രാജേഷ് തില്ലങ്കേരി,  ആഷാ മാത്യു,  വിവേക് വിനയന്‍, നിതിന്‍ ബാബു

 

ആര് വാഴും ആരൊക്കെ വീഴും …. മൂന്നാം ഭാഗം

 

 

2 8 മണ്ഡലങ്ങളിൽ  19 ലും എൽ.ഡി.എഫിന് വിജയ പ്രതീക്ഷ; യു.ഡി.എഫിന് 14 ലും 

 

 


മൊത്തം 28  മണ്ഡലങ്ങൾ ഉൾപ്പെടുന്ന കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇത്തവണ ഇരുമുന്നണികൾക്കും കണക്കുകൂട്ടലുകൾ പിഴക്കുന്ന മണ്ഡലങ്ങൾ ആയി മാറാനാണ് സാധ്യതയുള്ളത്. നാലു മണ്ഡലങ്ങളിലും കേരള കോൺഗ്രസുകളുടെ മുന്നണി മാറ്റം അടിയൊഴുക്കൾക്ക് കാരണമായേക്കാം. 
 
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളി ഉൾപ്പെടുന്ന കോട്ടയം ജില്ലയിൽ ആണ് കേരള കോൺഗ്രസുകളുടെ മുന്നണി മാറ്റം ഏറെ ശ്രദ്ധേയമാകുക. അടിയൊഴുക്കുകൾ സജീവമായ ഈ മണ്ഡലങ്ങളിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുള്ള ജില്ലയാണ്. എന്നാൽ മുന്നണിമാറ്റം പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഏറെ പൊട്ടിത്തെറികളും അസ്വസ്ഥതകളും നിലനിൽക്കുന്ന മണ്ഡലമായതിനാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കുമോ എന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്. 
 
 
ഇടുക്കി ജില്ലയിലും സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. കേരള കോൺഗ്രസുകളുടെ മുന്നണിമാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത വോട്ടർമാർ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. രണ്ടിലയിൽ മത്സരിച്ച പി.ജെ.ജോസഫ് ഇത്തവണ രണ്ടിലയും പോയി ഉണ്ടായിരുന്ന ചെണ്ടയും പോയി രണ്ടിലക്കെതിരെ മത്സരിക്കുന്ന ഗതികേടിലുമാണ്. കടുത്ത മത്സരം പ്രതീക്ഷിക്കുന്ന തൊടുപുഴയിൽ അദ്ദേഹം ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
 
യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെന്ന് കരുതപ്പെടുന്ന ഇപ്പോഴത്തെ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലം ഉൾപ്പെടുന്ന ആലപ്പുഴയിൽ എൽ.ഡി.എഫ് അമിതമായ ആത്മവിശ്വാസത്തിലാണ്.  തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായ വി ഐ പി മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഹരിപ്പാട് . 
 
തെരെഞ്ഞെടുപ്പ് കാലത്ത് ഇടതു സർക്കാരിനെതിരെ ഒരുപാട് അഴിമതിയാരോപങ്ങൾ പുറത്തുകൊണ്ടുവന്ന ചെന്നിത്തലയുടെ ഇമേജ് കത്തി നിൽക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ആലപ്പുഴയിൽ പല മണ്ഡലങ്ങളിലും പ്രത്യധ്വനിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ അത് ഇടതുമുന്നണിക്ക് ഏറെ ക്ഷീണമുണ്ടാക്കുമെന്നു തന്നെയാണ് കരുതുന്നത്.
 
പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു വട്ടം പ്രചാരണം നടത്തിയ ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളിൽ ഒന്നായ കോന്നി ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയായിരിക്കും കേരളം ഉറ്റുനോക്കുന്ന തീ പാറുന്ന മത്സരങ്ങൾ ഉൾപ്പെടുന്ന മണ്ഡലങ്ങൾ. കോന്നിയിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.  
 

കോട്ടയം ജില്ല :- മൊത്തം : 9, യു.ഡി.ഫ്: 6, എൽ.ഡി.എഫ്:5, ചാഞ്ചാട്ടം:1 
പത്തനം തിട്ട ജില്ല:- മൊത്തം: 5, എൽ.ഡി. എഫ്: 3, യു.ഡി.എഫ് :2, ചാഞ്ചാട്ടം: 2 
ഇടുക്കി ജില്ല:- മൊത്തം : 5, എൽ ഡി എഫ്: 3, യു ഡി എഫ്: 2 
ആലപ്പുഴ ജില്ല:- മൊത്തം: 9, എൽ.ഡി.എഫ്:8, യു.ഡി.എഫ്: 4, ചാഞ്ചാട്ടം: 1 
 
 
കോട്ടയം (9)
 
