രാജേഷ് തില്ലങ്കേരി

എന്തെങ്കിലും വിവാദങ്ങളിലെല്ലെങ്കിൽ ഒരു രസവുമില്ലെന്ന അവസ്ഥയിലാണ് മലയാളികൾ. കൊറോണ കാലം മലയാളികൾ ബോറടിക്കാതെ കഴിഞ്ഞുകൂടിയത് സ്വപ്‌ന സുരേഷിന്റെ വീരകഥകൾ കേട്ടാണ്. സ്വർണകേസ്, ഡോളർ കേസ്, റെഡ് ക്രസന്റ് കേസ്, പ്രൈസ് വാട്ടർ കൂപ്പർ കമ്പനി, സ്പ്രിഗ്‌ളർ ഇടപാട് , റെഡ് ക്രസന്റിന്റെ ഫ്‌ളാറ്റ് നിർമ്മാണത്തിന്റെ അഴിമതിക്കഥകൾ…….
എന്നിവയുടെ നിറം പിടിപ്പിച്ച കഥകളിലൂടെയാണ്.  പിന്നീട് ഉപകഥകളായി ഖുറാൻ കടത്ത് കേസ്, ഈന്തപ്പഴക്കടത്ത് കേസ് തുടങ്ങി വേറെയുമുണ്ട്. 
 
മുൻസ്പീക്കർ, മുഖ്യമന്ത്രിയുടെ മുൻപ്രൈവറ്റ് സെക്രട്ടറി എന്നിവരുടെ ചില ഇടപാടുകൾ തുടങ്ങി വിവാദങ്ങൾ പിന്നെയും മുന്നോട്ട് പോയി. ഇടയ്ക്ക് പഴയ സോളാർ കേസും, ബാർ കേസുമൊക്കെയായി ബിജുരമേഷ്, സോളാർ നായിക സരിതാ നായർ തുടങ്ങിയവർ രംഗത്തെത്തിയെങ്കിലും അതിനൊന്നും വേണ്ടത്ര ലൈക്ക് കിട്ടിയില്ല. അതിനാൽ വൈറലുമായില്ല… അവസാന ഘട്ടത്തിൽ കത്തിയത് ഇ എം സി സി കരാറായിരുന്നു. കേരളത്തിന്റെ കടലിൽ വൻതോതിൽ മത്സ്യബന്ധനം, സംസ്‌കരണം, കയറ്റുമതി…. എന്റമ്മോ കേട്ടാൽ ഞെട്ടുന്ന പദ്ധതി…എല്ലാം തട്ടിപ്പിന്റെ കഥകൾ. മേഴ്‌സിക്കുട്ടിയമ്മയെ കുരുക്കിലാക്കിയ വിവാദം.
 
 
എല്ലാം കഴിഞ്ഞു, പുകയടങ്ങിയ ശ്മശാനം പോലെയായി ഇരിക്കുമ്പോഴാണ് കൊടകരയിൽ മറ്റൊരു വിവാദത്തിന് തുടക്കം കുറിക്കുന്നത്. ആദ്യം അതൊരു പണം കവർന്ന കേസായിരുന്നു. എന്നാൽ അതങ്ങ് വളർന്ന് വളർന്ന് വലിയ വിവാദമായി മാറി. ബി ജെ പിയുടെ നേതാക്കളിലേക്ക് നീണ്ടു തുടങ്ങി. ഇതോടെ പലരും സംശയത്തിന്റെ നിഴലിലായി. അന്വേഷണം പതിവുപോലെ സാവധാനം ഇഴഞ്ഞു നീങ്ങി. ഒടുവിൽ ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ നേരെ തിരിഞ്ഞതോടെ കേരളം കേട്ടത് തെരഞ്ഞെടുപ്പിൽ കോടികളുടെ കള്ളപ്പണം ഒഴുകിയതിന്റെ കഥകളാണ്.
 

