രാജേഷ് തില്ലങ്കേരി

ഒരച്ഛൻ മകൾക്കെഴുതിയ കത്തുകൾ എന്ന പ്രസിദ്ധമായ കൃതിയെക്കുറിച്ച് നമ്മൾ ഭാരതീയർക്കെല്ലാം അറിവുള്ളതാണ്. കാരണം ആ കത്തുകൾ അയച്ചത് ഭാരതീയർക്കെല്ലാം ഏറെ പ്രീയങ്കരനായിരുന്ന സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവായിരുന്നു. ആ കത്തുകൾക്ക് ലഭിച്ചത് നെഹ്രുവിന്റെ മകളും പിന്നീട്  ആധുനിക ഇന്ത്യയുടെ ശില്പിയുമായി മാറിയ ഇന്ദിരാ ഗാന്ധിക്കുമായിരുന്നു. ഇന്ദിരാഗാന്ധി മുസ്സൂറിയിൽ താമസിക്കുമ്പോൾ നെഹ്രു അയച്ചതാണ് കത്തുകൾ. അത് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു.
രണ്ടുപേരും കോൺഗ്രസിന്റെ സമുന്നതരായ നേതാക്കളുമായിരുന്നു. അതുകൊണ്ട് തന്നെ ഒരച്ഛൻ മകൾക്കയച്ചകത്തുകൾ ഏറെ വായിക്കപ്പെട്ടു. ഭൂമിയുടെ ഉത്ഭവം, മനുഷ്യന്റെ പരിണാമം, പ്രകൃതിയുടെ വൈവിധ്യം, ആദ്യമുണ്ടായ ജീവികൾ, മനുഷ്യരിലെ വിവിധ വർഗങ്ങൾ, ഭാഷ, ചരിത്രം, സംസ്‌കാരം, മതം, ആര്യൻമാരുടെ കുടിയേറ്റം തുടങ്ങി നിരവധി വിഷയങ്ങളാണ് നെഹ്രു തന്റെ കത്തിൽ എഴുതിയിരുന്നത്.

ഇതൊക്കെ ഇവിടെ ഓർക്കാൻ കാരണം,  
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരുമകളും മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ ഭാര്യയും നിലവിലെ കോൺഗ്രസ് അധ്യക്ഷയുമായ  സോണിയാ ഗാന്ധിക്ക്  കേരളത്തിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന കത്തുകളെ കുറിച്ച് ഓർത്തതുകൊണ്ടാണ്. ഒരു പക്ഷേ ഈ  കത്തുകൾ ഒരു പുസ്തകമാക്കാനുള്ള അവസരം ലഭിച്ചേക്കുമെന്നുള്ള തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ്.
കേരളത്തിലെ കോൺഗ്രസിന്റെ ഉദ്ഭവം, രാഷ്ട്രീയ കാലാവസ്ഥ, കോൺഗ്രസുകാരായിരുന്ന പലരുടെയും പരിണാമം, ആദ്യമുണ്ടായ ഗ്രൂപ്പുകൾ, അതിന്റെ നേതാക്കൾ, പുറത്തുപോയി തിരികെ കോൺഗ്രസിൽ എത്തിയവർ, ഗ്രൂപ്പുമാറിയവർ, ഗ്രൂപ്പ് നേതാക്കളുടെ പലപ്പോഴായി ഉണ്ടായ നിലപാട് മാറ്റം, ലീഡർ കെ കരുണാകരനും മകനും പാർട്ടി വിട്ടുപോയതിന്റെ ചരിത്രം, തിരികെ വന്നതിന്റെ കാലാവസ്ഥാ വ്യതിയാനം, പി സി ചാക്കോയെ പോലുള്ള ചിലരുടെ എൻ സി പിയിലേക്കുള്ള കുടിയേറ്റം, സൂര്യവെളിച്ചത്തിന്റെ പിന്നാമ്പുറത്തെ നാറിയ കഥകൾ തുടങ്ങിയവയാണ് ഒരു കത്തിലെ പ്രധാന പ്രമേയം. പ്രതിപക്ഷനേതാവായിട്ടും
പോരാളിയെന്ന നിലയിലുള്ള പരിഗണനകളൊന്നുമില്ലാതെ, നിഷ്‌കാഷിതനാക്കപ്പെട്ടതിന്റെ ചരിത്രത്തിൽ എത്തി നിൽക്കുമ്പോഴാണ് അടുത്ത കത്ത്.
കേരളത്തിലെ മുൻ പ്രതിപക്ഷനേതാവും, ആരൊക്കയോ ചേർന്ന് തള്ളിത്താഴെയിടപ്പെട്ട മുൻ കെ പി സി സി അധ്യക്ഷനും ഹൈക്കമാന്റിനയച്ച കത്തുകളും ചേർത്താണ് ഒരു പുസ്തകമായി മാറ്റാനുള്ള സാധ്യത തെളിയുന്നത്.
പലർക്കും കേരളത്തിലെ കോൺഗ്രസിനെ കുറിച്ചും, ഗ്രൂപ്പിനെക്കുറിച്ചും പലതും പഠിക്കാനും, തിരിച്ചറിയാനുമുള്ള നിരവധി വിജ്ഞാനപ്രധമായ ഭാഗങ്ങളും ഈ കത്തുകളിലുണ്ടത്രേ….