 
മൊത്തം : 9 
യു.ഡി.ഫ്: 6 
എൽ.ഡി.എഫ്:5 
ചാഞ്ചാട്ടം:1 

 
കോട്ടയം ജില്ലയിൽ 9 മണ്ഡലങ്ങളാണുള്ളത്. കേരള രാഷ്ട്രീയത്തിൽ ഏറെ ചലനങ്ങളുണ്ടാക്കുന്ന ജില്ലയാണ് കോട്ടയം. മധ്യകേരളത്തിൽ എന്നും യു ഡി എഫിനൊപ്പം നിന്ന ജില്ലകൂടിയാണ് കോട്ടയം. കേരളാ കോൺഗ്രസ് എം യു ഡി എഫ് വിട്ട് എൽ ഡി എഫിലേക്ക് എത്തിയതിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഉപതെരഞ്ഞെടുപ്പിൽ പാലാ കൈവിട്ടുപോയതോടെ രാഷ്ട്രീയ പ്രതിസന്ധിയിലായിരുന്നു കേരളാ കോൺഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റമാണ് കേരളാ കോൺഗ്രസിന്റെ പ്രതീക്ഷകൾ. മാണി ഗ്രൂപ്പ് ഉൾപ്പെടുന്ന ഇടതു പക്ഷം പ്രതീക്ഷിക്കുന്നത് 5 സീറ്റുകൾ ആണ്. എക്കാലവും യു.ഡി.എഫിനൊപ്പം നിന്നിരുന്ന കോട്ടയത്ത് അവർ ഇക്കുറി അവർ  പ്രതീക്ഷിക്കുന്നത് ആറ് സീറ്റുകൾ മാത്രമാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളി മണ്ഡലം ഉൾപ്പെടുന്ന ജില്ലയെന്ന പ്രത്യേകതയും കോട്ടയത്തിനുണ്ട്.

പാലാ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് പാലായിലേത്. അമ്പത് വർഷം തുടർച്ചയായി എം എൽ എയായിരുന്നു കെ എം മാണിയുടെ മണ്ഡലമെന്ന നിലയിൽ പാലായുടെ രാഷ്ട്രീയത്തിന് ഏറെ പ്രത്യേകതകളുണ്ട്.

എന്നാൽ പാലായിലെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞു. മാണി സി കാപ്പനാണ് പാലായിലെ സിറ്റിംഗ് എം എൽ എ, കഴിഞ്ഞ തവണ എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു കാപ്പനെങ്കിൽ ഇത്തവണ യു ഡി എഫിന്റെ സ്ഥാനാർത്ഥിയാണ് അദ്ദേഹം മത്സരത്തിനിറങ്ങിയിരിക്കുന്നത്. കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. 
 
മുന്നണി മാറ്റം വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന പ്രതികരണം എന്താവുമെന്നതിനെ ആശ്രയിച്ചാണ് പാലായിലെ വിജയപരാജയങ്ങൾ തീരുമാനിക്കപ്പെടുന്നത്. പാലായിലേത് കടുത്ത പോരാട്ടമാണ്. അടിയൊഴുക്കുകളിലാണ് ഇരുമുന്നണികളുടെയും പ്രതിക്ഷ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മുന്നണിയിലെ പടലപ്പിണക്കം ഇടതുമുന്നണിയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബി ജെ പി വോട്ടുകളും നിർണായകമാണ്.

കടുത്തുരുത്തി

കേരളാ കോൺഗ്രസിന്റെ മറ്റൊരു ശക്തി കേന്ദ്രമാണ് കടുത്തുരുത്തി. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ രണ്ടാമനായി അറിയപ്പെടുന്ന മോൻസ് ജോസഫാണ് ഇവിടുത്ത സിറ്റിംഗ് എം എൽ എ.  യു ഡി എഫിന്റെ യും എൽ ഡി എഫിന്റെയും ടിക്കറ്റിൽ ജയിച്ച പാരമ്പര്യമാണ് മോൻസ് ജോസഫിനുള്ളത്.

ഇത്തവണയും കടുത്തുരുത്തിയിൽ മോൻസാണ് യു ഡി എഫ് സ്ഥാനാർത്ഥി. എന്നാൽ കഴിഞ്ഞ തവണ മോൻസിന്റെ ചിഹ്നമായിരുന്നു രണ്ടില. കേരളാ കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജാണ് കടുത്തുരുത്തിയിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർത്ഥി. 
 
കേരളാ കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടുന്ന കടുത്തുരുത്തിയിൽ എൽ ഡി എഫിനെ ചിഹ്നം തുണയ്ക്കുമോ, യു ഡി എഫ് സ്ഥാനാർത്ഥിയെ മണ്ഡലത്തിലെ സ്വാധീനം തുണയ്ക്കുമോ… മോൻസിനാണ് വിജയ സാധ്യതയെന്നാണ് വോട്ടർമാരുടെ അഭിപ്രായം.

വൈക്കം

കോട്ടയം ജില്ലയിൽ എൽ. ഡി. എഫിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് വൈക്കം. ഇത്തവണ മൂന്ന് വനിതകൾ ഏറ്റുമുട്ടുന്ന അപൂർവം ചില മണ്ഡലങ്ങളിൽ ഒന്നാണ് വൈക്കം. സിറ്റിംഗ് എം എൽ സി. കെ ആശയാണ് ഇത്തവണയും എൽ ഡി എഫ് സ്ഥാനാർത്ഥി. ഇടത് തംഗത്തിലും വൈക്കം നഗരസഭയിൽ ഉണ്ടായ തിരിച്ചടി എൽ ഡി എഫിനെ അൽപ്പം ഭയപ്പെടുത്തുന്നുണ്ട്. കോട്ടയം നഗരസഭാ അധ്യയായിരുന്ന പി ആർ സോനയാണ് യു ഡി എഫ് സ്ഥാനാർത്ഥി. അജിതാ സാബുവാണ് എൻ ഡി എ സ്ഥാനാർത്ഥി.


