രാജേഷ് തില്ലങ്കേരി

കോവിഡിനെ പിടിച്ചു കെട്ടാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. 9 ദിവസത്തേക്കാണ് സംസ്ഥാനം അടച്ചിടുന്നത്. ലോക് ഡൗൺ മൂന്ന് ദിവസം പിന്നിട്ടിരിക്കുകയാണ്. അയൽ സംസ്ഥാനങ്ങളായ കർണ്ണാടകവും, തമിഴ് നാടും ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കർശന നിയന്ത്രണമാണ് നടപ്പാക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികൾ പ്രഖ്യാപിച്ചതിനാൽ, അനാവശ്യമായി ആരും പുറത്തിറങ്ങുന്നില്ല. ഈമാസം 16 വരെ നിയന്ത്രണങ്ങൾ തുടരും.

പതിവുപോലെ ലോക് ഡൗൺ സമയത്ത് എന്തൊക്കെ ചെയ്യണമെന്ന നിർദ്ദേശവുമായി മുഖ്യമന്ത്രി എല്ലാ ദിവസവും വൈകിട്ട് ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. രോഗികളുടെ എണ്ണത്തിലുണ്ടാവുന്ന വർധനയിൽ സംസ്ഥാന സർക്കാരും ആശങ്കയറിയിച്ചതോടെ സ്ഥിതിഗതികൾ കൈവിട്ടുപോയേക്കാവുന്ന അവസ്ഥയിലാണ്. മിക്ക ജില്ലകളിലും ഓക്‌സിജൻ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.

അടച്ചിടൽ ഫലം കാണണമെങ്കിൽ ഒരാഴ്ചയെങ്കിലും കഴിയണം. രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായാൽ ചികിൽസാ സൗകര്യങ്ങളിൽ പ്രതിസന്ധിയുണ്ടാവാനും സാധ്യതയുണ്ട്.. കൊച്ചി, കോഴിക്കോട് ജില്ലകളിലാണ് സ്ഥിതിഗതികൾ അതീവ ഗുരുതരം.

കൊച്ചിനഗരത്തിലും സമീപ നഗരങ്ങളിലും നിരവധി സർക്കാർ, സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഗുരുതരാവസ്ഥയിൽ ആവുന്ന രോഗികളെ ചികിൽസിക്കാനുള്ള സൗകര്യങ്ങൾ കുറവാണ്. ഓക്സിജൻ സൗകര്യങ്ങളെങ്കിലും ലഭ്യമാവേണ്ടതുണ്ട്. ആശുപത്രികളുട എണ്ണത്തിൽ പ്രതീക്ഷകളുണ്ടെങ്കിലും ഐ സി യു ബെഡുകളുടെ കാര്യത്തിൽ സ്ഥിതി അത്ര പന്തിയല്ല. കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധന കൊച്ചി പോലുള്ള നഗരങ്ങളിൽ താമസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നർക്കിടയിലാണ് ഇപ്പോൾ കോവിഡ് വ്യാപനം ഏറെയും.  
കൊച്ചിയിൽ കൗൺസിലർ കോവിഡ് ബാധിച്ച് മരിച്ചതും പത്രപ്രവർത്തകനായ വിപിൻ ചന്ദിന്റെ മരണവും  നഗരവാസികൾക്കിടയിൽ ആശങ്കവർധിപ്പിച്ചിരിക്കയാണ്. രോഗ വ്യാപനത്തിനെതിരെ എല്ലാ രീതിയിലും മുൻകരുതലുകളെടുത്തിട്ടും രോഗം പകരുന്നതും, ഉറവിടം വ്യക്തമല്ലാത്തതുമാണ് ആശങ്ക വർധിപ്പിക്കുന്നത്.





തന്ത്രം പാളി, ലോക് താന്ത്രിക് ജനതാ ദളിൽ അടി, അടിയോടടി…



കോഴിക്കോട് ലോക്‌സഭാ സീറ്റിലുണ്ടായ തർക്കത്തെതുടർന്നാണ് ലോക് താന്ത്രിക ജനതാദൾ എൽ ഡി എഫ് വിട്ടത്. ലോക് താന്ത്രിക്കിന്റെ തന്ത്രങ്ങൾ മെനഞ്ഞിരുന്നത് എം പി വീരേന്ദ്രകുമാറായിരുന്നു. യു ഡി എഫിലേക്ക് ചേക്കേറിയ എൽ ജെ ഡി ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗവുമായി, കെ പി മോഹനൻ കൃഷി മന്ത്രിയുമായി. എന്നാൽ വീരനും കൂട്ടരും  യു ഡി എഫിൽ നിന്നും തിരികെ എൽ ഡി എഫിലെത്തി. രാജ്യസഭാംഗമായിരുന്ന വീരേന്ദ്രകുമാറിനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കാൻ പിണറായി പച്ചക്കൊടി കാട്ടിയതോടെ തിരുമ്പി വന്ന മച്ചാനും ഹാപ്പി.

