രാജേഷ് തില്ലങ്കേരി,  ആഷാ മാത്യു,  വിവേക് വിനയന്‍, നിതിന്‍ ബാബു

ആര് വാഴും, ആരൊക്കെ വീഴും- ഭാഗം 4

 

25 മണ്ഡലങ്ങൾ; 20ൽ ജയിക്കുമെന്ന് എൽ.ഡി.എഫ്., 9ൽ ജയിക്കുമെന്ന് യു.ഡി.എഫ്  

 

കൊല്ലം:- ആകെ:11,എൽ.ഡി.എഫ്:10, യു.ഡി.എഫ്:4 
തിരുവനന്തപുരം:- ആകെ:14, എൽ.ഡി.എഫ്: 10, യു.ഡി.എഫ്: 5,  ത്രികോണ മത്സരം: 3 
 
കേരളത്തിലെ തെക്കൻ ജില്ലകളായ തിരുവന്തപുരവും കൊല്ലവും എക്കാലവും ശക്തമായ ഇടതു കോട്ടകളാണ്. ഇത്തവണ കോട്ട പിടിച്ചെടുക്കാൻ മികവുറ്റ സ്ഥാനാർത്ഥികളെ അണിനിരത്തിയാണ് യു.ഡി.എഫ് രംഗത്തുള്ളത്. കഴിഞ്ഞതവണ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന നേമത്തിനു പുറമെ ഇക്കുറി തിരുവനന്തപുരത്തും  കഴക്കൂട്ടത്തും അവർ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുക്കിയിട്ടുണ്ട്. .
 
 
വിവാദങ്ങളിലൂടെ കടന്നുപോയ രണ്ടു മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ കുണ്ടറയിലും  കടകംപള്ളി സുരേന്ദ്രനുംകഴക്കൂട്ടത്തും  ഇക്കുറി വലിയ പോരാട്ടം നേരിടേണ്ടി വരുന്നതും ശ്രദ്ധേയമാണ്. പരമ്പരാഗതമായി ഇടതു മുന്നണിയെ തുണച്ചിട്ടുള്ള പല മണ്ഡലങ്ങളിലും ഇക്കുറി ശക്തമായ മത്സരങ്ങൾ നടക്കുന്ന അട്ടിമറികൾ സംഭവിച്ചേക്കാവുന്ന  മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഈ  രണ്ടു ജില്ലകളും വിജയം ആരുടേതെന്നത് ഏറെ നിർണായകമാണ്. 
 
കൊല്ലം (11)
 


മൊത്തം: 11 

എൽ.ഡി.എഫ്:10 
യു.ഡി.എഫ്:4 
 
കൊല്ലം ജില്ലയിൽ ആകെയുള്ള 11 സീറ്റുകളിൽ മുഴുവൻ സീറ്റുകളിലും വിജയം നേടുമെന്ന പ്രതീക്ഷയിൽ ആണ് എൽ.ഡി.എഫ്. എന്നാൽ 4 മുതൽ 6 വരെ സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിൽ അന്ന് യു.ഡി.എഫും. മറ്റ് ജില്ലകളിൽ നിന്നും വ്യത്യസ്തമായ രാഷ്ട്രീയമാണ് കൊല്ലത്തുള്ളത്. അഞ്ച് മണ്ഡലങ്ങൾ തീരദേശ ജില്ലയാണ്.

കശുവണ്ടിതൊഴിലാളികളും, മത്സ്യതൊഴിലാളികളും ജില്ലയിലെ രാഷ്ട്രീയം നിർണയിക്കുന്നതിൽ നിർണായകം, ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച വിവാദങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള ജില്ലയാണ് കൊല്ലം. കൊല്ലം രൂപതയുടെ ഇടയ ലേഖനവും എൽ ഡി എഫിന് ജില്ലയിൽ തിരിച്ചടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ തവണ യു ഡി എഫിന് ഒറ്റ സീറ്റുപോലും ലഭിക്കാത്ത ജില്ലയാണ് കൊല്ലം. ഇത്തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചു പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യു ഡി എഫ്. ചാത്തന്നൂരിൽ ശക്തമായ ത്രികോണ് മത്സരമാണ് അരങ്ങേറുന്നത്. ബി ജെ പി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ചാത്തന്നൂർ.