ഏറ്റുമാനൂർ

കോൺഗ്രസിലെ പടലപ്പിണക്കംമൂലം ശ്രദ്ധേയമായ മണ്ഡലമാണ് ഏറ്റുമാനൂർ. മഹിളാ കോൺഗ്രസ് നേതാവായിരുന്ന ലതികാ സുഭാഷ് വിമത സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയതോടെയാണ് ഏറ്റുമാനൂർ ശ്രദ്ധാകേന്ദ്രമായത്. 
സി പി എം ജില്ലാ സെക്രട്ടറി വി എൻ വാസവനാണ് ഏറ്റുമാനൂരിലെ ഇടത് സ്ഥാനാർത്ഥി. കേരളാ കോൺഗ്രസിലെ പ്രിൻസ് ലൂക്കോസാണ് യു ഡി എഫ് സ്ഥാനാർത്ഥി.
 
സുരേഷ് കുറുപ്പ് തുടർച്ചയായി ജയിച്ച മണ്ഡലം നിലനിർത്തുകയാണ് ലക്ഷ്യമെന്ന് വി എൻ വാസവനും, യു ഡി എഫിന് വിജയിക്കാവുന്ന സാഹചര്യമാണ് ഏറ്റുമാനൂരിലെന്നും ഇരു സ്ഥാനാർത്ഥികളും പറയുന്നു. കോൺഗ്രസ് വിമതയായി ലതികാ സുഭാഷ് മത്സരരംഗത്ത് സജീവമാണ്. ഇത് തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് യു ഡി എഫ് സ്ഥാനാർത്ഥി. ബി ജെ പി സ്ഥാനാർത്ഥി ടി എൻ ഹരികുമാറും രംഗത്തുണ്ട്.

കോട്ടയം

കോൺഗ്രസിന്റെ ഉറച്ചകോട്ടയെന്ന് പറയാവുന്ന മണ്ഡലമാണ് കോട്ടയം. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് സിറ്റിംഗ് എം എൽ എ. ഇത്തവണയും തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയാണ് യു ഡി എഫ് സ്ഥാനാർത്ഥി. സി പി എമ്മിലെ കെ അനിൽകുമാറാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.
കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റമൊന്നും കോട്ടയത്തെ ബാധിക്കില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ബി ജെ പി സ്ഥാനാർത്ഥി മിനർവാ മോഹനും മത്സരരംഗത്തുണ്ട്.

പുതുപ്പള്ളി

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അര നൂറ്റാണ്ടുകാലമായി വിജയിച്ചുവരുന്ന മണ്ഡലമാണ് പുതുപ്പള്ളി.
ഇത്തവണയും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെയാണ് സ്ഥാനാർത്ഥി. കേരളാ കോൺഗ്രസ് എമ്മിന് നല്ല ശക്തിയുള്ള മണ്ഡലംകൂടിയാണ് പുതുപ്പള്ളി. തദ്ദേശതെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിലെ ഭൂരപിക്ഷം പഞ്ചായത്തുകളും ഇടത് പക്ഷം പിടിച്ചെടുത്തതിന്റെ ആശങ്ക ഒരു ഭാഗത്തുണ്ടെങ്കിലും, ഉമ്മൻ ചാണ്ടിയുടെ സാന്നിദ്ധ്യം അതെല്ലാം പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എസ് എസ് ഐ നേതാവായിരുന്ന ജെയ്ക്ക് സി തോമസാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. ബി ജെ പിയുടെ എൻ ഹരിയാണ് എൻ ഡി എയുടെ സ്ഥാനാർത്ഥി. പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വിജയം ചരിത്രമാവും.

ചങ്ങനാശ്ശേരി

കേരളാ കോൺഗ്രസുകാരുടെ നേരിട്ടുള്ള പോരാട്ടം  അരങ്ങേറുന്ന മണ്ഡലമാണ് ചങ്ങനാശേരി. കേരളാ കോൺഗ്രസ് എമ്മിന്റെ ജോബ് മൈക്കിളും. കേരളാ കോൺഗ്രസിന്റെ വി ജെ ലാലിയും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് ഇവിടെ അരങ്ങേറുന്നത്.
ആദ്യകാല കോൺഗ്രസ് നേതാവ് ജി രാമൻ നായരാണ് ബി ജെ പിയുടെ സ്ഥാനാർത്ഥി. യു ഡി എഫിനാണ് ചങ്ങനാശേരിയിൽ മുൻതൂക്കമെന്നാണ് വോട്ടർമാരുടെ പ്രതികരണം.

കാഞ്ഞിരപ്പള്ളി

വാശിയേറിയ പോരാട്ടം നടക്കുന്ന കോട്ടയം ജില്ലയിലെ മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി. സിറ്റിംഗ് എം എൽ എ കേരളാ കോൺഗ്രസ് എമ്മിലെ എൻ ജയരാജാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. പഴയ എൽ ഡി എഫ് എം എൽ എയും പിന്ന്ടീ ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായി അൽഫോൻസ് കണ്ണന്താനം, കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. ത്രികോണ മത്സരമെന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും ശക്തമായ പോരാട്ടമാണ് കാഞ്ഞിരപ്പള്ളിയിൽ അരങ്ങേറുന്നത്. അടിയൊഴുക്കുകളൊന്നും നടന്നില്ലെങ്കിൽ കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ് വീണ്ടും തെരഞ്ഞെടുക്കപ്പെടും.

