തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ മനുഷ്യജീവന് വില നല്‍കാത്ത സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം ജനങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ്. ജനങ്ങള്‍ക്ക് ആശ്വാസവും സംരക്ഷണവും നല്‍കാന്‍ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ സ്വയം ജനങ്ങളെ കയ്യൊഴിയുന്ന നയം സ്വീകരിച്ചത് ഞെട്ടലുളവാക്കുന്നതാണ്. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറി എല്ലാ ഭാരവും സംസ്ഥാനങ്ങളുടെ തലയ്ക്കിടുന്നതാണ് പുതിയ വാക്‌സിന്‍ നയം. ഇതിനെതിരേ ഏപ്രില്‍ 28ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഗ്യഹാങ്കണ സത്യാഗ്രഹം നടത്തുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകരും അണികളും ചേര്‍ന്ന് സ്വന്തം വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന രീതിയിലുള്ള പരിപാടിയാണിത്.

“രാജ്യത്താകെ കോവിഡ് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ രോഗ പ്രതിരോധത്തിനായി എല്ലാവരും ഒന്നിച്ചിറങ്ങേണ്ടതുണ്ട്. വാക്‌സിനേഷന്‍ എന്നത് എല്ലാവരുടെയും അവകാശമാണ്. എന്നാല്‍ ജനങ്ങളെ കൊള്ളയിക്കാന്‍ സ്വകാര്യ കോര്‍പറേറ്റ് കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന നയമാണ്. ഇത് അങ്ങേയറ്റം ജനവിരുദ്ധമാണ്. മാത്രമല്ല കോവിഡ് വ്യാപനത്തിന് വഴിവെക്കുകയും ചെയ്യും. ഇതിനെതിരേ കേരളത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമായി ഇടതു പക്ഷത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 28ന് അവരവരുടെ വീടുകള്‍ക്ക് മുന്നില്‍ വൈകുന്നേരം 5 മുതല്‍ 5.30 വരെ പോസ്റ്ററൊട്ടിച്ച് പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിക്കും. സൗജന്യ വാക്‌സിന്‍ നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരായിട്ടുള്ള കേരളത്തിന്റെ പ്രതിഷേധം എന്ന നിലയിലാണ് ഈ സമരം ആലേചിക്കുന്നത്”, വിജയരാഘവൻ പറഞ്ഞു..

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത അമിത ഭാരമാണ് കേന്ദ്രസര്‍ക്കാര്‍ കെട്ടിവെക്കുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

“കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ തന്നില്ലെങ്കലും വിലകൊടുത്തുവാങ്ങി സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വലിയ ആശ്വാസമാണ്. കേന്ദ്രത്തിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുക എന്നത് അഭിമാന ബോധമുള്ള മുഴുവന്‍ മലയാളികളുടെയും ചുമതലായി പാര്‍ട്ടി കാണുന്നു. ആരുടെയും ആഹ്വാനമില്ലാതെയാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള മലയാളികള്‍ വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചത്.വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് പാര്‍ട്ടി അണികളും അനുഭാവികളും കയ്യയച്ച് സംഭാവന നല്‍കണമെന്ന് പാര്‍ട്ടി അഭ്യര്‍ഥിക്കുകയാണ്”, വിജയരാഘവന്‍ പറഞ്ഞു.

1300 കോടി രൂപയാണ് വാക്‌സിന്‍ വിലകൊടുത്തു വാങ്ങുന്നതു മൂലം സംസ്ഥാനത്തിന് അധിക ചെലവ് വരുക. ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെങ്കില്‍ സര്‍ക്കാര്‍ വിലകൊടുത്തുവാങ്ങണമെന്ന് വി. മുരളീധരന്‍ പറഞ്ഞത് കേരളത്തെയും ജനങ്ങളെയും അവഹേളിക്കുന്നതാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പരാജയമാണിത്. പൊതുമേഖല കമ്പനികളെ വാക്‌സിന്‍ ഉത്പാദനത്തിന് രംഗത്തെത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തില്ലെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here