ചങ്ങനാശേരി : എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാത എം ജി സിന്‍ഡിക്കേറ്റ് അംഗത്വം രാജിവച്ചു. വെള്ളാപള്ളിയുടെ വിമര്‍ശനത്തിന് പിന്നാലെ പത്രക്കുറിപ്പിലൂടെ സുകുമാരന്‍ നായര്‍ തന്നെയാണ് മകളുടെ രാജികാര്യം പറഞ്ഞത്. വെള്ളാപ്പള്ളിയുടെ ആരോപണം അടിസ്ഥാന രഹിതമാണന്നും കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

സുകുമാരന്‍ നായരുടെ മകള്‍ക്ക് എല്ലാ സ്ഥാനങ്ങളും ഇടതുപക്ഷം കൊടുത്തു, എന്നിട്ടും എന്‍.എസ്.എസ് ഇടതുപക്ഷത്തിന്റെ നെഞ്ചത്തു കുത്തി എന്ന അടിസ്ഥാനരഹിതമായ ആരോപണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നിരിക്കുകയാണ്. എന്‍.എസ്.എസ്, ഹിന്ദു കോളേജ് പ്രിന്‍സിപ്പലും എന്റെ മകളും ആയ ഡോ. സുജാത കഴിഞ്ഞ ഏഴുവര്‍ഷത്തോളമായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ ആയി സേവനമനുഷ്ഠിച്ചുവരുകയാണ്. ആദ്യം യു.ഡി.എഫ് ഗവണ്മെന്റും പിന്നീട് എല്‍.ഡി.എഫ് ഗവണ്മെന്റുമാണ് ഈ സ്ഥാനത്തേക്ക് ഡോ. സുജാതയെ നോമിനേറ്റ് ചെയ്തിട്ടുള്ളതാണന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കൂടാതെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ എഡ്യൂക്കേഷനിസ്റ്റ് എന്ന വിഭാഗത്തിലാണ് ഇടതു – വലതു വ്യത്യാസമില്ലാതെ ഗവണ്മെന്റുകള്‍ ഡോ.സുജാതയെ നോമിനേറ്റ് ചെയ്തിട്ടുളളത്. ഇതിനുവേണ്ടി ഞാനോ എന്റെ മകളോ മറ്റാരെങ്കിലുമോ, ഗവണ്മെന്റിനെയോ ഏതെങ്കിലും രാഷ്ട്രീയനേതാക്കളെയോ സമീപിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എങ്കിലും ഇതിന്റെ പേരില്‍ വിവാദങ്ങള്‍ക്കിടവരുത്താതെ, മൂന്നുവര്‍ഷത്തെ കാലാവധി ഇനിയും ഉണ്ടെന്നിരിക്കിലും, വ്യക്തിപരമായ കാരണങ്ങളാല്‍ എന്റെ മകള്‍ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവച്ചുകൊണ്ട് ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്കിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here