പൂഞ്ഞാർ

കേരളത്തിൽ ശ്രദ്ധേയമായ മറ്റൊരു മണ്ഡലമാണ് പൂഞ്ഞാർ. ജനപക്ഷം നേതാവ് പി സി ജോർജിന്റെ സിറ്റിംഗ് സീറ്റ്. ഇടതിനെയും വലതിനെയും ഒരു പോലെ പരാജയപ്പെടുത്തിയ പി സി ജോർജ് ഇത്തവണയും മുന്നണിയുടെ പിൻബലമൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇത്തവണ കേരളാ കോൺഗ്രസ് എം സെബാസ്റ്റിയൻ കുളത്തുങ്കലും, കോട്ടയം മുൻ ഡി.സി.സി. പ്രസിഡണ്ടും കെ.പി.സി.സി. ജനറൽ സെക്രെട്ടറിയുമായ ടോമി കല്ലാനിയുമാണ് പൂഞ്ഞാറിൽ പി സിയെ നേരിടുന്നത്. ശക്തമായ മത്സരമാണ് പൂഞ്ഞാറിൽ അരങ്ങേറുന്നത്. 
 
പി.സി.യുടെ മുസ്ലിം വിരുദ്ധ പ്രസ്താവനകൾ മൂലം അദ്ദേഹത്തിന്റെ പ്രചാരണത്തിനിടെ ചിലർ കൂവിയതും തുടർന്ന് അവരെ അദ്ദേഹം അസഭ്യവർഷം ചൊരിഞ്ഞതും വിവാദമായിരുന്നു. എന്നാൽ ക്രിസ്ത്യൻ വോട്ടുകൾ തനിക്കനുകൂലമാക്കാൻ പി.സി. ജോർജ്‌ തന്നെ പ്ലാൻ ചെയ്തതായിരുന്നു കൂവൽ നാടകമെന്നും യു.ഡി. എഫ്. കേന്ദ്രങ്ങൾ ആരോപിക്കുന്നു.  ബി ഡി ജെ എസിന്റെ സ്ഥാനാർത്ഥി എം പി സെനും ശക്തമായി പ്രതിരോധം തീർക്കുന്നുണ്ട്.


ഇടുക്കി ജില്ല (5 )

മൊത്തം സീറ്റുകൾ- 5

എൽ ഡി എഫ് 3
യു ഡി എഫ് 2 


മലയോര ജില്ലയാണ് ഇടുക്കി. തോട്ടം തൊഴിലാളികളാണ് ഇടുക്കിയുടെ വോട്ടർമാരിൽ വലിയൊരു പങ്ക്. ആകെ 5 മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഇടുക്കിയിൽ എൽ.ഡി.എഫ്. 3 സീറ്റും എൽ.ഡി.എഫ് 2 സീറ്റുമാണ് പ്രതീക്ഷിക്കുന്നത്. കേരളാ കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ശക്തി കേന്ദ്രമെന്നാണ് ഇടുക്കി അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാർ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രദേശം.

ദേവികുളം

സി പി എമ്മിന്റെ സിറ്റിംഗ് സീറ്റാണ്. തമിഴ് വോട്ടർമാർ നിർണായകമാണ്. തോട്ടം തൊഴിലാളി മേഖല. കേരളത്തിലെ നിലവിലുള്ള വിവാദങ്ങളും, ആരോപണങ്ങളുമൊന്നുമല്ല ദേവികുളത്തെ. എസ് രാജേന്ദ്രൻ തുടർച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ച മണ്ഡലമാണ് ദേവികുളം. ഭൂമി രാഷ്ട്രീയം എന്നും വിവാദമായി നിൽക്കുന്ന പ്രദേശമാണ് ദേവികുളം. ഇത്തവണ എ രാജയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. ഡി കുമാറാണ് യു ഡി എഫ് സ്ഥാനാർത്ഥി. എസ് ഗണേശനാണ് ബി ജെ പി പിന്തുണയുള്ള സ്ഥാനാർത്ഥി.

ഇടുക്കി

കേരളാ കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ജില്ലയിലെ രണ്ടാമത്തെ മണ്ഡലമാണ് ഇടുക്കി. കേരളാ കോൺഗ്രസ് എം നേതാവ് റോഷി അഗസ്റ്റിൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എത്തുന്നു. യു ഡി എഫിന്റെ സിറ്റിംഗ് എം എൽ എയായ റോഷി യെ നേരിടാൻ യു ഡി എഫ് ഇത്തവണ ഇറക്കിയത് കേരളാ കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജാണ്.
 
 ബി ഡി ജെ എസിന്റെ സംഗീതാ വിശ്വനാഥാണ് എൻ ഡി എ സ്ഥാനാർത്ഥി. കേരള കോൺഗ്രെസ്സുകളുടെ കോട്ടയായ ഇവിടെ മുന്നണി മാറ്റം ശരിക്കും പ്രതിഫലിക്കുന്ന മണ്ഡലമായിരിക്കും.  
അടിയൊഴുക്കുകളിലാണ് ഇരു മുന്നണി സ്ഥാനാർത്ഥികളുടെയും പ്രതീക്ഷകൾ. 


പീരുമേട്

ഇടുക്കിയിലെ തോട്ടം മേഖലയാണ് പീരുമേട്. സി പി ഐയിലെ ബിനാമോളായിരുന്നു സിറ്റിംഗ് എം എൽ എ. ഇത്തവണ സി പി ഐയിലെ വാഴൂർ സോമനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ സിറിയത് തോമസ് യു ഡി എഫ് സ്ഥാനാർത്ഥിയായി എത്തുന്നു. ശ്രീനഗരി രാജനാണ് ബി ജെ പി സ്ഥാനാർത്ഥി.
അട്ടിമറി സാധ്യതകളില്ലാത്ത മണ്ഡലമാണ് പീരുമേട്.


