തിരുവനന്തപുരം : സംസ്‌ഥാനത്തു കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ അധികനിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഞായറാഴ്‌ചവരെയാണു നിയന്ത്രണങ്ങള്‍. തുടര്‍ന്ന്‌, സ്‌ഥിതി വിലയിരുത്തിയശേഷം ആവശ്യമെങ്കില്‍ സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്താനാണു സര്‍ക്കാര്‍ തീരുമാനം.

ഇന്നുമുതല്‍ അടുത്ത ഞായറാഴ്‌ചവരെ അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന സ്‌ഥാപനങ്ങള്‍ മാത്രമേ തുറക്കൂ. അവശ്യകാര്യങ്ങള്‍ക്കു പുറത്തിറങ്ങുന്നവര്‍ സത്യപ്രസ്‌താവന കരുതണം. സുഗമമായ ചരക്കുനീക്കം ഉറപ്പാക്കും. വിമാനത്താവളങ്ങളിലേക്കും റെയില്‍വേ സ്‌റ്റേഷനുകളിലേക്കും മറ്റ്‌ അടിയന്തരയാത്രകള്‍ക്കും തടസമില്ല.

പ്രധാന നിയന്ത്രണങ്ങള്‍

ആളുകള്‍ പുറത്തിറങ്ങുന്നതു പരമാവധി ഒഴിവാക്കണം.

ആള്‍ക്കൂട്ടം ഒരുകാരണവശാലും അനുവദിക്കില്ല.

ഭക്ഷണശാലകളില്‍നിന്നു പാഴ്‌സല്‍/ഹോം ഡെലിവറി മാത്രം.

രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഡോക്‌ടറോ ആശുപത്രി അധികൃതരോ നല്‍കുന്ന കത്ത്‌/സ്വയംപ്രസ്‌താവന കരുതണം.

ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം. കുടുംബാംഗങ്ങളെങ്കില്‍ രണ്ടുപേര്‍.

ഇരുചക്രവാഹനയാത്രികര്‍ രണ്ട്‌ മാസ്‌ക്‌ ധരിക്കണം.

അവശ്യസേവനങ്ങള്‍ ഒഴികെ, സര്‍ക്കാര്‍ ഓഫീസുകളില്‍ പരിമിതജീവനക്കാര്‍.

പാല്‍, പലവ്യഞ്‌ജനം, പഴം, പച്ചക്കറി, മീന്‍, മാംസം, മെഡിക്കല്‍ കടകള്‍ പ്രവര്‍ത്തിക്കാം.

പത്രവിതരണത്തിനു തടസമില്ല.

കള്ളുഷാപ്പുകള്‍ക്കു പ്രവര്‍ത്തനാനുമതി.

സിനിമ, സീരിയല്‍ ചിത്രീകരണങ്ങള്‍ അനുവദിക്കില്ല.

ഓക്‌സിജന്‍, ആരോഗ്യമേഖലയ്‌ക്കു വേണ്ട വസ്‌തുക്കള്‍, സാനിറ്റേഷന്‍ വസ്‌തുക്കള്‍ എന്നിവയുടെ നീക്കം സുഗമമാക്കും.

ടെലികോം, ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്കു മുടക്കമില്ല.

ബാങ്കുകളില്‍ കഴിവതും ഓണ്‍ലൈന്‍ ഇടപാട്‌.

ബാങ്കുകളിലെ പൊതുഇടപാട്‌ ഉച്ചകഴിഞ്ഞ്‌ ഒന്നുവരെ.

വിവാഹത്തിനു പരമാവധി 50 പേര്‍; സംസ്‌കാരച്ചടങ്ങുകള്‍ക്ക്‌ 20 പേര്‍.

അതിഥിത്തൊഴിലാളികള്‍ക്കു ജോലി ചെയ്യാന്‍ തടസമില്ല.

റേഷന്‍, സിവില്‍ സപ്ലൈസ്‌ ഷോപ്പുകള്‍ തുറക്കും.

സ്‌ഥലസൗകര്യമുള്ള ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍.

കോവിഡ്‌ മാനദണ്ഡം പാലിക്കാത്ത സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടും.

തുറമുഖങ്ങളില്‍ നിയന്ത്രണവും പരിശോധനയും ശക്‌തമാക്കും.

മാര്‍ക്കറ്റിലെ സ്‌ഥാപനങ്ങള്‍ നിശ്‌ചിതസമയത്ത്‌ തുറക്കുകയും അടയ്‌ക്കുകയും ചെയ്യണം.

ഇക്കാര്യം മാര്‍ക്കറ്റ്‌ കമ്മിറ്റികള്‍ ഉറപ്പുവരുത്തണം.

എല്ലാ സ്‌ഥാപനങ്ങളിലും ജീവനക്കാര്‍/ഉടമകള്‍ ഇരട്ടമാസ്‌ക്‌ ഉപയോഗിക്കണം.

 

LEAVE A REPLY

Please enter your comment!
Please enter your name here