു ഡി എഫിന്റെ സിറ്റിംഗ് എം എല്‍ എയായ അന്‍വര്‍ സാദത്താണ് ഇത്തവണയും യു ഡി എഫ് സ്ഥാനാര്‍ത്ഥി. പഴയകാല കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായിരുന്ന വ്യക്തിയുടെ മരുമകളെ സ്ഥാനാര്‍ത്ഥിയാക്കി ആലുവയില്‍ അങ്കത്തിനിറങ്ങിയിരിക്കയാണ് എല്‍ ഡി എഫ്. ഷെല്‍നയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് എല്‍ ഡി എഫ് കരുതുമ്പോഴും അന്‍വര്‍ സാദത്തിന്റെ ജനസ്വാധീനം തകര്‍ക്കാന്‍ എല്‍ ഡി എഫിന് കഴിയുന്നില്ല.
അടിയൊഴുക്കുകള്‍ അത്രശക്തമായാല്‍ മാത്രമേ ആലുവയില്‍ അത്ഭുതങ്ങള്‍ സംഭവിക്കൂ.

എറണാകുളം

എന്നും യു ഡി എഫിനോടൊപ്പം നില്‍ക്കുന്ന എറണാകുളത്ത് ഇത്തവണയും അത്ഭുതങ്ങളൊന്നും സംഭവിക്കില്ല. ലത്തീന്‍ സമുദായത്തിന്റെ വോട്ടാണ് എറണാകുളത്ത് വിജയപരാജയങ്ങള്‍ തീരുമാനിക്കുന്നത്. 25 വര്‍ഷത്തിനിടയില്‍ ഒരു തവണ എല്‍ ഡി എഫ് സ്വതന്ത്രനായ സെബാസ്റ്റ്യന്‍ പോള്‍ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് എറണാകുളം.

പല പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സി പി എമ്മിന് ഇപ്പോഴും താല്പര്യമില്ലാത്ത മണ്ഡലമാണ് എറണാകുളം.

സിറ്റിംഗ് എം എല്‍ എ ടി ജെ വിനോദിനെതിരെ സി പി എം ഇത്തവണ രംഗത്തിറക്കിയത് പ്രണത ഷാജിയെയാണ്. ലത്തീന്‍ രൂപതാ ബിഷപ്പിന്റെ പ്രത്യേക നിര്‍ദ്ദേശത്തിലാണ് എറണാകുളത്ത് ഷാജിയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ലത്തീന്‍ സഭയുടെ പ്രതിനിധിയായാണ് ഷാജി ജോര്‍ജ് മത്സരരംഗത്ത് എത്തുന്നത്. ട്വന്റി 20 യുടെയും വീ 4 കൊച്ചിയുടെയും സ്ഥാനാര്‍ത്ഥികളും മണ്ഡലത്തില്‍ സജീവമാണ്.

കൊച്ചി

പൗരാണിക നഗരമാണ് കൊച്ചി, വാസ്‌കോദിഗാമയും, നിരവധി വിദേശ സഞ്ചാരികളും കേരളത്തെ അടുത്തറിയാനായി എത്തിയ ദേശം. ലോകത്തിന്റെ കവാടമായിരുന്നു ഫോര്‍ട്ട്‌കൊച്ചി,  മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മണ്ഡലമാണ് കൊച്ചി. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയും, സിറ്റിംഗ് എം എല്‍ എ കെ ജെ മാക്‌സിയുമാണ് മത്സരരംഗത്തുള്ളത്. കൊച്ചി പരമ്പരാഗതമായി യു ഡി എഫിനെ പിന്തുണച്ചിരുന്ന മണ്ഡലമാണ്. കെ ജെ മാക്‌സി പിടിച്ച മണ്ഡലം തിരിച്ചു പിടിക്കാനുള്ള ദൗത്യമാണ് ടോണി ചമ്മിണിക്ക്.

സമുദായ സമവാക്യങ്ങളും എല്ലാം അനുകൂലമാവുമെന്ന വിശ്വാസത്തിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ടോണി ചമ്മിണി.
എന്നാല്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് കെ ജെ മാക്‌സിയുടെ നിലപാട്.


കുന്നത്തുനാട്


സംവരണ മണ്ഡലമാണ് കുന്നത്തുനാട്. സിറ്റിംഗ് എം എല്‍ എ വി പി സജീന്ദ്രനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. ട്വന്റി 20 ലക്ഷ്യം വയ്ക്കുന്ന പ്രധാന മണ്ഡലങ്ങളില്‍ ഒന്നാണ് കുന്നത്തുനാട്.
ശ്രീനിജനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. പഴയ യൂത്ത് കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസിലെ യുവതാരം സജീന്ദ്രനും തമ്മിലുള്ള വാശിയേറിയ മത്സരത്തില്‍ ആര് വാഴും എന്നാണ് അറിയേണ്ടത്. ട്വന്റി 20 യുടെ വോട്ടുകള്‍ നിര്‍ണായകമാവുമെന്നാണ് മണ്ഡലത്തില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കുന്നത്തുനാടില്‍ തിരച്ചടികള്‍ ഉണ്ടാവില്ലെന്നാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ കണക്കുകൂട്ടലുകള്‍.

