രാജേഷ് തില്ലങ്കേരി


ശുദ്ധാത്മാവാണ് മഹാകവി ജി സുധാകരൻ. എന്തും ഉറക്കെ മാത്രമേ പറയൂ, ആരെയും ഭയമില്ല, ആരോടും മമതയുമില്ല. കവി മാത്രമല്ല കമ്യൂണിസ്റ്റുമായതിനാലാണ് തനിക്ക് ഇത്രയും ധൈര്യമെന്നാണ് ജി യുടെ മനോഗതം.


തനിക്കെതിരെ ഒരു ഗ്യാംങ് നീക്കം നടത്തുന്നതായി നേരത്തെ സുധാകരൻ തിരിച്ചറിഞ്ഞിരുന്നു. മലയാള മനോരമയിൽ സുധാകരനെതിരെ വാർത്തകൾ വന്നപ്പോൾ തന്നെ സുധാകരൻ പ്രതികരിച്ചു.
ആലപ്പുഴയിൽ സുധാകരന്റെ മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയതോടെയാണ് സുധാകരൻ ഒന്നു കുലുങ്ങിയത്.

 

 പേഴ്‌സണൽ സ്റ്റാഫിന്റെ വിവാഹം, അതുമായി ബന്ധപ്പെട്ട വിവാദം ഒക്കെ കുറച്ചു മാസങ്ങൾക്ക് മുൻപ് ഒത്തുതീർന്നതാണ്. എന്നിട്ടും സുധാകരനെതിരെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചതിൽ ആകെ അസ്വസ്ഥനായിരുന്നു മഹാകവി. കവി മനം ആരും തിരിച്ചറിഞ്ഞില്ല. 

 

പരാതിക്കാരി പരാതി പിൻവലിച്ചുവെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞതിനു തൊട്ടുപിന്നാലെ പരാതി നിലനിൽക്കുന്നുവെന്നും പിൻവലിക്കില്ലെന്നും അറിയിച്ചുകൊണ്ട് പരാതിക്കാരി രംഗത്തെത്തിയതും സുധാകരെ തെല്ലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്.
സുധാകരൻ പറയുന്നതുമാത്രം നടന്നിരുന്ന ആലപ്പുഴ, എന്നാൽ ഇപ്പോൾ സുധാകരന്റെ കാലിനടിയിലെ മയിരിക്കുന്നു.

ജില്ലാ നേതൃത്വത്തിന്റെ മൗനം സുധാകരനെ അസ്വസ്ഥനാക്കിയിരിക്കുന്നു എന്ന് ആ മുഖത്തെ വികാരപ്രകടനങ്ങൾ വ്യക്തമാക്കുന്നു. പരാതികൾ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നത് തനിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സുധാകരൻ വിശ്വസിക്കുന്നു.

തനിക്കെതിരെ വാർത്തയെഴുതിയ മനോരമപോലും പിന്നീട് തെറ്റു തിരുത്തിയെന്നാണ് കവി പറയുന്നത്. അധികാരവും ചെങ്കോലും നഷ്ടപ്പെടുന്നതോടെ  തന്നെ ഓരോ രീതിയിൽ മാറ്റി നിർത്തുകയാണെന്നാണ് സുധാകരൻ ഭയക്കുന്നത്.



കവിതയെഴുതിയതിന് എനിക്ക് മൂന്നര ലക്ഷം രൂപ തന്ന മനോരമക്കാരോട് തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് മന്ത്രി ജി സുധാകരൻ. ഒരു കവിതയ്ക്ക് മൂവായിരത്തി അഞ്ഞൂറ് രൂപയാണ് പ്രതിഫലം തന്നത്. എന്നിട്ടും എനിക്കെതിരെ അവർ വാർത്തയെഴുതി. വിഷയം മാനേജ്‌മെന്റ് അറിഞ്ഞപ്പോൾ എഴുത്ത് നിർത്തി, കവിതയെഴുത്തല്ല, വാർത്തയെഴുത്തെന്ന് മഹാ കവി ജി സുധാകരൻ വെളിപ്പെടുത്തുന്നു. തന്റെ കവിത മനോരമക്കാർ സ്വന്തം ചെലവിൽ സംഗീത ആൽബമാക്കിയെന്നും സുധാകര കവി വെളിപ്പെടുത്തിയിരിക്കുന്നു.


