രാജേഷ് തില്ലങ്കേരി


കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രത്തിൽ സമാനതകലില്ലാത്ത ജീവചരിത്രമാണ് ഗൗരിയമ്മയുടേത്. സമ്പന്നമായ സാഹചര്യത്തിൽ ജനിച്ച ഗൗരിയമ്മ, നിയമം പഠിക്കാനായി തീരുമാനിച്ചതും, തികഞ്ഞ കൃഷ്ണ ഭക്തയായിരുന്ന ഗൗരിയമ്മ നിരീശ്വരവിശ്വാസിയായി മാറിയതുമെല്ലാം കാലം ഗൗരിയമ്മയിൽ വരുത്തിയ മാറ്റങ്ങളായിരുന്നു.

കമ്യൂണിസ്റ്റ് ആചാര്യനായ പി കൃഷ്ണപിള്ളയോടുള്ള സഹോദര തുല്യമായ  സ്നേഹവമാണ് ഗൗരിയമ്മയെ കമ്യൂണിസ്റ്റുകാരിയാക്കിയത്. കയർ തൊഴിലാളികളെ ഏകോപിപ്പിക്കാനുള്ള ചുമതലയാണ് ഗൗരിയമ്മയെ നേതാവാക്കി മാറ്റിയത്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നു. ഗൗരിയമ്മയെപ്പോലെ  പൊലീസിന്റെ അതി ക്രൂരമായ പീഢനങ്ങൾ ഏൽക്കേണ്ടിവന്ന മറ്റൊരു വനിതാ നേതാവില്ല.   ചൂഷണത്തിനെതിരെയും അസമത്വത്തിനെതിരെയും ഗൗരിയമ്മയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾ നിരവധി സ്ത്രീകളെ പൊതു പ്രവർത്തന രംഗത്തേക്ക് ആകർഷിക്കാൻ കാരണമായി.

ഒരു സ്ത്രീക്കും സഹിക്കാൻ പറ്റാവുന്നതിലും വലിയ പീഢനമാണ് ഗൗരിയമ്മ കമ്യൂണിസ്റ്റു ജീവിതത്തിൽ അനുഭവിച്ചത്. നിയമത്തിൽ ബിരുദം നേടിയിട്ടും തന്റെ വഴി പൊതുപ്രവർത്തകയുടേതാണെന്നും, ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കായി ജീവിതം മാറ്റി വച്ചു. വൈകിയാണെങ്കിലും കമ്യൂണിസ്റ്റുകാരനായ  നേതാവിനെ ജീവിത സഖാവാക്കി. മന്ത്രിമാരായിരിക്കെ വിവാഹിതരായവർ എന്ന ചരിത്രം ഗൗരിയമ്മ-ടി വി തോമസ് എന്നിവരുടെ മാത്രമായി .
ഏറെക്കാലത്തെ അടുപ്പമായിരുന്നു കമ്യൂണിസ്റ്റ് നേതാവായിരുന്ന ടി വി തോമസുമായി ഉണ്ടായിരുന്നത്. എന്നാൽ കെ ആർ ഗൗരി- ടി വി തോമസ് ബന്ധം അധികകാലം നീണ്ടു നിന്നില്ല. ദാമ്പത്ത്യത്തിൽ വ്യക്തിപരമായ ജീവിതത്തെക്കാൾ ഗൗരിയമ്മ പാർട്ടിക്കായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്.
 പാർട്ടിയിലുണ്ടായ പിളർപ്പിൽ ഗൗരിയമ്മ സി പി എമ്മിനൊപ്പവും, ടി വി തോമസ് സി പി ഐയിലും നിലയുറപ്പിച്ചപ്പോൾ ഗൗരിയമ്മയ്ക്ക് പാർട്ടിയോടായിരുന്നു കൂടുതൽ അടുപ്പം. അതോടെ ആ ബന്ധം അവസാനിച്ചു.  

1946 ൽ എറണാകുളം ലോ കോളജിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കി ചേർത്തല കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യവേയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ഗൗരിയമ്മ അടുക്കുന്നത്.  സഹോരൻ പാർട്ടി അനുഭാവിയായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലത്ത് ഗൗരിയമ്മയുടെ വാടകവീടായിരുന്നു സഹോദരന്റെ ഒളിസങ്കേതം. പി കൃഷ്ണപിള്ളയും ഭാര്യയും കുറച്ചുകാലം താമസിച്ചിരുന്നതും ഗൗരിയമ്മയുടെ വാടക വീട്ടിലായിരുന്നു.
  കമ്യൂണിസ്റ്റ് പാർട്ടി യോട് ആഭിമുഖ്യം തോന്നിതിന്റെ അടുത്ത വർഷം 1947 ൽ പാർട്ടി അംഗത്വം നേടി. 1964 ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി പി എം പക്ഷത്ത് നിലയുറപ്പിച്ചു.
1994 ൽ സി പി എമ്മിൽ നിന്നും  പുറത്താക്കപ്പെടുന്നതുവരെ ഗൗരിയമ്മ കമ്യൂണിസ്റ്റുകാർക്ക് ആവേശമായിരുന്നു. മന്ത്രിയെന്ന നിലയിൽ നിരവധി വകുപ്പുകൾ കൈകാര്യം ചെയ്തു. നിർണ്ണായകമായ ഒട്ടേറെ ബില്ലുകൾ പാസാക്കി.
 