പുതിയ കെ പി സി സി അധ്യക്ഷനെകണ്ടെത്താനുള്ള ദേവ പ്രശ്‌നത്തിലാണ് ഹൈക്കമാന്റ്. അതിനിടയിൽ രണ്ട് കത്തുകൾ വായിച്ചു തീർക്കാനുള്ള തിരക്കിലാണ് ഹൈക്കമാന്റ്. കത്തുകൾ വായിച്ചുകഴിയുന്ന മുറയ്ക്ക് പുതിയ പി സി സി അധ്യക്ഷനെ പ്രഖ്യാപിക്കുകതന്നെ ചെയ്യും.
കോൺഗ്രസിലെ എ ഗ്രൂപ്പുകാരെ ഞെട്ടിപ്പിച്ചത് അതൊന്നുമായിരുന്നില്ല, ഉമ്മൻ ചാണ്ടിയാണ് തോൽവിക്ക് കാരണക്കാരനെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലാണ് എ ഗ്രപ്പ് നേതാക്കളെ ഇരുത്തി ചിന്തിപ്പിച്ചിരിക്കുന്നത്.

അവഹേളിച്ച് ഇറക്കിവിട്ടുവെന്ന പരാതിയാണ് രമേശ് ചെന്നിത്തലയുടെ കത്തിലെ പ്രധാന ഭാഗമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ.  പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഗംഭീര പെർഫോമൻസ് നടത്തിയിട്ടും, അവസാന ഘട്ടത്തിൽ ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കാനുള്ള ഹൈക്കമാന്റ് തീരുമാനം തോൽവിക്ക് കാരണമായി എന്നാണ് ചന്നിത്തല കണ്ടെത്തിയത്. പ്രതിപക്ഷ നേതാവായി ചെന്നിത്തല തുടരണമെന്ന് ഹൈക്കമാന്റിനോട് അഭ്യർത്ഥിച്ച നേതാവായിരുന്നു  ഉമ്മൻ ചാണ്ടി. എന്നിട്ടും കത്തിൽ ഒരു കുത്ത് കുഞ്ഞൂഞ്ഞുസാറിനിട്ടാണ്.  ‘ചെന്നിത്തലയുടെ കത്തിലെ കുത്തിനെതിരെ എ ഗ്രൂപ്പിന്റെ ശക്തമായ പ്രതിഷേധവുമായി കെ സി ജോസഫ് രംഗത്തിറങ്ങിക്കഴിഞ്ഞു.
ഇനിയിപ്പോൾ മുല്ലപ്പള്ളിയുടെ കത്തിലെ കുത്തുകൾ ആർക്കൊക്കെ ഇട്ടാണ് എന്ന് വരാനിരിക്കുന്നതേയുള്ളൂ.
അശോക് ചവാൻ തെളിവെടുപ്പിന് വന്നതൊന്നും ഇഷ്ടമായിരുന്നില്ലല്ലോ മുല്ലപ്പള്ളിക്ക്.  അദ്ദേഹം ചവാനെ കാണാനൊന്നും പോയില്ല, എന്തിന് വെറുതെ, വീണ്ടും ഇംഗ്ലീഷ് പറഞ്ഞ് നാണം കെടുന്നു എന്നും മുല്ലപ്പള്ളി കരുതിക്കാണും.

