രാജേഷ് തില്ലങ്കേരി


 
ആറന്മുളയിൽ 2016 ൽ  എൽ ഡി എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമ്പോൾ ഒരു മലയാളം ചാനലിൽ എക്‌സിക്യുട്ടീവ് എഡിറ്റായി പ്രവർത്തിക്കുകയായിരുന്നു വീണാ ജോർജ്. സീറ്റ് തരപ്പെടുത്താനായി രാഷ്ട്രീയ നേതാക്കാൾ പരക്കം പായുമ്പോഴാണ് അപ്രതീക്ഷിതമായി വീണാ ജോർജിനെ  തേടി ആറന്മുളയിലെ സ്ഥാനാർത്ഥിത്വം എത്തുന്നത്. പഠനകാലത്ത് എസ് എഫ് ഐ പ്രവർത്തകയായിരുന്നുവെങ്കിലും പഠന ശേഷം രാഷ്ട്രീയത്തോട് വിടപറഞ്ഞു,  മാധ്യമ പ്രവർത്തകയായി. മികച്ച മാധ്യമ പ്രവർത്തകയെന്ന ഖ്യാതിയും നേടിയിരുന്നു.
2016 ൽ രണ്ട് ദൃശ്യമാധ്യമ പ്രവർത്തകർ പൊതു തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി. അതിൽ ഒരാൾ ഇന്ത്യാവിഷന്റെ മുൻ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്ന എം വി നികേഷ് കുമാറും, മറ്റൊരാൾ വീണാ ജോർജുമായിരുന്നു. നികേഷിന് ഉന്നമായ രാഷ്ട്രീയ പാരമ്പര്യമുള്ളയാൾ, മുൻ മന്ത്രി എം വി രാഘവന്റെ മകൻ. അഴീക്കോടായിരുന്നു എൽ ഡി എഫ് നികേഷിനെ പരീക്ഷിച്ചത്. എന്നാൽ ആറന്മുളയിൽ വീണാ ജോർജ് ജയിച്ചു കയറി. എന്നാൽ നികേഷ് തോറ്റു.  

 ആറൻമുള അതുവരെ അറിയപ്പെട്ടിരുന്നത് കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലമായാണ്. സാമുദായി വോട്ടുകൾ നിർണായകമായ മണ്ഡലമായിരുന്നു ആറന്മുള.. നേരത്തെ കവി കടമ്മിനിട്ട രാമകൃഷ്ണൻ ഇടത് സ്ഥാനാർത്ഥിയായി ആറന്മുളയിൽ വിജയിച്ചിട്ടുണ്ടെങ്കിലും എൽ ഡി എഫിന് ഒരിക്കലും വിജയപ്രതീക്ഷയുള്ള മണ്ഡലമായിരുന്നില്ല അത്.
സിറ്റിംഗ് എം എൽ എയായിരുന്ന കെശിവദാസൻ നായരെയാണ് എതിരേണ്ടത്. അത്ര എളുപ്പം ജയിച്ചുകയറാവുന്ന മണ്ഡലമായിരുന്നില്ല ആറന്മുള. എന്നാൽ വീണാ ജോർജ് 2016 ആറന്മുളയിൽ അട്ടിമറി വിജയം നേടി. പിന്നീട് പത്തനംതിട്ടയിൽ നിന്നും ലോക് സഭയിലേക്കും സി പി എം വീണാ ജോർജിനെ പരിഗണിക്കുകയും മത്സരത്തിൽ വിജയിച്ചില്ലെങ്കിലും വീണ തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു ആ തെരഞ്ഞെടുപ്പിൽ.
രണ്ടാം വട്ടം മത്സരത്തിൽ വീണയ്ക്ക് വിജയം എളുപ്പമാക്കിയതിന് പിന്നിൽ ഒട്ടേറെ ഘടകങ്ങളുണ്ടായിരുന്നു.


