രാജേഷ് തില്ലങ്കേരി

കേരളത്തിലെ തോൽവി സംബന്ധിച്ചുള്ള റിപ്പോർട്ട് താരിഖ് അൻവർ ഹൈക്കമാന്റിന് കൈമാറി. സംസ്ഥാനത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ വിജയം രാഹുൽ ഗാന്ധിയുടെ പേരിലുണ്ടായതായിരുന്നുവെന്ന കാര്യം കേരളത്തിലെ കോൺഗ്രസ് നേതൃത്വം അറിഞ്ഞില്ലെന്നും, രാഹുൽ പ്രധാന മന്ത്രിയാവുമെന്ന ധാരണയിലാണ് കേരളത്തിലെ ജനം കോൺഗ്രസിന് വോട്ട് ചെയ്തതെന്നുമായിരുന്നു താരിഖിന്റെ റിപ്പോർട്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയിലും കോൺഗ്രസ് നേതാക്കൾ ഉണർന്നു പ്രവർത്തിച്ചില്ലെന്നും,  ഇടതുമുന്നേറ്റത്തെ തടയാനുള്ള ശക്തി താഴേത്തട്ടിൽ ഉണ്ടായിരുന്നില്ലെന്നും താരിഖ് കണ്ടെത്തിയിരിക്കുന്നു.
 

ശരിക്കും കേരളത്തിലെ തോൽവിയുടെ ഉത്തരവാദിത്തം എ ഐ സി സി സി ജനറൽ സെക്രട്ടറിയായ തനിക്കുനേരെ വരുമോ എന്ന് താരിഖ് ഭയന്നിരുന്നുവേണം കരുതാൻ. കേരളത്തിൽ വിജയം ഉറപ്പിക്കാൻ ഹൈക്കമാന്റ് ചുമതലയേൽപ്പിച്ചിരുന്നത് താരിഖ് അൻവറിനെയായിരുന്നു. കേരളത്തിൽ യു ഡി എഫ് വൻ  വിജയം നേടുമെന്ന് തെറ്റിദ്ധരിച്ചതാണ് പരാജയത്തിന് കാരണമെന്നാണ് താരിഖ് ജി പറയുന്നത്. വേരില്ലാത്ത ഒരു വടവൃക്ഷമായി കോൺഗ്രസ് മാറിയെന്നാണ് റിപ്പോർട്ടിലുള്ളത്. ഒരു കാറ്റടിച്ചാൽ വീഴാവുന്ന അവസ്ഥയിലാണ് കോൺഗ്രസ് എന്ന് സാരം.

എന്തായാലും കേരളത്തിലെ കോൺഗ്രസിനെ വിജയിപ്പിക്കാനുള്ള ദൗത്യവുമായി എത്തിയ താരിഖ് ജി പരാജയപ്പെട്ടകാര്യം റിപ്പോർട്ടിൽ ഇല്ല. ഹൈക്കമാന്റിന്റെ നേരിട്ടുള്ള നിയമന്ത്രണത്തിലാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നടത്തിയതെന്ന ബഡായിയും ഇപ്പോൾ ആരും പറയുന്നില്ല. മുല്ലപ്പള്ളിയുടെ ഇംഗ്ലീഷാണ് ഈ ദയനീയ പരാജയത്തിന് കാരണമെന്ന സത്യവും താരിഖ് ജി മനപൂർവ്വം വിട്ടുകളഞ്ഞു.

കേരളത്തിൽ സർക്കാർ വൈകുന്നതിൽ കുമ്മനത്തിന്റെ ആശങ്കകൾ….

കേരളത്തിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത്  അധികാരമേറ്റെടുക്കാത്തതിൽ എറ്റവും കൂടുതൽ ആശങ്ക കുമ്മനം രാജേട്ടനാണ്. കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സർക്കാർ സത്യപ്രതിജ്ഞചെയ്തുവെന്നതാണ് രാജേട്ടനെ വിഷമിപ്പിക്കുന്നത്.