വീരേന്ദ്രകുമാറിന്റെ മരണത്തോടെ മകൻ ശ്രേയംസ്സ്‌കുമാറിന് രാജ്യസഭാ സീറ്റ് ലഭിച്ചു. എം പിയായപ്പോൾ  അദ്ദേഹം കണ്ണീരണിഞ്ഞു. ഭരണതുടർച്ചയ്ക്ക് വേണ്ടി ശക്തമായി വാദിച്ചു. പിണറായി നീണാൾ വാഴട്ടെ, എന്ന് അത്യുച്ചത്തിൽ പ്രകീർത്തിച്ചു.
കൽപ്പറ്റ, കൂത്തുപറമ്പ്, വടകര സീറ്റുകൾ ചോദിച്ച് വാങ്ങി. മൂന്നും നൂറുശതമാനം ഉറപ്പുള്ള സീറ്റ്, വോട്ടെടുപ്പ് കഴിഞ്ഞു,  സ്വന്തം ചാനൽ മൂന്നിടത്തും എൽ ജെ ഡി ജയിക്കുമെന്ന് പ്രവചനവും നടത്തി.
മന്ത്രിയാകാൻ എല്ലാ തയ്യാറെടുപ്പും നടത്തിയ എം .വി ശ്രേയാംസ് കുമാറിന് വലിയ തിരിച്ചടിയാണ് കൽപ്പറ്റയിലെ പ്രബുദ്ധരായ വോട്ടർമാർ നൽകിയത്. ഇതോടെ എൽ ജെ ഡി അധ്യക്ഷൻ കൂടിയായ ശ്രേയാംസ് കുമാർ ആകെ നിരാശനാണ്. കൂത്തുപറമ്പിൽ മാത്രമാണ് പാർട്ടിക്ക് ജയിക്കാനായത്.

ഒരു സീറ്റിൽ മാത്രം ജയിച്ച എൽ ജെ ഡിക്ക് മന്ത്രിക്കസേര കിട്ടില്ല. കെ പി മോഹനൻ വീണ്ടും മന്ത്രിയാവുന്നതിൽ ശ്രേയാംസ് കുമാറിന് വലിയ താത്പര്യവുമില്ല. എൽ ജെ ഡിയും, ജെ ഡി എസും പോയി ലയിച്ച് ഒന്നായി വരണമെന്നാണ് പിണറായിയുടെ നിർദ്ദേശം.

ലയിച്ചുവന്നാൽ മന്ത്രി സ്ഥാനം കിട്ടുമോ എന്നു ചോദിച്ചാൽ നഹീ…നഹി… പിന്നെ എന്തിനാണ് ലയനമെന്നാണ് ഇപ്പോൾ എൽ ജെ ഡിയുടെ ചോദ്യം.
പിളർന്ന് …. പിളർന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടിയാണ് ദൾ. സോഷ്യലിസ്റ്റ് പാർട്ടികളുടെ സ്ഥിതി ദയനീയമായിക്കൊണ്ടിരിക്കെയാണ് ഈ അഗ്നിപരീക്ഷകൾ.

ഭരണത്തിൽ പങ്കാളിത്തമുണ്ടാവുമെന്ന പ്രതീക്ഷയിൽ എൽ ഡി എഫിലെത്തിയ എൽ ജെ ഡിയുടെ കാര്യം ദയനീയമായതോടെ പാർട്ടിയിലും തമ്മിലടി രൂക്ഷമാണ്. ശ്രേയാംസ് കുമാറിനെതിരെയാണ് മറ്റ് നേതാക്കളുടെ നീക്കം.

