രാജേഷ് തില്ലങ്കേരി

പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടാൻ കെൽപ്പുള്ള ഏക കോൺഗ്രസ് നേതാവാണ് കെ സുധാകരൻ എന്നു പറഞ്ഞപ്പോൾ കേരളീയർ ഇത്രയൊന്നും പ്രതീക്ഷിച്ചുകാണില്ല. ‘കാണാനിരിക്കുന്ന പൂരം പറഞ്ഞറിയിക്കണോ’  എന്നായിരുന്നു സുധാകരൻ കെ പി സി സി അധ്യക്ഷനായതിനെകുറിച്ചുള്ള പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇന്നിതാ പൂരത്തിന് കൊടിയേറിക്കഴിഞ്ഞു. ഇനി മേളത്തിന്റെ പെരുക്കമായിരിക്കുമെന്ന് സാരം.
 


കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബ്രണ്ണൻ അവലോകനം നടന്നത്. കെ സുധാകരൻ പണ്ട് കോളജിൽ വച്ച് ചവിട്ടിവീഴ്ത്തിയെന്ന് പറഞ്ഞപ്പോൾ അതൊട്ടും സഹിക്കാൻ പറ്റുന്നതായിരുന്നതല്ല, എഴുതി തയ്യാറാക്കി വന്ന സുധാകര വധം ഒരു ഖണ്ഡം ആടിതീർത്തു മുഖ്യൻ.

കണ്ണൂരിലെ പഴയ ബന്ധവൈരികളായിരുന്നു കെ സുധാകരനും പിണറായി വിജയും. അജയനും വിജയനും  വീണ്ടും പോരാട്ടം തുടങ്ങുകയാണ്. താൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്നും , കേരളം നേരിടുന്നത് , ജനത്തിന് അറിയേണ്ടത് പഴയ പോരാട്ടകഥയല്ല എന്നും പിണറായി വിജയൻ മറന്നു. ആഞ്ഞടിച്ചുകളഞ്ഞു. ഒരു തുടക്കമിടാൻ ഏതോ പത്രക്കാരന്റെ സഹായവുമുണ്ടായി.  

അസാധാരണമായ പോരിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഒരു വാരികയിൽ സുധാകരന്റേതായി വന്ന അഭിമുഖത്തിലാണ് പിണറായി മർദ്ദനകഥ വന്നത്.  

പിണറായി വിജയനെ ബ്രണ്ണൻ കോളജിൽ നടന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ പ്രതികരണം വെറും സ്വപ്‌നാടനം മാത്രമാണെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാൻ കെ സുധാകരൻ പദ്ധതിയിട്ടിരുന്നു എന്ന ഗുരുതരമായ ആരോപണവും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ നിരത്തിയതോടെ പിണറായി- സുധാകരൻ പോരിന് വഴിതുറന്നിടുകയായിരുന്നു. 
 
സുധാകരൻ കുറേ കാലമായി കുഴിച്ചുകൊണ്ടിരുന്ന കുഴിയിൽ പിണറായി വീഴുകയായിരുന്നോ അതോ, മുട്ടിൽ മരം മുറി വിവാദങ്ങളിൽ നിന്നും തൽക്കാലം തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായി പിണറായി ക്യാമ്പ് മനപൂർവ്വമുണ്ടാക്കിയ കുഴിയാണോ ഇതെന്ന് ഇനി കാണാനിരിക്കുന്നതേയുള്ളൂ.

എന്തായാലും കോൺഗ്രസ് അധ്യക്ഷനായി കെ സുധാകരന്റെ വരവോടെ തണുത്തുറഞ്ഞ കാലാവസ്ഥയായിരിക്കില്ല ഉണ്ടാവുകയെന്ന് വ്യക്തം. നത്തിംഗ് ഡൂയിംഗ് എന്നു പറയുന്ന അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു എന്ന് കോൺഗ്രസിനും ആശ്വസിക്കാം.

കൺനിറയെ ഹൈക്കമാന്റിനെ കണ്ടു, കുമ്പസാരിച്ചു, എല്ലാം മറന്നു, തൊഴുതു മടങ്ങിയ ചെന്നിത്തല

ആകെ മാനസിക സംഘർഷത്തിലായിരുന്നു ചെന്നിത്തല. തന്നോട് പോലും ആലോചിക്കാതെ രായ്ക്ക് രാമാനം പ്രതിപക്ഷനേതൃസ്ഥാനത്തുനിന്നും മാറ്റിയ നടപടിയിൽ കടുന്ന മാനസിക സംഘർഷത്തിലായിരുന്നു ചെന്നിത്തല സാർ. തനി ഗാന്ധിയനായിട്ടും അദ്ദേഹത്തിന് ഹൈക്കമാന്റിന്റെ ഈ നടപടി അത്രയങ്ങോട്ട് ക്ഷമിക്കാൻ തോന്നിയില്ല. ശക്തമായ ഭാഷയിലാണ് ഹൈക്കമാന്റിന് തന്റെ പ്രതിഷേധം അറിയിച്ചുകൊണ്ട് കത്തെഴുതിയതത്രേ… കത്തു വായിച്ച ഹൈക്കമാന്റിനും കരച്ചിൽ വന്നെന്നാണ് ഡൽഹിയിൽ നിന്നുള്ള വിവരം.