തൊടുപുഴ

കേരളാ കോൺഗ്രസിന്റെ തട്ടകമാണ് തൊടുപുഴ. കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫിന്റെ സിറ്റിംഗ് സീറ്റാണ് തൊടുപുഴ. രണ്ടില ചിഹ്നത്തിൽ മത്സരിച്ച പി ജെ ജോസഫ് ഇത്തവണ രണ്ടില ചിഹ്നത്തിനെതിരായാണ് മത്സരിക്കുന്നത്. ചിഹ്നം, പേര് എന്നിവയ്ക്കായി പി ജെ ജോസഫ് നടത്തിയ പോരാട്ടങ്ങളിലെ തിരിച്ചടി മണ്ഡലത്തിൽ എൽ ഡി എഫിന് നേട്ടമാവുമെന്നാണ് കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥിയുടെ വിശ്വാസം. കെ ഐ ആന്റണിയാണ് പി ജെ ജോസഫിനെ നേരിടുന്നത്.
പി ജെ ജോസഫിന് തിരിച്ചടികളുണ്ടാവില്ലെന്നാണ് യു ഡി എഫ് കേന്ദ്രങ്ങളിലെ ഉറച്ച വിശ്വാസം.


ആലപ്പുഴ ജില്ല (9)

മൊത്തം : 9
എൽ.ഡി.എഫ്:8 
യു.ഡി.എഫ്: 4 
ചാഞ്ചാട്ടം: 1
 
ഉറച്ച കമ്യൂണിസ്റ്റ് കോട്ടയായാണ് ആലപ്പുഴയെ വിലയിരുത്തുന്നത്. പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ഭൂമിക. മൂന്ന് മന്ത്രിമാരുള്ള ജില്ലയാണ് ആലപ്പുഴ. എന്നാൽ മൂന്ന് മന്ത്രിമാരും ഇത്തവണ മത്സര രംഗത്തില്ലെന്ന പ്രത്യേകതയുമുണ്ട്.

9  നിയോജകമണ്ഡലങ്ങളുള്ള ആലപ്പുഴയിൽ എട്ട് സീറ്റ്  നേടുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. എന്നാൽ തങ്ങൾ നാലു സീറ്റുകളിൽ വിജയിക്കുമെന്ന് യു.ഡി.എഫിനും ആത്മവിശ്വാസമുണ്ട്. 
കുട്ടനാട്, അരൂർ, ചേർത്തല, കായംകുളം മണ്ഡലങ്ങളാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. കൂടാതെ ആലപ്പുഴയിൽ യു ഡി എഫ് അട്ടിമറി വിജയം നേടുമെന്നും പ്രതീക്ഷിക്കുന്നു.


അരൂർ

ഇരുപക്ഷത്തോടും മാറി മാറി മമത കാണിക്കുന്ന മണ്ഡലമാണ് അരൂർ. ഭൂമിശാസ്ത്രപരമായി എറണാകുളം ജില്ലയുമായി ഏറെ അടുത്തു കിടക്കുന്ന പ്രദേശമാണ് അരൂർ.

സി പി എമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന അരൂർ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ കൈവിട്ടു. ഷാനിമോൾ ഉസ്മാനാണ് നിവിൽ സിറ്റിംഗ് എം എൽ എ. ഇത്തവണയും ഷാനിമോൾ ഉസ്മാനാണ് യു ഡി എഫ് സ്ഥാനാർത്ഥി. ഗായകയും ജില്ലാ പഞ്ചായത്ത് അംഗവുമായ ദലീമ ജോജോയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. ബി ഡി ജെ എസിന്റെ അനിയപ്പൻ എൻ ഡി എ സ്ഥാനാർത്ഥിയാണ്.

എൽ ഡി എഫും, യു ഡി എഫും വനിതകളെയിറക്കിയാണ് അരൂരിൽ ബലാബല പരീക്ഷണം നടത്തുന്നത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട അരൂർ തിരിച്ചു പിടിക്കുമെന്നാണ് സി പി എമ്മിന്റെ പ്രഖ്യാപനം. എന്നാൽ അട്ടിമറികളൊന്നും നടക്കില്ലെന്നാണ് അരൂരിന്റെ സ്പന്ദനങ്ങൾ കൃത്യമായി പഠിച്ചിരിക്കുന്ന ഷാനിമോൾ പറയുന്നത്. ഷാനിമോൾക്ക് വിജയസാധ്യതയുള്ള മണ്ഡലമാണ് അരൂർ.


ചേർത്തല

എ കെ ആന്റണിയെപ്പോലുള്ള നേതാക്കളെ വിജയിപ്പിച്ച പാരമ്പ്യമുള്ള മണ്ഡലമാണ് ചേർത്തല. നിലവിൽ സി പി ഐ നേതാവും മന്ത്രിയുമായ തിലോത്തമനാണ് സിറ്റിംഗ് എം എൽ എ.  പി പ്രസാദിനെ എൽ ഡി എഫിനുവേണ്ടി രംഗത്തിറക്കിയപ്പോൾ കോൺഗ്രസ് എസ് ശരത്താണ് യു ഡി എഫ് സ്ഥാനാർത്ഥി.

ബി ഡി ജെ എസിന്റെ ജ്യോതിസ് സ്ഥാനാർത്ഥിയായി എത്തുന്നത് ഇടതുപക്ഷത്തിന് തിരിച്ചടിയാവും. തിലോത്തമന്റെ അഭാവവും ഇടതുപക്ഷത്തിന്റെ വിജയ സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചിരിക്കയാണ്.