നേതാക്കൾ എല്ലാം കൂടുവിട്ട് മന്ത്രിസ്ഥാനമുള്ള ജെ ഡി എസിൽ ചേർന്നാൽ ശ്രേയാംസ്‌കുമാർ വെട്ടിലാവും. പാവം കെ പി മോഹനൻ എന്തു ചെയ്യുമോ ആവോ….., രാഷ്ട്രീയത്തിൽ പതിനെട്ടടവും പയറ്റിയിരുന്ന പഴയപടക്കുറുപ്പായിരുന്ന  പി ആർ കുറുപ്പിന്റെ മകന് അടവുകൾ തെറ്റിയതാണോ….,  അതോ തന്ത്രശാലിയായ വീരന്റെമകൻ കുഴിച്ച കുഴിയിൽ അകപ്പെട്ട് രാഷ്ട്രീയജീവിതം തീരുമോ എന്നു മാത്രമാണ് ഇനി അറിയേണ്ടത്.
ചെന്നിത്തലയുടെ ഭാവി ഇരുളടയുമോ, മുല്ലപ്പള്ളി വടകരയിലേക്ക് തിരികെ പോവുമോ?
യു ഡി എഫിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഉമ്മൻ ചാണ്ടി ഏറ്റെടുത്തുവെങ്കിലും പണി കിട്ടാൻ പോവുന്നത് മറ്റുള്ളവർക്കാണല്ലോ. ആദ്യം തല ഉരുളുക പ്രതിപക്ഷ നേതാവിന്റേതായിരിക്കും. കെ പി സി സി അധ്യക്ഷനായി കസേരയിൽ പശതേച്ച് ഒട്ടിച്ചിരിക്കുന്നതിനാൽ പെട്ടെന്ന് എഴുനേൽക്കാൻ മുല്ലപ്പള്ളിക്ക് പറ്റില്ലെന്ന് അറിയിച്ചിട്ടുണ്ട്. അടുത്തൊന്നും തെരഞ്ഞെടുപ്പില്ലാത്തതിനാൽ അക്കാര്യത്തിൽ പെട്ടെന്ന് തീരുമാനവും ഉണ്ടാവില്ല. എന്നാൽ പ്രതിപക്ഷ നേതാവിന്റെ കാര്യം അതല്ലല്ലോ.മൂന്ന് സ്ഥാനങ്ങളിൽ മാറ്റമുണ്ടാവണമെന്നാണ് കോൺഗ്രസിൽ പ്രധാനമായും ഉയരുന്നത്. നിലവിലുള്ള നേതൃത്വത്തിൽ സമൂലമായ അഴിച്ചുപണിയുണ്ടാവുമെന്ന് ഹൈക്കമാന്റ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആരൊക്കെ മാറുമെന്ന് ഇതുവരെയും വ്യക്തമല്ല.  എന്തായാലും ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഉടൻ മാറ്റമുണ്ടാവും.


പി ടി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി ഡി സതീശൻ എന്നിവരാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്നത്. തിരുവഞ്ചൂരാണ് സഭയിൽ സീനിയർ. രണ്ടാം സ്ഥാനം വി ഡി സതീശനാണ്. മൂന്നാം
സ്ഥാനമേ പി ടിക്കുള്ളൂ. എന്തായാലും നിരീക്ഷകർ എത്തിയതിനു ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. കോൺഗ്രസ് എം എൽ എമാരുമായും, ഘടകകക്ഷി എം എൽ എ മാരുമായും ചർച്ച നടത്തുമെന്നാണ് പ്രഖ്യാപനം. ഘടകകക്ഷി മുസ്ലിംലീഗും, കേരളാ കോൺഗ്രസും മാത്രമാണ്. ആർ എസ് പി, സി എം പി തുടങ്ങിയ പാർട്ടികൾക്ക് സീറ്റില്ലാത്തതിനാൽ അവർ നിരീക്ഷകരിൽ നിന്നും രക്ഷപ്പെട്ടു.  
ലീഗിന്റെ കൂടി താല്പര്യം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. 
യു ഡി എഫ് കൺവീർ സ്ഥാനത്തും ഉടൻ മാറ്റമുണ്ടാവും. എം എം ഹസൻ തുടരുന്നതിൽ കോൺഗ്രസിലെ ബഹുഭൂരിപക്ഷത്തിനും താല്പര്യമില്ലകെ മുരളീധരനെ കെ പി സി സി അധ്യക്ഷനാക്കുന്നതിലാണ് എല്ലാവർക്കും താല്പര്യം. കെ സുധാകരനെ കെ പി സി സി അധ്യക്ഷനാക്കുന്നതിനോട് ഹൈക്കമാന്റ് വേണുഗോപാലിന് താല്പര്യമില്ല. കോൺഗ്രസ് കേരളത്തിൽ തകർന്നടിഞ്ഞാലും സുധാകരൻ വരരുതെന്ന ഉറച്ച നിലപാടിലാണ് കെ സി വേണുഗോപാൽ.
സംഘടനാ തെരഞ്ഞെടുപ്പ്
നടത്തണമെന്ന ഉറച്ച നിലപാടിലാണ് കെ സുധാകരൻ. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പുകില് നിലനിൽക്കെ സംഘടനാ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ കഥയെന്താവുമെന്ന് ദൈവത്തിനു പോലും പറയാൻ കഴിയില്ല.
കെ കെ ശൈലജയെ ഒഴിവാക്കാൻ ശക്തമായ നീക്കം

