രാജേഷ് തില്ലങ്കേരി

കോൺഗ്രസിൽ തലമുറ മാറ്റത്തിന് തുടക്കമായി, വി ഡി സതീശനെ പ്രതിപക്ഷനേതാവായി പ്രഖ്യാപിച്ചിരിക്കുന്നു. മല്ലികാർജുന ഖാർഗെയും വൈദ്യലിങ്കവും കേരളത്തിലെ കോൺഗ്രസിന്റെ രോഗം കണ്ടെത്തിയതോടെയാണ് ചികിത്സ ആരംഭിച്ചത്. തൊലിപ്പുറത്ത് ചികിൽസമതിയെന്ന ഉമ്മൻ ചാണ്ടിയുടെ അഭിപ്രായമൊന്നും ഹൈക്കമാന്റ് ഡോക്ടർമാർ ചെവികൊണ്ടില്ലത്രേ…

കേരളത്തിലെ കോൺഗ്രസിന് ഇത് പരീക്ഷണകാലമാണ്. രണ്ടാം വട്ടവും നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടതോടെ കോൺഗ്രസ് ഹൈക്കമാന്റ് കേരളത്തിന്റെ കാര്യത്തിൽ  എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റു നോക്കുകയായിരുന്നു രാഷ്ട്രീയകേരളം.

മൂന്ന് നേതാക്കളെ കേന്ദ്രീകരിച്ചാണ് കോൺഗ്രസ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിരുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും, മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയിൽ തുല്യപങ്കാണെന്നാണ് കോൺഗ്രസ് ഹൈക്കമാന്റ് നിരീക്ഷകർ കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ടായി സജീവ സാന്നിദ്ധ്യമായിരുന്നു രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷനായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ രണ്ടാമനുമായി വളർന്ന ചെന്നിത്തല പ്രതിപക്ഷനേതാവായി വരുന്നത് അപ്രതീക്ഷിതമായിട്ടാണ്. സോളാർ ലൈംഗിക പീഢന കേസ് ഉൾപ്പെടെ വിവിധ വിവാദങ്ങളിൽ അകപ്പെട്ടതോടെയാണ്  എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനം ഉമ്മൻ ചാണ്ടി പ്രഖ്യാപിക്കുന്നത്, ഇതോടെയാണ് പ്രതിപക്ഷ നേതാവായി ചെന്നിത്തലയെത്തുന്നത്.


നിരവധി വിഷയങ്ങൾ ചെന്നിത്തല ഉയർത്തിക്കൊണ്ടുവന്നിരുന്നു. അതിലെല്ലാം സർക്കാർ പ്രതിരോധത്തിലാവുകയും, തിരുത്തലുകൾക്ക് തയ്യാറാവുകയും ചെയ്തിരുന്നുവെങ്കിലും എന്തുകൊണ്ടോ ചെന്നിത്തലയുർത്തിയ വിഷയങ്ങളൊന്നും ചർച്ചയാവുകയോ കത്തിപ്പടരുകയോ ചെയ്തിരുന്നില്ല.


ഉമ്മൻ ചാണ്ടി നാലുവർഷം സജീവമായി രംഗത്തും ഉണ്ടായിരുന്നില്ല. പഞ്ചായത്ത്, തെരഞ്ഞെടുപ്പിൽ യു ഡി എഫിനേറ്റ കനത്ത തിരിച്ചടിയോടെയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം വളരെ വീക്കായിരുന്നുവെന്ന് ഹൈക്കമാന്റിന് മനസിലാവുന്നത്. ഇതോടെ സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ വേണമെന്നും, നേതൃത്വത്തിൽ സമൂലമായ അഴിച്ചുപണി വേണമെന്നും ആവശ്യമുയർന്നു. കെ പി സി സിസി അധ്യക്ഷൻ മാറണമെന്ന ആവശ്യം ശക്തമായി. വിവിധയിടങ്ങളിൽ നേതൃത്വത്തിനെതിരെ ബാനറുകളും, പോസ്റ്ററുകളും ഉയർന്നു. ഇതോടെ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ മാറ്റമുണ്ടാവുമെന്ന് സൂചനകൾ വന്നു. എന്നാൽ ആരും മാറിയിലല്ലെന്നു മാത്രമല്ല, ജയിച്ച് ഭരണത്തിലെത്തുമെന്ന് വലിയ ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

