രാജേഷ് തില്ലേങ്കരി
മലപ്പുറം : അധികമാരും ചർച്ച ചെയ്യാതെ ഒരു പാർലമെന്റ് ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കന്നു. മലപ്പുറം പാർലമെന്റ് മണ്ഡലത്തിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ്.
മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു മലപ്പുറം എം പി. എന്നാൽ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിനായി കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെക്കുകയായിരുന്നു. മുസ്ലിം ലീഗിന്റെ മുൻ രാജ്യസഭാംഗം അബ്ദുൾ സമദ് സമദാനിയാണ് കുഞ്ഞാലിക്കുട്ടിയുടെ പകരക്കാരനായി മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നത്.

കുഞ്ഞാലിക്കുട്ടി മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നും ഇതോടൊപ്പം നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്. മലപ്പുറം എം പിയായിരുന്ന ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. വേങ്ങരയിൽ എം എൽ എയായിരുന്ന വേളയിലാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ദേശീയതലത്തിൽ യു പി എ അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുഞ്ഞാലിക്കുട്ടി. ഒന്നര വർഷം മുൻപ് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി മലപ്പുറത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ യു പി എ അധികാരത്തിൽവരുമെന്നും മന്ത്രിയാവാമെന്നുമൊക്കെയുള്ള മോഹങ്ങൾക്ക് തിരിച്ചടികിട്ടിയതോടെ പി കെ കുഞ്ഞാലിക്കുട്ടിക്ക് ഡൽഹി മടുത്തു. നിർണായകമായ പാർലമെന്റ് സമ്മേളനത്തിൽപോലും കുഞ്ഞാലിക്കുട്ടി എത്തിയില്ല. ഇത് ലീഗിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചു.
കേരള രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നതിന്റെ ക്ഷീണം തിരിച്ചറിഞ്ഞ കുഞ്ഞാലിക്കുട്ടി മലപ്പുറം എം പി സ്ഥാനം രാജിവെക്കാനും വീണ്ടും നിയമസഭാംഗമാവാനും തീരുമാനിക്കുകയായിരുന്നു. ഒരുവേള ഉപേക്ഷിച്ചുപോയ വേങ്ങരയിലേക്ക് കുഞ്ഞാലിക്കുട്ടി തിരിച്ചെത്തി. കേരളത്തിൽ യു ഡി എഫ് വിജയിച്ച് മന്ത്രിസഭയുണ്ടാക്കിയാൽ ഒരു പ്രധാന റോളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ് പി കെ കുഞ്ഞാലിക്കുട്ടി.
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയായ അബ്ദുൾ സമദ് സമദാനിക്ക് മലപ്പുറം ഈസി വാക്ക് ഓവർ തന്നെയായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.മികച്ച വാഗ്മിയും പ്രാസംഗികനും മതപണ്ഡിതൻകൂടിയായ സമദാനി മുൻ രാജ്യസഭാംഗംകൂടിയാണ്. സി പി എം സ്ഥാനാർത്ഥി എസ് എഫ് ഐ നേതാവായ സോനുവാണ്. എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഡി.വൈ.എഫ് ഐയുടെ മുൻ അഖിലേന്ത്യ പ്രസിഡണ്ടും അടുത്തകാലത്ത് മോഡി ഭക്തിയാൽ ബി. ജെ. പിയിലേക്ക് ചേക്കേറിയ നേതാവ് എ. പി അബ്ദുല്ലക്കുട്ടിയാണ്. സിപിഎം ടിക്കറ്റിൽ എംപിയായും കോൺഗ്രസ് ടിക്കറ്റിൽ എം.എൽ എ ആയും പാരമ്പര്യവുമുള്ളയാളാണ് അബ്ദുള്ളക്കുട്ടി.
സമദാനിക്ക് ശക്തരായ എതിരാളികളില്ല എന്നതിനാൽ ഭൂരിപക്ഷം മാത്രമേ അറിയേണ്ടതുള്ളൂ എന്നാണ് ലീഗിന്റെ വാദം. എന്നാൽ മലപ്പുറത്ത് അത്ഭുതങ്ങൾ സംഭവിക്കുമെന്നാണ് സി പി എം സ്ഥാനാർത്ഥി പറയുന്നത്. ഒരു വ്യക്തിയുടെ താൽപര്യത്തിന് വേണ്ടിയുണ്ടായ ഉപതെരഞ്ഞെടുപ്പാണിതെന്നാണ് എൽ ഡി എഫിന്റെ പ്രധാന പ്രചരണായുധം. പാർലമെന്റിലേക്കും നിയമസഭയിലേക്കും ഒരാൾ മാറി മാറി മത്സരിക്കാനെത്തുന്നതിന്റെ പേരിൽ ഉണ്ടാവുന്ന ധനനഷ്ടമാണ് ജനം ചർച്ച ചെയ്യുന്നത്.
വടകരയിൽ എം പിയായ കോൺഗ്രസ് നേതാവ് കെ മുരളീധരനാണ് മത്സര രംഗത്തുള്ള മറ്റൊരു പ്രമുഖൻ. നേമത്ത് മുരളി ജയിച്ചാൽ വടകരയിൽ ഒരു ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. നേരത്തെ വട്ടിയൂർക്കാവിൽ എം എൽ എ യായിരുന്ന മുരളീധരനെ വടകരപിടിക്കാൻ നിയോഗിച്ച അതേ കോൺഗ്രസ് നേതൃത്വമാണ് ഇപ്പോൾ നേമം പിടിക്കാൻ മുരളിയെ തിരികെ വിളിച്ചിരിക്കുന്നത്. വടകര പിടിച്ചു. വട്ടിയൂർക്കാവ് നഷ്ടമായി. നേമം പിടിച്ചാൽ വടകര കൈവിടുമോ എന്നും ദോഷൈകദൃക്കുകൾ പറയുന്നുണ്ട്. മുരളി ജയിക്കുകയും യു.ഡി.എഫ് അധികാരത്തിൽ വരികയും ചെയ്താൽ ഒരു സുപ്രധാന വകുപ്പിൽ അദ്ദേഹം മന്ത്രിയാകുമെന്ന കാര്യം ഉറപ്പാണ്. തോറ്റാലോ എം.പി.സ്ഥാനം നിലനിർത്തുകയും ചെയ്യാം.

പാലായിൽ മത്സരിക്കുന്ന ജോസ് കെ മാണിയും ഇതേപോലെ രാജ്യസഭാ അംഗത്വം രാജിവച്ചാണ് മത്സരിക്കുന്നത്. നേരത്തെ കോട്ടയം പാർലമെന്റ് അംഗമായിരുന്ന വേളയിൽ ആറുമാസം കാലാവധി ശേഷിക്കെയാണ് ജോസ കെ മാണി രാജിവച്ച് രാജ്യസഭാംഗമായത്. യു ഡി എഫിൽ നിന്നും ലഭിച്ച രാജ്യസഭാംഗത്വം രാജിവെച്ച് പാലായിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ ഒറ്റ ലക്ഷ്യം മാത്രമാണ് ജോസിനുള്ളത്. എൽ.ഡി.എഫ് വന്നാൽ കേരളത്തിൽ ഒരു മന്ത്രി. വെറും മന്ത്രിയല്ല നല്ല വകുപ്പുതന്നെ കൈവശപ്പെടുത്തുക. മന്ത്രി കുലത്തിൽ രണ്ടാമനാവുക.