രാജേഷ് തില്ലങ്കേരി 

 

  • ആകെ സീറ്റുകൾ 16.

  • സംസ്ഥാനത്ത് യു ഡി എഫിന്റെ ഏറ്റവും ശക്തമായ ജില്ല. 

  • 14 സീറ്റുകൾ നേടി യു ഡി എഫ് മലപ്പുറത്തിന്റെ പാരമ്പര്യം സംരക്ഷിച്ചേക്കും.

  • പെരിന്തൽമണ്ണ ചാഞ്ചാട്ട മണ്ഡലം.

  • നിലമ്പൂരിൽ പി.വി. അൻവറിനു അടിതെറ്റും.

  • തിരൂരങ്ങാടിയിൽ കടുത്ത പോരാട്ടം.

  • താനൂർ ലീഗ് തിരിച്ചു പിടിച്ചേക്കും. 

  • കെ ടി ജലീലിന് പരാജയം മണക്കുന്ന തവനൂർ

  • പൊന്നാനി എൽ ഡി. എഫിന് നഷ്ട്ടമായേക്കും.

  • ബി.ജെ.പിയ്ക്ക് തീരെ സ്വാധീനമില്ലാത്ത മണ്ഡലങ്ങൾ. 

 



റനാടൻ പാരമ്പര്യം കൈമോശം വരാതെ കാത്തു സൂക്ഷിക്കുന്ന ജില്ലയാണ് മലപ്പുറം. മുസ്ലിംലീഗിന്റെ ഉരുക്ക് കോട്ടയെന്ന് വിശേഷിപ്പിക്കാവുന്ന ദേശം. ഉറച്ച നിലമ്പൂർ തേക്കുപോലെയാണ് മലപ്പുറത്തെ ചിലസീറ്റുകൾ. എന്നാൽ ചിലരാഷ്ട്രീയ ചുഴലിക്കാറ്റുകളിൽ കടപുഴയിക വമ്പൻ മാരുടെ ചരിത്രവും മലപ്പുറത്തുകാർ മറന്നിട്ടില്ല. സ്വാതന്ത്ര്യസമര ചിരിത്രത്തിൽ എന്നും ഓർമ്മയിലുള്ള രാഷ്ട്രീയ സംഭവമായ 1921 ലെ മലബാർലഹളയുടെയും, വാഗൺ ട്രാജഡിയുടെ ഓർമ്മകൾ മങ്ങാത്ത മലപ്പുറം. നിലമ്പൂരിന്റെ രാജപാരമ്പര്യം, പൊന്നാനിയുടെ സാംസ്‌കാരിക പാരമ്പര്യം എല്ലാം മലപ്പുറം ജില്ലയുടെ മഹത്വമാണ്.

ലീഗിന് ഏറ്റവും സ്വാധീനമുള്ള ജില്ല. പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് യു.ഡി.എഫിന് ഏറ്റവും ഗുണകരമാകുന്ന ജില്ലയാണ് മലപ്പുറം. സ്ഥാനാർത്ഥി നിർണയത്തിലെ അതീവ സൂക്ഷ്മത. വിവാദങ്ങളിൽ ഉൾപ്പെടാത്ത, എതിർപ്പുകൾ ലവലേശമില്ലാത്ത സ്ഥാനാർഥി നിർണയം. അതിൽ കെ.പി.എ മജീദിന്റെ സ്ഥാനാർത്ഥിത്വം ഒരു അപവാദമായിരുന്നുവെങ്കിലും അവസാന നിമിഷം അതിൽ നിന്നും യു.ഡി.എഫിന് കരകയറാൻ കഴിഞ്ഞു. 

 

അതെ സമയം എൽ.ഡി.എഫിൽ സ്ഥാനാർഥി നിർണയത്തിൽ ഏറെ കോലാഹലങ്ങളുണ്ടായ ജില്ലയാണ് മലപ്പുറം. വിവാദത്തിൽ മുങ്ങിക്കുളിച്ച സ്പീക്കർ ശ്രീരാമകൃഷ്ണൻ, മറ്റൊരു വിവാദ നായകനും മന്ത്രിയുമായ ഡോ. കെ.ടി. ജലീൽ. പിന്നെ ആഫ്രിക്കയിലേക്ക് മുങ്ങിയ നിലമ്പൂരിയിൽ പ്രതിനിധി പി. വി. അൻവരുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഇതെല്ലാം എൽ.ഡി. എഫിന്റെ വിജയ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കാവുന്ന ഘടകങ്ങളാണ്. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിപ്രകടിപ്പിച്ചുകൊണ്ട് പരസ്യമായി തെരുവിലിറങ്ങിയത് പൊന്നാനിയിൽ ആണെന്നതും ശ്രദ്ധേയം. ശ്രീരാമകൃഷ്‌ണേനെ മാറ്റി കൊണ്ടുവന്ന നന്ദകുമാറിനെതിരെയുണ്ടായ പ്രാദേശിക വിവാദവും അവർക്കും തിരിച്ചടിയാകും.  



