സ്വന്തം ലേഖകന്‍

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കെ ശൈലജ ഒഴികെ പഴയ മന്ത്രിമാര്‍ ആരും ഉണ്ടാവില്ല. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 21 അംഗ മന്ത്രിസഭയില്‍ 12 മന്ത്രിമാരുണ്ടാവും. സ്പീക്കറും സി പി എമ്മില്‍ നിന്നായിരിക്കും.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിമാരാവും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ബി രാജേഷ്, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, വി ശിവന്‍കുട്ടി  എന്നിവരും മന്ത്രിമാരുടെ പട്ടികയിലുണ്ട്.

സി പി ഐയില്‍ നിന്നും പി പ്രസാദ്, കെ രാജന്‍ , ഇ കെ വിജയന്‍ , ചിഞ്ചുറാണി, പി എസ് സുപാല്‍ എന്നിവരാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവര്‍. സുപാല്‍ മന്ത്രിയായാല്‍ ചിഞ്ചുറാണിയുടെ അവസരം ഇല്ലാതാവും. സി പി ഐ യ്ക്കുള്ള ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ചിറ്റയം ഗോപകുമാര്‍ വരുമെന്നും ധാരണയായിട്ടുണ്ട്. രണ്ടര വര്‍ഷം വീതം മന്ത്രി സ്ഥാനം പങ്കിടാന്‍ ഒറ്റ കക്ഷികള്‍ മാത്രമുള്ള ഘടകകക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ നിന്നും ആന്റണി രാജു, ഐ എന്‍ എല്ലില്‍ നിന്നും അഹമ്മദ് ദേവര്‍കോവിലും ആദ്യഘട്ടത്തില്‍ മന്ത്രിമാരാവും. കേരളാ കോണ്‍ഗ്രസ് ബിയില്‍ നിന്നും കെ ബി ഗണേഷ് കുമാറിനും, കോണ്‍ഗ്രസ് എസിലെ  കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ഘട്ടത്തിലായിരിക്കും മന്ത്രി സ്ഥാനം. ആര്‍ എസ് പി ലെനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനും, എല്‍ ജെ ഡി നേതാവ് കെ പി മോഹനനും മന്ത്രി സ്ഥാനമുണ്ടാവില്ല.

കാസര്‍കോട്, വയനാട് ജില്ലകള്‍ക്ക് ഇത്തവണ മന്ത്രിസഭയില്‍ പരിഗണനയുണ്ടാവില്ല. കണ്ണൂര്‍ ജില്ലയില്‍ നിന്നും മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ഇത്തവണയുണ്ടാവും. കഴിഞ്ഞ തവണ നാല് പേരുണ്ടായിരുന്നു. കൊല്ലത്തു നിന്നും ആദ്യഘട്ടത്തില്‍ കെ എന്‍ ബാലഗോപാല്‍ മാത്രമാണ് ആദ്യ ഘട്ടത്തില്‍ മന്ത്രിയാവുക. രണ്ടാം ഘട്ടത്തില്‍ കെ ബി ഗണേഷ് കുമാര്‍ വന്നാല്‍ എണ്ണം രണ്ടാവും. കഴിഞ്ഞ തവണ മൂന്ന് മന്ത്രിമാരുണ്ടായിരുന്ന ആലപ്പുഴയ്ക്ക് രണ്ട് മന്ത്രി സ്ഥാനമുണ്ടാവും. കുട്ടനാട് എം എല്‍ എയായ തോമസ് കെ തോമസിനെ മന്ത്രിയായി പരിഗണിച്ചാല്‍ വീണ്ടും മൂന്ന് മന്ത്രിമാരുണ്ടാവും.

പത്തനംതിട്ടയില്‍ നിന്നും വീണാ ജോര്‍ജും, ഇടുക്കിയില്‍ നിന്ന് റോഷി അഗസ്റ്റിനും വന്നാല്‍ ഈ ജില്ലകള്‍ക്കും പരിഗണന ലഭിക്കും. കഴിഞ്ഞ മന്ത്രി സഭയില്‍ പരിഗണന ലഭിക്കാതിരുന്ന കോട്ടയം, എറണാകുളം ജില്ലകള്‍ക്കും ഇത്തവണ പരിഗണന ലഭിക്കും. കോഴിക്കോട് നിന്നും അഹമ്മദ് ദേവര്‍കോവിലും, മുഹമ്മദ് റിയാസും മന്ത്രി സഭയിലെത്തുമെന്നാണ് കരുതുന്നത്. പാലക്കാട് നിന്നും എം ബി രാജേഷും മന്ത്രി സഭയിലെത്തും.

ജനതാദള്‍ എസിലെ കെ കൃഷ്ണന്‍ കുട്ടി കൂടി മന്ത്രിയാവുന്നതോടെ പാലക്കാട് രണ്ട് മന്ത്രിമാരുണ്ടാവും. മലപ്പുറത്തുനിന്നും ആരാവും മന്ത്രിയാവുകയെന്ന് വ്യക്തമല്ല. പൊന്നാനിയില്‍ നിന്നും വിജയിച്ച പി  നന്ദകുമാര്‍ മന്ത്രിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂരില്‍ നിന്നും കെ രാധാകൃഷ്ണനാണ് മന്ത്രിയാവുക. സി പി ഐയിലെ കെ രാജന്‍ മന്ത്രിയായാല്‍ തൃശ്ശൂരിനും രണ്ട് മന്ത്രിമാരുണ്ടാവും.

 

LEAVE A REPLY

Please enter your comment!
Please enter your name here