ഇതാണ് പറഞ്ഞത്, എല്ലാറ്റിനും വേണം ഒരുമിതത്വം എന്ന്. എന്തായിരുന്നു ആഘോഷം. ടീച്ചറമ്മ, ബി ബി സി ഇന്റർവ്യു, അന്തർദേശീയ പുരസ്‌കാരം, കേരള മാതൃക. പവനായി ശവമാവുന്നു എന്നാണ് പുതിയ വാർത്തകൾ. പിണറായി മന്ത്രി സഭയിൽ രണ്ടാമത് മന്ത്രിയാവാനുള്ള സാധ്യത മങ്ങുകയാണത്രേ ടീച്ചറമ്മയ്ക്ക്.
കൂത്തുപറമ്പ് സീറ്റ് എൽ ജെ ഡിക്ക് കൊടുക്കാൻ തീരുമാനിച്ചപ്പോൾ സുരക്ഷിതമല്ലാത്ത ഏതെങ്കിലും സീറ്റിൽ മത്സരിപ്പിച്ച് തോൽപ്പിക്കാനായിരുന്നു ചിലകേന്ദ്രങ്ങൾ ടീച്ചറമ്മയെ ലക്ഷ്യമിട്ടത്. എന്നാൽ മട്ടന്നൂർ സീറ്റിൽ ടീച്ചറമ്മ മുറുകെ പിടിച്ചതോടെ ചിറ്റപ്പൻ മന്ത്രി നിരാശയോടെ കളം വിട്ടു. ഞാൻ ഇനി ഒന്നിനുമില്ലെന്ന്
പരസ്യപ്രഖ്യാപനം നടത്തി. അപ്പോഴും ആ നെഞ്ചിൽ എരിയുന്ന കനൽ ചിലരൊക്കെ കണ്ടതാണ്. ആര് ജയിച്ചാലും മന്ത്രിയാകണമെങ്കിൽ , അത് പാർട്ടികൂടി തീരുമാനിക്കണമെല്ലോ…. അതിനായി കെണികളൊരുക്കുകയായിരുന്നു മുറിവേറ്റ ആ സിംഹം.

മന്ത്രിസഭയിൽ എല്ലാം പുതുമുഖങ്ങൾ എന്ന പുത്തനാശയമാണ് ടീച്ചറമ്മയെ വെട്ടിമാറ്റാനായി കണ്ടെത്തിയ ഉപായം. രണ്ടുതവണ മത്സരിച്ചവർ മാറി നിൽക്കുകയെന്ന തന്ത്രം പയറ്റിയപ്പോൾ കടപുഴകിയത് ചിറ്റപ്പനും, മഹാകവി ജിയും, ലോക സാമ്പത്തിക ശാസ്ത്രജ്ഞനും ഒക്കെയായിരുന്നു. ഇപ്പോഴിതാ ഭൗതിക മാറ്റത്തിൽ ടീച്ചറമ്മയും, കടകംപള്ളിയും, മണിയാശാനും, മൊയ്തീനും ഒക്കെ കടപുഴകുകയാണ്.
അപ്പോ പിന്നെ മട്ടന്നൂരിൽ എന്തിനായിരുന്നു ഈ റക്കോർഡ് ഭൂരിപക്ഷമൊക്കെ ഒപ്പിച്ചതെന്ന് ചോദിക്കരുത്. ചില ചോദ്യങ്ങൾക്ക് ഉത്തരമില്ലത്രേ….

മുഖ്യമന്ത്രി സ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെടാനുള്ള പ്രവർത്തന ശേഷിയും, നേതൃഗുണവുമുണ്ടായിട്ടും, കെ കെ ശൈലജപോലും  മാറ്റി നിർത്തപ്പെടുകയാണെങ്കിൽ അത് വലിയ ക്ഷീണമാണ് ഉണ്ടാക്കുക.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടേണ്ടിയിരുന്ന കെ ആർ ഗൗരിയമ്മയെയും, പിന്നീട് , സുശീലാ ഗോപാലനെയും മാറ്റി നിർത്തിയ പാർട്ടി കെ കെ ശൈലജയെയും മാറ്റി നിർത്തുകയാണെങ്കിൽ അത് ചരിത്രത്തിന്റെ ആവർത്തനമെന്ന നിലയിൽ മാത്രമെ വിലയിരുത്താൻ കഴിയൂ.