ലക്ഷദ്വീപിൽ ഒരുമിച്ച കേരളം

പൊതു ശത്രുവിനെതിരെ കേരളം ഒരുമിക്കുന്ന കാഴ്ചയാണ് നാം കേരള നിയമസഭയിൽ കണ്ടത്. ലക്ഷദ്വീപിനെതിരെയുള്ള കേന്ദ്രസർക്കാരിന്റെ കുൽസിത നീക്കത്തിനെതിരെ ഏകകണ്ഠമായാണ് നിയമസഭ പ്രമേയം പാസാക്കിയത്. ലക്ഷദ്വീപിനെ തകർക്കാനുള്ള  ശ്രമത്തിൽ നിന്നും കേന്ദ്രസർക്കാർ പിൻവലിയണമെന്നും, വിവാദ നടപടിയുമായി മുന്നോട്ട് പോവുന്ന പ്രഫുൽ ഖോഡ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ കാതൽ. സംഘ്പരിവാർ
കഴിഞ്ഞ തവണ കേന്ദ്ര നിലപാടിനെതിരെ രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചിരുന്നു.


ദേശീയ പൗരത്വബില്ലിനെതിരെയും, കാർഷിക ബില്ലിനെതിരെയുമായിരുന്നു നേരത്തെ ഒരുമിച്ചുള്ള പോരാട്ടം. അപ്പോഴൊക്കെ പേരിനെങ്കിലും ഒരു രാജേട്ടനുണ്ടായിരുന്നു. ഇത്തവണ കേന്ദ്രവികാരമുള്ള ആരുമില്ലാത്തതിനാൽ പ്രമേയത്തെ എല്ലാവരും ചേർന്ന് ആഘോഷപൂർവ്വം പ്രമേയം കയ്യടിച്ച്  പാസാക്കി.
കാവി വൽക്കരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ, നിയമം അറബിക്കടലിൽ വലിച്ചെറിയണമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.
ഇന്ന് ലക്ഷദ്വീപ്, നാളെ കേരളം, അവർക്ക് ഇഷ്ടമില്ലാത്തിടത്തെല്ലാം ഇത്തരം നിയമങ്ങളുമായി ബി ജെ പി വരുമെന്നായിരുന്നു ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

എന്തായാലും കേന്ദ്രം ഒന്നു ഞെട്ടിയിട്ടുണ്ട്. ലക്ഷദ്വീപിനെ അത്ര പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയില്ലെന്ന് അമിത്ഷാ ജിക്കും വ്യക്തമായിട്ടുണ്ട്.  അബ്ദുല്ലക്കുട്ടിയോട് അമിത് ഷാ പറഞ്ഞതായി വരുന്ന വാർത്തകൾ ലക്ഷദ്വീപുകാർക്ക് ആശ്വാസമുള്ളതാണ്. നിയമങ്ങൾ അതേ പടി നടപ്പാക്കില്ലെന്ന് ഉറപ്പു ലഭിച്ചുവെന്നാണ് അബ്ദുല്ലക്കുട്ടി പറയുന്നത്.