എന്നാൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോൺഗ്രസിന് ഉണ്ടായത്. ഇതോടെ വീണ്ടും നേതൃത്വത്തിനെതിരെ വലിയ വികാരപ്രകടനമാണ് ഉണ്ടായത്. രമേശ് ചെന്നിത്തല അടക്കം എല്ലാവരും മാറണമെന്ന ആവശ്യമുയർന്നത്. ഹൈക്കമാന്റ് നിയോഗിച്ച നിരീക്ഷക സമിതിയുടെ റിപ്പോർട്ടും മാറ്റം വേണമെന്നായിരുന്നു.
എന്നാൽ ജോലിയില്ലാതാവുന്ന രമേശ് ചെന്നിത്തലയും ജോലിയിൽ നിന്നും പിരിച്ചുവിടൽ ഭീഷണി നേരിടുന്ന കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളിയും ആശങ്കയിലായിരുന്നു. ഉമ്മൻ ചാണ്ടിയുടെ സഹായത്തോടെ സ്ഥാനം നിലനിർത്താൻ ചെന്നിത്തല ശ്രമിച്ചുവെങ്കിലും തലമുറ മാറ്റത്തിന് തുടക്കമായിരിക്കുന്നു. യുവ എം എൽ
 എ മാരുടെ ശക്തമായ നിലപാടാണ് തലമുറ മാറ്റത്തിലേക്ക് നയിച്ചത്.

വി ഡി സതീശനെ നിയമിച്ച വിവരം അറിഞ്ഞ മുല്ലപ്പള്ളി താൻ മാറാൻ തയ്യാറാണ് എന്നാണ് അറിയിച്ചത്. എന്തായാലും തന്റെ തലയും ഉടൻ ഉരുളും എന്ന് വ്യക്തമായിരിക്കുന്നു. പ്രതിപക്ഷനേതാവിന്റെ ജോലി നഷ്ടപ്പെട്ട ചെന്നിത്തല ഇനി എന്ത് ചെയ്യും എന്നാണ് അടുത്ത ചോദ്യം.
ദേശീയ നേതൃത്വത്തിലേക്ക് പോവുമെന്നാണ് ചിലകേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ, എന്നാൽ അതുണ്ടാവില്ലെന്നും പറയപ്പെടുന്നു. പ്രതിപക്ഷ നേതാവായിരുന്നയാൾ കേവലം ഒരു എം എൽഎ യായി ഇരിക്കേണ്ടിവരുമോ എന്നാണ് ഉയരുന്ന ചോദ്യം.

ദേശീയ നേതൃത്വത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ചെന്നിത്തലയ്ക്കുണ്ടാവില്ല. ഹിന്ദി പരിജ്ഞാനം ചെന്നിത്തലയ്ക്ക് ദേശീയതലത്തിൽ പ്രവർത്തിക്കാൻ അനുകൂലഘടകമാണ്. എന്നാൽ ദേശീയതലത്തിൽ തന്നെ തകർച്ചയെ നേരിടുന്ന കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ ചെന്നിത്തലയ്ക്ക് എന്തു റോളാണ് നിർവ്വഹിക്കാനാവുക.
മുല്ലപ്പള്ളി മാറി കെ സുധാകരൻ വരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. മാറ്റങ്ങൾ ഗ്രൂപ്പടിസ്ഥാനത്തിലായിരിക്കില്ലെന്ന വ്യക്തമായ സൂചനയും ഹൈക്കമാന്റ് നൽകുന്നുണ്ട്. ജൂൺ മാസത്തോടെ പുതിയ അധ്യക്ഷനെ തീരുമാനിക്കും.