സുരേന്ദ്രൻ പ്രതിക്കൂട്ടിലായതോടെ ഡൽഹിയിൽ നിന്നും അദ്ദേഹത്തോട് ഹാജരാവാൻ ആവശ്യപ്പെട്ടുവത്രേ…
ബി ജെ പിയിലെ സുരേന്ദ്രൻ വിരുദ്ധപക്ഷം ശക്തമായി എതിർപ്പുമായി എത്തിയെങ്കിലും പാറപോലെ കുമ്മനം ജി എത്തിയതോടെ പലരുടെയും പാറപോലുള്ള മനസ് ഉരുകിയത്രേ… മഞ്ചേശ്വരത്ത് കെ സുന്ദരയും കണ്ണൂരിൽ പ്രസീദ അഴീക്കോടും സുരേന്ദ്രന്റെ പണമിടപാടിനെകുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയതോടെ ശരിക്കും ബി ജെ പി പ്രതിരോധത്തിലായി.

ഡൽഹിയിൽ പോയ സുരേന്ദ്രൻ തിരികെ കേരളത്തിലെത്തിയപ്പോൾ കൊടകര വിവാദം മാറിയിരിക്കുന്നു. ഇപ്പോൾ മാധ്യമങ്ങളിലെ വിവാദം മരം വെട്ടാണ്. വിവാദങ്ങൾ ഒരേ രീതിയിൽ പോവുമ്പോൾ ബോറടിക്കുമല്ലോ….

സാർ, അതിനുമാത്രം ഉപ്പുണ്ടോ ഇവിടെ തിന്നാൻ….

ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുട്ടിൽ വനംമുറി കേസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ വർഷത്തെ ഏറ്റവും ഹിറ്റായ പഴമൊഴി മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ടതില്ലെന്നായിരുന്നു. സ്വർണക്കടത്ത് കേസിലാണ് മുഖ്യമന്ത്രി ഈ പഴഞ്ചൊല്ലുമായി എത്തിയത്. പിന്നീട് സി പി എമ്മിന്റെ എല്ലാ (ചോട്ടാ) നേതാക്കളും മുഖ്യമന്ത്രിയുടെ വാക്കുകൾ ആവർത്തിച്ചു.

മുട്ടിൽ മരം കൊള്ളയിൽ നിലവിലുള്ള വനം മന്ത്രി കൈകഴുകി കഴിഞ്ഞു. മുൻ വനം മന്ത്രിയും കൈകഴുകിക്കൊണ്ടിരിക്കയാണ്. റവന്യൂ വകുപ്പാണ് കുറ്റക്കാരെന്നാണ് നിലവിലുള്ള വനം മന്ത്രി എ കെ ശശീന്ദ്രൻ പറയുന്നത്. പൂച്ചയാണ് പുള്ളിയുടെ ഇഷ്ടമൃഗം. പൂച്ചപോലും അറിയാതെ കാര്യങ്ങൾ നിർവ്വഹിക്കുന്ന വനം വകുപ്പിനെ അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ.
 

വനം മന്ത്രിയാവുന്നതിന് മുൻപുതന്നെ ആന്റോ അഗസ്റ്റിനും, റോജി അഗസ്റ്റിനും മന്ത്രിയുമായി ബന്ധമുണ്ടായിരുന്നുവെന്നും, മരം ലോബികൾക്ക് മന്ത്രിമാർ വഴിവിട്ട് സഹായം ചെയ്തിട്ടുണ്ടെന്നുമാണ് ആരോപണം.

കർഷകരുടെ പേരിൽ മരം വെട്ടാനുള്ള അനുമതി നൽകിയെന്നാണ് മുൻ റവന്യു വകുപ്പ് മന്ത്രിയുടെ വാദം. 
എന്നാൽ കേരളത്തിലെ ഈട്ടി വെട്ടാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നുവെന്നാണ് പി ടി തോമസിന്റെ ആരോപണം. ആരോപണം കൊഴുക്കുകയാണ്.
 
 വയനാട് ഇതുപോലെ എന്തെല്ലാം കണ്ടിരിക്കുന്നു എന്നാണ് മരം മാഫിയയുടെ പ്രതികരണം. പേര്യ മരം മുറിക്കേസും, പഞ്ചാരക്കൊല്ലി മരം മുറിക്കേസും എന്തായി എന്ന ചോദ്യം  ഇപ്പോഴും ബാക്കിയുണ്ട്. വർഷങ്ങൾക്ക് മുൻപ് രാഷ്ട്രീയ കേരളം ഏറെ ചൂടോടെ ചെയ്ത കേസായിരുന്നുവല്ലോ അത്. അന്നത്തെ വനം മന്ത്രി ഇന്നും സി പി ഐയുടെ നേതാവായിതുടരുന്നുണ്ട്.