കരുനാഗപ്പള്ളി


ആർ എസ് പി നേതാവായിരുന്ന ബേബി ജോണിനെ രണ്ടുതവണ നിയമസഭയിലെത്തിച്ച മണ്ഡലമാണ് കരുനാഗപ്പള്ളി. സി പി ഐയിലെ ഇ ചന്ദ്രശേഖൻ നായരും, സി ദിവാകരനും ജയിച്ച മണ്ഡലമെന്ന പ്രത്യേകതയും കരുനാഗപ്പള്ളിക്കുണ്ട്. . ജെ എസ് എസ് നേതാവായിരുന്ന എ എൻ രാജൻബാബു 2001 ൽ ജയിച്ചതും കരുനാഗപ്പള്ളിയിൽ നിന്നായിരുന്നു.

സിറ്റിംഗ് എം എൽ എ ആർ രാമചന്ദ്രനാണ് ഇത്തവണയും എൽ ഡി എഫ് സ്ഥാനാർത്ഥി. എതിരാളിയായി സി ആർ മഹേഷ് രണ്ടാമതും എത്തിയതോടെ പോരാട്ടം കനത്തിരിക്കയാണ് കരുനാഗപ്പള്ളിയിൽ.

ചവറ

ആർ എസ് പിയുടെ തട്ടകമായാണ് ചവറ അറിയപ്പെടുന്നത്. 2016 ൽ ആർ എസ് പി നേതാവ് ഷിബു ബേബിജോൺ അടിപതറിയതും ചവറയിൽ നിന്നായിരുന്നു. അട്ടിമറിവിജയം നേടിയ ഇടതുപക്ഷം ഇത്തവണയും ചവറ നിലനിർത്താനുള്ള ശ്രമത്തിലാണ്.
സി എം പി സ്ഥാനാർത്ഥി വിജയൻ പിള്ളയോടായിരുന്നു ഷിബു ബേബി ജോൺ തോറ്റത്.

ഇത്തവണ ഷിബുവിനെ നേരിടാൻ എൽ ഡി എഫ് ഇറക്കിയിരിക്കുന്നത് എം എൽ എ യായിരിക്കെ മരണമടഞ്ഞ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനെയാണ്. ബി ജെ പിയുടെ വിവേക് ഗോപനും രംഗത്തുണ്ട്. ചവറ തിരിച്ചു പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഷിബു ബേബിജോൺ. മണ്ഡലത്തിലെ പൊതുവികാരം ഷിബുവിന് അനുകൂലമാണ്.

കുന്നത്തൂർ

കൊല്ലം ജില്ലയിലെ സംവരണ മണ്ഡലമാണ് കുന്നത്തൂർ. കുന്നത്തൂരിൽ എന്നും വിജയം എൽ ഡി എഫിനൊപ്പമായിരുന്നു. ആർ എസ് പി എൽ ഡി എഫ് വിട്ടപ്പോഴും മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചു. ഇത് രണ്ടാം തവണയാണ് ആർ എസ് പി യെന്ന നിലയിൽ നിന്നും മാറി സ്വതന്ത്രനായി കോവൂർ കുഞ്ഞുമോൻ മത്സരിക്കുന്നത്. ആർ എസ് പി ലെനിനിസ്റ്റ് എന്ന പാർട്ടിയുണ്ടാക്കിയെങ്കിലും കുഞ്ഞുമോന് മുന്നണിയിൽ പ്രവേശനം ലഭിച്ചില്ല. അതിനാൽ സിറ്റിംഗ് എം എൽ എ  സ്വതന്ത്രനായാണ് കുന്നത്തൂരിൽ മത്സരിക്കുന്നത്.

കോവൂർ കുഞ്ഞുമോനെ ഇത്തവണയും നേരിടുന്നത് ആർ എസ് പിക്കാരനായ ഉല്ലാസ് കോവൂരാണ്. കഴിഞ്ഞതവണയും ഉല്ലാസായിരുന്നു കുഞ്ഞുമോന്റെ എതിരാളി.  പാർട്ടിയിലെ പടലപ്പിണക്കവും മറ്റും കുഞ്ഞുമോന് തിരിച്ചടിയാവുമോയെന്ന സംശയം എൽ ഡി എഫിനുണ്ട്.
കുന്നത്തൂരിൽ അട്ടിമറിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്.