തന്റെ മകനെ ഭാര്യയോ മന്ത്രിയായിരുന്നപ്പോൾ ഒരു ഇടപെടലും നടത്താത്തവരാണേ, മകൻ ജോലി നേടിയത് എന്റെ മേൽവിലാസത്തിലല്ല, റിട്ടയർ ചെയ്തപ്പോൾ പോലും ഭാര്യ ഒരു കാര്യത്തിലും ഇടപെട്ടില്ല. മിക്കവാറും റിട്ടയർ ചെയ്യുമ്പോഴോക്കെ മന്ത്രിമാരുടെ ഭാര്യമാർ ചില ഇടപെടലുകൾ നടത്തുമെന്നാണ് ജി എസ് പറയുന്നത് (എ. കെ. ബാലനിട്ട് ഒരു താങ്ങ്). ആവശ്യത്തിന് ശമ്പളവും പെൻഷനും കിട്ടുന്നുണ്ട്, ജീവിക്കാൻ ഇത്രയൊന്നും പണം ആവശ്യമില്ലെന്നാണ് കവി കണ്ടെത്തുന്നത്.

പ്രിൻസിപ്പളായി വിരമിച്ച ഭാര്യയ്ക്ക് നല്ലൊരു തുക പെൻഷൻ കിട്ടുന്നുണ്ടെന്നും തനിക്ക് ഒന്നര ലക്ഷം രൂപയോളം ശമ്പളമുണ്ടെന്നും മന്ത്രി പറഞ്ഞു. മകൻറേത് 12 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്ന ജോലിയാണ്. ഇത്തവണ രണ്ട് ലക്ഷം രൂപ മുടക്കിയാണ് മകനും ഭാര്യയും വോട്ട് ചെയ്യാനെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആരിഫിന് വോട്ട് ചെയ്യാനായി എത്തി. 

 

മകൻ രാഷ്ട്രീയ പ്രവർത്തകനല്ലെങ്കിലും കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുണ്ട്. ഇതാണ് ഞങ്ങളുടെ കുടുംബം. എന്തിന്റെ പേരിലാണ് ഇങ്ങനെയുള്ള ഞങ്ങളുടെ കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കണ്ഠമിടറി  ചോദിക്കുന്നു.  താൻ മരിക്കുന്നതു വരെ യഥാർഥ കമ്മ്യൂണിസ്റ്റുകാരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 തൻറെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തനിക്കെതിരെ വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്നവരുടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ജി സുധാകരൻ ആവർത്തിച്ചു പറയുന്നു ഓണാട്ടുകരയുടെ ഓമനയായ ജി സുധാകരൻ.  തനിക്കെതിരെ ഉയർന്ന ആരോപണം രാഷ്ട്രീയ ധാർമികത ഇല്ലാത്തതാണെന്നും സുധാകരൻ പറയുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സാർ സംഭവിച്ചതെന്നുകൂടി പറയരുതോ….
.
അതേ സമയം പരാതിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരി വ്യക്തമാക്കി. തന്റെ വ്യാജ ഒപ്പിട്ട് പരാതി പിൻവലിക്കാനുള്ള ശ്രമം നടന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമം നടത്തിയെന്ന പരാതി പിൻവലിക്കാൻ സി പി എം ജില്ലാ നേതൃത്വത്തിന്റെ സമ്മർദ്ധമുണ്ടെന്നാണ് പരാതിക്കാരിയുടെ ഭർത്താവും മുൻപേഴ്‌സണൽ സ്റ്റാഫിന്റെയും ആരോപണം.

ജില്ലിയിലെ സി പി എം നേതാക്കൾ തമ്മിലുള്ള പോര് കനക്കുന്നതിനിടയിലാണ് സുധാകരൻ വീണ്ടും രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ രാഷ്ട്രീയ ക്രിമിനലുകൾ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ജി സുധാകരൻ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയായിരുന്നു.

സുധാകര വിവാദം: ആലപ്പുഴയിലെ കോൺഗ്രസിലും കലാപം


മന്ത്രി ജി സുധാകരനു നേരെയുണ്ടായ പരാതിയിൽ കോൺഗ്രസ് നേതാക്കളായ എം ലിജുവിനും എ എ ഷുക്കൂറിനും രണ്ടഭിപ്രായം. ജി സുധാകരനെ അനുകൂലിച്ച് എം ലിജു രംഗത്തിറങ്ങിയതാണ് കോൺഗ്രസിൽ കലാപത്തിന് തുടക്കം കുറിച്ചത്.

