തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്‌ച മുതൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്‌ച വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. അവശ്യ വിഭാഗങ്ങൾക്ക് മാത്രമാകും യാത്രാനുമതിയുണ്ടാകുക. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും പിഴയും ചുമത്തും. ശനി, ഞായർ ദിവസങ്ങളിലുണ്ടായതിന് സമാനമായ നിയന്ത്രണങ്ങളാകും ഇനി ഞായറാഴ്‌ച വരെ ഉണ്ടാകുക.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാനാകില്ല. മരുന്ന്, പഴം, പച്ചക്കറികൾ, പാല്, മത്സ്യമാംസാദികൾ എന്നിവയുടെ കടകളും വർക്‌ഷോപ്പ്, വാഹനവുമായി ബന്ധപ്പെട്ട കടകൾ, എന്നിവ ഒൻപത് മണിവരെ പ്രവർത്തിക്കാം. ബെവ്‌കോയും ബാറുകളും അടയ്‌ക്കും. എന്നാൽ കള‌ളുഷാപ്പുകൾക്ക് പ്രവർത്തിക്കാം.

ബാങ്കുകൾ 10 മുതൽ ഒരുമണിവരെ പ്രവർത്തിക്കാം. കടകളിലെ ജീവനക്കാർ ഇരട്ടമാസ്‌കും കൈയുറകളും ധരിക്കണം. റേഷൻ കടകൾ, സിവിൽ സപ്ളൈസ് കോർപറേഷൻ ഔട്ട്‌ലെ‌റ്റുകൾ എന്നിവ പ്രവർത്തിക്കാം.ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം അനുവദിക്കില്ല. ഹോം ഡെലിവറിയും പാഴ്‌സലും രാത്രി ഒൻപത് വരെ. ദീർഘദൂര യാത്ര അത്യാവശ്യമെങ്കിലേ അനുവദിക്കൂ. കെ.എസ്.ആർ.ടി.സി ബസിൽ യാത്ര അനുവദിക്കും. വാക്‌സിനെടുക്കാൻ പോകുന്നവർക്കോ, ആശുപത്രിയിൽ പോകുന്നവർക്കോ യാത്രാ ആവശ്യങ്ങൾക്കായി ബസ് ‌സ്‌റ്റാന്റ്, റെയിൽവേ സ്‌റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിൽ പോകുന്നവർക്കോ അനുവാദമുണ്ട്. അവശ്യ സർവീസിലുള‌ളവർ കൈവശം സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് കരുതണം.

LEAVE A REPLY

Please enter your comment!
Please enter your name here