പാലായിലെ രഹസ്യം പരസ്യമായിത്തുടങ്ങി

പാലായിൽ സഖാവ് ജോസ് കെ മാണി തോറ്റതിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി കണ്ടെത്തിയത് ബി ജെ പി വോട്ടുകച്ചവടമായിരുന്നു. എന്നാൽ അതൊന്നുമല്ല തോൽവിക്ക് കാരണമെന്ന് ജോസിന്റെ അനുയായികൾ തന്നെ കണ്ടെത്തിയത്. പ്രാദേശിക സി പി എമ്മിന്റെ പിന്തുണ ലഭിച്ചില്ല, സി പി എം പ്രവർത്തകർക്കിടയിൽ മാണി സി കാപ്പനുണ്ടായിരുന്ന സ്വാധീനം കണ്ടെത്താനും, അത് മാറ്റിയെടുക്കാനും കഴിഞ്ഞില്ല, സ്വന്തം പാർട്ടിക്കാർതന്നെ പാലം വലിച്ചതും അറിഞ്ഞില്ല….

 

ഇതൊക്കെയാണ് പാർട്ടി ചെയർമാനായ ജോസ് കെ മാണിയുടെ പരാജയത്തിന് കാരണമെന്നാണ് ഇപ്പോൾ പുറത്തുവരുന്നത്ജോസ് കെ മാണി ഇപ്പോൾ ഒന്നും വ്യക്തമായി പറയുന്നില്ലെങ്കിലും എല്ലാം ആ മനസിൽ തങ്ങിനിൽക്കുകയാണ്. ഒരു ദിവസം ഇതെല്ലാം ഒരുമിച്ച് പുറത്തുവരും. രണ്ട് മന്ത്രി മാരെയാണ് ചോദിച്ചിരിക്കുന്നത്. ഒരു മന്ത്രി സ്ഥാനമായാൽ പാർട്ടി ആ മന്ത്രിയുടെ കൈകളിലാവുമെന്ന ഭയവും ജോസിനുണ്ട്. മാണി സാറിനെ പിന്നീന്നു കുത്തിയവർക്കെതിരെയുള്ള പോരാട്ടത്തിൽ ജോസിനും കിട്ടിയല്ലോ പിന്നീന്നൊരു കുത്ത് , എന്നാണ് പാർട്ടി പ്രവർത്തകർ അടക്കം പറയുന്നത്.ഉഭയകക്ഷി ചർച്ചയിൽ രണ്ട് മന്ത്രിസ്ഥാനം കിട്ടണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. അത് ബുദ്ധിമുട്ടാണെന്ന് സി പി എം അറിയിച്ചു. പാർട്ടിക്ക് രണ്ട് മന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് ജോസ് ആവർത്തിച്ചെങ്കിലും അതൊന്നും അംഗീകരിച്ചില്ല. ഉഭയകക്ഷി ചർച്ച തുടരുമെന്നാണ്  ജോസ് കെ മാണി പറയുന്നത്. മന്ത്രി സ്ഥാനം ഒന്നാകാം, രണ്ടാവാം , ചിലപ്പോൽ മൂന്നും ആവാം എന്നാണ് ജോസ് പറയുന്നത്. സ്വപ്‌നം കാണുന്നതിനും വേണമല്ലോ ഒരു ഒതുക്കം.

കേരളത്തിൽ ബി ജെ പി യുടെ വോട്ട് പോയമാർഗം കണ്ടെത്തി

നേതാക്കൾ ആകാശത്തുകൂടി വോട്ടു തേടി നടക്കുമ്പോൾ അങ്ങ് താഴെ കേരളത്തിലെ വോട്ടുകൾ ഒഴുകുന്നത് വ്യക്തമായി കാണാൻ പറ്റിയില്ലത്രേ….അണികൾക്ക് ആകാശുകൂടി പറന്നു നടക്കുന്നവരോട് വലിയ താല്പര്യമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.മൂന്ന് ഹെലികോപ്റ്റർ നിരന്തരം പറന്നുനടതല്ലാതെ മൂത്തുതലത്തിൽ പ്രവർത്തനമൊന്നും നടന്നിരുന്നില്ലെന്നാണ് ബി ജെ പി ആദ്യഘട്ടമായി കണ്ടെത്തിയിരിക്കുന്നത്.


തെരഞ്ഞെടുപ്പ് ഫണ്ടിൽ ഭൂരിഭാഗവും  നേതാക്കളുടെ ആഢംബര യാത്രയ്ക്ക് വിനിയോഗിച്ചുവെന്നാണ് ഉയരുന്ന ആരോപണങ്ങൾ.
ബൂത്ത് തലത്തിലുണ്ടാക്കിയ പേജ് പ്രുഖനും, അർദ്ധ പേജ് പ്രമുഖനുമൊക്കെ വാപിളർന്ന് മുകളിലൂടെ പോവുന്ന ഹെലികോപ്റ്റർ നോക്കിയിരുന്നു. ഇതിനിടയിലാണ് വോട്ടുകൾ ചോർന്നത്രെ…