ആലപ്പുഴ

പഴയ മാരാരിക്കുളത്തിന്റെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയ മണ്ഡലമാണ് ആലപ്പുഴ. മന്ത്രി ഡോ തോമസ് ഐസക്കായിരുന്നു സിറ്റിംഗ് എം എൽ എ ഡോ തോമസ് ഐസക് ഇത്തവണ മത്സരരംഗത്തില്ല. പി പി ചിത്തരഞ്ചൻ എൽ ഡി എഫിനായി രംഗത്തിറങ്ങുമ്പോൾ മുൻ എം പി ഡോ കെ എസ് മനോജാണ് യു ഡി എഫിന്റെ സ്ഥാനാർത്ഥി.
 
 തീരദേശത്ത് ഏറെ സ്വാധീനമുള്ളവരാണ് രണ്ടുപേരും. തോമസ് ഐസകിന്റെ അഭാവത്തിൽ ആലപ്പുഴയിൽ അട്ടിമറി നടക്കുമോ എന്ന ആശങ്ക ഇടതുപക്ഷത്തുണ്ട്. ആലപ്പുഴ നഗരസഭയിലെ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എമ്മിലുണ്ടായ ചേരിതിരിവും മറ്റും അനുകൂലമായി മാറുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. ബി ജെ പിയിലെ സഞ്ജീവ് വാചസ്പദിയാണ് എൻ ഡി എ സ്ഥാനാർത്ഥി.


അമ്പലപ്പുഴ

അമ്പലപ്പുഴ ഇടത് മണ്ഡലമായാണ് അറിയപ്പെടുന്നത്. ആലപ്പുഴ നഗരത്തിൽ നിന്നും മാറി നിൽക്കുന്ന പ്രദേശങ്ങളാണ് അമ്പലപ്പുഴ മണ്ഡലം. ഉറച്ച ഇടത് കോട്ടയായി അറിയപ്പെടുന്ന അമ്പലപ്പുഴയിൽ മന്ത്രി ജി സുധാകരനായിരുന്നു സിറ്റിംഗ് എം എൽ എ. ഇത്തവണ സുധാകരനും മത്സര രംഗത്തില്ല. ജി സുധാകരന് വ്യക്തിഗത വോട്ടുകൾ ലഭിച്ചിരുന്ന മണ്ഡലം. അമ്പലപ്പുഴ കോട്ട തകർക്കാൻ കോൺഗ്രസ് ജില്ലാ അധ്യക്ഷൻ എം ലിജുവിനെയാണ് യു ഡി എഫ് രംഗത്തിറക്കിയത്. എൽ ഡി എഫിന്റെ സ്ഥാനാർത്ഥി എച്ച് സലാമാണ്. കടുത്ത പോരാട്ടമാണ് അമ്പലപ്പുഴയിൽ അരങ്ങേറുന്നത്. അനൂപ് ആന്റണി ജോസഫാണ് ബി ജെ പി സ്ഥാനാർത്ഥി.

കുട്ടനാട്

കേരളത്തിലെ നെല്ലറയായ കുട്ടനാട്ടിൽ ഇത്തവണ എൻ സി പി , കേരളാ കോൺഗ്രസ് പോരാട്ടമാണ് നടക്കുന്നത്.
കുട്ടനാട് എം എൽ എയായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. യു ഡി എഫിന് ഭൂരിപക്ഷമുള്ള മണ്ഡലമായിരുന്നു കുട്ടനാട്. എന്നാൽ വ്യക്തി വോട്ടുകളിലൂടെയാണ് തോമസ് ചാണ്ടി മൂന്ന് തവണയും വിജയിച്ചിരുന്നത്.
ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്ന തീരുമാനത്തിലാണ് കേരളാ കോൺഗ്രസ്. ജേക്കബ്ബ് അബ്രഹാമാണ് യു ഡി എഫ് സ്ഥാനാർത്ഥി. ബി ഡെ ജെ എസിലെ  തമ്പി മേട്ടുതറയാണ് എൻ ഡി എ സ്ഥാനാർത്ഥി. ബിഡിജെഎസ് നിർണായകമാണ് കുട്ടനാട്ടിൽ.

ഹരിപ്പാട്

യു.ഡി.എഫിന്റെ മുഖ്യമന്ത്രിയെന്ന് കരുതപ്പെടുന്ന ഇപ്പോഴത്തെ  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സിറ്റിംഗ് സീറ്റാണ് ഹരിപ്പാട്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായ വി ഐ പി മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഹരിപ്പാട്.
 
തെരെഞ്ഞെടുപ്പ് കാലത്ത് ഇടതു സർക്കാരിനെതിരെ ഒരുപാട് അഴിമതിയാരോപങ്ങൾ പുറത്തുകൊണ്ടുവന്ന ചെന്നിത്തലയുടെ ഇമേജ് കത്തി നിൽക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം ആലപ്പുഴയിൽ പല മണ്ഡലങ്ങളിലും പ്രത്യധ്വനിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാൽ അത് ഇടതുമുന്നണിക്ക് ഏറെ ക്ഷീണമുണ്ടാക്കുമെന്നു തന്നെയാണ് കരുതുന്നത്.