കൊണ്ടോട്ടി, യു ഡി എഫിന്റെ ഉറച്ച കോട്ടകളിൽ ഒന്നാണ് കൊണ്ടോട്ടി. മുസ്ലിംലീഗിലെ ടി വി ഇബ്രാഹിമാണ് സിറ്റിംഗ് എം എൽ എ. 2016 ൽ എൽ ഡി എഫ് സ്വതന്ത്രൻ കെ പി ബീരാൻകുടട്ടിയെ 10654 വോട്ടുകൾക്കാണ് ഇബ്രാഹിം പരാജയപ്പെടുത്തിയത്. ഇത്തവണയും കൊണ്ടോട്ടിയിൽ ലീഗ് സ്ഥാനാർത്ഥി വിജയം ആവർത്തിക്കും. കെ പി സുലൈമാൻ ഹാജിയാണ് എൽ ഡി എഫ് സ്വതന്ത്രൻ.

ഏറനാട് വിജയം ആർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് യു ഡി എഫ്, സിറ്റിംഗ് എം എൽ എ പി കെ ബഷീറായിരുന്നു സ്ഥാനാർത്ഥി. 2016 ൽ കെ ടി അബ്ദുറഹാമാനെ 12893 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ഇത്തവണ സി പി ഐയിലെ കെ ടി അബ്ദുറഹിമാനാണ് ബഷീറിന്റെ എതിരാളി.

കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്ക് കാരണക്കാരനായിരുന്നു നിലമ്പൂർ എം എൽ എ പി വി അൻവർ. ഇടത് പാളയത്തിലെത്തിയ പഴയ കോൺഗ്രസുകാരൻ, അഞ്ച് വർഷവും വിവാദങ്ങളുടെ കൂടെയായിരുന്നു യാത്രകൾ. വിവാദ പാർക്ക്, തുടങ്ങി, ആഫ്രിക്കയിലെ ഖനി വ്യവസായംവരെ വിവാദങ്ങളുടെ പട്ടിക നീണ്ടുകിടക്കുന്നു. ആര്യാടൻ ഷൗക്കത്തായിരുന്നു 2016 ൽ എതിരാളി. സിറ്റിംഗ് എം എൽ എയായിരുന്നു ആര്യാടൻ മുഹമ്മദ് കളമൊഴിഞ്ഞതാണ് നിലമ്പൂരിലെ തിരിച്ചടിക്ക് കാരണമായത്. ഇത്തവണ ഡി സി സി അധ്യക്ഷനായിരുന്ന വി. വി  പ്രകാശായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി. മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ. സിറ്റിംഗ് എം എൽ എ എന്ന നിലയിൽ അവസാന കാലഘട്ടങ്ങളിൽ പി.വി അൻവർ സ്ഥലത്തില്ലാത്തതും, മറ്റും പരാജയത്തിന് കാരണമായേക്കാമെന്നാണ് അൻവർ ക്യാംപും ഭയക്കുന്നത്. നിലമ്പൂരിൽ യു ഡി എഫ് വിജയിക്കുമെന്നുതന്നെയാണ് ലഭിക്കുന്ന സൂചനകൾ.


കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് വണ്ടൂർ. കെ പി അനിൽകുമാറാണ് സിറ്റിംഗ് എം എൽ എ. 2016 ൽ സി പി എം സ്ഥാനാർത്ഥി കെ നിഷാന്തിനെ 23864 വോട്ടുകൾക്കാണ് അനിൽകുമാർ പരാജയപ്പെടുത്തിയിരുന്നത്. ഇത്തവണ പി മിഥുനയാണ് എതിരാളി. ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞേക്കുമെന്ന ഭയമുണ്ടെങ്കിലും വിജയ പ്രതീക്ഷയിൽ തന്നെയാണ് കെ പി അനിൽകുമാർ.