ന്യൂനപക്ഷക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയിലേക്ക് എത്തിയതിനെ ചോല്ലിയും വിവാദം

ചില വകുപ്പുകൾ അപ്രതീക്ഷിതമായി മാറിയതിനെചൊല്ലിയുള്ള അന്വേഷണമാണ് ഇപ്പോൾ ലീഗ് നടത്തുന്നത്. മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ പ്രധാനമായും ലക്ഷ്യമിട്ടാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിച്ചത്. മുസ്ലിം സമുദായാംഗങ്ങളാണ് മന്ത്രിമാരായിരുന്നത്. എന്നാൽ മന്ത്രിമാരുടെ വകുപ്പ് സർക്കാർ ഉത്തരവായി വന്നപ്പോൾ വി. അബ്ദുറഹിമാന് നൽകിയതായി പറഞ്ഞിരുന്ന ന്യൂനപക്ഷക്ഷേമവും, പ്രവാസികാര്യവും മുഖ്യമന്ത്രിക്കാണ്. നോക്കണേ പുകില്, മുസ്ലിംലീഗിന് ഇത് തീരെ സഹിച്ചില്ല.


മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്ത് ബാഹ്യസമ്മർദ്ധത്തെതുടർന്നാണെന്നാണ് ലീഗിന്റെ ആരോപണം. എന്നാൽ മുസ്ലിം സമുദായത്തിന്റെ മൊത്തം അട്ടിപ്പേറ് ലീഗിനെല്ലെന്നും, ആ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് കണ്ടാണ് അത്തരമൊരു തീരുമാനമുണ്ടായതെന്നുമാണ് മുഖ്യമന്ത്രി പിണറായി പ്രതികരിച്ചത്.
കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന കെ ടി ജലീൽ വിവാദങ്ങളിൽ അകപ്പെട്ടത് ഈ രണ്ടുവകുപ്പുകളിലൂടെയാണ്. 
 
ആരായാലും പെട്ടുപോയേക്കാവുന്ന വകുപ്പാണ് പ്രവാസികാര്യം. ന്യൂനപക്ഷമെന്നാൽ മുസ്ലിം സമുദായം മാത്രമല്ലല്ലോ. ക്രിസ്ത്യയാനികളിലുമുണ്ടല്ലോ സഹായം ആവശ്യമുള്ള വിഭാഗം. എന്നാൽ എല്ലാ സഹായവും മുസ്ലിംസമുദായത്തിന് മാത്രമായതിൽ ക്രിസ്ത്യൻ വിഭാഗത്തിന് എതിർപ്പുണ്ടായിരുന്നു. കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതോടെയാണ് പെട്ടെന്ന് തീരുമാനമുണ്ടായതെന്നാണ് വിവരദോഷികളായ ചില മാധ്യമപ്രവർത്തകർ പറയുന്നത്.

അപ്പോ അബ്ദുറിമാന് എന്താണ് വകുപ്പെന്ന് ചോദിച്ചപ്പോ പറയാണ്, ശക്തമായ രണ്ട് വകുപ്പുകളുണ്ട്,  കായികം, റെയിൽവേ എന്നീ വകുപ്പുകൾ… അതൊക്കെ ഉപവകുപ്പല്ലേ എന്നു ചോദിച്ചവരോട് അബ്ദുറഹിമാൻ പറയുന്നു അതിഗംഭീര തീരുമാനാണ് മുഖ്യമന്ത്രിയുടേതെന്ന്. ലാൽ സലാം സഖാവേ…

പതിമൂന്ന് എന്ന നമ്പർ അത്രയും കുഴപ്പമാണോ ?