ഡി സി സി അധ്യക്ഷനും അമ്പലപ്പുഴ യു ഡി എഫ് സ്ഥാനാർത്ഥിയുമായ എം ലിജു ജി സുധാകരന് നല്ല സർട്ടിഫിക്കറ്റാണ് നൽകിയത്. ജി സുധാകരൻ വർഗീയവാദിയോ ജാതിചിന്തവച്ചുപുലർത്തുന്നയാളോ സ്ത്രീത്വത്തെ അപമാനിക്കുന്നയാളോ അല്ലെന്നാണ് ലിജു പറഞ്ഞത്. രാഷ്ട്രീയമായ എതിർപ്പുകളുണ്ടെങ്കിലും സുധാകരനോട് എതിർപ്പില്ലെന്നാണ് എം ലിജു പറയുന്നു. 

അപ്പോ ഒരു കാര്യത്തിൽ തീരുമാനമായി, എം. ലിജു എം എൽ എ ആവുമെന്ന്. പൊളിറ്റിക്കൽ ക്രിമിനൽ സംഘത്തിൽ എ എ ഷുക്കൂറുണ്ടോ എന്നാണ് ഇനി അറിയേണ്ടത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ ഉടൻ   ഉടൻ കേസെടുക്കണമെന്നാണ് കെ പി സി സിസി ജന. സെക്രട്ടറിയായ ഷുക്കൂറിന്റെ ആവശ്യം. ആവശ്യം നടക്കുമോ ആവോ…..എന്തായാലും ലിജുവിന്റെ ആഗ്രഹം നടക്കും ,ഹും…. ഉറപ്പാണെന്നേ….
 


ഡോ സഹലയോടെന്തിനീ ക്രൂരത……


 

എം എൽ എയുടെ ഭാര്യയായിപോയതിനാൽ തൊഴിൽ രഹിതയായി കഴിയുകയാണ്
ഡോ സഹല.

പൊളിറ്റിക്കൽ ബയാസിന്റെ പേരിൽ ആർക്കും തന്നെ തടയാനാവില്ലെന്ന് ഡോ സഹല പറയുന്നു.  എനിക്ക് യോഗ്യതയുണ്ട് , അതിനാൽ ഞാൻ ജോലിക്ക് ചേരുമെന്ന ഉറച്ച തീരുമാനത്തിലാണ് ഡോ. സഹല….


 

ഹോ….. ക്ഷമിക്കണം സഖാക്കളെ, ഇതാരാണപ്പായീ സഹലയെന്ന് പറയാൻ മറന്നു,
തലശ്ശേരി എം എൽ എ എ എം ഷംസീറിന്റെ ഭാര്യയാണ് ഡോ. സഹല. കണ്ണൂർ സർവ്വകലാശാലയെന്നൊരു സ്വന്തം സർവ്വകലാശാലയുള്ളപ്പോൾ ഇത്രയും വിദ്യാസമ്പന്നയായ ഒരു യുവതി, അതും കേരളത്തിലെ പ്രമുഖനായ ഒരു യുവ എം എൽ എയുടെ ഭാര്യ തൊഴിൽ രഹിതയായി കഴിയേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ഒരു പ്രധാന ചോദ്യം. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഒരു നേതാവിന്റെ ജീവിതം സുരക്ഷിതമാക്കേണ്ടത് സമൂഹത്തിന്റെ കടമയല്ലേ, എന്നിട്ടോ നിങ്ങളെല്ലാവരും ചേർന്ന് ഡോ സഹലയ്ക്ക് ജോലികിട്ടാനുള്ള സാഹചര്യത്തിന് തടസം നിൽക്കുന്നു… ഇതൊക്കെ തെറ്റായ നടപടിയാണ് ….
പാലക്കാട് മുൻ എം പിയായ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സർവ്വകലാശാലയിൽ ജോലി കിട്ടിയല്ലോ. അവിടെ കുറച്ച് വിവാദങ്ങളൊക്കെ ഉണ്ടായെങ്കിലും ജോലി ഉറപ്പിച്ചു,  ആലത്തൂർ മുൻ എം പി പി കെ ബിജുവിന്റെ  ഭാര്യയ്ക്ക് എം ജി സർവ്വകലാശാലയിൽ ഉന്നത പദവിയിൽ ജോലി ലഭിച്ചു. ഷംസീറിന്റെ ഭാര്യയുടെ കാര്യം വന്നപ്പോൾ ഇതാ വീണ്ടും പ്രതിഷേധം. നേരത്തെ കാലിക്കറ്റ് സർവ്വകലാശാലയിൽ ജോലി കിട്ടിയതാണ്, അപ്പോഴാണ് ക്രമക്കേടെന്നും പറഞ്ഞ് കുറേ ആശാൻമാർ രംഗത്തെത്തിയത്. അതോടെ കോടതിയായി, വിവാദമായി ചോദ്യമായി.