മഞ്ചേരി മുസ്ലിംലീഗിന്റെ മറ്റൊരു കോട്ടയാണ്. 2016 ൽ എം ഉമ്മർ 19616 വോട്ടുകൾക്ക് സി പി എമ്മിലെ കെ മോഹൻ ദാസിനെ പരാജയപ്പെടുത്തിയ മണ്ഡലം. ഇത്തവണ അഡ്വ യു എ ലത്തീഫാണ് യു ഡി എഫ് സ്ഥാനാർത്ഥി. മഞ്ചേരിയിൽ രാഷ്ട്രീയ അട്ടിമറികൾക്കൊന്നും സാധ്യതയില്ല. സി.പി.ഐയിലെ ഡിബോണ നാസർ ആണ് എൽ.ഡി. എഫ് സ്‌ഥാനാർത്ഥി.

എങ്ങോട്ട് വേണമെങ്കിലും മാറാവുന്ന രാഷ്ട്രീയ പശ്ചാത്തലമുള്ളൊരു മണ്ഡലമാണ് പെരിന്തൽമണ്ണ. മഞ്ഞളാംകുഴി അലിയെ കഴിഞ്ഞതവണ തുണച്ച മണ്ഡലമാണെങ്കിലും ഉറച്ച മണ്ഡലമെന്ന് ഇരുമുന്നണികൾക്കും അത്ര ഉറപ്പില്ലാത്ത മണ്ഡലം. മഞ്ഞളാംകുഴി അലി സി പി എമ്മിലെ വി ശശികുമാറിനെ പരാജയപ്പെടുത്തിയത് 579 വോട്ടുകൾക്കായിരുന്നു. ഇത്തവണ മുസ്ലിംലീഗിലെ നജീബ് കാന്തപുരമാണ് യു ഡി എഫ് സ്ഥാനാർത്ഥി. ഇടത് സ്വതന്ത്രൻ കെ പി മുഹമ്മദ് മുസ്തഫയാണ് എൽ ഡി എഫിനായി രംഗത്തിറങ്ങിയത്. സുരക്ഷിതമല്ലെങ്കിലും ലീഗ് മണ്ഡലം നിലനിർത്തുമെന്നാണ് സൂചനകൾ.

 സിറ്റിംഗ് എം എൽ എയായിരുന്ന അഹമ്മദ് കബീറിനെ മാറ്റിയാണ് മഞ്ഞളാംകുഴി അലിയെ മങ്കടയിൽ മത്സരിപ്പിക്കാൻ യു ഡി എഫ് തീരുമാനിച്ചത്. 2016 ൽ 1508 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഹമ്മദ് കബീർ കഴിഞ്ഞ തവണ ജയിച്ചുകയറിയത്. മങ്കട നേരത്തെ മഞ്ഞളാംകുഴി അലിയുടെ തട്ടകമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം മഞ്ഞളാംകുഴി അലി മങ്കടയിൽ തിരിച്ചെത്തിയിരിക്കയാണ്. മഞ്ഞളാംകുഴി അലി ജയിച്ചുകയറുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ടി കെ റഷീദാണ് ഇടതു മുന്നണി സ്ഥാനാർത്ഥി. ഇത് രണ്ടാം തവണയാണ് ടി കെ റഷീദ് മങ്കടയിൽ മത്സരിക്കുന്നത്.

മലപ്പുറം, കോട്ടക്കുന്ന് മലപ്പുറത്താണ്. നഗരത്തിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന വിനോദസഞ്ചാര കേന്ദ്രം. യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് മലപ്പുറം, എതിരാളികൾക്ക് അത്രയെളുപ്പത്തിൽ അക്രമിച്ച് കീഴ്‌പ്പെടുത്താൻ പറ്റാത്ത മണ്ഡലം. സിറ്റിംഗ് എം എൽ എ പി ഉബൈദുള്ള 2016 ൽ 35672 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മലപ്പുറത്ത് ഇത്തവണയും ചരിത്രം ആവർത്തിക്കാൻ അദ്ദേഹം തന്നെയാണ് രംഗത്തുള്ളത്. പി അബ്ദുൽ റഹിമാനാണ് സി പി എം സ്ഥാനാർത്ഥി.