ചിലർ പറയുന്നത് ജ്യോതിഷിയുടെ നിർദ്ദേശ പ്രകാരമാണ് മെയ് 20 ന് പുതിയ മന്ത്രിസഭയുടെ സത്യ പ്രതിജ്ഞ തീരുമാനിച്ചതെന്ന് ഏതോ ഒരു പത്രപ്രവർത്തകന്റെ ചോദ്യം. ഞാൻ ജ്യോതിഷത്തിൽ വിശ്വസിക്കുന്ന ആളാണെന്നാണോ നിങ്ങൾ പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ എതിർ ചോദ്യം.  20ന് വൈകിട്ട് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്കിയത്. ജ്യോതിഷന്റെ കാര്യം തല്ക്കാലം ഒരു ചിരിയിലൊതുക്കി.

മന്ത്രി മാരെ തീരുമാനിക്കാൻ സി പി എമ്മിലും, സി പി ഐയിലും ചർച്ചകൾ തുടരുകയാണ്. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചയും അവസാനഘട്ടത്തിലാണ്.
പേരിനു മാത്രം ഇടതുപക്ഷവും, ഘടക കക്ഷികളെല്ലാം വലതുപക്ഷവുമായതോടെ മന്ത്രിമാരാകാനുള്ള തമ്മിൽ തല്ല് ഘടകക്ഷിയിൽ അരങ്ങേറുന്നുണ്ട്. മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എല്ലാ ഘടകകക്ഷികളും രംഗത്തെത്തിയതോടെ ഉഭയകക്ഷി ചർച്ചകൾ പ്രതീക്ഷിച്ചപോലെ അവസാനിപ്പിക്കാനോ, തീരുമാനങ്ങൾ പ്രഖ്യാപിക്കാനോ പറ്റാത്ത അവസ്ഥയിലാണ് എൽ ഡി എഫ്.
അവധിയിലായ സെക്രട്ടറി കോടിയേരിയാണ് ഉഭയകക്ഷി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഇരട്ട നമ്പരുള്ള ഘടകകക്ഷിക്ക് മാത്രം മന്ത്രി സ്ഥാനം എന്ന നിലപാട് വ്യക്തമാക്കിയിരിക്കയാണ് കോടിയേരി സഖാവ്. അപ്പോ ഐ എൻ എൽ, കോൺഗ്രസ് എസ്, എൽ ജെ ഡി, കോവൂർ കുഞ്ഞുമോന്റെ ആർ എസ് പി, കെ ബി ഗണേഷ് കുമാറിന്റെ കേരളാ കോൺഗ്രസ്, ജനാധിപത്യ കേരളാ കോൺഗ്രസ് എന്നിവർ ക്യൂവിലാണ്. വെറുതെ ക്യൂവിൽ നിൽക്കേണ്ടതില്ലെന്നും, പോയി ലയിച്ചുവരൂ എന്നും എൽ ജെ ഡിയോട് പറഞ്ഞുവെങ്കിലും ഐ എൻ എല്ലിനോടും, ജനാധിപത്യ കേരളാ കോൺഗ്രസിനോടും പറഞ്ഞില്ലെന്നത് ഭാഗ്യം. കേരളാ കോൺഗ്രസ് എമ്മിൽ ലയിക്കാൻ ചിലപ്പോൾ ആന്റണി രാജുവിനോട് പറഞ്ഞേക്കാം. സീറ്റൊന്നുമില്ലാത്ത സി എം പിയുടെ ഒരു കഷണവും, ജെ എസ് എസിന്റെ കഷണവും എൽ ഡി എഫിന്റെ ഉമ്മറത്ത് വേറെയും ഇരിപ്പുണ്ട്.
കേരളാ കോൺഗ്രസ് രണ്ട് മന്ത്രിമാർക്കായി അപേക്ഷ നൽകിയിരിക്കുന്നു. കെ ബി ഗണേഷിനെ മന്ത്രിയാക്കിയാൽ അത് കേരളാ കോൺഗ്രസ് എമ്മിന് വലിയ കുറച്ചിലാവും. ജോസ് കെ മാണി രണ്ട് സീറ്റിനായി സമ്മർദ്ധം ശക്തമാക്കുന്നത് അതിനാലാണ്. അഞ്ച് എം എൽ എ മാരുണ്ടായിട്ടും രണ്ട് മന്ത്രി മാരെ കിട്ടിയില്ലെങ്കിൽ ഭാവിയിൽ പാർട്ടിയിൽ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. ജോസ് കെ മാണി ജയിച്ചിരുന്നുവെങ്കിൽ ഒരു മന്ത്രി സ്ഥാനം എന്നതിൽ പെട്ടെന്ന് തീരുമാനം ഉണ്ടായേനേ. റോഷി മന്ത്രിയായാൽ അധികാരമില്ലാത്ത ജോസ് കട്ടപ്പുറത്താവുമോ എന്ന ആശങ്കയാണിപ്പോൾ കേരളാ കോൺഗ്രസിൽ പടരുന്നത്.  

