തിരുവനന്തപുരം: കോവിഡ്​ വ്യാപനം രൂക്ഷമായ നാല് ജില്ലകളില്‍ ഇന്ന്​ പുലർച്ചെ മുതൽ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിലാണ്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്​. അർധരാത്രിതന്നെ ഈ ജില്ലകളുടെ അതിർത്തികൾ അടച്ച പൊലീസ്​ നിയന്ത്രണം ഏറ്റെടുത്ത്​ പരിശോധന കര്‍ശനമാക്കി.

ജില്ലയ്​ക്ക്​ അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക്​ പൂർണമായും വില​േക്കർപ്പെടു​ത്തി. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. യാത്രാ ഇളവ്​ ഉള്ള വിഭാഗങ്ങൾ പാസോ തിരിച്ചറിയൽ കാർഡോ കൈവശം സൂക്ഷിക്കണം. ജില്ലാ പരിധിയിലെ ഹൈവേയിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ ജില്ലയില്‍ നിര്‍ത്താന്‍ പാടില്ല. യാത്രാവേളയില്‍ നിയമാനുസൃത പാസ് കൈവശം സൂക്ഷിക്കേണ്ടതാണ്. ചരക്കു വാഹനങ്ങളുടെ ഗതാഗതം അനുവദനീയമാണ്. നഗര ഗ്രാമീണ റോഡുകളും ഭാഗികമായി അടച്ചുപൂട്ടി.

10 വയസ്സിന് താഴെയുള്ളവര്‍, 60 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ അടിയന്തിര മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടുള്ളതല്ല. മലപ്പുറത്ത്​ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ പോവുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും കൈയില്‍ റേഷന്‍ കാര്‍ഡ് കരുതണം.

എറണാകുളത്ത് ഹോട്ടല്‍ പ്രവര്‍ത്തിക്കുമെങ്കിലും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുണ്ടാകില്ല. കണ്ടെയെന്‍മെന്റ് സോണുകളെല്ലാം പൊലീസിന്‍റെ കര്‍ശന നിയന്ത്രണത്തിലാണ്. തിരുവനന്തപുരത്ത് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഉച്ച രണ്ടുമണിവരെ തുറക്കും. റേഷന്‍ കടകളും സപ്ലൈകോ വില്‍പനശാലകളും അഞ്ചുമണി വരെയുണ്ട്. ഹോട്ടലുകളില്‍ നിന്ന് ഹോംഡെലിവറിയായി മാത്രം ഭക്ഷണം വാങ്ങാം. സഹകരണബാങ്കുകള്‍ ഒഴിച്ചുള്ളവ ഒരുമണി വരെ പ്രവര്‍ത്തിക്കും.

വീട്ടുജോലിക്കാര്‍ ഹോം നഴ്സ്, ഇലക്ട്രീഷ്യന്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വേണം. തൃശൂരില്‍ പഴം പച്ചക്കറി കടകള്‍ തുറക്കും. ബേക്കറിയോ പലചരക്ക് കടകളോ, മല്‍സ്യ- മാംസ കടകളോ ഉണ്ടാകില്ല.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, അവശ്യ സേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഏറ്റവും കുറവ് എണ്ണം ജീവനക്കാരെ വെച്ച് മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു. ജീവനക്കാര്‍ അവരുടെ സ്ഥാപന മേധാവി നല്‍കുന്ന ഡ്യൂട്ടി ഓര്‍ഡര്‍, ഐ.ഡി കാര്‍ഡ് എന്നിവ യാത്രാ വേളയില്‍ കൈവശം സൂക്ഷിക്കണം.

പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളുടെ അകത്തും പുറത്തും കോവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കണം. ഇക്കാര്യത്തിലുള്ള അലംഭാവം ഗുരുതരമായി കണക്കാക്കും. ബാങ്ക്, ഇൻഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ഏറ്റവും കുറവ് ജീവനക്കാരെ വെച്ച്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന്​ വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല.

ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / വ്യവസായങ്ങള്‍, മെഡിക്കല്‍ ലാബ്, ഭക്ഷ്യ – അനുബന്ധ വ്യവസായങ്ങള്‍, മീഡിയ എന്നിവക്ക്​ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. പാല്‍, പത്രം, മത്സ്യം, മാംസം എന്നിവ രാവിലെ എട്ടിനകം വിതരണം പൂര്‍ത്തിയാക്കേണ്ടതാണ്. പാല്‍ സംഭരണം രാവിലെ എട്ട്​ വരേയും വൈകുന്നേരം മൂന്ന്​ മുതല്‍ അഞ്ച്​ വരേയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നത് അനുവദനീയമാണ്.

ക്വാറ​ൻറീനിൽ കഴിയുന്നവര്‍ യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല. ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാൻ അനുമതി ഉണ്ടായിരിക്കും. മറ്റ് വളണ്ടിയര്‍മാര്‍ക്ക് പ്രവര്‍ത്തനപരിധി രേഖപ്പെടുത്തിയ പാസ്​ തഹസില്‍ദാര്‍ നല്‍കേണ്ടതാണ്. തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്ഥാപന ഉടമകള്‍ ദിവസവും അണുവിമുക്തമാക്കേണ്ടതാണ്. പൊതു മാര്‍ക്കറ്റുകളിലേക്കുള്ള പ്രവേശനം / പുറത്ത് കടക്കല്‍ എന്നിവ ഒരൊറ്റ വഴിയിലൂടെ ആയി പരിമിതപ്പെടുത്തേണ്ടതാണ്. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗ്, സാനിറ്റൈസേഷന്‍ എന്നിവക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. മേല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഇന്‍സിഡെൻറ്​ കമാണ്ടര്‍ / പൊലീസ് / തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here