വേങ്ങര, ലൂഗിന്റെ ശക്തി ദുർഗങ്ങളിൽ ഒന്നായ വേങ്ങരയിൽ ലീഗ് അഖിലേന്ത്യാ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടിയാണ് മത്സരരംഗത്തുള്ളത്. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ കുഞ്ഞാലിക്കുട്ടി പഴയതട്ടകത്തിൽ മത്സരിക്കാനെത്തിയതിന്റെ പ്രതികരണം പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. 2016 ൽ പി കെ കുഞ്ഞാലിക്കുട്ടി 38057 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പി പി ബഷീറിനെ പരാജയപ്പെടുത്തിയ വേങ്ങര. കുഞ്ഞാലിക്കുട്ടി രാജിവച്ച് ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ ലീഗ് നേതാവ് കെ എൻ എ ഖാദറായിരുന്നു വേങ്ങരയിൽ വിജയിച്ചത്. വീണ്ടും വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിയെത്തിയതിന്റെ ആവേശത്തിലാണ് മണ്ഡലം. സി പി എമ്മിലെ പി ജിജിയാണ് ഇടത് സ്ഥാനാർത്ഥി. എതിർസ്ഥാനാർത്ഥി ദുർബലയായതോടെ അനായാസ വിജയമാണ് യു ഡി എഫ് വേങ്ങരയിൽ പ്രതീക്ഷിക്കുന്നത്.

വള്ളിക്കുന്ന് ലീഗ് കോട്ടകളിൽ മറ്റൊരു മണ്ഡലം. സിറ്റിംഗ് എം എൽ എ അബ്ദുൽ ഹമീദാണ് യു ഡി എഫിനായി ജനവിധി തേടിയത്. ഐ എൻ എൽ നേതാവ് എ പി അബ്ദുൽ വഹാബാണ് എതിരാളി. 2016 ൽ ഐ എൻ എല്ലിലെ ഒ കെ തങ്ങളെ 12610 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ മണ്ഡലമാണ് വള്ളിക്കുന്നത്. ലീഗ് സ്ഥാനാർത്ഥിതന്നെ വിജയിക്കുമെന്നാണ് സൂചനകൾ.

തിരൂരങ്ങാടിയിൽ ഇത്തവണ കടുത്ത പോരാട്ടമാണ് അരങ്ങേറിയത്. സി പി ഐ സ്വതന്ത്രനായ നിയാസ് പുളിക്കലകത്തും, ലീഗ് നേതാവായ കെ പി എ മജീദും തമ്മിലാണ് പോരാട്ടം. ഒപ്പം ബി ജെ പി സ്ഥാനാർത്ഥിയായി സത്താർ ഹാജിയും രംഗത്തുണ്ട്. 2016 ൽ അബ്ദുറബ്ബ് 6047 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് തിരൂരങ്ങാടി. മജീദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയുണ്ടായ പ്രതിഷേധം മത്സരം കടുപ്പമേറിയതായിരുന്നു. അടിയൊഴുക്കുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ കെ പി എ മജീദ് വിജയിക്കും.

താനൂർ, കഴിഞ്ഞതവണ ലീഗിന് അടിതെറ്റിയ മണ്ഡലങ്ങളിൽ ഒന്നാണ് താനൂർ. ലീഗ് നേതാവായിരുന്നഅബ്ദുറഹിമാൻ രണ്ടത്താണി പരാജയപ്പെട്ട മണ്ഡലം. ലീഗ് വിമതനായി രംഗത്തെത്തിയ വി അബ്ദുറഹിമാൻ ഇടത് സ്വതന്ത്രനായി മത്സരിച്ചപ്പോൾ 4918 വോട്ടിന്റെ ഭൂരപിക്ഷമാണ് ലഭിച്ചത്.
ഇത്തവണ അബ്ദുറഹിമാനെ കീഴടക്കാനായി ലീഗ് നേതൃത്വം ചുമതല നൽകിയിരിക്കുന്നത് യൂത്ത് ലീഗിന്റെ കരുത്തനായ നേതാവ് പി കെ ഫിറോസിനെയാണ്. ലീഗിലുണ്ടായ പടലപ്പിണക്കമാണ് കഴിഞ്ഞ തവണയുണ്ടായ പരാജയത്തിന് പ്രധാന കാരണം. ഇത്തവണ ലീഗ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്, ഇത് വലിയ വിജയപ്രതീക്ഷയാണ് ലീഗിന് നൽകിയിരിക്കുന്നത്. പി കെ ഫിറോസ് ഇത്തവണ താനൂർ  പിടിച്ചെടുക്കുമെന്നാണ് ലഭിച്ച സൂചനകൾ.