കൊട്ടാരക്കര

 കേരളാ കോൺഗ്രസിന്റെ സ്ഥാപകപരിൽ ഒരാളായിരുന്നു ആർ ബാലകൃഷ്ണപിള്ള. കേരളാ കോൺഗ്രസ് ബിയുടെ തട്ടകമായിരുന്നു കൊട്ടാരക്കര. ആർ ബാലകൃഷ്ണപിള്ള തുടർച്ചയായി ജയിച്ചുകയറിയ മണ്ഡലം. എന്നാൽ പിള്ളയുടെ മേൽക്കൈ പതിയെ ഇല്ലാതായി.  സി പി എമ്മിലെ
ഐഷാ പോറ്റിയിലൂടെ കൊട്ടാരക്കര എൽ ഡി എഫ് പിടിച്ചു. ഇത്തവണ സി പി എം ജില്ലാ സെക്രട്ടറിയായ കെ എൻ ബാലഗോപാലാണ് കൊട്ടാരക്കരയിൽ മത്സരിക്കുന്നത്. കേരളാ കോൺഗ്രസ് ബി നിലവിൽ ഇടതിനൊപ്പവും. കോൺഗ്രസിലെ ആർ രശ്മിയാണ് യു ഡി എഫ് സ്ഥാനാർത്ഥി. ബാലഗോപാലിന് ജയിച്ചുകേറാവുന്ന മണ്ഡലമായാണ് കൊട്ടാരക്കര.

പത്തനാപുരം

ഉറച്ച എൽ ഡി എഫ് മണ്ഡലമായിരുന്നു പത്തനാപുരം. സി പി ഐയുടെ സ്ഥാനാർത്ഥികൾ ജയിച്ചുകയറിയിരുന്ന മണ്ഡലം. എന്നാൽ കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി സിനിമാ താരവും ആർ ബാലകൃഷ്ണ പിള്ളയുടെ മകനുമായ കെ ബി ഗണേഷ്‌കുമാർ പത്തനാപുരത്ത് മത്സരിക്കാനെത്തിയതോടെ സ്ഥിതിഗതികൾ മാറിമറിഞ്ഞു.

അതോടെ പത്തനാപുരം യു ഡി എഫ് പിടിച്ചു. എന്നാൽ മൂന്നാം വട്ടം ഗണേഷ് എത്തിയത് എൽ ഡി എഫ് ടിക്കറ്റിൽ. മുന്നണി മാറിയപ്പോഴും പത്തനാപുരം ഗണേഷിനൊപ്പം ഉറച്ചുനിന്നു. കഴിഞ്ഞ തവണ കോൺഗ്രസ് സിനമാ താരം ജഗദീഷിനെയാണ് പത്തനാപുരത്ത് സ്ഥാനാർത്ഥിയാക്കിയത്. താര സംഗമം നടന്നു, എന്നാൽ കോൺഗ്രസിന് തിരിച്ചടിയായിരുന്നു ഫലം.

ഇത്തവണ കോൺഗ്രസും, കേരളാ കോൺഗ്രസ് ബിയും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് പത്തനാപുരം. കോൺഗ്രസിലെ തീപ്പൊരി നേതാവായ ജ്യോതികുമാർ ചാമക്കാലയാണ് യു ഡി എഫ് സ്ഥാനാർത്ഥി.

സി പി ഐയിൽ നിന്നും ഗണേഷ് കുമാർ പിടിച്ചെടുത്ത മണ്ഡലം. രണ്ട് തവണ യു ഡി എഫിൽ നിന്നും ഒരു തവണ എൽ ഡി എഫിൽ നിന്നും വിജയിച്ചു. ഇത് നാലാം തവണയാണ് പത്തനാപുരത്തുനിന്നും കെ ബി ഗണേഷ് കുമാർ ജനവിധി തേടുന്നത്. രണ്ട് തവണ മന്ത്രിയായിരുന്നു സിനിമാ താരം കൂടിയായ ഗണേഷ് കുമാർ.
ഗണേഷ് കുമാറിന്റെ ജനപ്രീതിയിൽ ഇടവുണ്ടായിട്ടുണ്ടെന്നാണ് പത്തനാപുരത്തുനിന്നും ലഭിക്കുന്നത്. ഒപ്പം സി പി ഐ കാലുവാരുമെന്ന് ഗണേഷിന്റെ പരസ്യ പ്രസ്താവനയും ഒരു അട്ടിമറിക്കുള്ള സാധ്യത പത്തനാപുരത്തുണ്ടെന്ന സൂചനയാണ്.

പുനലൂർ

തോട്ടം തൊഴിലാളി മേഖലയാണ് പുനലൂർ. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലം. എൽ ഡി എഫിന് എന്നും സ്വീകാര്യതയുണ്ടായിരുന്ന മണ്ഡലമാണ് പുനലൂർ. 1991 ൽ മാത്രമാണ് പുനലൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി ജയിച്ചിരുന്നത്. കഴിഞ്ഞ രണ്ട് തവണയും സി പി ഐ നേതാവംും മന്ത്രിയുമായ കെ രാജുവായിരുന്നു സിറ്റിംഗ് എം എൽ എ. ഇത്തവണ മുൻ എം എൽ എ പി എസ് സുപാലാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. 
 
മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അബ്ദുറഹിമാൻ രണ്ടത്താണിയാണ്. സീറ്റ് പിടിച്ചെടുക്കാനായാണ് അബ്ദുറഹിമാനെ പുനലൂരിൽ മത്സരിപ്പിക്കുന്നതെന്നാണ് യു ഡി എഫ് പറയുന്നത്. ജില്ലയിലെ പ്രമുഖ ലീഗ് നേതാവായ യൂനൂസ് കുഞ്ഞടക്കം പരാജയപ്പെട്ട മണ്ഡലമാണ് പുനലൂർ.
പുനലൂരിൽ അട്ടിമറികളൊന്നും ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.

ചടയമംഗലം


എന്നും സി പി ഐയ്ക്കൊപ്പം നിന്ന പാരമ്പര്യമാണ് ചടയമംഗലത്തിന്.  മുല്ലക്കര രത്നാകരനായിരുന്നു സിറ്റിംഗ് എം എൽ എ. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സി പി ഐയിൽ തർക്കങ്ങൾ ഉടലെടുത്ത മണ്ഡലമാണ് ചടയമംഗലം. ജെ ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പുമായി മുല്ലക്കര രത്‌നാകരൻ രംഗത്തെത്തിയിരുന്നു.

തർക്കങ്ങൾ എല്ലാം അവസാനിച്ചുവെന്നും വിജയം ആവർത്തിക്കുമെന്നാണ് സി പി ഐയുടെ വിശദീകരണം. അട്ടിമറി സാധ്യതകൾ ഏറെയുള്ള മണ്ഡലമാണ് ചടയമംഗലം. എം എം നസീറാണ് യു ഡി എഫ് സ്ഥാനാർത്ഥി.

കുണ്ടറ


സംസ്ഥാനത്ത് ശക്തമായ പോരാട്ടം അരങ്ങേറുന്ന മണ്ഡലമാണ് കുണ്ടറ. സിറ്റിംഗ് എം എൽ എയും മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിയമ്മയാണ് കുണ്ടറയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി. കോൺഗ്രസ് നേതാവ് പി സി വിഷ്ണുനാഥാണ് യു ഡി എഫ് സ്ഥാനാർത്ഥി. ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വിവാദങ്ങളിൽ അകപ്പെട്ട സാഹചര്യത്തിൽ കുണ്ടറയിൽ അട്ടിമറി വിജയം നേടാനാവുമെന്നാണ് യു ഡി എഫിന്റെ വിശ്വാസം. 
 
ഇ എം സി സി യുടെ ഉടമ ഷിജു എം വർഗീസ് കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തുണ്ട്. മന്ത്രി വഞ്ചിച്ചുവെന്നാരോപിച്ചാണ് മത്സരം. കശുവണ്ടിതൊഴിലാളികൾ നിർണായകമാണ് കുണ്ടറയിൽ.

കൊല്ലം

താരപരിവേഷമുള്ള മണ്ഡലമാണ് കൊല്ലം. സിറ്റിംഗ് എം എൽ എയും സിനിമാ താരവുമായ എം മുകേഷാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. ഡി സി സി അധ്യക്ഷ ബിന്ദുകൃഷ്ണയാണ് യു ഡി എഫ് സ്ഥാനാർത്ഥി.

എം എൽ എയെന്ന നിലയിൽ മണ്ഡലത്തിലെ അസാന്നിധ്യമാണ് ചർച്ചാവിഷയം. മണ്ഡലത്തിലെ വികസനകാര്യങ്ങളിലൊന്നും എം എൽ എ ഉണ്ടായിരുന്നില്ലെന്നാണ് മുകേഷിനെതിരെയുയർന്ന പ്രധാന ആരോപണം. ഇത് വോട്ടായി മാറുമെന്നാണ് എതിരാളിയുടെ വിശ്വാസം.

മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ ഗുരുദാസനെ മാറ്റി, കൊല്ലത്ത് നടൻ മുകേഷിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് സി പി എമ്മിൽ ഏറെ  എതിർപ്പുകൾക്ക് കാരണമായിരുന്നു. ഇത്തവണ മുകേഷിന് തിരിച്ചടിയുണ്ടാവുമെന്നാണ് മണ്ഡലത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ.

ഇരവിപുരം

ആർ എസ് പി യെ വിജയിപ്പിച്ചിരുന്ന മണ്ഡലമാണ് ഇരവിപുരം.എന്നാൽ ആർ എസ് പി യു ഡി എഫിലെത്തിയതോടെ ഇരവിപുരം സീറ്റ് നഷ്ടമായി, സി പി എമ്മിലെ എം നൗഷാദ് കഴിഞ്ഞ തവണ അട്ടിമറി വിജയം നേടി. സിറ്റിംഗ് എം എൽ എ എം നൗഷാദാണ് ഇത്തവണയും എൽ ഡി എഫ് സ്ഥാനാർത്ഥി. ആർ എസ് പി നേതാവ് ബാബു ദിവാകരനാണ് ഇത്തവണ യു ഡി എഫ് സ്ഥാനാർത്ഥി.