എൻ സി പി യിലെ തല്ല് വീണ്ടുമൊരു പ്രതിസന്ധിക്ക് വഴിവയ്ക്കരുതെന്ന് സി പി എമ്മിന്റെ താക്കീത്

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻ സി പിയിൽ തല്ല് ശക്തമായിരിക്കയാണ്. കുട്ടനാട് എം എൽ എ തോമസ് കെ തോമസ് മന്ത്രിയാവാൻ താല്പര്യം പ്രകടിപ്പിച്ചതോടെയാണ് പ്രതിസന്ധിയുടലെടുത്തത്. മൂന്ന് സീറ്റിൽ മത്സരിച്ചു, രണ്ടു സീറ്റിൽ ജയിച്ചു. ഇതോടെ മന്ത്രി സ്ഥാനം തനിക്കുതന്നെ എന്ന് ആശ്വാസത്തിൽ കഴിയുന്ന എ കെ ശശീന്ദ്രനെ ഞെട്ടിപ്പിച്ചുകൊണ്ടാണ് തോമസ് കെ തോമസിന്റെ കടന്നുവരവ്. എം എൽ എയാവുന്നത് മന്ത്രിയാവാനുള്ള യോഗ്യതയാണെന്ന തത്വം പറഞ്ഞ് കുട്ടനാടൻ തോമസ് എത്തിയതോടെ ശശീന്ദ്രന്റെ നിയന്ത്രണം തെറ്റി.

എല്ലാം ദേശീയ നേതാക്കൾ തീരുമാനിക്കുമെന്നാണ് പറയുന്നത്. എൻ സി പിയെ ഇടതുമുന്നണിയിൽ പിടിച്ചു നിർത്തിയത് താനാണെന്നാണ് ശശീന്ദ്രന്റെ വാദം. അതിനാൽ മന്ത്രിയാവേണ്ടത് താനാണ് എന്നും, തോമസ് കെ തോമസ് എല്ലാം കണ്ടു പഠിക്കൂ എന്നുമാണ് ശശീന്ദ്രന്റെ വചനങ്ങൾ.

അപ്പോ ഈ പീതാംബരൻ മാഷിന്റെ പിന്തുണകൊണ്ടൊന്നും കാര്യമില്ലേ എന്നാണ് തോമസ് കെ തോമസിന്റെ ഗ്രൂപ്പുകാർ ചോദിക്കുന്ന ചോദ്യം. എന്നും മന്ത്രിയായി ശശീന്ദ്രൻ തന്നെ തുടരുന്നത് നീതിയാണോ എന്നും ചോദ്യമുണ്ട്. എന്ത് നീതി എന്ത് ന്യായം.

ശശീന്ദ്രൻ വീണ്ടും ഒളിക്യാമറയിലൊന്നും പോയി പെടാതിരുന്നാൽ മതിയായിരുന്നു.

