കണ്ണൂര്‍: പാനൂരില്‍ ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച ആളാണ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് കമ്മീഷന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. പ്രതിപ്പട്ടികയിലുള്ള പലരും സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ്. കേസിലെ എട്ടാം പ്രതിയായ ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താംപ്രതിയായ ജാബിര്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗമാണ്. അഞ്ചാം പ്രതി സുഹൈല്‍ ഡിവൈഎഫ്‌ഐ പാനൂര്‍ മേഖല ട്രഷററാണ്.

കേസിലെ ഒന്നാം പ്രതിയെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. രണ്ടാം പ്രതി രതീഷ് കുലോത്ത് ഇന്നലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. രതീഷിന്റെ മൃതദേഹം ഇന്ന് കാലിക്കുളമ്പില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ആളൊഴിഞ്ഞ പറമ്പില്‍ ഇന്നലെ വൈകുന്നേരമാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, അന്വേഷണം കാര്യക്ഷമമല്ലെന്ന ശക്തമായ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷം. പ്രതികളായ സിപിഎമ്മുകാരെ രക്ഷപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം എന്നാണ് ഇവര്‍ ആരോപിക്കുന്നത്. മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെ യുഡിഎഫ് പാനൂരില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. കൊല്ലപ്പെട്ട മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച ശേഷമാകും സംഗമത്തില്‍ പങ്കെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here