ചാത്തന്നൂർ

കൊല്ലം ജില്ലയിൽ ത്രികോണ മത്സരം നടക്കുന്ന ഏക മണ്ഡലമാണ് ചാത്തന്നൂർ. ബി ജെ പിയിലെ ബി ബി ഗോപകുമാർ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ചാത്തന്നൂർ.  സി പി ഐ യിലെ ജി എസ് ജയലാലാണ് സിറ്റിംഗ് എം എൽ എ. ഇത്തവണയും മത്സര രംഗത്തുള്ളത് ജി എസ് ജയലാലാണ്. 
 
മുതിർന്ന കോൺഗ്രസ് നേതാവായ പീതാംബരക്കുറുപ്പാണ് എതിരാളി. ബി ബി ഗോപകുമാർ ഇത്തവണയും ബി ജെ പി സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. പീതാംബര കുറുപ്പിന്റെ സ്ഥാനാർത്ഥിത്തം കോൺഗ്രസിൽ ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
അട്ടിമറികൾക്കൊന്നും സാധ്യതയില്ലാത്ത മണ്ഡലമാണ് ചാത്തന്നൂരെങ്കിലും കടുത്ത മത്സരമാണ് അരങ്ങേറുന്നത്.





തിരുവനന്തപുരം (14)

മൊത്തം : 14
എൽ.ഡി.എഫ്: 10 
യു.ഡി.എഫ്: 5 
ത്രികോണ മത്സരം: 3 


ആകെ 14 മണ്ഡലങ്ങൾ ഉള്ള തിരുവനന്തപുരം ജില്ലയിൽ എൽ ഡി എഫ് 10 സീറ്റുകൾ വരെ പ്രതീക്ഷിക്കുന്നു. അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെയാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. ഭരണ സിരാകേന്ദ്രമായ തിരുവനന്തപുരത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.
ബി ജെ പി  ഏറെ പ്രതീക്ഷകൾ വച്ചുപുലർത്തുന്ന ജില്ലയാണ് തിരുവനന്തപുരം. നേമം, കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് ശക്തമായ ത്രികോണ മത്സരങ്ങൾ അരങ്ങേറുന്നത്. നേമം നിലവിൽ ബി ജെ പി യുടെ സീറ്റാണ്.


വർക്കല


വർക്കല കേരളത്തിലെ വളരെ പ്രസിദ്ധമായ ഭൂമികയാണ്. പ്രധാന വിനോദ സഞ്ചാരകന്ദ്രംകൂടിയാണ് വർക്കല. വി ജോയി ആണ് സിറ്റിംഗ് എം എൽ എ. വി  ജോയി വീണ്ടും വർക്കലയിൽ ജനവിധി തേടുന്നു. കോൺഗ്രസിലെ ബി ആർ എം ഷഫീറാണ് യു ഡി എഫ് സ്ഥാനാർത്ഥി.
ബി ഡി ജെ എസിലെ  അജി എസ് ആർ എം എൻ ഡി എ സ്ഥാനാർത്ഥിയാണ്.

ആറ്റിങ്ങൽ



പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന വക്കം പുരുഷോത്തമനെ അഞ്ച് തവണ നിയമസഭയിൽ എത്തിച്ച മണ്ഡലമാണ് ആറ്റിങ്ങൽ. മാറിയും മറിഞ്ഞും ആറ്റിങ്ങൽ ഇടതിനെയും വലതിനെയും ജയിപ്പിച്ച പാരമ്പര്യം. 2006 ൽ
ആനത്തലവട്ടം ആനന്ദൻ കോൺഗ്രസിൽ നിന്നും തിരിച്ചുപിടിച്ച ആറ്റിങ്ങലിൽ വി സത്യൻ രണ്ട് തവണ വിജയിച്ചതോടെ ആറ്റിങ്ങൽ എൽ ഡി എഫ് മണ്ഡലമായിമാറി.
ബി  സത്യൻ ഇത്തവണ മത്സര രംഗത്തില്ല. ഇത്തവണ ഒ എസ് അംബികയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. ആർ എസ് പിയുടെ എ ശ്രീധരനാണ് യു ഡി എഫ് സ്ഥാനാർത്ഥി. പി സുധീറാണ് എൻ ഡി എ സ്ഥാനാർത്ഥി.