പട്ടയ ഭൂമിയിൽ നിന്നും ഈട്ടിയും തേക്കും, ചന്ദനവും വെട്ടിമാറ്റാൻ പറ്റില്ലെന്നാണ് നിയമം. എന്നാൽ ഈ നിയമങ്ങളെല്ലാം ചിലർക്കു മുന്നിൽ മാറ്റപ്പെടും.

എല്ലാം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് പതിവുപോലെ രക്ഷപ്പെടും. എൽ ഡി എഫാണ് ഭരിക്കുന്നതെങ്കിൽ ഉദ്യോഗസ്ഥ വീഴ്ച. യു ഡി എഫാണെങ്കിൽ മന്ത്രിയുടെ അഴിമതി, ഇതാണ് നയമെന്നാണ് കോൺഗ്രസിന്റെ ആരോപണം. പി ടി, ഈട്ടി, ഇഡി എന്നിങ്ങനെ നിറഞ്ഞു നിൽക്കുകയാണ് മാധ്യമങ്ങളിൽ മരം വെട്ടുകേസ്.

ഒരു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് വയനാട്ടിലെ മുട്ടിൽ മരം വെട്ടിനു പിന്നിലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. അപ്പോ തിന്ന ഉപ്പിന് പകരം അവർ ഐസ് ആയിരിക്കുമോ കഴിച്ചതെന്നായിരുന്നു സംശയം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ 
ഉപ്പു തിന്ന മരം വെട്ടുകാർ എല്ലാവരും വെള്ളം കുടിക്കാൻ തയ്യാറായി നിൽക്കയാണ്. എന്തുമാത്രം ഉപ്പുതിന്നുകാണുമെന്നാണ് അറിയാനുള്ളത്. കേരളത്തിൽ ഉപ്പു ക്ഷാമം അനുഭവപ്പെടുമോ എന്നും ആളുകൾ ഭയിക്കുന്നുണ്ട്.

എന്തായാലും വനം വകുപ്പിനെ വേട്ടയാടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്റെ ആരോപണം. കഴിഞ്ഞ മന്ത്രി സഭയിൽ വിവാദങ്ങളിൽ അകപ്പെട്ടതും മന്ത്രികസേര തെറിച്ചതുമെല്ലാം ശശീന്ദ്രന്റെ ഓർമ്മകളിൽ വീണ്ടും മിന്നിമറയുന്നുണ്ട് എന്ന് വ്യക്തം.


മുട്ടിൽ മരം വീണ് കൊടകര പണം കാണാതായി


കൊടകരകള്ളപ്പണ കേസ് കത്തി നിൽക്കുകയായിരുന്നു. കെ സുരേന്ദ്രന്റെ കച്ചവടം ഇതാ ഇപ്പം തീരുമെന്നു പറഞ്ഞ് കാത്തിരിക്കയായിരുന്നു കേരളം. അപ്പോഴാണ് മാധ്യമങ്ങളെല്ലാം വയനാട് ചുരം കയറിയത്. മൂന്നരകോടിയുടെ കള്ളപ്പണ ഇടപാട് ചർച്ച ചെയ്തുകൊണ്ടിരിക്കെയാണ് മുട്ടിൽ നടന്ന മരം വെട്ടിൽ 600 കോടിയാണെന്ന് വിവരം ലഭിക്കുന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല, കൊരകടപണം വഴിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ വാർത്താ ചാനലുകാരും.

കൊടപണം തന്റെ സ്വന്തം പണമാണെന്നാണ് ധർമ്മരാജന്റെ വെളിപ്പെടുത്തൽ. മാർവാടികളിൽ നിന്നും സംഘടിപ്പിച്ചതാണത്രേ… പണം വിട്ടുകിട്ടണമെന്നാണ് ധർമ്മജൻ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

അപ്പോ പൊലീസ് അന്വേഷണത്തിൽ കള്ളപ്പണം സംബന്ധിച്ച വ്യക്തമായ തെളിവുകൾ കിട്ടിയെന്നു പറയുന്നതോ സാർ…,

അതൊക്കെ ഇ ഡിയോട് പറഞ്ഞോളാമെന്നാണ് ധർമ്മങ്ങളുടെ രാജാവായ ധർമ്മരാജന്റെ മൊഴി. അപ്പോ, ഇ ഡി വന്ന് പണം വാങ്ങി ധർമ്മരാജന് കൊടുത്ത് , സോറി ധർമ്മരാജാ…. എന്ന് പറഞ്ഞ് പതിയെ പോവുമെന്ന് വിശ്വസിക്കുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ സാറ് പറഞ്ഞ പഴയ കഥ മാറ്റി പറയുമോ എന്നു മാത്രമാണ് ഇനി നമുക്കറിയേണ്ടത്. ശ്മശാനത്തിൽ തകർന്നു വീണ വിമാനത്തിന്റെ കഥയേ….
 