പുരോഗമന ആശയക്കാർപോലും മന്ത്രിയാകുമ്പോൾ പതിമൂന്നാം  നമ്പർ കാറും, മൻമോഹൻ ബംഗ്ലാവും വേണ്ടെന്നു വെക്കുകയാണ് പതിവ്. എല്ലാവരും 13 എന്ന നമ്പരിനെ ഏറെ ഭയത്തോടെയാണ് കണ്ടിരുന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന ഡോ തോമസ് ഐസക്കാണ് നമ്പർ കാറും , മൻമോഹൻ ബംഗ്ലാവും ഏറ്റെടുത്തിരുന്നത്. ഇത്തവണ കൃഷിമന്ത്രി പി പ്രസാദാണ് 13 ാം നമ്പർ കാർ ചോദിച്ച് വാങ്ങിയത്. മൻമോഹൻ ബംഗ്ലാവ് ഗതാഗത മന്ത്രി ആന്റണി രാജുവിനാണ് നൽകിയത്. തന്റെ ഔദ്യോഗിക  വസതിയുമായി വച്ചുമാറാൻ താൻ തയ്യാറാണ് എന്നും പ്രസാദ് അറിയിച്ചിരിക്കയാണ്.
 

പതിമൂന്നാം നമ്പരിൽ ഒരു കുഴപ്പവുമില്ലെന്നും,
അബന്ധ ധാരണകളാണ് ഇതെന്നുമാണ് മന്ത്രിയുടെ അഭിപ്രായം. ബഹിരാകാശത്ത് ടൂറിസം സാധ്യതകൾ ആരായുന്ന കാലത്താണ് 13 നെ ഭയക്കുന്നതെന്ന് പി പ്രസാദ് പറയുന്നു.


പിണറായി മുഖ്യമന്ത്രിയായി കെ കെ ശൈലജ ഔട്ടുമായി

എൽ ഡി എഫ് വരും എല്ലാം ശരിയാവും എന്നായിരുന്നു 2016 ൽ എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പ് സ്ലോഗൻ. അഞ്ചുവർഷം കഴിഞ്ഞപ്പോൾ ഉറപ്പാണ് എൽ ഡി എഫ് വരുമെന്നായി. എൽ ഡി എഫ് വന്നു, ഉറപ്പായും ചിലരൊക്കെ മന്ത്രിസഭയിലുണ്ടാവുമെന്ന് കേരളത്തിലെ വോട്ടർമാർ കരുതി. പക്ഷേ, ആരുമുണ്ടായില്ല.

എല്ലാം പുതുമുഖങ്ങൾ മതിയെന്ന് പാർട്ടി തീരുമാനിച്ചിരിക്കുന്നു. പാർട്ടി തീരുമാനം അംഗീകരിക്കുന്നതായി ടീച്ചറമ്മയും പ്രതികരിച്ചിരിക്കുന്നു. പാർട്ടി തീരുമാനം എല്ലാവരും അംഗീകരിക്കുകയാണെന്ന് പിണറായി വിജയനും, കോടിയേരിയും പറയുന്നു. പാർട്ടി തീരുമാനം അന്തിമമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പറയുന്നു.
 
 
പാർട്ടിയാണ് മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരാനും ആവശ്യപ്പെട്ടത്. അതിനാൽ പിണണറായി തുടരുന്നു. പാർട്ടിയെ അംഗീകരിക്കുന്നു, പാർട്ടിയാണ് എല്ലാം എന്ന് ഒഴിവാക്കപ്പെട്ടവരും, മന്ത്രിയാക്കപ്പെട്ടവരും ഒരേപോലെ പറയുന്നു.