ചിറയിൻകീഴ്

ജില്ലയിലെ സംവരണ മണ്ഡലമാണ് ചിറയിൻകീഴ്.

സി പി ഐയിലെ വി ശശിയാണ് സിറ്റിംഗ് എം എൽ എ. വി ശശിയാണ് ഇത്തവണയും എൽ ഡി എഫ് സ്ഥാനാർത്ഥി. ബി എസ് അനൂപ് യു ഡി എഫ് സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. ആഷാനാഥാണ് ബി ജെ പി സ്ഥാനാർത്ഥി.
അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് ചിറയിൻകീഴ്.


നെടുമങ്ങാട്

എൽ ഡി എഫിനെയും യു ഡി എഫിനെയും ഒരേപോല വിജയിപ്പിച്ച മണ്ഡലമാണ് നെടുമങ്ങാട്. ഹിന്ദു ക്രൈസ്തവ, നാടാർ വോട്ടുകൾ നിർണായകമായ മണ്ഡലം. ന്യൂനപക്ഷ വോട്ടുകൾ നിർണായകം. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലം.
സി പി ഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ കഴിഞ്ഞ തവണ വിജയിച്ച മണ്ഡലമാണ് നെടുമങ്ങാട്. 
 
കോൺഗ്രസിലെ പാലോട് രവി മൂന്നു തവണ വിജയിച്ച മണ്ഡലവുമാണിത്. ഇത്തവണ ജി ആർ അനിൽ ആണ് ഇടത് സ്ഥാനാർത്ഥി. പി എസ് പ്രശാന്താണ് യു ഡി എഫ് സ്ഥാനാർത്ഥി. അട്ടിമറി സാധ്യതകളുള്ള മണ്ഡലം.


വാമനപുരം

നാല് പതിറ്റാണ്ടുകാലമായി തോറ്റചരിത്രം കേട്ടിട്ടില്ല എന്നാണ് എൽ ഡി എഫിന്റെ വാമനപുരത്തെ മുദ്രാവാക്യം. എൽ ഡി എഫിന്റെ സിറ്റിംഗ് എം എൽ എ ഡി കെ മുരളിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.
കോൺഗ്രസിലെ ആനന്ദ് ജയനാണ് യു ഡി എഫ് സ്ഥാനാർത്ഥി. ബി ഡി ജെ എസിലെ തഴവ സഹദേവൻ് എൻ ഡി എ സ്ഥാനാർത്ഥിയാണ്. അട്ടിമറി സാധ്യതകൾ തീരെയില്ലാത്ത മണ്ഡലമാണ് വാമനപുരം.


കഴക്കൂട്ടം

തിരുവനന്തപുരത്ത് ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. ഡോ എസ് എസ് ലാൽ യു ഡി എഫ് സ്ഥാനാർത്ഥിയുമാണ്. ജയിച്ചാൽ എസ് എസ് ലാൽ ആരോഗ്യമന്ത്രിയാവും എന്നാണ് കോൺഗ്രസിന്റെ ഉറപ്പ്.
ലോകാരോഗ്യ സംഘടനയുടെ കീഴിൽ വിവിധ രാജ്യങ്ങളിലെ ആരോഗ്യ രംഗത്തെ പ്രവർത്തന പരിചയമാണ് എസ് എസ് ലാലിന്റെ മികവ്. സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാനാർത്ഥികളിൽ ഒരാളാണ് ഡോ എസ് എസ് ലാൽ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തുവന്നയാളുകൂടിയാണ് ഡോ. എസ്.എസ്. ലാൽ.

ബി ജെ പി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രനും രംഗത്തെത്തിയതോടെ ശക്തമായ പ്രതിരോധമാണ് തീർക്കുന്നത്.
പ്രധാന മന്ത്രിയടക്കം കടകംപള്ളിയെ വിമർശിച്ച സാഹചര്യത്തിൽ ശബരിമല ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലംകൂടിയാണ് കഴക്കൂട്ടം.

വട്ടിയൂർകാവ്

കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു വട്ടിയൂർകാവ്. കെ മുരളീധരൻ പാർലമെന്റ് അംഗമായപ്പോൾ രാജിവച്ചതിനെ തുടർന്ന് നടന്ന ഉപതെഞ്ഞെടുപ്പിൽ മത്സരിക്കാനായിസി പി എം കണ്ടെത്തിയത് തിരുവനന്തപുരം മേയറായ വികെ പ്രശാന്തിനെയായിരുന്നു.
ഇത്തവണയും എൽ ഡി എഫ് വട്ടിയൂർകാവിൽ സ്ഥാനാത്ഥിയായി എത്തുന്നത് വി കെ പ്രശാന്താണ്. വീണാ നായരാണ് കോൺഗ്രസ് സ്ഥാനാർത്ഥി. വി വി രാജേഷ് എൻ ഡി എ സ്ഥാനാർത്ഥിയാണ്.
വിജയം ആവർത്തിക്കുമെന്നാണ് വി കെ പ്രശാന്തിന്റെ ആത്മവിശ്വാസം. വട്ടിയൂർകാവിൽ എൽ ഡി എഫിന് തിരിച്ചടികൾക്ക് സാധ്യത കുറവാണ്.