ഒടുവിൽ ആർ എസ് എസിനും കാര്യം മനസിലായിതുടങ്ങിയത്രേ…
കേന്ദ്രസർക്കാർ നടത്തുന്ന കോവിഡ് വിരുദ്ധ പോരാട്ടം ഫലം കാണുന്നില്ലെന്ന് ആർ എസ് എസ്. കേന്ദ്രആരോഗ്യമന്ത്രിയെയും മറ്റും വിമർശിച്ചാണ് ആർ എസ് എസ് രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് ടീമിനെ മാറ്റണമെന്നും ആർ എസ് എസ് ആവശ്യപ്പെട്ടിരിക്കയാണ്.
കോവിഡിനെ ഫലപ്രദമായി നേരിടുന്നതിനുള്ള ഒരു നീക്കവും ഉണ്ടാവുന്നില്ലെന്നുള്ള ആരോപണം ശക്തമായിരിക്കെയാണ് ആർ എസ് എസ് കോവിഡ് ടീമിനെ
മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് മുൻകൂട്ടി കാണാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന കോവിഡ് ടീമിന് പറ്റിയില്ല, കഴിവുറ്റ ടീമിനെ ചുമതല ഏൽപ്പിക്കണമെന്ന ആവശ്യവുമായി നേരത്തെ സുബ്രഹ്മണ്യസ്വാമി രംഗത്തെത്തിയതിനു പിന്നാലെ ആർ എസ് എസും രംഗത്തെത്തി.


പ്രധാനമന്ത്രിക്ക് പാളിച്ച പറ്റിയെന്നും ഇത് ബി ജെ പി സർക്കാരിന് തിരിച്ചടിയാവുമെന്നുള്ള ഭയമാണ് ആർ എസ് എസിന്റെ ഇടപെടൽ. ഇന്ത്യയിൽ കോവിഡിനെ നേരിടാനുള്ള മുൻകരുതൽ എടുക്കുന്നതിന് പകരം മത, രാഷ്ട്രീയ പരിപാടികൾക്ക് അനുവാദം നൽകിയത് ലോക മാധ്യമങ്ങൾ മോദിയെ ശക്തമായി വിമർശിച്ചതും ആർ എസ് എസിന് വലിയ നാണക്കേടായിരിക്കയാണ്.വാക്‌സിൻ ഇന്ത്യയിൽ ആവശ്യമുണ്ടായിട്ടും അത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ച നടപടിയും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

 

പൊലീസ് പാസിനായി അപേക്ഷകർ പെരുകുന്നു

അടച്ചിട്ട കേരളത്തിൽ നിന്നും പുറത്തുകടക്കാനുള്ള സൂത്രം അന്വേഷിച്ചു നടക്കുയാണ് പലരും. കേരളാ പൊലീസിന്റെ പാസുള്ളവർക്കു മാത്രമേ സഞ്ചാര സ്വാതന്ത്ര്യമുള്ളൂ എന്നു പ്രഖ്യാപിച്ചതോടെ പൊലീസിന്റെ വെബ്‌സൈറ്റിൽ ഒറ്റ ദിവസം എത്തിയ അപേക്ഷ ഒന്നര ലക്ഷമാണ്. ഒടുവിൽ വെബ് സൈറ്റ് ഹാങായി. എല്ലാവർക്കും പുറത്തിറങ്ങാൻ കാരണങ്ങളുണ്ട്. പിന്നെ എന്തിനാണ് അടച്ചിട്ടതെന്നുപോലും സംശയമുയരും.

 


250000 അപേക്ഷകൾ പരിശോധിച്ച പൊലീസ് ഇതിൽ എഴുപത്തിയഞ്ച് ശതമാനം അപേക്ഷകളും പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കയാണ്.

നോ പാർക്കിംഗ് എന്നു ബോർഡുകണ്ടാൽ അവിടെ തന്നെ പാർക്കു ചെയ്യുകയെന്നതാണല്ലോ നമ്മുടെ രീതി.
നിയമം ഉണ്ടാക്കിയാൽ അതിൽ നിന്നും
ഇളവു ലഭിക്കുമോ എന്നായി അടുത്ത ചിന്ത. അതിനുള്ള എളുപ്പവഴി തേടുകയാണ് ജനം.
അടച്ചിട്ട് വീട്ടിലിരുന്ന് രോഗം പടരുന്നത് ചെറുക്കാനുള്ള ശ്രമം ഒരുഭാഗത്ത് , ലോക് ഡൗണിനെ  മറികടക്കാനുള്ള തീവ്രശ്രമം മറ്റൊരു ഭാഗത്തും അരങ്ങേറുകയാണ്. രണ്ട് ദിവസം ക്ഷമിച്ചിരുന്നവർ ലോക് ഡൗണിന്റെ മൂന്നാം ദിവസമെത്തിയതോടെ ആകെ അക്ഷമരായിരിക്കയാണ്.