വൈപ്പിന്‍

കേരളത്തിലെ പ്രധാന തുറുമുഖ മണ്ഡലമാണ് വൈപ്പിന്‍. യു ഡി എഫ് മണ്ഡലമായിരുന്നു വൈപ്പിന്‍. കോണ്‍ഗ്രസിലെ ഡോ എം എ കുട്ടപ്പനും മറ്റും ജയിച്ചുകയറിയ ഞാറയ്ക്കല്‍ പേരുമാറി വന്ന് വൈപ്പിനായപ്പോള്‍ യു ഡി എഫില്‍ നിന്നും കൈവിട്ടു. നിലവില്‍ എസ് ശര്‍മ്മയാണ് വൈപ്പിനില്‍ സിറ്റിംഗ് എം എല്‍ എ.

ഇത്തവണ സി പി എമ്മിലെ കെ എന്‍ ഉണ്ണികൃഷ്‌നാണ് വൈപ്പിനില്‍ മത്സരംഗത്തുള്ളത്. കോണ്‍ഗ്രസിലെ ദീപക് ജോയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. വിജയം ആര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സി പി എം. എന്നാല്‍ കോണ്‍ഗ്രസ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് വൈപ്പിന്‍.

പിറവം

കേരളാ കോണ്‍ഗ്രസ് ജേക്കബ്ബിന്റെ തകര്‍ക്കാന്‍ പറ്റാത്ത കോട്ടയായായാണ് പിറവം അറിയപ്പെട്ടിരുന്നത്. ടി എം ജെക്കബ്ബിന്റെ മരണത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പിറവം യു ഡി എഫ് നിലനിര്‍ത്തി. നിലവില്‍ കേരളാ കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ളപോരാട്ടമാണ് പിറവത്ത് അരങ്ങേറുന്നത്. കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ഡോ സിന്ധുമോള്‍ ജേക്കബ്ബും, അനൂപ് ജേക്കബ്ബും തമ്മിലുള്ള മത്സരമാണ് പിറവത്ത് അരങ്ങേറുന്നത്. പിറവം സീറ്റ് എല്‍ ഡി എഫ് പെയ്‌മെന്റ് സീറ്റാണെന്നായിരുന്നു ആരോപണം. സി പി എം അംഗമായ സിന്ധുമോള്‍ സ്ഥാനാര്‍ത്ഥിയായതിലുള്ള പ്രതിഷേധം പിറവത്ത് കെട്ടടങ്ങിയിട്ടില്ല.

മൂവാറ്റുപുഴ

കുടിയേറ്റ മേഖലയാണ് മൂവാറ്റുപുഴ. എന്നും യു ഡി എഫിനൊപ്പം നിന്ന പാരമ്പര്യമാണ് മൂവാറ്റുപുഴയ്ക്ക്. സി പി ഐ യിലെ എല്‍ദോ അബ്രഹാമാണ് സിറ്റിംഗ് എം എല്‍ എ. ഇത്തവണ അത്ര എളുപ്പമല്ല എല്‍ദോയുടെ തെരഞ്ഞെടുപ്പ് രംഗം. കോണ്‍ഗ്രസിലെ പ്രമുഖനാണ് എല്‍ദോയുടെ എതിരാളി, അത് മറ്റാരുമല്ല മാത്യു കുഴല്‍നാടനാണ്. മാത്യു കുഴല്‍നാടന് ഏറെ സ്വീകാര്യതയുള്ള മണ്ഡലമാണ് മൂവാറ്റുപുഴ. നിലവില്‍ മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടന്‍ വിജയിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

കോതമംഗലം

യു ഡി എഫ് മണ്ഡലമാണ് കോതമംഗലം, എന്നാല്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇരുമുന്നണികളും. ആന്റോ ജോണ്‍ ആണ് സി പി എം സ്ഥാനാര്‍ത്ഥി. കേരളാ കോണ്‍ഗ്രസിലെ ഷിബു തെക്കുംപുറമാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി.


അങ്കമാലി

യു ഡി എഫിനെയും എല്‍ ഡി എഫിനെയും ഒരുപോലെ മാറി മാറി പരീക്ഷിച്ച മണ്ഡലമാണ് അങ്കമാലി. സോഷ്യലിസ്റ്റ് ചേരിയും കോണ്‍ഗ്രസ് ചേരിയും തമ്മിലുള്ള പോരാട്ടം. പോരാട്ടത്തില്‍ സോഷ്യലിസ്റ്റുകള്‍ വിജയിക്കുകയും പരാജയമടയുകയും ചെയ്തു.
അങ്കമാലിയില്‍ സിറ്റിംഗ് എം എല്‍ എയായിരുന്നു ജോസ് തെറ്റയില്‍. ലൈംഗികവിവാദങ്ങളില്‍ അകപ്പെട്ടതോടെ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും മാറിനിന്നു. ഇത്തവണ വീണ്ടും ജോസ് തെറ്റയില്‍ എല്‍ ഡി എഫ് ടിക്കറ്റില്‍ മത്സരരംഗത്ത് സജീവമാണ്.  
സിറ്റിംഗ് എം എല്‍ എ റോജി എം ജോണ്‍ മണ്ഡലത്തില്‍ ഏറെ സ്വീകാര്യനാണ്. അങ്കമാലിയിലെ പ്രധാനമന്ത്രി ആരാവുമെന്നാണ് ഇനി അറിയേണ്ടത്.
 
നാളെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളിലൂടെ 

LEAVE A REPLY

Please enter your comment!
Please enter your name here