1977 ൽ അരൂരിൽ നിന്നും സി പി ഐയിലെ പി എസ് ശ്രീനിവാസനോടും, 2006 ൽ അരൂരിൽ നിന്ന്
സി.പി.എമ്മിലെ എ.എം.ആരിഫിനോടും  2011-ൽ ചേർത്തലയിൽ നിന്ന് സി.പി.ഐയിലെ പി.തിലോത്തമനോടും പരാജയപ്പെട്ടു. ഇതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് ഗൗരിയമ്മ വിടപറഞ്ഞു.

സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളായിരുന്നു കെ.ആർ. ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിൽ പെട്ട കെ.ആർ. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയായിരുന്നു 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും തുടർന്നു കേരളസംസ്ഥാനരൂപീകരണ ശേഷം  അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957,1967,1980,1987,2001 2004 എന്നീ വർഷങ്ങളിൽ രൂപം കൊണ്ട മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായിരുന്നു.
 കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തു.  റെവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്കും നേതൃത്വം കൊടുത്തിട്ടുണ്ട്.  പ്രഗല്ഭയായ ഒരു മന്ത്രിയെന്ന നിലയിൽ അവരുടെ കഴിവു തെളിയിച്ചു. സി പി എമ്മിൽ പ്രമുഖ് നേതാവായിരിക്കെയാണ്  ഇവർ, പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. കഴിവുറ്റ ഭരണാധികാരിയായി, ഗൗരിയമ്മയെ പലരും കണക്കാക്കുന്നു. കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ പ്രമുഖശില്പിയാണ് കേരളം ഗൗരയിമ്മയെ ഓർക്കുക. . ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമ എന്നും കരുതുന്നവരുണ്ട്.
പാർട്ടി അച്ചടക്കം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് ഗൗരിയമ്മയെ സി പി എം പുറത്താക്കിയത്. പാർട്ടി ശത്രുക്കളുടെ സഹായത്തോടെ പാർട്ടിയെ തകർക്കാൻ ശ്രമിച്ചു, നിരന്തരമായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സി പി എം ഗൗരിയമ്മയൈ പുറത്താക്കിയത്.

മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് ഗൗരിയമ്മ പുറത്താക്കപ്പെട്ട സമയത്ത്, പ്രസിദ്ധ മലയാളകവി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ‘ഗൗരി’ എന്ന കവിത ഈ വീക്ഷണം പ്രതിഫലിപ്പിക്കുന്നുണ്ട്.

കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാൽ, അവൾ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങൾ ഭയമാറ്റി വന്നു.

എന്നിങ്ങനെയാണ് കവിത തുടങ്ങുന്നത്.

ഗൗരമിയമ്മ എ കെ ആന്റണി, ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ അംഗമായി,  ആറ് തവണ മന്ത്രിയായി. 22 വർഷം ഇടത് മുന്നണിയുമായി പോരാടിയ ഗൗരിയമ്മ പിന്നീട് ഇടത് കൂടാരത്തിലേക്ക് തിരികെയെത്തി.
കേരം തിങ്ങും കേരള നാട് കെ ആർ ഗൗരി ഭരിക്കട്ടെ എന്നായിരുന്നു പഴയകാലത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുദ്രാവാക്യം. എന്നും ജനങ്ങളുടെ ഇടയിൽ ജീവിക്കാൻ ആഗ്രഹിച്ച പൊതുപ്രവർത്തകയായിരുന്നു ഗൗരിയമ്മ.
നിയമ നിർമ്മാണത്തിൽ ഗൗരിയമ്മ കാണിച്ച ഗൗരവത്തോടെയുള്ള ഇടപെടലാണ് നിർണായകമായിരുന്നത്. അഴിമതി നിരോധന നിയമം പാസാക്കിയത് ഗൗരിയമ്മയുടെ ഏറ്റവും നിർണായക നീക്കമായിരുന്നു.
സ്ത്രീ ശാക്തീകരണത്തിനായി ഗൗരിയമ്മ പാസാക്കിയ മറ്റൊരു നിയമമായിരുന്നു വനിതാ കമ്മീഷന്റെ രൂപീകരണം. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം സാധ്യമാവണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച പൊതു പ്രവർത്തകയാണ് വിടവാങ്ങുന്നത്.

പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോർഡുകൾ ഇവരുടെ പേരിലുണ്ട്. കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥ 2010-ൽ ആത്മകഥ-കെ.ആർ. ഗൗരിയമ്മ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.
ഗൗരിയമ്മയുടെ ആത്മകഥയുടെ രണ്ടാം ഭാഗം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു വെങ്കിലും സി പി എമ്മുമായി അവസാന വർഷങ്ങളിലുണ്ടായ അടുപ്പംമൂലം അത് ഉപേക്ഷിച്ചു.

കാലം സാക്ഷി ചരിത്രം സാക്ഷി.

LEAVE A REPLY

Please enter your comment!
Please enter your name here