സഖാക്കളേ, ആരാണ് പാർട്ടിയെന്ന് ആർക്കെങ്കിലും മനസിലായോ, മട്ടന്നൂരിൽ അറുപതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച കെ കെ ശൈലജ എന്ന ടീച്ചറെ വേണ്ടെന്ന് തീരുമാനിച്ച അതേ പാർട്ടി, പാർട്ടിയുടെ ആക്ടിംഗ് സെക്രട്ടറിയുടെ ഭാര്യയായ ടീച്ചറെ  മന്ത്രിയാക്കിയ പാർട്ടി. തമാശ മാത്രം പറയുന്ന കാര്യങ്ങളൊന്നും പരസ്പരം സംസാരിക്കാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മരുമകനായ പി എ മുഹമ്മദ് റിയാസിനെ പൊതുമരാമത്ത് മന്ത്രിയാക്കിയ ആ പാർട്ടിയെ ഒന്നു കാണാൻ ആരും ആഗ്രഹിച്ചുപോവും,  ആരാണാവോ ആ പാർട്ടി. ആർക്കും അറിയില്ല, ആരും കണ്ടിട്ടില്ല, എന്നിട്ടും പാർട്ടി നിഗ്രഹാനുഗ്രഹ ശക്തിയുള്ള പാർട്ടി.

ചിലരെ തെരഞ്ഞെടുപ്പന് മുൻപ് ഒഴിവാക്കി, ചിലരെ ജനങ്ങൾ ഒഴിവാക്കി. ബാക്കി വന്നവരെ പാർട്ടിയും ഒഴിവാക്കി. അങ്ങിനെ എല്ലാം പുത്തനായി.

ലാൽ സലാം.

കൊടകര കുഴൽപണക്കേസ് ബി ജെ പിക്ക് കുരുക്കാവുന്നു

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കം പെടുമെന്നായിരുന്നു ബി ജെ പിയുടെ വെല്ലുവിളി.

കള്ളപ്പണം തട്ടിയെടുത്ത കേസ് ബി ജെ പിയെ വെട്ടിലാക്കുമോ. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊണ്ടുവന്ന കോടികളാണ് കൊടകരയിൽ നിന്നും വണ്ടിയിടിച്ച് ഒരു സംഘം ഗുണ്ടകൾ തട്ടിയെടുത്തത്. 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു ആദ്യ പരാതി. അന്നു മുതൽ ബി ജെ പി നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ നഷ്ടപ്പെട്ടത് 25 ലക്ഷം മാത്രമാണെന്നും അതല്ല അനധികൃതമായി കോടികളാണ് വന്നിരിക്കുന്നതെന്നുമായിരുന്നു ആരോപണം.
 

പണം തട്ടിയ സംഘത്തിൽ നിന്നും പണം കണ്ടെടുത്തപ്പോൾ 25 ലക്ഷമല്ല എന്നു പൊലീസിന് വ്യക്തമായിരുന്നു. പണം കൊണ്ടുവന്നത് എവിടെ നിന്നാണ്, ആരാണ് കൊടുത്തുവിട്ടത്, ആർക്കുവേണ്ടിയാണ് പണം കൊണ്ടുവന്നിരിക്കുന്നത് എന്നൊക്കയാണ് പൊലീസ് അന്വേഷിക്കുന്നത്.

എന്തായാലും ബി ജെ പി നേതാക്കളിലേക്ക് അന്വേഷണം എത്തിയിരിക്കയാണ്. ആരുടെയൊക്കെ തലകൾ ഉരുളും, ആരൊക്കെ കേസിൽ പെടും എന്നുമാത്രമാണ് ഇനി അറിയേണ്ടത്. എന്തായാലും പിണറായിയുടെ പൊലീസ് ബി ജെ പി നേതാക്കളെ കുരുക്കും എന്നു തന്നെയാണ് ലഭിക്കുന്ന സൂചനകൾ.

വാൽകഷണം :
ജനകീയനായിരിക്കണം, ഒപ്പം സ്വീകാര്യതയും ഉള്ളയാളായിരിക്കണം  കെ പി സി സി അധ്യക്ഷനാവേണ്ടതെന്ന് കെ സുധാകരൻ. അങ്ങിനെയൊരാളുണ്ട്, അത് കെ സുധാകരൻ തന്നെയാണെന്ന് ഇനിയെങ്കിലും ഹൈക്കമാന്റ് തിരിച്ചറിയണം.

LEAVE A REPLY

Please enter your comment!
Please enter your name here