പ്രളയസമയത്തുള്ള വീണാ ജോർജിന്റെ ഇടപെടലുകൾ, എം എൽ എയെന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എല്ലാം വിജയത്തിന് സഹായക ഘടകമായിരുന്നു.
മാധ്യമ രംഗത്തുനിന്നും വീണ നേടിയെടുത്ത വ്യക്തിപ്രഭാവവും ഏറെ ഗുണം ചെയ്തു.
ബിരുദാനന്തര പഠനത്തിന് ശേഷം, അധ്യാപികയാവാനായിരുന്നു വീണാ ജോർജിന് താല്പര്യം. ബി എഡ് കഴിഞ്ഞ് അധ്യാപികയായി ജോലിയും ചെയ്തു. ഇതിനിടയിലാണ് കൈരളി ടിവിയിലേക്ക് അവസരം കിട്ടുന്നത്. അവിടെ നിന്നും പിന്നീട് മനോരമ ടെലിവിഷനിൽ അവസരം കിട്ടി.
 മനോരമയിൽ നിന്നും നേരെ ഇന്ത്യാവിഷനിൽ എത്തി. അക്കാലത്ത് നികേഷ് കുമാർ ഇന്ത്യാവിഷനോട് വിടപറഞ്ഞിരുന്നു.  റിപ്പോർട്ടർ ടിവി ആരംഭിച്ച ശേഷമാണ് വീണാ ജോർജ് ഇന്ത്യാവിഷനിൽ എത്തുന്നത്. ഇന്ത്യാവിഷനിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ അമേരിക്കയിലെ തെരഞ്ഞെടുപ്പ് നടപടികൾ നേരിൽ കണ്ട് മനസിലാക്കുന്നതിനുള്ള അവസരവും വീണയ്ക്ക് ലഭിച്ചിരുന്നു.
16 വർഷം നീണ്ടുനിന്ന മാധ്യമ പ്രവർത്തനത്തിനിടയിൽ നിരവധി പ്രമുഖരുമായി മുഖാമുഖങ്ങൾ നടത്താനും വീണാ ജോർജിന് അവസരം ലഭിച്ചിരുന്നു.  ഇതെല്ലാം വീണയിലെ പൊതുപ്രവർത്തകയെ വാർത്തെടുത്തു.

രണ്ടാം പിണറായി സർക്കാരിൽ  മന്ത്രി സ്ഥാനത്തേക്ക് ആദ്യ ഘട്ടത്തിൽ തന്നെ പരിഗണിച്ചിരുന്ന പേരായിരുന്നു വീണാ ജോർജിന്റേത്.
സഭാ ടിവിയുടെ അവതാരക കൂടിയായിരുന്നു വീണാ ജോർജ്.  
ഓർത്തഡോക്‌സ് സഭാ മുൻ സെക്രട്ടറിയും അഭിഭാഷകനുമായ  ജോർജ് ജോസഫാണ് ഭർത്താവ്.  
പി ഇ കുര്യാക്കോസ്, റോസമ്മ ദമ്പതികളുടെ മകളായി തിരുവനന്തപുരത്താണ് വീണയുടെ ജനനം. കേരളാ യൂണിവേഴ്‌സ് സിറ്റിയിൽ നിന്നും ഊർജതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.
പാർട്ടി പത്രത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമാവുകയും എം എൽ എയും മന്ത്രിയുമൊക്കെ ആയവർ ഏയൊണെങ്കിലും ദൃശ്യമാധ്യമ രംഗത്തുനിന്നും അപ്രതീക്ഷിതമായി പൊതുപ്രവർർത്തന രംഗത്തേക്ക് മാറുകയും അഞ്ച് വർഷം പിന്നിടുമ്പോൾ മന്ത്രിയായി മാറുകയും ചെയ്ത് കേരളത്തിന്റെ പൊതുപ്രവർത്തന രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്  വീണാ ജോർജ്. നിയുക്ത മന്ത്രിക്ക് കേരളാ ടൈംസിന്റെ ആശംസകൾ.
 

LEAVE A REPLY

Please enter your comment!
Please enter your name here