എന്തായാലും ബി ജെ പി നേതൃത്വത്തിനെ കണ്ട് കൊടകര പണത്തെ കുറിച്ച് വ്യക്തതയോടെ സംസാരിച്ചതിനു ശേഷം കെ സുരേന്ദ്രൻ വലിയ ആവേശത്തിലാണ്. കൊടകരയിൽ തട്ടി തന്റെ സ്ഥാനം തൽക്കാലം തെറിക്കില്ലെന്ന് ഉറപ്പിച്ചിരിക്കയാണ്. എന്നാൽ പാർട്ടിയിൽ പുതുതായി വന്ന ഐ പി എസുകാരെ കൊണ്ട് കൊടകര കേസ് അന്വേഷിപ്പിക്കുകയാണ് ബി ജെ പി ദേശീയ നേതൃത്വം. നമ്മൾ നേരത്തെ ഐ പി എസുകാരും അടിത്തൂൺപറ്റിയ ചില കേന്ദ്രസർക്കാർ ജീവനക്കാരും കൂട്ടത്തോടെ ബി ജെി പിയിൽ എത്തുന്നതിനെ സംശയത്തോടെയായിരുന്നു കണ്ടിരുന്നത്, അതിൽ ഖേദിക്കുന്നു. 
 
സ്വന്തമായി കേസ് അന്വേഷിക്കാൻ കെൽപ്പുള്ള പാർട്ടിയായി ബി ജെ പി യെ മാറ്റുകയെന്നതായിരുന്നു ഇതിനു പിന്നിലെ നീക്കമെന്ന് നമ്മൾ തിരിച്ചറിയാതെ പോയി, ക്ഷമിക്കണം.
ഇനി കൊടകര കേസ് റിട്ട. ഐ പി എസുകാരനായ ജേക്കബ് തോമസ് അന്വേഷിക്കും. കൊടകര കേസിൽ അന്തിമ തീരുമാനം ജേക്കബ് തോമസിന്റേതായിരിക്കും എന്നർത്ഥം. ബി ജെ പി ഭരണത്തിൽ വരുമ്പോൾ അഭ്യന്തര വകുപ്പ് ഏൽപ്പിക്കാനിരുന്നത് ഈ മുൻ ഐ പി എസ്ുകാരനെയായിരുന്നല്ലോ. 
 
സ്രാവുകൾക്കൊപ്പം നീന്തി പരിചയമുള്ള ജേക്കബ് തോമസ് കൊടകര കേസിലെ വമ്പൻ സ്രാവുകളെ കണ്ടെത്തുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. പാർട്ടി അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരണോ എന്നതിൽ ആനന്ദബോസ് അന്വേഷണ റിപ്പോർട്ട് പരിശോധിക്കുന്നതിനും പാർട്ടി തീരുമാനെടുത്തിട്ടുണ്ടത്രേ….
സി പി എമ്മിനു മാത്രമല്ല പാർട്ടി അന്വേഷിക്കുമെന്നു പറയാനുള്ള കെൽപ്പ് എന്ന് കേരളം തിരിച്ചറിയുന്നത് നല്ലത്.
അപ്പോ കെ സുന്ദരയ്ക്ക് പണം നൽകിയതും, സി കെ ജാനുവിന് പണം നൽകിയതും അന്വേഷിക്കുന്നത് ജേക്കബ് തോമസാണോ, അതോ സെൻ കുമാറാണോ എന്നു മാത്രം തീരുമാനമായിട്ടില്ല.

കാണാനിരിക്കുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലോ….