തിരൂർ, ചരിത്ര ഭൂമിയാണ് തിരൂർ. തിരൂരിർ മുസ്ലിംലീഗ് ചരിത്രം ആവർത്തിക്കുമെന്ന് ഉറപ്പുള്ള മറ്റൊരു മണ്ഡലമാണ് തിരൂർ.
സി മമ്മൂട്ടി 2016 ൽ 7061 വോട്ടുകൾക്ക് ഗഫൂർ ലില്ലിയെ പരാജയപ്പെടുത്തിയ തിരൂർ, ഇത്തവണയും അതേ ഗഫൂർ ലില്ലിയാണ് സി പി എമ്മിന്റെ സ്ഥാനാർത്ഥി. കുരുക്കോളി മൊയ്തീനാണ് യു ഡി എഫിന്റെ സ്ഥാനാർത്ഥി. തിരൂരിൽ തിരിച്ചടികൾക്കൊന്നും സാധ്യതയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യു ഡി എഫ്.

കോട്ടക്കൽ, മാറ്റങ്ങളൊന്നുമില്ല, സിറ്റിംഗ് എം എൽ എ കെ കെ ആബിദ് യു ഡി എഫ് സ്ഥാനാർത്ഥി, എൻ സി പിയുടെ എൻ എ മുഹമ്മദ് കുട്ടി എൽ ഡി എഫ് സ്ഥാനാർത്ഥി. 2016 ൽ യു ഡി എഫ് വിജയിച്ചത് 15042 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇത്തവണ ഭൂരിപക്ഷത്തിൽ മാത്രമാണ് സംശയമെന്നാണ് ലീഗ് നേതാക്കളുടെ പ്രതികരണം. യു ഡി എഫിന് തിരിച്ചടികൾക്കൊന്നും സാധ്യതയില്ലാത്ത മണ്ഡലം.

തവനൂർ, മന്ത്രി കെ ടി ജലീൽ മത്സരിക്കുന്ന, ജലീലിന്റെ സിറ്റിംഗ് സീറ്റായ തവനൂരിൽ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. സാമൂഹ്യ പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലാണ് എതിരാളി. എതിരാളി ശക്തനല്ലെന്നാണ് സി പി എം കേന്ദ്രങ്ങൾ വിശേഷിപ്പിച്ചതെങ്കിലും, തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിൽ മികച്ച മുന്നേറ്റമാണ് യു ഡി എഫ് നടത്തിയിട്ടുള്ളത്. യു ഡി എഫ് തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന മലപ്പുറത്തെ പ്രമുഖ മണ്ഡലമാണ് തവനൂർ. അടിയൊഴുക്കുകൾക്ക് ഏറെ സാധ്യതയുള്ള മണ്ഡലം. കെ ടി ജലീലിന് പരാജയം മണക്കുന്നുണ്ടിവിടെ.

പൊന്നാനിയിലും എൽ ഡി എഫിന് മെച്ചപ്പെട്ട അവസ്ഥയല്ല ഇത്തവണ. ശ്രീരാമകൃഷ്ണൻ മാറിയതും, സ്ഥാനാർത്ഥി നിർണത്തയത്തിൽ സി പി എമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളും പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥിക്ക് അനുകൂലമല്ല. സീനിയർ സി.ഐ. ടി. യു പി. നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രാദേശിക നേതാക്കൾക്കിടയിൽ രൂക്ഷമായ അഭിപ്രായഭിന്നതയുണ്ടായ മണ്ഡലമാണ് പൊന്നാനി. മുസ്ലിംമത ഭൂരിപക്ഷമുള്ള പൊന്നാനിയിൽ  പ്രാദേശിക യുവ ജന നേതാവ്  നേതാവ് സിദ്ധിഖ് സ്ഥാനാര്ഥിയാക്കണമെന്നവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ പരസ്യമായി തെരുവിലിറങ്ങിയ മണ്ഡലമാണ് പൊന്നാനി . പൊന്നാനി തിരിച്ചു പിടിക്കുകയെന്ന യു.ഡി. എഫിന്റെ ലക്ഷ്യം ചിലപ്പോൾ ഇത്തവണ ഫലം കണ്ടെന്നു വരാം. ഇത്തവണ കോൺഗ്രസിന്റെ യുവ നേതാവ് എം .ആർ. രോഹിത്ത് ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി.


മലപ്പുറത്ത് പതിനാറ് സീറ്റുകളാണുള്ളത്. അതിൽ എല്ലാ സീറ്റുകളും പിടിച്ചെടുക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രഖ്യാപനം. എത്രത്തോളം അത് നടക്കുമെന്ന് വ്യക്തമല്ലെങ്കിലും 14  സീറ്റുകൾ യു ഡി എഫിന് ഇത്തവണ മലപ്പുറത്ത് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here