ടീച്ചർ പുതിയ റോളിൽ, ഇനി അവഗണിച്ചുവെന്ന പരാതി വേണ്ടാ…
 
കെ കെ ശൈലജയെ മന്ത്രിയായി പരിഗണിക്കാത്തതിന് സി പി എം ഇനി കേൾക്കാൻ പഴിയൊന്നും ബാക്കിയില്ല. ലോകം ശ്രദ്ധിച്ച ആരോഗ്യമന്ത്രിയെ പിണറായി വിജയൻ ഒതുക്കിയെന്നായിരുന്നുവല്ലോ ആരോപണം. കെ കെ ശൈലജയെ മന്ത്രിയാക്കാത്തതിൽ ശശി തരൂർ മുതൽ തലമുണ്ഠനം ചെയ്ത മുൻ മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷിന് പോലും സങ്കടമായിരുന്നു. എന്നാൽ പാർട്ടി ആരെയും തഴഞ്ഞിട്ടില്ലെന്നും, പാർട്ടി ഓരോ തവണയും ഓരോ നേതാക്കൾക്ക് തീർത്തും വ്യത്യസ്തമായ ചുമതലകളാണ് കൊടുക്കാറെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ടീച്ചറെ ഒരു സ്ത്രീയായതിനാൽ ഒതുക്കുന്നു എന്നായിരുന്നു വീണ്ടും ഉയർന്ന ആരോപണം. എന്നാൽ അതെല്ലാം വെറുതേയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് കെ കെ ശൈലജയുടെ നിയമസഭയിലെ പെർഫോമൻസ്.


രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗം ആരംഭിച്ചത് കെ കെ ശൈലയുടെ പ്രസംഗത്തോടെയായിരുന്നു. ഇത് പതിവില്ലാത്തതാണ്. സി പി എമ്മിലെ പ്രമുഖ പുരുഷ നേതാക്കളാണ് അത്തരം ചുമതലകൾ കാലങ്ങളായി നിർവ്വഹിച്ചു പോന്നിരുന്നത്. കേരള നിയമ സഭയുടെ ചരിത്രത്തിലാധ്യമായാണത്രേ, ഒരു വനിതാ എം എൽ എ ഗവർണർക്ക് നന്ദി രേഖപ്പെടുത്തി ആദ്യ പ്രസംഗം നടത്തുന്നത്. ഇനി ആരോപണങ്ങളും പരാതിയുമായി ആരും വരേണ്ടാ, കെ കെ ശൈലജയെ ആരും അവഗണിച്ചിട്ടില്ല, ഒതുക്കിയിട്ടുമില്ല  എന്ന് സി പി എം അറിയിച്ചിരിക്കയാണ്.

ആർ എസ് പിയിലെ അവധിയും, ഷിബുവിന്റെ സ്വപ്‌നഭംഗവും


വലിയ തൊഴിലാളി -വിപ്ലവ പ്രസ്ഥാനമാണ് ആർ എസ് പി (ബി) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന റവലൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ബോൾഷെവിക്ക് ). ആർ എസ് പി ബിയിലെ ബി ബേബിജോണാണെന്നു ആരെങ്കിലും കരുതിയിരുന്നുവെങ്കിൽ അത് യാഥ്യശ്ചികമാണ്.
കൊല്ലം ജില്ലയിലെ ചവറയായിരുന്നു ആർ എസ് പി യുടെ ആസ്ഥാനം. ചവറയിൽ നിന്നും ആരംഭിച്ച് ചവറയിൽ അവസാനിക്കുന്ന പാർട്ടിയെന്നൊക്കെ ശത്രുക്കൾ ആരോപിച്ചിരുന്ന പാർട്ടി.
പലവിധ അഭിപ്രായ ഭിന്നതകൾ ഉണ്ടായതിനെ തുടർന്ന് ഒരു വിഭാഗം ആർ എസ് പിക്കാർ പിളർന്നു പോയി. ഷിബു ബേബിജോൺ യു ഡി എഫിനൊപ്പവും, ചന്ദ്രചൂഡനും പ്രേമചന്ദ്രനുമടടങ്ങുന്ന വിഭാഗം എൽ ഡി എഫിൽ തുടരുകയുമായിരുന്നു. ഒടുവിൽ പിണറായിയുടെ പരനാറി പ്രയോഗത്തോടെ പ്രേമനും സംഘവും എൽ ഡി എഫിൽ നിന്നും ഓടിരക്ഷപ്പെട്ടു.
 