നിലവിൽ ചെന്നിത്തലയെ നേരിടുന്നത് സി പി എമ്മിലെ ആർ സജിലാലാണ്. 
ബി ജെ പിയിലെ സോമനാണ് എൻ ഡി എ സ്ഥാനാർത്ഥി.
ചെന്നിത്തലയ്‌ക്കെതിരെ ബി ജെ പി ഉയർത്തിയ ഭീഷണി നിലനിൽക്കുന്നുവെങ്കിലും ചെന്നിത്തലയ്ക്ക് വിജയിച്ചുവരാനാവുന്ന സാഹചര്യമാണ് ഹരിപ്പാടുള്ളത്.

കായംകുളം

കോൺഗ്രസിന്റെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ സ്ഥാനാർത്ഥിയിലൂടെ ശ്രദ്ധേയമായ മണ്ഡലമാണ് കായംകുളം. കോൺഗ്രസിലെ അരിതാ ബാബുവിനെയിറക്കിയാണ് സിറ്റിംഗ് എം എൽ എയും എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ യു പ്രതിഭയെ നേരിടുന്നത്.

ബി ഡെ ജെ എസ് സ്ഥാനാർത്ഥി പ്രദീപ് ലാലാണ് എൻ ഡി എ സ്ഥാനാർത്ഥി. അടിയൊഴുക്കുകളുണ്ടാവുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. കായംകുളത്ത് അരിതാബാബു അട്ടിമറി വിജയം നേടുമെന്നാണ് പ്രതീക്ഷകൾ.

മാവേലിക്കര

ആലപ്പുഴ ജില്ലയിലെ സംവരണ മണ്ഡലമാണ് മാവേലിക്കര. സി പി ഐ യുടെ ആർ രാജേഷ് വലിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണിത്.
ജെ എസ് എസ് നേതാവായിരുന്ന കെ കെ ഷാജുവാണ് ഇത്തവണ മാവേലിക്കരയിൽ യു ഡി എഫ് സ്ഥാനാർത്ഥി. എൽ ഡി എഫ് എം എസ് അരുൺ കുമാറിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.
ബി ജെ പിയിലെ സജ്ജുവാണ് എൻ ഡി എ സ്ഥാനാർത്ഥി.

ചെങ്ങന്നൂർ

ഉറച്ച കോൺഗ്രസ് സീറ്റായിരുന്നു ചെങ്ങന്നൂർ. ശോഭനാ ജോർജും, പി സി വിഷ്ണുനാഥും വൻ ഭൂരിപക്ഷത്തിന് വിജയിച്ചു കയറിയ മണ്ഡലമായിരുന്നു ചെങ്ങന്നൂർ. എന്നാൽ പിന്നീട് ഇടത്തോട്ട് മറിഞ്ഞ ചെങ്ങന്നൂരിൽ എൽ ഡി എഫിന് തുടർ വിജയമുണ്ടായി. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ വൻഭൂപരിപക്ഷത്തിന് വിജയിച്ച സി പി എം മുൻ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് ഇത്തവണയും ചെങ്ങന്നൂരിൽ ജനവിധി തേടുന്നത്. കോൺഗ്രസിലെ എം മുരളിയാണ് എതിരാളി.
ബി ജെ പിയിലെ എം വി ഗോപകുമാർ എൻ ഡി എസ്ഥാനാർത്ഥിയാണ്.
2018 ലെ വെള്ളപ്പൊക്കത്തിൽ ഏറ്റവും വലിയ ദുരന്തത്തെ അതിജീവിച്ച ജനതയാണ് ചെങ്ങന്നൂരിലേത്.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ സജി ചെറിയാന്റെ ജനപ്രീതി വർദ്ധിച്ചുവെന്നാണ് എൽ ഡി എഫിന്റെ അവകാശ വാദം. എന്നാൽ സീറ്റ് ഇത്തവണ പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസമാണ് യു ഡി എഫ് കേന്ദ്രങ്ങളിലുള്ളത്.



പത്തനം തിട്ട (5)

മൊത്തം സീറ്റുകൾ-5
എൽ.ഡി. എഫ്: 3 
യു.ഡി.എഫ് :2 
ചാഞ്ചാട്ടം: 2 

എൽ ഡി എഫ് അഞ്ചിൽ അഞ്ച് സീറ്റിലും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജില്ല.
ശബരിമല സ്ഥിതിചെയ്യുന്ന ജില്ലയാണ് പത്തനംതിട്ട.

തിരുവല്ല

എൻ ആർ ഐ മണ്ഡലം എന്നു വിശേഷണമുള്ള മണ്ഡലമാണ് തിരുവല്ല. വിദേശത്ത് ജോലിചെയ്യുന്നവർ ഏറെയുള്ള പ്രദേശം. യു ഡി എഫ് ശക്തികേന്ദ്രമായിരുന്ന തിരുവല്ലയെ ഇടത്തോട്ട് കൊണ്ടുപോയത്
ജനതാദൾ എസിലെ മാത്യു ടി തോമസായിരുന്നു. വ്യക്തിപരമായി മണ്ഡലത്തിൽ ഏറെ സ്വീകാര്യനാണ് മാത്യു ടി തോമസ്. 

 

ണ്ട് തവണ മന്ത്രിയായിയിരുന്നു. ഇത്തവണയും എൽ ഡി എഫ് രംഗത്തിറക്കുന്നത് മാത്യു ടി തോമസിനെയാണ്. കേരളാ കോൺഗ്രസിലെ കുഞ്ഞു കോശി പോളാണ് യു ഡി എഫ് സ്ഥാനാർത്ഥി. തിരുവല്ല തിരിച്ചു പിടിക്കുമെന്നാണ് യു ഡി എഫിന്റെ വാദം. എന്നാൽ ഒരു അട്ടിമറിയും തിരുവല്ലയിൽ നടക്കില്ലെന്ന് മാത്യു ടി തോമസ് ഉറച്ച് വിശ്വസിക്കുന്നു.