കണ്ണൂർ സർവ്വകലാശാലയിൽ എച്ച് ആർ വകുപ്പിൽ അസി.ഡയറക്ടർ നിയമനത്തിൽ നിയമനം ഡോ സഹലയെ തേടി എത്തിയതാണ്. അഭിമുഖവും കഴിഞ്ഞു. നിയമിക്കപ്പെടുമെന്ന ഘട്ടത്തിലുമാണ്, അപ്പോഴാണ് വീണ്ടും വിവാദം. എന്നാൽ ഇല്ലാത്ത പോസ്റ്റുണ്ടാക്കിയാണ് നിയമനമെന്നതാണ് ഈ പ്രതിഷേധത്തിന് കാരണം. ഇതാണ് പ്രതിഷേധത്തിന് പ്രധാനകാരണം. ഷംസീറിനെ ഭാര്യയെ നിയമിക്കാൻ ഇല്ലാത്ത പോസ്റ്റ് സർവ്വകലാശാല ഉണ്ടാക്കിയെന്നും, പെരുമാറ്റചട്ടം നിലനിൽക്കെ ഓൺലൈൻ ഇന്റർവ്യു നടത്തിയത് ചട്ടലംഘനമാണെന്നുമാണ് ആരോപണം. എന്നാൽ പോസ്റ്റുണ്ടാക്കിയത് ഞാനല്ലെന്നും, ഞാൻ ആ ജോലിക്ക് എനിക്ക് യോഗ്യതയുണ്ടെന്നും, വളർന്നു വരുന്ന നേതാവായ ഷംസീറിന്റെ രാഷ്ട്രീയ ഭാവി തകർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നുമാണ് ഡോ സഹലയുടെ ആരോപണം. ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്ന ഡോ സഹലയ്ക്ക് വിപ്ലവാഭിവാദ്യങ്ങൾ….


ഇതാ വരുന്നു കോൺഗ്രസ് നേതാക്കൾക്ക് എട്ടിന്റെ പണി


ഐ എസ് ആർ ഒ ചാരക്കേസിൽ നമ്പിനാരായണനെതിരെയുണ്ടായ ഗൂഢാലോനയിൽ അന്വേഷണം നടത്താൻ സുപ്രീംകോടതിയുടെ നിർദ്ദേശിച്ചിരിക്കയാണ്. സി ബി ഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എ കെ ആന്റണിയെയും ഉമ്മൻ ചാണ്ടിയേയുമാണെന്നാണ് നവ എൻ സി പി നേതാവായ പി സി ചാക്കോ പറയുന്നത്. 

കരുണാകരനോട് നേരിട്ട് ഏറ്റുമുട്ടാൻ പറ്റാത്തതിനാൽ പിന്നിൽ നിന്നും കുത്തുകയായിരുന്നു എന്നാണ് ചാക്കോ മാഷിന്റെ വെളിപ്പെടുത്തൽ. ചാക്കോ മാഷ് പറഞ്ഞ അത്രയും പറഞ്ഞില്ലെങ്കിലും തോമസ് മാഷും വിട്ടില്ല. കെ കരുണാകരനെതിരെ ശക്തമായ ഗൂഢോലോചന നടന്നെന്നാണ് മാഷിന്റെയും വെളിപ്പെടുത്തൽ. അപ്പോ, എ . ഐ പോരാട്ടം ഇതോടെ അവസാനിക്കുമോ അതോ, ശക്തമാവുമോ എന്നാണ് ഇനി അറിയേണ്ടത്. എന്തായാലും നേമത്തുനിന്നും കെ മുരളീധരനും, തൃശ്ശൂരിൽ നിന്നും പെങ്ങളും ജയിച്ചുവന്നാൽ വേണ്ടപോലെ പരിഗണിച്ചോണം…അല്ലെങ്കിൽ കാണാം….