ആവശ്യത്തിന് മാറ്റാവുന്നതാണോ പ്രോട്ടോക്കോൾ ?

പ്രോട്ടോക്കോൾ ആവശ്യത്തിന് മാറ്റുന്നത് ശരിയാണോ എന്ന് ചോദ്യം. ഗൗരിയമ്മയ്ക്ക് വേണ്ടിയാണ് മാറ്റിയതെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം. ഗൗരിയമ്മ കേരളത്തിന്റെ വിപ്ലവ നക്ഷത്രമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ആരായാലും കോവിഡിന് ഇതൊന്നും അറിയാൻ പാടില്ലല്ലോ എന്ന് സോഷ്യൽ മീഡിയിലൂടെ ആളുകൾ പ്രതികരിക്കുന്നു. പൊതു ജനത്തിന് ഒരു നിയമവും നേതാക്കൾക്ക് മറ്റൊരു നിയമവും എന്നാണ് സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളുടെ ആരോപണം.
 

ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ആളുകൾ കൂട്ടമായി എത്തിയതും, ലോക്ഡൗൺ പ്രോട്ടകോളിൽ ഇളവുവരുത്തിയതുമാണ് പ്രതിഷേധത്തിന് കാരണം.

പ്രതിപക്ഷനേതാവിനെ മാറ്റുമോ …. ? മാറ്റുമെന്നാണ് മീഡിയ പറയുന്നത്….


കേരളത്തിലെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിനെ മാറ്റുമെന്നാണ് കിംവദന്തികൾ. ഹൈക്കമാന്റ് ഇക്കാര്യത്തിൽ ഉടൻ തീരുമാനം പ്രഖ്യാപിക്കുമത്രേ… താരിഖ് അൻവറിന്റെ റിപ്പോർട്ടുകൂടി കിട്ടിയതോടെ ഇനിയെന്തിന് വൈകണമെന്നാണ് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളുടെ ചോദ്യം. ഭരണം കിട്ടാത്തതിന്റെ ദുഖമല്ല, ചെന്നിത്തലയെ പറപ്പിക്കുന്നതിലുള്ള സന്തോഷത്തിലാണ് ഗ്രൂപ്പ് മാനേജർമാർ.
ചെന്നിത്തലയെ കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടുപോവുകയാണത്രേ. എ ഐ സി സി ജന.സെക്രട്ടറിയാക്കുക, എന്നിട്ട് ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല കൊടുക്കുക. ഹിന്ദി അറിയാവുന്നതിനാൽ ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതലയായാൽ ബഹുത്ത് അച്ചാ
 

അപ്പോൾ പ്രതിപക്ഷ നേതാവ് ആരായിരിക്കും, അതിപ്പോഴും സസ്‌പെൻസായി തുടരുകയാണ്. വി ഡി സതീശൻ വരുന്നതിലാണ് ചിലർക്ക് താല്പര്യം. തലമുറ കൈമാറ്റം എന്നാണ് ചിലർ വി ഡി വരുന്നതിനെ വിശേഷിപ്പിക്കുന്നത്. അങ്ങിനെയെങ്കിൽ ഷാഫി പറമ്പിൽ പ്രതിപക്ഷ നേതാവാകട്ടെ എന്നു പറയുന്നവരും ഉണ്ട്.
അപ്പോ മുല്ലപ്പള്ളി സാറിന്റെ കാര്യം എപ്പോ തീരുമാനിക്കും എന്ന ചോദ്യത്തിന് നിരീക്ഷകന് പോലും ഉത്തരമില്ല. ആദ്യം എ ഐ സി സിക്ക് ഒരു സ്ഥിരം അധ്യക്ഷനെ കണ്ടു പിടിക്കട്ടെ, എന്നിട്ടാവാം നിങ്ങട പ്രശ്‌നം എന്നാണ് ഹൈക്കമാന്റിന്റെ മറുപടി. ജൂണിൽ പുതിയ ദേശീയ അധ്യക്ഷൻ വരുമെന്നാണ് കോൺഗ്രസുകാരുടെ വിശ്വാസം. നടന്നാൽ നടന്നു എന്നു മാത്രം.

