രാജേഷ് തില്ലങ്കേരി

കണ്ണൂർ : സി പി എമ്മിൽ ഏകാധിപതിയായി പിണറായി മാറിയിട്ട് വർഷങ്ങളായി. പാർട്ടിയിൽ തനിക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം ഒതുക്കിയും, മെരുക്കിയുമാണ് പിണറായി എന്ന നേതാവ് തന്റെ ആധിപത്യം പാർട്ടിയിൽ അരക്കിട്ടുറപ്പിച്ചിരുന്നത്. അവിടെ സാക്ഷാൽ വി എസ് അച്ചുതാനന്ദന് പോലും കാലിടറി. ഒപ്പം നിന്നവരെ സംരക്ഷിക്കുക, തന്നെ വിമർശിച്ചവരെ പൂർണമായും ഒഴിവാക്കുക അതായിരുന്നു പിണറായി വിജയന്റെ രീതി.


കേരളത്തിൽ അഞ്ച് വർഷം മുൻപ് അധികാരത്തിലേറുമ്പോൾ പിണറായി ടീമിൽ ജി സുധാകരൻ, എ കെ ബാലൻ, ടി എം തോമസ് ഐസക് തുടങ്ങിയ പരിചയസമ്പന്നരായ മന്ത്രിമാരുണ്ടായിരുന്നു. ആദ്യ തവണ മന്ത്രിയായതാണെങ്കിലും ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയും പ്രൊഫ. രവീന്ദ്രനാഥും നന്നായി തിളങ്ങി. മന്ത്രിയായിരുന്ന ഇ പി ജയരാജൻ മാത്രമാണ് സി പി എം മന്ത്രിയായിരിക്കെ രാജിവെക്കേണ്ടിവന്നത്.


എം എം മണിയെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്ന് വിധേയത്വം കാണിച്ചു. സുരേഷ് കുറുപ്പിനെ പോലുള്ള എം എൽ എമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കാതിരുന്നു.
അഞ്ച് വർഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ ചിലരെ ഒഴിവാക്കാൻ തീരുമാനിച്ചു. അതിന് കണ്ടെത്തിയ മാർഗം രണ്ടു തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന നിയമം കൊണ്ടുവന്നു. എ കെ ബാലൻ, ഇ പി ജയരാജൻ, ജി സുധാകരൻ, തോമസ് ഐസക്, രവീന്ദ്രനാഥ് തുടങ്ങിയ മന്ത്രിമാർക്ക് മത്സരിക്കാനുള്ള അവസരം ഇല്ലാതായി.
കെ കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ, എം എം മണി, ജെ മേഴ്‌സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണൻ തുടങ്ങിയവർ വീണ്ടും മത്സരിച്ചു. എന്നാൽ കെ കെ ശൈലജ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. സർവ്വേ നടത്തിയ വിവിധ ഏജൻസികളെല്ലാം പറഞ്ഞു, മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടാമത് വോട്ടർമാർ ആഗ്രഹിക്കുന്നത് കെ കെ ശൈലജയെ ആണെന്ന്. മട്ടന്നൂരിൽ നിന്നും ഏറ്റവും വലിയ ഭൂരിപക്ഷം നേടി വിജയിച്ചതോടെ കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കാൻ മറുവഴികൾ തേടുകയായിരുന്നു പിണറായി വിജയൻ. ഒടുവിൽ അവധിയിലിരിക്കുന്ന പാർട്ടിസെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ തന്നെ രംഗത്തെത്തി. പിണറായി വിജയൻ ഒഴികെ മറ്റാരും പുതിയ മന്ത്രി സഭയിൽ തുടരേണ്ടതില്ല എന്ന് തീരുമാനിച്ചിരിക്കുന്നു. കെ കെ ശൈലജയെ മാറ്റിനിർത്താനായി നീക്കങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. കെ കെ ശൈലജയ്ക്ക് വേണ്ടി മാത്രം പാർട്ടി തീരുമാനം മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചു. അങ്ങിനെ എല്ലാ വകുപ്പുകളുടയും  അധികാര കേന്ദ്രമായി പിണറായി മാറി.


നയപരമായ തീരുമാനം എന്നാണ് പാർട്ടിയുടെ വിശദീകരണം. എന്നാൽ പലർക്കും അറിയാം പിണറായി എടുത്ത തീരുമാനം പാർട്ടി നേതൃത്വം അംഗീകരിക്കുകയായിരുന്നു എന്ന്.
ദേശീയ തലത്തിൽ വലിയ തിരിച്ചടി കിട്ടി പാർട്ടിയുടെ നില പരുങ്ങലിൽ ആയപ്പോഴും, കേരളത്തിൽ മാത്രമാണ് പാർട്ടിക്ക് ക്ഷീണമുണ്ടാവാതിരുന്നത്. ഇതിൽ നിർണായക പങ്കുവഹിച്ച പിണറായിയെ തിരുത്തുകയെന്നത് ഇപ്പോഴത്തെ നിലയിൽ സി പി എമ്മിൽ  നടക്കാത്ത കാര്യമാണ്.
പോളിറ്റ് ബ്യൂറോ അംഗങ്ങളെയും, കേന്ദ്രകമ്മിറ്റി അംഗങ്ങളെയും കാര്യങ്ങൾ ധരിപ്പിക്കാൻ സി പി എം സംസ്ഥാന കമ്മിറ്റിക്ക് സാധിക്കുമെന്നാണ് വിശ്വാസം. വളരെ അപ്രതീക്ഷിതമായാണ് കെ കെ ശൈലജ ഒഴിവാക്കപ്പെടുന്നത്. ഒരു പക്ഷേ, കേന്ദ്രക്കമ്മിറ്റിക്ക് എതിർപ്പുണ്ടായാലും പിണറായി വിജയൻ എന്ന അതിശക്തനായ നേതാവിനെ നേരിട്ട് എതിർക്കാനുള്ള ധൈര്യം ആർക്കും ഉണ്ടാവില്ല.


പാർട്ടിയിലും സർക്കാരിലും ഒരുപോലെ ആധിപത്യം അതി ശക്തമായി ഉറപ്പിച്ചതോടെ എല്ലാ തരത്തിലും ഏകാധിപതിയായി മാറുകയാണ് പിണറായി വിജയൻ. വരാനിരിക്കുന്ന പാർട്ടി സമ്മേളനങ്ങളിലും പിണറായിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമായിരിക്കും പ്രതിഫലിക്കുക.
രോഗബാധിതനാണെന്ന പേരിൽ അവധിയിൽ പ്രവേശിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധി റദ്ദാക്കി വീണ്ടും പാർട്ടി സെക്രട്ടറിയാവുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പിണറായി-കോടിയേരി അച്ചുതണ്ടിന്റെ തീരുമാനങ്ങളായിരിക്കും ഇനി സർക്കാരിലും പാർട്ടിയിലും നിർണായകമാവുക.

ആർ ബിന്ദു, മുഹമ്മദ് റിയാസ് എന്നിവരെ മന്ത്രിമാരാക്കാനുള്ള തീരുമാനം പുറത്തുവന്നതോടെ പാർട്ടിയിലുള്ള തന്റെ അതിശക്തമായ ഇടപെടൽ പിണറായി പ്രഖ്യാപിച്ചിരിക്കയാണ്

LEAVE A REPLY

Please enter your comment!
Please enter your name here