സ്വന്തം ലേഖകൻ

തിരുവനന്തപുരം : ആദ്യകാല കമ്യൂണിസ്റ്റ് നേതാവും, മുൻ മന്ത്രിയും ജെ എസ് എസ് സ്ഥാപക നേതാവുമായ കെ ആർ ഗൗരിയമ്മ (102) നിര്യാതയായി. തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ യായിരുന്നു അന്ത്യം. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ബന്ധുവീട്ടിൽ കഴിയവെ  ആരോഗ്യ സ്ഥിതി അതീവ മോശമായതിനെ തുടർന്ന് രണ്ടു ദിവസമായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിൽസയിലായിരുന്നു.

കേരളത്തിന്റെ ഉരുക്ക് വനിത എന്നറിയപ്പെട്ടിരുന്ന പൊതു പ്രവർത്തകയായിരുന്നു കെ ആർ ഗൗരിയമ്മ . അന്ത്യം വരെയും പൊതുപ്രവർത്തകയായി ജീവിച്ച ഉന്നതയായ വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്. കമ്യൂണിസ്റ്റ് പാർട്ടിയിലും, പിന്നീട് സി പി എമ്മിലും അംഗമായി. സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് സ്വന്തമായി പാർട്ടി രൂപീകരിച്ച് പൊതു പ്രവർത്തനത്ത് കൂടുതൽ കരുത്തുറ്റ പ്രവർത്തനം കാഴ്ചവച്ചു. മന്ത്രിയെന്ന നിലയിലും എം എൽ എ എന്ന നിലയിലും കെ ആർ ഗൗരിയമ്മ നടത്തിയ പ്രവർത്തനങ്ങൾ കേരള രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാണ്. എണ്ണമറ്റ പോരാട്ടങ്ങളിലൂടെയാണ് ഗൗരിയമ്മ ജനഹൃദയങ്ങളിൽ കയറിപ്പറ്റിയത്. സ്ത്രീ തൊഴിലാളികളുടെ ക്ഷേമത്തിനായി ഗൗരിയമ്മ നടത്തിയ ശ്രമങ്ങളാണ് ആലപ്പുഴയിലെ കയർതൊഴിലാളികളുടെ ദുരിതജീവിതത്തിന് അറുതിയായത്. ആലപ്പുഴയിലെ സാധാരണ ജനതയുടെ അമ്മയായിരുന്നു ഗൗരിയമ്മ.സംഭവബഹുലമായ ഒരു ജീവിതത്തിന്റെ ഉടമയായിരുന്നു ഗൗരിയമ്മ.

ആലപ്പുഴ ജില്ലയിലെ ചേർത്തല  പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-നാണു് ഗൗരിയമ്മ ജനിച്ചത്.  തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്നു് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി.കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ ഗൗരിയമ്മയും വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു.

 

വിദ്യാർത്ഥി ആയിരിക്കുമ്പോൾമുതൽ തന്നെ രാഷ്ട്രീയത്തിൽ ഗൗരിയമ്മ സജീവമായിരുന്നു. 1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയിലും അംഗമായി. 1957-ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലും ചേർന്നു

1957-1959 റവന്യൂ, എക്സൈസ് വകുപ്പ് മന്ത്രി, 1967-1969 റവന്യൂ, എക്സൈസ്, പൊതുവിതരണം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി, 1980-1981 സാമൂഹികക്ഷേമം, കൃഷി വകുപ്പ് മന്ത്രി, 1987-1991 വ്യവസായ വകുപ്പ് മന്ത്രി
2001-2004 കൃഷി, കയർ വകുപ്പ്മന്ത്രി, 2004-2006 കൃഷി, മൃഗസംരക്ഷണം, കയർ വകുപ്പ് മന്ത്രി എന്നീ നിലകളിൽ ഗൗരിയമ്മ പ്രവർത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here