തിരുവനന്തപുരം

ചരിത്രനഗരമാണ് തിരുവനന്തപുരം. രാജനഗരി, ഉൾക്കൊള്ളുന്ന മണ്ഡലമാണ് തിരുവനന്തപുരം. വി എസ് ശിവകുമാറാണ് സിറ്റിംഗ് എം എൽ എ. യു ഡി എഫ് വീണ്ടും വി എസ് ശിവകുമാറിനെയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

ആന്റണി രാജുവാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. സിനിമാ സീരിയൽ സ്ഥാനാർത്ഥിയായ കൃഷ്ണകുമാറാണ് ബി ജെ പി സ്ഥാനാർത്ഥി.
ബി ജെ പി സ്ഥാനാർത്ഥി ശക്തമായ പ്രതിരോധമാണ് ഇരുമുന്നണിക്കും തീർത്തിരിക്കുന്നത്. വ്യക്തിഗത വോട്ടുകൾ നിർണായകമാവുന്ന മണ്ഡലമാണിത്. തീരദേശം കൂടി ഉൾക്കൊള്ളുന്ന മണ്ഡലമാണിത്. ആഴക്കടൽ മത്സ്യബന്ധനകരാർ വിവാദം തിരിച്ചടിയുണ്ടാക്കിയേക്കാവുന്ന മണ്ഡലമാണ് തിരുവനന്തപുരം.


അരുവിക്കര

ആദിവാസികളും, തോട്ടം തൊഴിലാളികളും വോട്ടർമാരായി ഏറെയുള്ള മണ്ഡലമാണ് അരുവിക്കര. കോൺഗ്രസ് നേതാവായിരുന്ന ജി കാർത്തികേയന്റെ സിറ്റിംഗ് സീറ്റായിരുന്നു  അരുവിക്കര. കാർത്തികേയന്റെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ കെ എസ് ശബരീനാഥ് വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ശബരീനാഥാണ് വിജയിച്ചത്. എന്നാൽ ഇത്തവണ ശബരീനാഥിനെ പൂട്ടാനുള്ള വഴികളാണ് എൽ ഡി എഫ് തേടിയത്.
 
ജനകീയ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാണ് ശബരീനാഥിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ബി ജെ പി സ്ഥാനാർത്ഥി സി ശിവൻകുട്ടിയും ശക്തമായ സാന്നിദ്ധ്യമാണ് മണ്ഡലത്തിൽ. അട്ടിമറികൾക്ക് ഏറെ സാധ്യതയുള്ള മണ്ഡലമാണ് അരുവിക്കര.

നേമം

ഇതിനകം ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലമാണ് നേമം. ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന മണ്ഡലമാണ് നേമം.
 കഴിഞ്ഞ തവണ ബി ജെ പി കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലം. ബി ജെ പി സ്ഥാനാർത്ഥിയായി രംഗത്തിറക്കിയത് ബി ജെ പി മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരനെയാണ്. നേമം കേരളത്തിലെ ഗുജറാത്ത് എന്ന പ്രയോഗത്തിലൂടെ ശ്രദ്ധേയമായ നേമം പിടിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച ശക്തനാണ് കെ മുരളീധരൻ. സി പി എമ്മിലെ വി ശിവൻകുട്ടിയും ശക്തമായ സാന്നിദ്ധ്യമാണ്.
പ്രവചനങ്ങൾ ഒന്നും നടത്താൻ പറ്റാത്ത രാഷ്ട്രീയ സാഹചര്യമാണ് നേമത്തുള്ളത്.