കത്തുന്ന പുരയിൽ നിന്നും വിറക് ശേഖരിക്കുന്നവർ…

 

കോവിഡ് വ്യാപനം ശക്തമായതോടെ സ്വകാര്യ ആശുപത്രിയിയിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചിരിക്കയാണ്. സർക്കാർ അശുപത്രികളെ മാത്രം ആശ്രയിച്ചാൽ ചികില്‌സ ലഭിക്കില്ലെന്ന് അറിയാവുന്നവരാണ് സ്വകാര്യ ആശുപത്രിയിൽ അഭയം പ്രാപിക്കുന്നത്. എന്നാൽ കിട്ടിയ അവസരം ഉപയോഗിച്ച് കഴുത്തറക്കാനാണ് സ്വകാര്യ ആശുപത്രികൾ ശ്രമിക്കുന്നത്.
കഴുത്തറപ്പൻ ബില്ലുകിട്ടിയ പലരും ബോധരഹിതരായി.
മരണമടഞ്ഞ ബന്ധുക്കളുടെ ശവശരീരം വിട്ടുകൊടുക്കാൻ പോലും ചില ആശുപത്രികൾ തയ്യാറാവാതെ വന്ന സാഹചര്യവും കൂടിയിരിക്കയാണ്.

ഓക്‌സിജന്റെ പേരിലും, പി പി ഇ കിറ്റിന്റെ പേരിലും വൻ തുകയാണ് ബില്ലായി ഈടാക്കുന്നത്. ഒരു ലക്ഷത്തിന് മുകളിലാണ്  ആശുപത്രികൾ ബിൽ നൽകുന്നത്. മരുന്നിന്റെ ബിൽ ആയിരം രൂപയും മറ്റു ബില്ലുകൾ വൻതുകയുമെന്ന നിലയിലാണ് ആശുപത്രികൾ നൽകുന്നത്. ഹൈക്കോടതിയുടെ ഇടപെൽ ഉണ്ടായതോടെ കഴുത്തറപ്പൻ ബില്ലുകൽക്കെതിരെ ജനരോഷം

തിരുത്തലുകൾ വേണമെന്ന് കോൺഗ്രസ് അധ്യക്ഷ

കേരളത്തിലെ തോൽവിയിൽ വിശദമായ റിപ്പോർട്ട് വേണമെന്നാണ് ഇടക്കാല അധ്യക്ഷയായ സോണിയാ ഗാന്ധിയുടെ ആവശ്യം. തിരുത്തലുകൾ വേണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരിക്കയാണ്.

 


കേരളത്തിലെ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച എ ഐ സി സി ജന.സെക്രട്ടറി താരിഖ് അൻവറിനെ, തോൽവിയുടെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ചുമതലപ്പെടുത്തിയിരിക്കയാണ്.
താരിഖ് അൻവറിന് കേരളത്തിൽ വരാതെ തന്നെ റിപ്പോർട്ട് എഴുതാൻ പറ്റുമെന്നതിനാലായിരിക്കാം ചുമതല അദ്ദേഹത്തിന് തന്നെ ഏൽപ്പിച്ചത്.

കേരളത്തിൽ മരണ നിരക്ക് കൂടുന്നു

കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണ നിരക്ക് കൂടുന്നത് ആശങ്കയുളവാക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും, മരണ നിരക്കും വർധിച്ചതോടെ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തിലും ആശങ്കയുളവാക്കുന്നുണ്ട്.


കൊടകരയിൽ നിന്നും ഉയരുന്ന കുഴൽപ്പണകവർച്ചയിലെ കള്ളകഥകൾ….


തൃശ്ശൂർ കൊടകര ദേശീയപാതയിൽ അരങ്ങേറിയ കുഴൽപ്പണ കവർച്ചാ കേസ് ബി ജെ പിയിലേക്ക് നീങ്ങുന്നു. തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് എത്തിച്ച കുഴൽപണം, ഗുണ്ടാസംഘം കാർ തടഞ്ഞുനിർത്തി തട്ടിയെടുത്തെന്ന പരാതിയാണ് ബി ജെ പിയെ തിരിഞ്ഞുകൊത്തുന്നത്.