 പ്രതിപക്ഷ സ്ഥാനത്ത് തന്നെ എല്ലാ കാലവും ഇരിക്കാനുള്ള രമേശ്ജിയുടെ  തീരുമാനം പൊളിച്ചുകളഞ്ഞ ഹൈക്കമാന്റിനോട് വലിയ പകയാണ് ചെന്നിത്തലയ്ക്കുണ്ടായിരുന്നത്. ആപകയുമായാണ്  ചെന്നിത്തല ഈ ദിവസങ്ങളേറെയും തള്ളിനീക്കിയത്.
 
 കേരളത്തിൽ മുഖ്യമന്ത്രിയാവേണ്ടിയിരുന്ന ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരാൻ തീരുമാനിച്ചതിനാൽ അദ്ദേഹത്തെ മാറ്റിയെന്നാണ് ഡൽഹിയിലെ കോൺഗ്രസ് ഭവന്റെ പിന്നിമ്പുറത്തുള്ള സംസാരം. 
വീക്കായിക്കൊണ്ടിരുന്ന കോൺഗ്രസിന് ഉത്തേജനം പകരാനായാണ് വി ഡി സതീശനെ പ്രതിപക്ഷനേതാവാക്കിയതെന്നുമുള്ള വാർത്ത വന്നതോടെ ചെന്നിത്തല സാറിന്റെ ദേഷ്വം ഇരട്ടിച്ചു. പാവം ഇതെല്ലാം നേരിട്ട് കണ്ടതും അനുഭവച്ചതുമൊക്കെ താരിഖ് അൻവർ എന്നൊരു പാവം എ ഐ സി സി ജനറൽ സെക്രട്ടറിയും.

എന്നാൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ രമേശ് ചെന്നിത്തല തന്റെ എല്ലാ വിഷമങ്ങളും രാഹുൽ ഗാന്ധിയോട് തുറന്നു പറഞ്ഞുവത്രേ…ഒരു വൈദികന്റെ മുന്നിലുള്ള കുമ്പസാരം പോലെ….

വി ഡി സതീശനെ പ്രതിപക്ഷ നേതായി വാഴിച്ചതിന്റെ കാരണം രാഹുൽ ഗാന്ധി ചെന്നിത്തലയ്ക്ക് വിവരിച്ചുകൊടുത്തു. കേരളത്തിൽ ഈ വക വിദ്യയൊന്നും കൊണ്ട് പ്രയോജനമില്ലെന്നും, പോരാട്ടവീര്യമാണ് അനിവാര്യമെന്നും അദ്ദേഹത്തെ ധരിപ്പിച്ചു…. എന്നിട്ട് മാമനോട് നമുക്കെന്ത് വിരോധമെന്നും പറഞ്ഞതോടെ ചെന്നിത്തലയുടെ എല്ലാ ദുഖങ്ങളും പമ്പകടന്നു. ഇതോടെ ചെന്നിത്തലയ്ക്കുണ്ടായിരുന്ന ഹൈക്കമാന്റ്  വിരോധവും മാറി. 
 
ആനന്ദകണ്ണീർ രണ്ട് കൈകളുമുപയോഗിച്ച് തുടച്ചു മാറ്റുന്നതിനിടയിൽ പലവിധ ചിത്രങ്ങൾ അദ്ദേഹത്തിന്റെ മനസിൽ മിന്നിമറഞ്ഞു പോലും.
ഇനി പറയൂ, ഞാൻ  എന്ത് ജോലിചെയ്യണമെന്ന് ….. എന്നായി ചെന്നിത്തല. എന്ത് ജോലിയും ചെയ്യുമെന്ന് ഡൽഹിയിൽ വച്ച് ചെന്നിത്തലയെന്ന ഗാന്ധിയൻ സത്യം ചെയ്തു. ഇത് കണ്ടെങ്കിലും ഹൈക്കമാന്റ് ഗാന്ധിമാർക്ക് അലിവ് തോന്നിയാൽ ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല ലഭിക്കുമെന്ന് ചെന്നിത്തലയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.