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, പുതിയ കെ പി സി സി അധ്യക്ഷൻ കെ സുധാകരനും ഒരേ നാട്ടുകാരാണ്. ഒരേ കോളജിൽ പഠിച്ചവരും. ഒരാൾ തലശ്ശേരി ബ്രണ്ണൻ കോളജിൽ ഊരിപ്പിടില്ല വാളിന് നടുവിലൂടെ നടന്നയാൾ, മറ്റേയാൾ ചങ്കൂറ്റം കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയയാൾ. അന്നു തൊട്ടു ശത്രുപക്ഷത്തായിരുന്നു ഇവർ രണ്ടുപേരും.
 
 

പിന്നീട് കേരള രാഷ്ട്രീയത്തിൽ നിരവധി രാഷ്ട്രീയ വിവാദങ്ങൾ …സി പി എമ്മിനെ അവരുടെ മടയിൽപോയി നേരിടാൻ കെൽപ്പുള്ള കോൺഗ്രസ് നേതാവ് എന്നാണ് കെ സുധാകരനെകുറിച്ചുള്ള വിശേഷണം.

പിണറായി വിജയനെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കെൽപ്പുള്ള നേതാവ് എന്ന നിലയിലാണ് കെ സുധാകരനെ കോൺഗ്രസ് ഹൈക്കമാന്റ് കാണുന്നത്. സുധാകരനെ കെ പി സി സി അധ്യക്ഷനാക്കിയതിനെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞ മാധ്യമ പ്രതിനിധികളോട് പറഞ്ഞത്, അവരുടെ ഒരു നേതാവിനെ കുറിച്ച് ഞാൻ എന്ത് പറയാനാണ്, വരാനിരിക്കുന്ന പൂരം കാണുകയല്ലാതെ പറയാൻ പാടുണ്ടോ എന്നായിരുന്നു. തെരഞ്ഞെടുപ്പ് കാലത്തും കെ സുധാകരൻ പിണറായി വിജയനെതിരെ ആഞ്ഞടിച്ചിരുന്നു.


ലക്ഷദ്വീപിൽ വീണ്ടും പ്രതിഷേധം

ഐഷ സുൽത്താനയ്‌ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ലക്ഷദ്വീപിലെ ബി ജെ പിയിൽ കലാപം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർക്കെതിരെയുണ്ടായ വിമർശനമാണ് ഐഷയ്‌ക്കെതിരെയുള്ള കേസ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതാണെന്നാണ് ദ്വീപ് നിവാസികളുടെ പ്രതികരണം. 
ബി ജെ പി ക്ക് ലക്ഷദ്വീപിൽ 125 പ്രവർത്തകരുണ്ടായിരുന്നു. ഇവരിൽ കുറേ പേർ നേരത്തെ രാജിവച്ചു, ഇപ്പോഴിതാ ഐഷ കേസുമായി ബന്ധപ്പെട്ടും രാജി തുടരുകയാണ്. ഐഷ് സുൽത്താനയ്ക്ക് രാജ്യവ്യാപകമായി പിന്തുണയും ഏറി വരികയയാണ്. സി പി ഐ ഐഷയ്ക്ക് നിയമ സഹായം വാഗ്ധാനം ചെയ്ത് രംഗത്തെത്തിയതോടെ രാജ്യദ്രോഹകുറ്റം ചുമത്തി ഐഷയെ ഒതുക്കാനുള്ള നീക്കം പാളുകയാണ്. ഒരു വനിതാ നേതാവിന്റെ ഉദയമാണ് ലക്ഷദ്വീപിലുണ്ടായിരിക്കുന്നത്.

നെന്മാറയിലെ  പ്രണയ പീഢനവും കൊച്ചിയിലെ ഫ്‌ളാറ്റ് പീഢനവും 

വ്യത്യസ്ഥ മതക്കാരായതിനാൽ പ്രണയിനിയെ വീട്ടിൽ 10 വർഷം ഒളിപ്പിച്ചു താമസിപ്പിച്ച കേസ് ശരിക്കും മലയാളിയെ ഞെട്ടിച്ചിരിക്കയാണ്. അസാധ്യമെന്ന് ആർക്കും തോന്നാവുന്ന സംഭവമാണ് പാലക്കാട് നെന്മാറയിൽ നിന്നും പുറത്തുവരുന്നത്.
റഹ്മാൻ-സജിത പ്രണയകഥയാണ് ഏറെ ദുരൂഹമായിതീരുന്നത്. വീട്ടുകാർ ആരും കാണാതെ   സജിതയെ വീട്ടിൽ താമസിപ്പിച്ചുവെന്നാണ് റഹ്മാൻ പറയുന്നത്. വീട്ടുകാർ റഹ്മാന്റെ വാദം നിഷേധിച്ചിരിക്കയാണ്. എന്തായാലും പത്തുവർഷം പുറത്തിറക്കാതെ പ്രണയിനിയെ ഒളിപ്പിച്ചുതാമസിപ്പിച്ചത് വലിയ പീഢനമാണ്. വീട്ടുകാരെ ഭയന്നാണ് ഒളിപ്പിച്ചുതാമസിപ്പിച്ചതെന്നാണ് റഹ്മാന്റെ വിശദീകരണം. ദേശീയ വനിതാ കമ്മീഷൻ സംഭവത്തിൽ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്.
 