ഏത് പണം, എന്ത് പണം എന്നായിരുന്നു ആദ്യമൊക്കെ ബി ജെ പി നേതാക്കൾ ചോദിച്ചത്. ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണം തട്ടിയെടുത്തു എന്നായിരുന്നു ആദ്യഘട്ടത്തിൽ വന്ന വാർത്തകൾ. അന്വേഷണ സംഘം പ്രതികളെ പിടിച്ചതോടെ പണം കൊടുത്തുവിട്ടവരെക്കുറിച്ചും, ഗൂഢാലോചന നടത്തിയവരെക്കുറിച്ചും ലഭിച്ച വിവരങ്ങളാണ് ബി ജെ പിയിലേക്ക് എത്തുന്നത്. പുതിയ സർക്കാർ അധികാരത്തിലെത്തുന്നതോടെ ബി ജെ പി നേതാക്കളിൽ ചിലർ പെടുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ആർ എസ് പിക്കേറ്റ തിരിച്ചടിയും, ഷിബു ബേബിജോണിന്റെ ധർമ്മ സങ്കടങ്ങളും

ചവറയിൽ നിന്നും ചവറിയിൽ എത്തിനിൽക്കുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനമാണ് ആർ എസ് പി.
തൊഴിലാളി നേതാവായിരുന്ന ബേബിജോണിന്റെ നേതൃത്വത്തിൽ കൊല്ലം കേന്ദ്രീകരിച്ച് വളർന്ന് പന്തലിച്ച രാഷ്ട്രീയ പ്രസ്ഥാനം.

റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബോൾഷെവിക്),  അഥവാ ആർ എസ് പി (ബി) നിലവിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. ഒരു എം എൽ എ മാരെ കണ്ടെത്താൻ കഴിയാത്തതാണ് ആർ എസ് പി അനുഭവിക്കുന്ന ധർമ്മ സങ്കടം. എൻ കെ പ്രേമചന്ദ്രൻ എന്ന എം പി യുള്ളതാണ് ആർ എസ് പി ക്കുള്ള എക സമാധാനം.


ആർ എസ് പി രണ്ടായി നിൽക്കുന്ന കാലം, ഷിബു ബേബിജോൺ യു ഡി
എഫിലും, എൻ കെ പ്രേമചന്ദ്രനും കൂട്ടരും എൽ ഡി എഫിലുമായിരുന്നല്ലോ. പിണറായി വിജയൻ കൊല്ലം സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാവാതെ വന്നതോടെയാണ് ആർ എസ് പി ഒന്നായത്. കൊല്ലം സീറ്റിൽ പ്രേമചന്ദ്രൻ ചരിത്ര വിജയം നേടുകയും ചെയ്തതോടെ ഷിബു ബേബിജോണിന് പിന്നെ സംശയമേതുമില്ലായിരുന്നു, ആർ എസ് പികൾ ഒന്നായി. സംഘടിച്ച് ശക്തരായി

 

എന്നാൽ പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ആർ എസ് പി തോറ്റു. ചവറയെന്ന തട്ടകത്തിൽ ഇടത് സഹയാത്രികനായ വിജയൻ പിള്ള ജയിച്ചു.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വമ്പിച്ച മുന്നേറ്റം നടത്തുമെന്ന് ആർ എസ് പി നേതാവ് ഷിബു ബേബിജോൺ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. യു ഡി എഫ് മന്ത്രിസഭ മെയ് രണ്ടാം വാരം സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറുമെന്നും  അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 

 

എന്നാൽ സ്വപ്നങ്ങളെല്ലാം മെയ് രണ്ടിന് തകർന്നടിഞ്ഞു. എല്ലാം കോൺഗ്രസിന്റെ കുഴപ്പമാണെന്നാണ് ഷിബു ബേബിജോണിന്റെ കണ്ടെത്തൽ.
എന്തു ചെയ്യാം, ജനാധിപത്യമല്ലേ, പാർട്ടിക്ക് സീറ്റൊന്നും കിട്ടിയില്ല എന്നു മാത്രമല്ല, പഴയ പാർട്ടിക്കാരനായിരുന്ന കോവൂർ കുഞ്ഞുമോൻ വീണ്ടും വിജയിച്ചിരിക്കുന്നു,  എങ്ങിനെ സഹിക്കും ഇതൊക്കെ. സംഘടിച്ച് ശക്തരായില്ലെന്നു മാത്രമല്ല, ആർ എസ് പിക്ക് വിലാസം പോലും നഷ്ടമായിരിക്കുന്നു.

വാൽകഷണം:

കോവിഡ് പശ്ചാത്തലത്തിൽ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സംസ്ഥാനത്തെ ബാറുകളും മദ്യശാലകളും അടച്ചു പൂട്ടിയത്. വ്യാജവാറ്റും, കഞ്ചാവും വൻതോതിൽ കേരളത്തിലേക്ക് ഒഴുകിയെത്തിയിരിക്കയാണ്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് ദിനം പ്രതികേരളത്തിലേക്ക് വരുന്നതെന്നാണ് റിപ്പോർട്ടുകൾ

LEAVE A REPLY

Please enter your comment!
Please enter your name here