തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ആവശ്യം വലിയതോതില്‍ വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഓക്‌സിജന്‍ സ്‌റ്റോക് വളരെയധികം കുറയുകയാണ്. അതിനാല്‍ കരുതല്‍ ശേഖരം ഉണ്ടാക്കാന്‍ കേന്ദ്ര സഹായം ആവശ്യമാണെന്നും, ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യഴപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനില്‍ 1000 മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും. ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യമാക്കേണ്ടത്. ആരോഗ്യവകുപ്പ് എല്ലാ ദിവസവും ഓക്‌സിജന്‍ കണക്കെടുപ്പ് നടത്തി ആവശ്യമായ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തണമെനും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ 2857 ഐ.സി.യു ബെഡുകളാണുള്ളത്. അതില്‍ 996 ബെഡുകള്‍ കോവിഡ് രോഗികള്‍ക്കും 756 ബെഡുകള്‍ കോവിഡേതര രോഗികളുടെ ചികിത്സയ്ക്കുമാണ് ഉപയോഗിക്കുന്നത്. 38.7 ശതമാനം ഐ.സി.യു. ബെഡുകളാണ് ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളില്‍ 7085 ഐ.സി.യു. ബെഡുകളില്‍ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ ആകെ വെന്റിലേറ്ററുകളുടെ 2293 ആണ്. ഇതില്‍ 441 വെന്റിലേറ്ററുകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. മൊത്തം വെന്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 1523 വെന്റിലേറ്റുകളില്‍ 377 എണ്ണമാണ് കോവിഡ് ചികത്സയ്ക്കായി ഉപയോഗിക്കുന്നത്.
മെഡിക്കല്‍ കോളേജുകളില്‍ ആകെയുള്ള 3231 ഓക്സിജന്‍ ബെഡുകളില്‍ 1731 എണ്ണമാണ് കോവിഡ് ചികിത്സക്കായി നീക്കിവെച്ചിരിക്കുന്നത്. അതില്‍ 1439 ബെഡുകളിലും രോഗികള്‍ ചികിത്സയിലാണ്. 546 പേര്‍ കോവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്സിജന്‍ ബെഡുകളില്‍ 1975 എണ്ണവും ഉപയോഗത്തിലാണ്.

ഡയറക്ടേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് കീഴിലുള്ള ആശുപത്രികളില്‍ 3001 ഓക്സിജന്‍ ബെഡുകളാണുള്ളത്. ഇതില്‍ 2028 ബെഡുകളാണ് കോവിഡ് ചികിത്സയ്ക്ക് നീക്കിവെച്ചിട്ടുള്ളത്. ഇതില്‍ 1373 ഓക്സജിന്‍ ബെഡുകളില്‍ രോഗികള്‍ ചികിത്സയിലാണ്. കോവിഡേതര രോഗികളെ കൂടെ കണക്കിലെടുത്താല്‍ 51.28 ഓക്സിജന്‍ ബെഡുകളിലും രോഗികള്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജന്‍ ബെഡുകളില്‍ 66.11 ശതമാനം ബെഡുകള്‍ ഇതിനോടകം ഉപയോഗത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here