തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോട് കൂടിയ ശക്തമായ മഴ ഇന്നും തുടരും. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്.മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.തൃശൂരിലെ തീരമേഖലയിലുള്ള മുന്നൂറ്റിയൻപത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പൊന്നാനിയിൽ നൂറ് കണക്കിന് വീടുകൾ തകർച്ചയുടെ വക്കിലാണ്.

തിരുവല്ല തിരുമൂലത്ത് 26 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. തലവടി, എടത്വ,മുട്ടാർ എന്നിവടങ്ങളിലാണ് വെള്ളം കയറിയത്.അതേസമയം ടൗക്‌തേ തീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക് നീങ്ങുകയാണ്. ചൊവ്വാഴ്ച പുലർച്ചെ ഗുജറാത്ത് തീരത്ത് എത്തും. 175 കി.മീ വേഗത്തിൽ ആഞ്ഞടിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാജ്യത്തിന്‍റെ പടിഞ്ഞാറൻ തീരം മുഴുവനും ജാഗ്രതയിലാണ്. ചുഴലിക്കാറ്റ് ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ കൊടിയ നാശം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആറു സംസ്ഥാനങ്ങളിലേക്ക് 42 ദ്രുതകർമ്മ സേനാ യൂണിറ്റുകളെ അയച്ചു. 26 സംഘങ്ങളെ സജ്ജമാക്കി നിറുത്തിയിട്ടുണ്ട്. തീരസംരക്ഷണ സേനയും നാവിക സേനയും കരസേനയും രക്ഷാപ്രവർത്തനത്തിനായി കപ്പലും ഹെലികോപ്‌ടറുകളുമായി തയ്യാറാണ്. ജനങ്ങളെ ഒഴിപ്പിക്കുന്നതിനും വൈദ്യുതി, ടെലിഫോൺ, ആരോഗ്യം, കുടിവെള്ളം എന്നിവ തടസപ്പെടാതെ നോക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി. വാക്സിൻ വിതരണം തടസപ്പെടാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here