എറണാകുളത്തു നിന്നും പുറത്തുവന്ന വാർത്ത മറ്റൊരു പീഢനത്തിന്റേതാണ്. ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ അതിക്രൂരമായി പീഢിപ്പിച്ച സംഭവമാണിത്. ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ സംശയത്തിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. കൊറോണക്കാലത്ത് എല്ലാവരും അടച്ചുപൂട്ടികഴിയവെയാണ് ഇത്തരം പീഢനകഥകൾ പുറത്തുവരുന്നത്. തൃശ്ശൂർ സ്വദേശിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതി ലഭിച്ചപ്പോഴും പൊലീസ് അത് കാര്യമായി എടുക്കാൻ തയ്യാറായില്ല. ഒടുവിൽ വിവാദ നായകനെ കണ്ടെത്താൻ പൊലീസിന് പൊതുജനങ്ങളുടെ സഹായം വേണ്ടിവന്നു.

തൃണമൂലും, ഘർബാപ്പസിയും

തൃണമൂൽ കോൺഗ്രസിനെ തർക്കുമെന്നും, പശ്ചിമബംഗാളിൽ ഇനി താമര തരംഗമായിരിക്കുമെന്നായിരുന്നു ബി ജെ പി ദേശീയ നേതൃത്വം പ്രചരിപ്പിച്ചിരുന്നത്. അതിനായി കുറേയധികം പണവും ബംഗാളിൽ ഇറക്കി. 
 
തൃണമൂലിൽ നിന്നും മമതാ ബാനർജിയുടെ ഏറ്റവും അടുപ്പക്കാരനായിരുന്ന മുകുൾ റോയിയെ ആദ്യം ബി ജെ പിയിൽ എത്തിച്ചു. പിന്നീട് സുബേന്ദു അധികാരിയെ, ഒപ്പം കുറേയധികം നേതാക്കളെ വിലയ്ക്കുവാങ്ങി. 
പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്രഅഭ്യയരമന്ത്രി അമിത് ഷായും പശ്ചിമബംഗാളിൽ പലപ്പോഴായി പറന്നിറങ്ങി. എന്നിട്ടും ദീദി കുലുങ്ങിയില്ല. ഭരണം നിലനിർത്തിയ മമതാ ബാനർജി കരുത്ത് തെളിയിച്ചു. ഇതോടെ 31 ബി ജെ പി എം എൽ എ മാർ തിരികെ തൃണമൂലിൽ എത്താനായി അക്ഷേ നൽകിയിരിക്കയാണ്.

തൃണമൂലിലേക്ക് മുകുൾ റോയി തിരികെയെത്തിയത് ദീദിയുടെ വിജയം. സുബേന്ദു അധികാരിയെ വേണ്ടെന്നു പറയുന്നതും അവരുടെ വിജയം. മമതാ ബാനർജി കരുത്തയാകുമ്പോൾ ബി ജെ പി പതറുകയാണ്.


വാൽകഷണം:

കോൺഗ്രസിന്റെ ദേശീയ നേതാക്കളിൽ ചിലർ ഇപ്പോഴും ബി ജെ പിയിലേക്ക് ചേക്കേറാനുള്ള തയ്യറാടുപ്പിലാണത്രേ…സച്ചിൻ പൈലറ്റാണ് ഈ ആഴ്ചയിലെ താരം. പോയിട്ടില്ല, പോയേക്കുമെന്ന സൂചനയാണ് സച്ചിൻ പൈലറ്റ് നൽകുന്നത്.  

LEAVE A REPLY

Please enter your comment!
Please enter your name here