ടൗട്ടെ വരുന്നു…. വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമത്രേ 

ബംങ്കാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലടക്കം കനത്ത മഴയും ചുഴലിക്കാറ്റും ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. മഴ രണ്ടുദിവസമായി ലഭിക്കുന്നുണ്ട്. തിരുവനന്തപുരം നഗരം ഒറ്റ ദിവസംകൊണ്ട് വെള്ളത്തിനടിയിലുമായി.
 

ഇനി ചുഴലിക്കാറ്റും കൂടി ആയാൽ എന്താവും സ്ഥിതിയെന്നാണ് കേരളീയരുടെ ആശങ്ക. ചുഴലിക്കാറ്റിന്റെ റൂട്ട് സംബദ്ധിച്ച് വ്യക്തമായ ധാരണ ഇപ്പോഴും ഇല്ലെങ്കിലും, ചുഴലിക്കാറ്റിന്റെ പേര് പ്രഖ്യാപിച്ചിരിക്കയാണ്. ‘ടൗട്ടെ’ എന്നായിരിക്കും നാമം.

ബി ജെ പിയുടെ ചാനൽ ബഹിഷ്‌ക്കരണം രണ്ടാം ഘട്ടം 


ബഹുമാനപ്പെട്ട കേന്ദ്രസഹമന്ത്രി വി മുരളീധരനെ പശ്ചിമ ബംഗാളിൽ അക്രമിച്ച വാർത്ത റിപ്പോർട്ട് ചെയ്തില്ലെന്ന ആരോപണത്തിന് പിന്നാലെ ഏഷ്യാനെറ്റ് ചാനൽ ബഹിഷ്‌ക്കരണവുമായി ബി ജെ പി രംഗത്തെത്തിയിരിക്കയാണ്. ഒരു വർഷം മുൻപ് ബി ജെ പി കുറേകാലം ഏഷ്യാനെറ്റിനെ ബഹിഷ്‌ക്കരിച്ചിരുന്നു. പി ആർ പ്രവീണയെന്ന റിപ്പോർട്ടറെ വിളിച്ച ഒരു സംഘിണിയോട് എന്തോ അത്ര സുഖകരമായല്ല സംസാരിച്ചതെന്നാണ് ബി ജെ പി ആരോപണം. ബി ജെ പിക്കിപ്പോൾ അത്ര നല്ല കാലമല്ല. കോവിഡിന്റെ ദുരിതാവസ്ഥയിൽ പെട്ട് ഉഴലുന്ന രാജ്യത്ത് എന്ത് ബഹിഷ്‌ക്കരണം…

അടച്ചിടൽ തുടരുമ്പോഴും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കയാണ്. കേരളത്തിൽ ഇന്ന് നാൽപ്പത്തിമൂവായിരവും കടന്നതോടെ ആരോഗ്യവരുപ്പും ആശങ്കയിലാണ്. ആശുപത്രികളുടെ എണ്ണത്തിലാണ് ആശങ്ക. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിച്ചാൽ, ഓക്‌സിജൻ ക്ഷാമം വർധിക്കും, ഇപ്പോൾ തന്നെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഓക്‌സിജൻ കിട്ടാനില്ല. കാസർകോട് പോലുള്ള പിന്നോക്ക ജില്ലയിൽ കടുത്ത ഓക്‌സിജൻ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന മുഴവൻ ഓക്‌സിജനും സംസ്ഥാനത്ത് തന്നെ ഉപയോഗിക്കാനുള്ള കേന്ദ്രാനുമതിയും തേടിയിരിക്കയാണ്.
അടുത്ത ആഴ്ചയോടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായില്ലെങ്കിൽ ലോക് ഡൗൺ നീളുമെന്ന സൂചനയും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
എന്തായാലും നിലവിലുള്ള അവസ്ഥകൾ സുഭകരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here