കെ എം ഷാജിയെ അങ്ങിനെയൊന്നും തോൽപ്പിക്കാനാവില്ലമക്കളേ…..


അഴീക്കോട് എം എൽ എ കെ എം ഷാജിയാണ് ഇടതു സർക്കാറിന്റെ തുരുപ്പ് ചീട്ട്. എന്തു സംഭവിച്ചാലും ഷാജിയെ പൂട്ടുകയെന്നതാണ് ഈ സർക്കാരിന്റെ പ്രധാന അജണ്ട. കാരണം പിണറായി വിജയനെയും മറ്റും അത്രയേറെ അധിക്ഷേപിച്ചിട്ടുണ്ട് ഷാജിയാശാൻ. എന്നെല്ലാം സി പി എമ്മും സർക്കാരും പ്രതിരോധത്തിലായിട്ടുണ്ടോ അപ്പോഴെല്ലാം ഷാജിക്കെതിരെ നീക്കം നടത്തും. ഇപ്പോഴിതാ കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം സി പി എമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കിയിരിക്കയാണ്. 

പ്രതികളിലൊരാളായ രതീഷ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതും സി പി എമ്മിന് തിരിച്ചടിയായി, എന്തു ചെയ്യുമെന്നാലോചിച്ചു നിൽക്കുമ്പോഴാണ് ഷാജിയെക്കുറിച്ച് ഓർമ്മകൾ തെളിയുന്നത്. പിന്നെയെന്ത് നോക്കാൻ, ഷാജിയുടെ വീടുകളിലേക്ക് ഇരച്ചെത്തി വിജിലൻസ് സംഘം. റെയിഡോട് റെയിഡ്.

 


കിട്ടി , ലക്ഷങ്ങൾ, കട്ടിലിടിയിൽ നിന്നാണോ കിട്ടിയത്, അതോ ക്ലോസറ്റിൽ നിന്നാണോ എന്നായി അടുത്ത ചർച്ച. മാധ്യമ പട പിന്നെ പാനൂരിൽ നിന്നും അഴീക്കോട്ടേക്കും, കോഴിക്കോട്ടേക്കും ഓട്ടമായി.

ഷാജിയുടെ പണമല്ല അതൊന്നും, തെരഞ്ഞെടുപ്പിന് പിരിച്ച പണമാണെന്നും, ഇലക്ഷൻ കഴിഞ്ഞുള്ള സെറ്റിൽമെന്റിന് സൂക്ഷിച്ച പണമെന്നുള്ള വിശദീകരണവുമായി കെ പി എ മജീദും സ്ഥലത്തെത്തിയിട്ടുണ്ട്. 

 

എന്തായാലും പണത്തിന്റെ ഉറവിടം കണ്ടെത്തെണം. ഇഞ്ചി കൃഷിയിൽ നിന്നും ലഭിച്ച പണം കണ്ടെത്തണം. പത്തു വർഷം ഉണ്ടാക്കിയതും കൊടുത്തതുമായ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഷാജി….അതിനിടയിൽ റിസൽട്ട് വന്നാൽ മതിയാർന്നു എന്നാണ് മുസ്ലിം ലീഗിന്റെ പ്രാർത്ഥന.


ചെറിയാൻ ഫിലിപ്പിനോട് ഈ ചതി വേണ്ടായിരുന്നു

ചെറിയാൻ ഫിലിപ്പിന്റെ ജീവിതം എന്നും ഇങ്ങനെയാണ്. അവസാന നിമിഷം കൈവിട്ടുപോവുകയെന്നത്, ഇത് പുതിയകാര്യമൊന്നുമല്ല. ഏ കെ ആന്റണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ചെറിയാൻ ഫിലിപ്. വലിയ നേതാവായി വളരേണ്ട നേതാവായിരുന്നു. എന്നാൽ ഒരു ദുർബല നിമിഷത്തിൽ ചെറിയാൻ ഫിലിപ്പ് എല്ലാം വലിച്ചെറിഞ്ഞ് കോൺഗ്രസ് തറവാട്ടിൽ നിന്നും ഇറങ്ങിപ്പോയി. 