പണ്ട് ഇന്ദിരാഗാന്ധിയാണ് ചെന്നിത്തലയെ എൻ എസ് യു നേതാവാക്കിയത്. പിന്നീട് മകൻ ഗാന്ധി യൂത്ത് നേതാവാക്കി. അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയിലേക്ക് വളർത്തിയത് സോണിയാ ഗാന്ധിയും. എന്നാൽ മകൻ ഗാന്ധി നാട്ടിലുണ്ടായിരുന്ന നല്ലൊരു പണിയാണ് കളഞ്ഞത്. ആർക്കായാലും ദേഷ്യവും പകയും സ്വാഭാവികം.
ഇനിയിപ്പോ, പഞ്ചാബിന്റെയോ, ഗുജറാത്തിന്റേയോ മറ്റോ ചുമതല നൽകിയാൽ രക്ഷപ്പെട്ടു. എങ്ങിനെയാണ് നൈസായി തോൽക്കുകയെന്ന് അരീന്ദർ സിംഗ്, നവജ്യോത് സിന്ധു എന്നിവരെ  പഠിപ്പിക്കാൻ കഴിയുമല്ലോ…..

തൊഴിൽ രഹിതനായി കഴിയുകയെന്നത് വല്യബുദ്ധിമുട്ടുള്ള കാര്യമാണ് രമേഷ്ജിക്ക്. നന്നായി ഹിന്ദി സംസാരിക്കാൻ അറിയാമെന്നതിനാൽ നല്ലൊരു ജോലി ഡൽഹിയിൽ കിട്ടുമെന്ന മികച്ച പ്രതീക്ഷയിലാണ് പാവം, ജോലി ലഭിക്കുമായിരിക്കും, നമുക്ക് പ്രാർത്ഥിക്കാം.  

മുട്ടിൽ മരം വെട്ടിയത്  തെറ്റിദ്ധരിച്ച്

നമ്മൾ പലപ്പോഴും മന്ത്രിമാരെ തെറ്റിദ്ധരിക്കും, പലവിധ അഴിമതികളും ഈ മന്ത്രിമാരാണ് നടത്തുന്നതെന്ന് നമ്മൾ അങ്ങ് ധരിച്ചുകയും. എന്നാൽ സുർത്തുക്കളെ അത് തെറ്റാണ്… ഇതാ കേരളത്തിൽ നടന്ന മരം വെട്ട് കേസുതന്നെ നോക്കൂ…

കർഷകരുടെ നിരന്തരമായ ആവശ്യപ്രകാരം കുറച്ച് മരം വെട്ടാനുള്ള അവകാശം നൽകി. അത് നാട്ടിലുള്ള മരമെല്ലാം വെട്ടിവെളുപ്പിക്കാനുള്ളതാണെന്ന് ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചു. എല്ലാ മരം വെട്ടുകാരും കോടാലിയുമെടുത്ത് പരക്കം പാഞ്ഞു. 
 
കണ്ണിൽ കണ്ട ഈട്ടിയും, തേക്കും തുടങ്ങി രാജകീയ സ്വഭാവമുള്ള മരങ്ങളെല്ലാം വെട്ടിയിട്ടു. രാജകീയ മരങ്ങൾ എന്നു കേട്ട സി പി ഐക്കാർ അതിനൊരു ബൂർഷ്വാ സ്വഭാവമുള്ളതായി തെറ്റിദ്ധരിച്ച് വെട്ട് പ്രോൽസാഹിപ്പിച്ചു എന്നത് ഒരു സത്യം. 
 
 
എന്നാൽ പട്ടയ ഭൂമിയിൽ നിന്നും ഭൂപതിവ് നിയമപ്രകാരം വെട്ടാൻ പാടില്ലാത്ത മരം വെട്ടിയെന്നത് പുറത്ത് വന്നത് മാസങ്ങൾ കഴിഞ്ഞാണെന്നു മാത്രം. അപ്പോഴേക്കും വെട്ടി വീഴ്ത്താവുന്ന മരങ്ങളെല്ലാം വെട്ടിക്കഴിഞ്ഞു.
മരങ്ങൾ വെട്ടിയെങ്കിലും അതൊന്നും നഷ്ടമാവില്ലെന്നാണ് പുതിയ മന്ത്രി രാജൻ സഖാവ് പറയുന്നത്. വെട്ടിയത് വെട്ടി, എന്നാൽ മരം നമ്മൾ പിടിച്ചെടുത്തില്ലേ… അതല്ലേ ഹീറോയിസം എന്ന മട്ടിൽ നിൽക്കുകയാണ് റവന്യൂ മന്ത്രി…

ഇതൊന്നും എന്റെ കാലത്തല്ലെന്നും, വനം വകുപ്പിന് ഈ വെട്ടുതടയാൻ തത്വത്തിൽ ബാധ്യതയില്ലെന്നുമാണ് ശശിധരരുടെ വ്യാഖ്യാനം.