കോവളം

കേരളത്തിലെ ഏറ്റവും സുന്ദരമായ വിനോദസഞ്ചാര കേന്ദ്രമാണ് കോവളം. ഇടതും വലതും മാറിമാറിവരുന്ന രാഷ്ട്രീയ സാഹചര്യമാണ് കോവളത്തിനുള്ളത്. സാമുദായിക സമവാക്യങ്ങൾ നിർണായകമാണ്.
നാടാർ വോട്ടുകൾ നിർണായകമാവുന്ന മണ്ഡലമാണ് കോവളം. ജനതാദൾ നേതാവ് നീലലോതിതദാസൻ നാടാറാണ് എൽ ഡി എഫ് സ്ഥാനാർത്ഥി. സിറ്റിംഗ് എം എൽ എ എം വിൻസെന്റാണ് യു ഡി എഫ് സ്ഥാനാർത്ഥി. വിവാദങ്ങളിലും മറ്റും കുരുങ്ങിയ നേതാക്കളാണ് രണ്ടു സ്ഥാനാർത്ഥികളും. വിഷ്ണുപുരം ചന്ദ്രശേഖരനാണ് എൻ ഡി എ സ്ഥാനാർത്ഥി. കോൺഗ്രസ് സീറ്റ് നിലനിർത്താനാണ് സാധ്യത.

നെയ്യാറ്റിൻകര

ഇരുമുന്നണികളും നാടാർ വോട്ട് ലക്ഷ്യമിടുന്ന മറ്റൊരു മണ്ഡലമാണ് നെയ്യാറ്റിൻകര. നിലവിലുള്ള എം എൽ എ കെ ആൻലനും, മുൻ എം എൽ എ ആർ സെൽവരാജും തമ്മിലാണ്  മത്സരം നടക്കുന്നത്.
സി പി എം ടിക്കറ്റിൽ മത്സരിച്ച് ജയിക്കുകയും പിന്നീട് രാജിവച്ച് യു ഡി എഫ് സ്ഥാനാർത്ഥിയായി വീണ്ടും ജയിക്കുകയും ചെയ്ത് ശ്രദ്ധേയനായ ആർ ശെൽവ രാജാണ് ഇത്തവണ ആൻസലനെ നേരിടുന്നത്.
പ്രമുഖ വ്യവസായി ചന്ദ്രശേഖരൻ നായരാണ് ബി ജെ പി സ്ഥാനാർത്ഥി.

പാറശാല

കേരളത്തിലെ അതിർത്ഥി മണ്ഡലമാണ് പാറശാല. കോൺഗ്രസിനെയും സി പി എമ്മിനെയും ഒരുപോലെ സ്വീകരിച്ച മണ്ഡലം.
എൻ സുന്ദൻ നാടാറും, എ ടി ജോർജും കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചുകയറിയ മണ്ഡലം. 2006 ൽ സി പി എം ടിക്കറ്റിൽ ആർ സെൽവരാജും പാറശാലയിൽ നിന്നും വിജയിച്ചിരുന്നു.

 സിറ്റിംഗ് എം എൽ എ കെ സി ഹരീന്ദ്രനാണ് പാറശാലയിൽ ഇടത് സ്ഥാനാർത്ഥി. കോൺഗ്രസിലെ അൻസാജിത റസ്സലാണ് യു ഡി എഫ് സ്ഥാനാർത്ഥി. കരമന ജയനാണ് ബി ജെ പി സ്ഥാനാർത്ഥി.
സീറ്റിങ് സീറ്റ് നിലനിർത്താനുള്ള നേട്ടോട്ടത്തിലാണ്  എൽ ഡി എഫ്. . യു ഡി എഫ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് പാറശ്ശാല.

കാട്ടാകട

മണ്ഡലരൂപീകരണത്തിന്റെ ആദ്യതെരഞ്ഞെടുപ്പിൽ  കോൺഗ്രസിലെ എൻ ശക്തൻ വിജയിച്ച മണ്ഡലമാണ് കാട്ടാക്കട. 2016 ൽ ഐ ബി സത്യൻ കാട്ടാക്കട തിരിച്ചുപിടിച്ചു. സിറ്റിംഗ് എം എൽ എ ഐ ബി സതീഷാണ് കാട്ടാക്കടയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി.
കോൺഗ്രസിലെ മലയിൻ കീഴ് വേണുഗോപാലാണ് യു ഡി എഫ് സ്ഥാനാർത്ഥി. പികെ കൃഷ്ണദാസാണ് ബി ജെ പി സ്ഥാനാർത്ഥി. കഴിഞ്ഞതവണ നേരിയ ഭൂരിപക്ഷത്തിനാണ് എൽ ഡി എഫിന്റെ വിജയം. അതിനാൽ സീറ്റ് തിരിച്ചു പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എന്നാൽ 38,700 വോട്ടുകൾ നേടിയ ബി ജെ പി സ്ഥാനാർത്ഥി പികെ കൃഷ്ണദാസ് വീണ്ടും കാട്ടാക്കടയിൽ മത്സര രംഗത്തുണ്ട്.
വാശിയേറിയ മത്സരമാണ് കാട്ടാക്കടയിൽ നടക്കുന്നത്.
 
 
 
 

അവസാനിച്ചു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here