റാന്നി

ഉറച്ച ഇടതുകോട്ടയെന്നാണ് റാന്നി അറിയപ്പെടുന്നത്. അഞ്ച് തവണ സി പി എമ്മിലെ രാജു അബ്രഹാം ജയിച്ചുകയറിയ മണ്ഡലമാണ് റാന്നി. ഇത്തവണ കേരളാ കോൺഗ്രസ് എമ്മിന് വിട്ടു നൽകിയ സീറ്റാണ് റാന്നി. സി പി എമ്മിൽ കടുത്ത പ്രതിഷേധമുണ്ടായ മണ്ഡലം. 

 
കുറ്റ്യാടി പോലെ പ്രതിഷേധ പ്രകടനങ്ങളൊന്നും അരങ്ങേറിയില്ലെങ്കിലും കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥി പ്രമോദ് നാരായണനെ സി പി എം പൂർണ മനസോടെ അംഗീകരിച്ചിരുന്നില്ല. അടിയൊഴുക്കുകൾ പ്രതീക്ഷിക്കുന്ന മണ്ഡലമാണ് റാന്നി. കോൺഗ്രസിലെ റിങ്കൂ ചെറിയാനാണ് യു ഡി എഫ് സ്ഥാനാർത്ഥി. ബി ഡി ജെ എസിലെ പത്മകുമാറാണ് എൻ ഡി എ സ്ഥാനാർത്ഥി.

ആറന്മുള

ഉറച്ച യു ഡി എഫ് മണ്ഡലമായിരുന്ന ആറന്മുളയെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചത് വീണാ ജോർജായിരുന്നു. കോൺഗ്രസിലെ കെ ശിവദാസൻ നായരെയായിരുന്നു കഴിഞ്ഞ തവണ വീണാ ജോർജ് പരാജയപ്പെടുത്തിയത്. സഭയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയെന്നായിരുന്നു വീണ ജോർജ് അറിയപ്പെട്ടിരുന്നത്. സി പി എം ഇത്തവണയും സിറ്റിംഗ് എം എൽ എ വീണാ ജോർജാണ് മത്സര രംഗത്തുള്ളത്. 
 
കഴിഞ്ഞ തവണയുണ്ടായ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട കെ ശിവദാസൻ നായരെ വീണ്ടും യു ഡി എഫ് മത്സര രംഗത്തിറക്കിയിരിക്കയാണ്.
ബിജു മാത്യുവാണ് ബി ജെ പി സ്ഥാനാർത്ഥി. അട്ടിമറിയിലൂടെ ആറന്മുള തിരിച്ചുപിടിക്കുമെന്നാണ് യു ഡി എഫ് പറയുന്നത്. എന്നാൽ തിരിച്ചടികളൊന്നും ഉണ്ടാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് വീണാ ജോർജ്.


കോന്നി

ശക്കമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് കോന്നി. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിൽ ഒന്നാണ് കോന്നി. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നിരവധി പ്രമുഖർ കോന്നിയിൽ പ്രചാരണത്തിനെത്തിയിരുന്നു.

കോൺഗ്രസിന്റെ സിറ്റിംഗ് എം എൽ എയായിരുന്ന അടൂർ പ്രകാശിന്റെ മണ്ഡലമായിരുന്നു കോന്നി. അടൂർ പ്രകാശ് പാർലമെന്റ് അംഗമായതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥി കെ യു ജനീഷ് വിജയിച്ചു. 
 
അടൂർ പ്രകാശിന്റെ നിർദ്ദേശം അംഗീകരിക്കാതിരുന്നതാണ് തോൽവിക്ക് കാരണമെന്നായിരുന്നു ഉയർന്ന പരാതി. ഇത്തവണ അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്റർ സ്ഥാനാർത്ഥിയായിരിക്കുന്നു. കോന്നി പിടിക്കുമെന്നാണ് യു ഡി എഫ് വിശ്വാസം. എന്നാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

അടൂർ

അടൂർ നേരത്തെ ഉറച്ച കോൺഗ്രസ് മണ്ഡലമായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടർച്ചയായി വിജയിച്ച മണ്ഡലം, തിരുവഞ്ചൂർ കോട്ടയത്തേക്ക് വഴിമാറിയതോടെ സി പി ഐ സ്ഥാനാർത്ഥിയാണ് അടൂരിൽ വിജയിച്ചത്.

സിറ്റിംഗ് എം എൽ എ ചിറ്റയം ഗോപകുമാറാണ് ഇത്തവണയും എൽ ഡി എഫ് സ്ഥാനാർത്ഥി. കോൺഗ്രസിലെ എം ജി കണ്ണനാണ് യു ഡി എഫ് സ്ഥാനാർത്ഥി. കോൺഗ്രസിൽ നിന്നും ബി ജെ പിയിൽ എത്തിയ പന്തളം പ്രതാപനാണ് എൻ ഡി എ സ്ഥാനാർത്ഥി. 
ഇത്തവണ എം  ജി കണ്ണൻ അടൂരിൽ അട്ടിമറി വിജയം നേടുമെന്നാണ് സൂചനകൾ.
 
നാളെ അവസാനത്തെ രണ്ടു ജില്ലകളായ കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെ.

LEAVE A REPLY

Please enter your comment!
Please enter your name here