മരം വെട്ടിൽ വെട്ടിലായ സി പി ഐ ഒരു യോഗം ചേർന്നു. സി പി ഐ മന്ത്രിമാർക്ക് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് വിലയിരുത്തി.  മരം വെട്ട് വിവാദത്തിൽ മന്ത്രിസഭയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുമോ എന്ന ഭയമുള്ള സി പി എം നേതാക്കൾ യോഗം ചേർന്നു. അന്വേഷണ റിപ്പോർട്ട് കിട്ടിയതിനു ശേഷം വിഷയത്തിൽ അഭിപ്രായം പറയാം എന്നു തീരുമാനിച്ചു.

ഇതിനിടയിലാണ് കൊടകര വിവാദത്തിൽ നിന്നും തലയൂരാനായി ബി ജെ പി ഇഡിയുമായി എത്തിയിരിക്കുന്നത്. കള്ളപ്പണം ഈ മരം വെട്ടുമായി ഉണ്ടെന്നാണ് ഇ ഡിയുടെ വാദം. കൊടകരയിൽ മഷിയിട്ടു നോക്കിയിട്ടും കാണാതിരുന്ന ഇഡിയാണ് മുട്ടിലെത്തിയിരിക്കുന്നത്.


ആപ്പും വേണ്ട കോപ്പും വേണ്ട മദ്യകച്ചവടം പൊടിപൂരം

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ബാറുകളും ബിവറജസ് ഔട്ട്‌ലറ്റുകളും ഏറെക്കാലമായി അടഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ വർഷമുണ്ടായ കോവിഡ് ലോക്ഡൗണിൽ തിരക്ക് നിയന്ത്രിക്കാൻ ബെവ്‌കോ ആപ്പുണ്ടാക്കിയാണ് മദ്യവിൽപ്പന നടത്തിയത്. എന്നാൽ ഇത്തവണ ബെവ്‌കോ ആപ്പുണ്ടാക്കാനുള്ള ക്ഷണം  സർക്കാർ കാണിച്ചില്ല. 
 
 
കോവിഡ് പ്രോട്ടോകോൾ മാനിച്ച് ക്യൂ നിന്ന് ബാറിൽ നിന്നും ബിവറജ്‌സ് ഔട്ട് ലറ്റിൽ നിന്നും മദ്യം വാങ്ങിക്കൊള്ളാൻ സർക്കാർ നിർദ്ദേശിച്ചു. കാരണം ഒരു ദിവസം വൈകിയാൽ ഉണ്ടാവുന്ന ധനനഷ്ടം വ്യക്തമായി അറിയാവുന്ന സർക്കാർ വൃത്തങ്ങൾ വിൽപ്പനയ്ക്ക് പച്ചക്കൊടി കാട്ടി.
 
 ഒറ്റ ദിവസം കൊണ്ട് മലയാളി വാങ്ങിയത് 51 കോടിയുടെ മദ്യമായിരുന്നു. ജോലിയില്ല, വരുമാനമാർഗങ്ങളൊന്നുമില്ല, ജീവിതം പ്രതിസന്ധിയിലാണ് എന്നൊക്കെ പറഞ്ഞിരുന്ന അതേ മലയാളികളാണ് 51 കോടിയുടെ മദ്യം ഒറ്റ ദിവസം കൊണ്ട് വാങ്ങിയതെന്ന് ആരെയും അത്ഭുതപ്പെടുത്തും.
കുടിച്ചു വരളട്ടെ കേരളം, മദ്യ കേരളം.

വാൽക്കഷണം :

പ്രണയവും നിരാശയും ഒക്കെ നാം ഒട്ടേറെ കണ്ടതാണ്. എന്നാൽ പുതുതലമുറയുടെ പ്രണയവും നിരാശയും ഒക്കെ അതി ക്രൂരമായാണ് പ്രതിഫലിപ്പിക്കുന്നത്. പെട്രോളൊഴിച്ച് കത്തിക്കുക. കുത്തിവീഴ്ത്തുക… തുടങ്ങിയ സംഭവങ്ങൾ ആവർത്തിക്കുകയാണ്. പ്രണയത്തിന്റെ പേരിൽ രക്തസാക്ഷികളാവുന്ന പാവം പെൺകുട്ടികളെ രക്ഷിക്കാൻ ഇനിയെങ്കിലും സമൂഹം മാറേണ്ടതുണ്ട്. യുവാക്കളെ മാറ്റിയെടുക്കേണ്ടതുണ്ടെന്നാണ് മണ്ണാർക്കാട് അരങ്ങേറിയ കൊലപാതം പഠിപ്പിക്കുന്നത്. ഇനിയൊരു പെൺകുട്ടിയും ഇത്തരത്തിൽ കൊലചെയ്യപ്പെട്ടുകൂടാ… 

LEAVE A REPLY

Please enter your comment!
Please enter your name here