വർഷങ്ങളായി ചെറിയാൻ ഫിലിപ്പ് സി പി എമ്മിന്റെ വീട്ടിലുണ്ട്. എന്നാൽ ഇതുവരെ അകത്തേക്ക് പ്രവേശനം കിട്ടിയിട്ടില്ല. കെ ടി ഡി സി ചെയർമാനാക്കി നന്ദി പ്രകടനം നടത്തി. കൈരളി ചാനലിൽ ഒരു പ്രോഗ്രാം നടത്തിക്കൊണ്ടിരിക്കയായിരുന്നു. ചെറിയാൻഫിലിപ് പ്രതികരിക്കുന്നു എന്നായിരുന്നു പ്രോഗ്രാമിന്റെ പേര്. പ്രതികരിച്ച് മതിയായപ്പോൾ ആപ്രോഗാം നിർത്തി.


ഇപ്പോൾ
ചെറിയാന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ഇതോടെയാണ് ചെറിയാൻ പുസ്തകം എഴുത്തിലേക്ക് വഴിമാറിയത്. കേരളം തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നപ്പോഴും ചെറിയാൻ എഴുത്തിലായിരുന്നു.


എഴുത്തിനിടയിലാണ് ഒരു വാർത്ത കേട്ടത് ,
രാജ്യസഭയിലേക്ക് അയക്കാൻ പോവുന്നു എന്ന്. കുറച്ചു ദിവസം പേന നിലത്തുവച്ച് ചെവി കൂർപ്പിച്ചിരുന്നുവത്രേ, ആരെങ്കിലും വിളിക്കുന്നുണ്ടോ എന്നറിയാനായി. എന്നാൽ ആറും വിളിച്ചില്ല. കഴിഞ്ഞ രണ്ട് വർഷം മുൻപും ഇതുപോലൊരു വാർത്തകേട്ട് ആശിച്ചതാണ്. സോറി അളിയാ എന്നു പറഞ്ഞ് എളമരം കരീമിനെ രാജ്യസഭയിലേക്ക് അയച്ച പാർട്ടിയാണിതെന്ന് ചെറിയാൻ ഫിലിപ്പ് മറന്നു. 

 

അങ്ങിനെ ചെറിയാൻ ഫിലിപ്പിന് കാര്യം മനസിലായി , ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന്. അങ്ങിനെയാണ് പുസ്തകമെഴുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ തീർത്തത്.സി പി എം നേരത്തെ ചെറിയാനെ രാജ്യസഭയിലേക്ക് അയച്ചിരുന്നുവെങ്കിൽ അതൊരു ചതിയായിമാറുമായിരുന്നു. കേരളത്തിലെ രാഷ്ട്രീയ ചരിത്രം പഠിക്കാനിരിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയൊരു നിധിയായിരിക്കും ചെറിയാന്റെ വരാനിരിക്കുന്ന ഇടതും, വലതും എന്ന  പുസ്തകം.  ചെറിയാന്റെ പഴയ പുസ്തകം അത്രയേറെ ആകർഷകമായിരുന്നു.

വാൽകഷണം:

കേരളമുഖ്യമന്ത്രിയെ കേരന്ദ്രസഹമന്ത്രി വി മുരളീധരൻ ‘ കോവിഡിയൻ ‘ എന്നു വിളിച്ച് അധിക്ഷേപിച്ചതിൽ വലിയ പ്രതിഷേധമാണ് ഉണ്ടാവുന്നത്. കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ചിദംമ്പരമാണ് പ്രതിഷേധിച്ചത്. ഉലകനായകൻ കമലഹാസനും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് ആകെ പ്രതിസന്ധിയിലാണ്. പ്രതിഷേധിക്കണോ, അതോ മിണ്ടാതിരിക്കണെ എന്നൊന്നും കോൺഗ്രസ് തീരുമാനിച്ചിട്ടില്ല. എന്തായാലും മുരളീധരന് പൊങ്കാലയിടുന്നതിന്റെ തിരക്കിലാണ് എ വിജയരാഘവനും പാർട്ടി അണികളും.

LEAVE A REPLY

Please enter your comment!
Please enter your name here