പിളരും തോറും വളരുന്ന അത്ഭുതമോ, പാരമ്പര്യമൊ ഒന്നുമില്ലാത്തതിനാൽ ആർ എസ് പി ഒരുമിച്ചു. ലയിച്ചുവെന്നർത്ഥം.
പ്രേമചന്ദ്രൻ കൊല്ലത്തുനിന്നും  എം പി യായി. ഇതോടെ ദേശീയ തലത്തിൽ സി പി എമ്മിനൊപ്പം നിന്നിരുന്ന ആർ എസ് പി ആത്മാവ് നഷ്ടപ്പെട്ട അവസ്ഥയിലുമായി. എന്തായാലും രണ്ട് പാർട്ടിയും യോജിച്ചതോടെ കഴിഞ്ഞ രണ്ടു തവണയായി പാർട്ടിക്ക് കൊല്ലം ജില്ലയിൽ അവകാശികളായി ആരും നിയമസഭ കണ്ടില്ല. ചവറയിൽ നേരത്തെ രണ്ട് ആർ എസ് പികൾ തമ്മിൽ പോരാടിയാൽ ഏതെങ്കിലും ആർ എസ് പി ജയിക്കും. ഏതെങ്കിലും ഗ്രൂപ്പിൽ പെട്ടവർ മന്ത്രി സഭയിലുമുണ്ടാവും. ഇപ്പോഴിതാ ആർ എസ് പിയില്ലാത്ത രണ്ടാമത്തെ സർക്കാരാണ് ഭരണത്തിലേറിയിരിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഷിബു ബേബിജോണിന് കാര്യം പിടികിട്ടിയിരുന്നു, സംഗതി കുഴപ്പമാവുമെന്ന്. സി പി എമ്മിന്റെ ചില നേതാക്കളുമായി സംസാരവും നടന്നു. എന്നാൽ എം പിയായ എൻ കെ പ്രേമചന്ദ്രൻ എൽ ഡി എഫിലേക്ക് തിരികെ പോവാൻ തയ്യാറായിരുന്നില്ല. മാത്രമല്ല, കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ വരുമെന്നും ചവറയിൽ നിന്നും വിജയിക്കുമെന്നും വിശ്വസിച്ചു. എന്നാൽ വിശ്വാസവും ആഗ്രഹങ്ങളും എല്ലാം തകർന്നുപോയി.  ഷിബുവി ഇപ്പോൾ അവധിയിലാണ്. അവധിയെടുത്ത് ഷിബു നേരത്തെയും മാറി നിന്നിട്ടുണ്ട്. അന്നൊക്കെ ബിസിനസിൽ സജീവവുമായിരുന്നു. ഷിബു വീണ്ടും ബിസിനസിലേക്ക് മാറുകയാണോ എന്ന സംശയവും അണികൾക്കുണ്ട്.

വാൽകഷണം :


തന്നെ കെ പി സി സി അധ്യക്ഷനാക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കോൺഗ്രസ് നേതാവ് കെ സുധാകരൻ പറയുന്നത്. അപ്പോ കാര്യം സുധാകരന് മനസിലായി, കുപ്പായം വീണ്ടും ടൈറ്റായി, ധരിക്കാൻ പറ്റാതാവുമെന്ന് …
അധ്യക്ഷസ്ഥാനത്തേക്ക് വേറെ ആൾ വരുമെന്നും അദ്ദേഹത്തിന് ചില സൂചനകൾ ലഭിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here