വടകര : എടിഎം കൗണ്ടറുകള്‍ വഴി നിരവധി ആളുകളുടെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ വടകര പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.
 
 പ്രതികളെ സംബന്ധിച്ചുള്ള ഏകദേശ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു. പ്രതികളെ കണ്ടെത്താന്‍ ഏഴംഗ സംഘമാണ് വിമാനമാര്‍ഗം പുറപ്പെട്ടത്.
   ഈ കേസുമായി ബന്ധപ്പെട്ട് വില്യാപ്പള്ളി കടമേരി സ്വദേശി പടിഞ്ഞാറെ കണ്ടിയില്‍ ജുബൈര്‍ (33), കുറ്റ്യാടി കായക്കൊടി മടത്തുംകുനി എം.കെ ഷിബിന്‍ (23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തരേന്ത്യന്‍ സ്വദേശികളായ മൂന്ന് പേരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയ മുഖ്യപ്രതികളെന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്. 
 
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതിനു ശേഷമാണ് അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.
  എടിഎമ്മില്‍ ക്യാമറ സ്ഥാപിച്ച് എടിഎം കാര്‍ഡിന്റെ ബാര്‍ കോഡും പിന്‍ നമ്പറും മനസിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. പുതിയ ബസ് സ്റ്റാന്റിനു സമീപത്തുള്ള എസ്ബിഐ യുടെയും പഞ്ചാബ് നേഷനല്‍ ബാങ്കിന്റെയും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചവര്‍ക്കാണ് മുമ്പ് പണം നഷ്ടപ്പെട്ടതായുളള പരാതി വന്നത്. മാര്‍ച്ച് 23 മുതല്‍ വടകര മേഖലയില്‍ മാത്രമായി 25 ഓളം പേരുടെ അക്കൗണ്ടില്‍ നിന്ന് 5,10,000 രൂപയാണ് നഷ്ടപ്പമായത്.
 
 മൊബൈല്‍ ഫോണില്‍ പണം പിന്‍വലിച്ച സന്ദേശം ലഭിച്ചപ്പോള്‍ മാത്രമാണ് പണം നഷ്ടപ്പെട്ട കാര്യം പലരും അറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here